Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലോക്ക്ചെയിനും ബിറ്റ്കോയിനും; മാനേജർമാരില്ല, എല്ലാവരും തുല്യർ, കണക്കുകൾ കൃത്യം

blockchain-bitcoin

ഭരണനിർവഹണത്തിലെ അധികാരവികേന്ദ്രീകരണം എന്ന ആശയത്തിനു തത്തുല്യമാണ് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും. വികേന്ദ്രീകരണമാണ് ബ്ലോക്ക് ചെയിന്റെ കരുത്ത്. നിങ്ങൾ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്കിലെ കണക്കുപുസ്കകം നിങ്ങൾ ഉൾപ്പെടെ ബാങ്കിലെ എല്ലാ ഉപയോക്താക്കളുടെയും കൈവശമിരിക്കുകയും ഓരോ ഇടപാടുകളും അപ്പപ്പോൾ അതിൽ തൽസമയം അടയാളപ്പെടുത്തുകയും ചെയ്താൽ എങ്ങനെയുണ്ടാവും - അതാണ് ബ്ലോക്ക് ചെയിൻ ചെയ്യുന്നത്. ബിറ്റ്‌കോയിന്റെ കാര്യം ഉദാഹരണമായി എടുക്കാം. ബിറ്റ്‌കോയിൻ കൈവശമുള്ള എല്ലാവർക്കും തങ്ങളുടെ കൈവശമുള്ളതുൾപ്പെടെ ഓരോ ബിറ്റ്‌കോയിനും ഏതൊക്കെ ഇടപാടുകളിലൂടെ കടന്നു പോയിരിക്കുന്നെന്നും കടന്നു പോകുന്നെന്നും നേരിട്ടു നോക്കി മനസ്സിലാക്കാം. കോയിൻ ഇറക്കാനും പിൻവലിക്കാനും ഒരു സെൻട്രൽ ബാങ്ക് ബിറ്റ്‌കോയിനില്ല. ചില്ലിട്ട ക്യാബിനിലിരുന്ന് അടിയാധാരം ചോദിക്കുന്ന മാനേജർമാരുമില്ല. എല്ലാവരും തുല്യർ. കണക്കുകൾ കൃത്യം. എല്ലാം സുതാര്യം. ആരിൽ നിന്നും ഒന്നും മറച്ചുവയ്ക്കപ്പെടുന്നില്ല.

ബിറ്റ് കോയിൻ നെറ്റ്‍ വർക്കിൽ അംഗമായിട്ടുള്ള ഏതെങ്കിലും തട്ടിപ്പുകാരൻ വിചാരിച്ചാൽ ഈ കണക്കിൽ കൃത്രിമം കാണിച്ചുകൂടെ എന്നു സംശയിക്കാം. അത്തരം കൃത്രിമങ്ങൾക്കു വഴിയടയ്ക്കാനാണ് ക്രിപ്റ്റോഗ്രഫി (ഗോപ്യഭാഷ) ഉപയോഗിച്ച് ഓരോ ഇടപാടുകളും ബ്ലോക്കുകളായി രേഖപ്പെടുത്തുന്നത്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്ക് ഓരോ പത്തു മിനിറ്റിലും ലോകത്ത് നടക്കുന്ന ഇടപാടുകൾ പുതിയ ബ്ലോക്കുകളായി രേഖപ്പെടുത്തുന്നു. ഇങ്ങനെ രൂപപ്പെടുത്ത ബ്ലോക്കുകൾ ഒരു ചെയിനായി മാറുന്നു. ഇതാണ് ബ്ലോക്ക്‌ചെയിൻ എന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനം. മിടുക്കന്മാരായ പ്രോഗ്രാമർമാർ ഇത്തരത്തിലുള്ള ഓരോ ബ്ലോക്കും പരിശോധിച്ച് അതിന്റെ ആധികാരികത ഉറപ്പുവരുത്തി വെരിഫൈ ചെയ്യാൻ പരസ്പരം മൽസരിക്കുന്നുണ്ട്.

ആദ്യം വെരിഫൈ ചെയ്യുന്നയാൾക്ക് പ്രതിഫലവും ലഭിക്കും. ബിറ്റ്‌കോയിൻ ശൃംഖലയിൽ വെരിഫൈ ചെയ്യുന്നയാൾക്ക് പ്രതിഫലമായി ലഭിക്കുന്നത് പുതിയ ബിറ്റ്‌കോയിൻ തന്നെയായിരിക്കും. ഇങ്ങനെ, ഇടപാടുകൾ വെരിഫൈ ചെയ്ത് ബിറ്റ്‌കോയിൻ നേടുന്നതിനെയാണ് ബിറ്റ്‌കോയിൻ മൈനിങ് എന്നു വിളിക്കുന്നത്. ഇനി, മൈനർമാരെപ്പോലെ തന്നെ വൈദഗ്ധ്യമുള്ള ഒരു ഹാക്കർ വന്ന് ബ്ലോക്ക്‌ചെയിൻ ഹാക്ക് ചെയ്ത് കാശടിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നെന്നിരിക്കട്ടെ. 

വികേന്ദ്രീകരിക്കപ്പെട്ടു കിടക്കുന്ന ബ്ലോക്ക്‌ചെയിൻ ഹാക്ക് ചെയ്യണമെങ്കിൽ ഈ നെറ്റ്‌വർക്കിലെ ലക്ഷക്കണക്കിന് അംഗങ്ങളിൽ ഓരോരുത്തരുടെയും കംപ്യൂട്ടറുകൾ ടിയാൻ ഹാക്ക് ചെയ്യേണ്ടി വരും. അതിനും പുറമേ ഓരോ ബ്ലോക്കും ചെയിന്റെ ഭാഗമായതിനാൽ ഒരു ബ്ലോക്ക് ഹാക്ക് ചെയ്യണമെങ്കിൽ ചെയിനിൽ പിന്നോട്ടുള്ള സകല ബ്ലോക്കുകളും ഹാക്ക് ചെയ്യേണ്ടി വരും. ഇവ അസാധ്യമാണ്.

bitcoin

അപ്പോൾ, ഇടയ്ക്കിടെ ബിറ്റ്‌കോയിൻ ഹാക്കിങ്ങിനെപ്പറ്റിയും ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുള്ള ബിറ്റ്‌കോയിൻ നഷ്ടപ്പെട്ടതിനെപ്പറ്റിയും വാർത്തകൾ വരുന്നത് എങ്ങനെ എന്നാവും. നിഷ്കളങ്കരായ ഉപയോക്താക്കളുടെ ശ്രദ്ധക്കുറവാണ് അതിനു പിന്നിൽ. കള്ളന്റെ കയ്യിൽ എടിഎം കാർഡ് നൽകി പിന്നും പറഞ്ഞു കൊടുത്ത ശേഷം പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ ബാങ്ക് സുരക്ഷിതമല്ല എന്നു പറയുന്നതുപോലെയാണ് ഇതും. ഹാക്ക് ചെയ്യുന്നത് ബ്ലോക്ക്‌ചെയിൻ അല്ല, ഉപയോക്താക്കളുടെ കയ്യിലുള്ള വിവരങ്ങളാണ്.