Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ കാർ മാത്രമല്ല, ഡ്രൈവറില്ലാ ബസും ഓടിക്കും, വിസ്മയിപ്പിക്കും ടെക്നോളജി‌

bus-electric

ചൈനയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എൻജിനായ ബെയ്ദുവിന്റെ മേധാവിയാണ് അടുത്തവര്‍ഷം ഡ്രൈവറില്ലാ ബസുകള്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെയ്ദുവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റോബിന്‍ ലിയാണ് ദ വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിക്കാന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന കാര്‍ കമ്പനികളുമായും ചൈനയിലെ ഏറ്റവും വലിയ ബസ് നിര്‍മാതാക്കളുമായും ഇക്കാര്യത്തില്‍ കൈ കോര്‍ക്കുമെന്നും ബെയ്ദു അധികൃതര്‍ വ്യക്തമാക്കുന്നു. 

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് അടക്കമുള്ള ടെക് രംഗത്തെ പ്രമുഖര്‍ ഡ്രൈവറില്ലാ കാര്‍ നിര്‍മാണ മേഖലയില്‍ അടുത്ത വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചൈനീസ് ഇന്റര്‍നെറ്റ് രംഗത്തെ ഭീമനായ ബെയ്ദുവിന്റെ വരവ്. ഇത്തരം ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തുകളിലെ അപകടങ്ങള്‍ വലിയ തോതില്‍ കുറക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

കാലിഫോര്‍ണിയയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള ലൈസന്‍സ് ആപ്പിള്‍ നേടിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള മറ്റൊരു പ്രമുഖ വാഹന നിര്‍മാതാക്കളായ ടെസ്‌ലയും ഡ്രൈവറില്ലാ കാര്‍ നിര്‍മാണ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കമ്പനിയാണ്. ഗൂഗിളിന്റെ ആല്‍ഫബെറ്റിന് കീഴിലുള്ള വെയ്‌മോ ഇന്റലുമായി ചേര്‍ന്നാണ് ഡ്രൈവറില്ലാ കാര്‍ രംഗത്തെ ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. 

തങ്ങളുടെ ഡ്രൈവറില്ലാ കാര്‍ സോഫ്റ്റ്‌വെയറായ അപ്പോളോയുടെ സഹായത്തില്‍ 2021ല്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാനാണ് ബെയ്ദുവിന്റെ പദ്ധതി. സെമി ഓട്ടോണമസ് കാറുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇറക്കാനാകുമെന്നും ഇവര്‍ കരുതുന്നു. ബെയ്ദു നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് കാറുകളുടെ സഞ്ചാരം നിയന്ത്രിക്കാനാണ് അപ്പോളോ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത്തരം കാറുകളില്‍ കയറിയാല്‍ നിങ്ങള്‍ക്ക് പിന്നെ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും വ്യത്യസ്ഥമായ അനുഭവമായിരിക്കും തങ്ങളുടെ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയെന്നുമാണ് റോബിന്‍ ലി അഭിമുഖത്തില്‍ പറഞ്ഞത്. 

കഴിഞ്ഞ മാസമാണ് ഡ്രൈവറില്ലാ വാഹന വിപണിയില്‍ 150 കോടി ഡോളര്‍ നിക്ഷേപിക്കുന്ന വിവരം ബെയ്ദു പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷ കാലത്തേക്കുള്ള പദ്ധതികള്‍ക്കായാണ് ഈ തുക പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറായ അപ്പോളോ ബെയ്ദു പുറത്തിറക്കിയത്. ഈ സോഫ്റ്റ്‌വെയര്‍ സൗജന്യമായിരിക്കുമെന്ന് അറിയിച്ച റോബിന്‍ ലി ബെയ്ദുവിന് പണം സ്വരൂപിക്കാന്‍ വേറെയും മാര്‍ഗ്ഗങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ചു. കാറുകളിലെ ഭൂപടസേവനങ്ങള്‍, ഗെയിമും സിനിമയും അടക്കമുള്ള വിനോദങ്ങള്‍ തുടങ്ങി കാറിലെ ഇന്‍ഷുറന്‍സ് പോലും വരുമാന മാര്‍ഗ്ഗമാണെന്നാണ് ലിയുടെ പക്ഷം. 

bus

സൈബര്‍ രംഗത്തെ ഓരോ നീക്കങ്ങളേയും സൂഷ്മതയോടെ നിരീക്ഷിക്കുന്ന രാജ്യമാണ് ചൈന. ഫെയ്സ്ബുക്കും ട്വിറ്ററും പിന്‍ ട്രസ്റ്റും അടക്കം പുറം ലോകത്ത് ലഭിക്കുന്ന പല സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്കും പകരം ചൈനീസ് പതിപ്പ് അവിടെയുണ്ട്. സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് ഗൂഗിളില്‍ നിന്ന് ചൈന പിന്‍മാറിയ ശേഷം ബെയ്ദുവാണ് ചൈനീസ് ഇന്റര്‍നെറ്റില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ചൈനീസ് സെര്‍ച്ചുകളില്‍ 83 ശതമാനവും കൈകാര്യം ചെയ്യുന്ന ബെയ്ദുവിന്റെ സേവനം പ്രധാനമായും ചൈനീസ് ഭാഷയിലാണ്. ഇതിനൊപ്പം ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ കണ്ടെത്താന്‍ ചൈനീസ് സൈബര്‍ പൊലീസിനെ സഹായിക്കുന്ന ജോലിയും ബെയ്ദുവിനുണ്ട്.