Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കുകളെ വെല്ലുവിളിച്ച് ബ്ലോക്ക്ചെയിൻ വിപ്ലവം, ഇടപാടുകൾ സുതാര്യമാക്കും

Blockchain-

ഇടനിലക്കാരെ ഇല്ലാതാക്കി എന്നതാണ് ഇന്റർനെറ്റ് സമൂഹത്തിൽ വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. വിവാഹാലോചന മുതൽ ഷോപ്പിങ് വരെ ഓൺലൈനായപ്പോൾ ഇടനിലക്കാരുടെ സ്വാധീനവും കുറഞ്ഞു. കാര്യങ്ങൾ സുതാര്യമായപ്പോൾ വിശ്വാസ്യത വർധിച്ചു. എന്നാൽ, കോർപറേറ്റ് ഇടനിലക്കാർ ശക്തി വർധിപ്പിച്ച് ജനങ്ങളെ കാൽക്കീഴിലൊതുക്കിയപ്പോൾ അവർ ഇടനിലക്കാരാണെന്നത് നമ്മളും മറന്നു. 

ബാർട്ടർ സമ്പ്രദായത്തിൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരായെത്തിയവർ തുടക്കമിട്ട ബാങ്കിങ് മുതൽ ഇൻഷുറൻസ്, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങി ചുവപ്പുനാട കൊടികുത്തുന്ന സർക്കാർ ഓഫിസുകളെ വരെ മാറ്റിമറിക്കാൻ യഥാർഥ സാമൂഹിക വിപ്ലവത്തിൻറെ കൊടി നാട്ടാൻ ബ്ലോക്ക് ചെയിൻ കരുത്താർജ്ജിച്ചു കഴിഞ്ഞു.

ബിറ്റ്കോയിനെപ്പറ്റി കേട്ടിട്ടില്ലാത്തവരുണ്ടാവില്ല. അതാണ് വിപ്ലവം എന്നു കരുതിയാൽ തെറ്റി. ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിച്ചപ്പോൾ ഉണ്ടായ ആദ്യത്തെ സ്വതന്ത്ര നാണയം മാത്രമാണ് ബിറ്റ്‌കോയിൻ. 

ബിറ്റ്‌കോയിനെക്കാൾ ശക്തവും സുരക്ഷിതവുമായ എതേറിയം മുതൽ ആയിരത്തോളം ക്രിപ്റ്റോകറൻസികളാണ് ഇന്നുള്ളത്. ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും അട്ടിമറിക്കാനല്ല, നവീകരിക്കാനാണ് ഇവയുടെ പടയൊരുക്കം. 

ജനങ്ങളുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്ന ഇടനിലക്കാരെന്ന നിലയിൽ നിന്ന് അവരുടെ സമ്പാദ്യത്തിന്റെ ഉടയോനെന്ന നിലയിലേക്കുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ചുവടുമാറ്റം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള നാണയങ്ങൾക്കു വിലക്കേർപ്പെടുത്തുന്നതിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നത് വലിയൊരു വിപ്ലവത്തെയാണ്. അടിച്ചമർത്താൻ ശ്രമിക്കും തോറും അതു ശക്തി പ്രാപിച്ചുകൊണ്ടുമിരിക്കുന്നു.

ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെപ്പറ്റി പറയുമ്പോൾ ആദ്യം ബാങ്കിങ് രംഗത്തെപ്പറ്റി പറയേണ്ടി വരുന്നത് ക്രിപ്റ്റോകറൻസികൾ വഴി നവീകരിക്കപ്പെടാൻ പോകുന്നത് ബാങ്കിങ് രംഗം ആണെന്നതിനാലാണ്. ജനങ്ങളുടെ പണത്തോട് ബാങ്കുകൾ ചെയ്യുന്നതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല അവരുടെ ആരോഗ്യത്തോട് ആശുപത്രികളും വിദ്യാഭ്യാസത്തോട് സർവകലാശാലകളും ചെയ്യുന്നത്. അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തി തീരുമാനം ജനങ്ങളെ അറിയിക്കുന്ന നയതന്ത്രം കാറ്റിൽപ്പറത്തിക്കൊണ്ട് ഈ രംഗങ്ങളിലൊക്കെ ബ്ലോക്ക്‌ചെയിൻ ആധിപത്യം സ്ഥാപിക്കാൻ ഇനി അധികകാലമില്ല. 

ബിറ്റ്‌കോയിൻ ബാങ്കുകളോട് ചെയ്യുന്നത് ബ്ലോക്ക്‌ചെയിൻ  വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആശുപത്രികളോടും ചെയ്യുമെന്നതിൽ സംശയമില്ല. എന്നാൽ, ബദൽ മാർഗങ്ങളെത്തി വെല്ലുവിളിച്ചു വിജയിക്കുന്നതിലൂടെയല്ല, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ ബാങ്കിങ് മുതൽ സമസ്ത മേഖലകളിലും ഉപയോഗിക്കുന്നതിലൂടെയാണ് വിപ്ലവം വരാനിരിക്കുന്നത്. കംപ്യൂട്ടർ ഗോ ബാക്ക് വിളിച്ചവർ പിന്നീട് ഐടി വിപ്ലവത്തിന്റെ അമരക്കാരാവാൻ മൽസരിച്ചതുപോലെ, ഏതാനും വർഷങ്ങൾക്കുള്ളിൽ ബ്ലോക്ക്‌ചെയിൻ പുതിയ ലോകക്രമം സൃഷ്ടിക്കും. ഇടപാടുകൾ സുതാര്യമാക്കുന്നതോടൊപ്പം വേഗത്തിലാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയ്ക്ക് കരുത്തുണ്ട് എന്നതിൽ തർക്കമില്ല.