Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ 'ഫ്രീ സൂനാമി'യിൽ കമ്പനികൾ തകർന്നു, 75,000 പേര്‍ക്ക് ജോലി പോയി, നഷ്ടം 50 ലക്ഷം കോടി!

idea-airtel

ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുക്കുന്ന തന്ത്രമാണ് റിലയന്‍സ് ജിയോ ഇതുവരെ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. അത് ഒരു പരിധി വരെ വിജയവുമായിരുന്നു. എന്നാല്‍, ഈ തന്ത്രം ജിയോയ്ക്ക് വൻ നേട്ടമായപ്പോൾ മറ്റു ടെലികോം കമ്പനികൾ പ്രതിസന്ധിയിലായി. ജിയോ ഫ്രീ സുനാമിയിൽ ടെലികോം വിപണി ഒന്നടങ്കം തകർന്നിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ടെലികോം മേഖലയിൽ കുറഞ്ഞത് 75,000 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.

ടെലികോം മേഖലയില്‍ കമ്പനികളുടെ ചിലവിന്റെ 4-5 ശതമാനം ജീവനക്കാര്‍ക്കു വേണ്ടിയുള്ളതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജീവനക്കാര്‍ക്കായുള്ള ചിലവുകളില്‍ കമ്പനികള്‍ കുറവുവരുത്തിയെങ്കില്‍ ഇപ്പോള്‍ പിരിച്ചുവിടലുകളും ആരംഭിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ഒരു വര്‍ഷം മുൻപുണ്ടായിരുന്നതിന്റെ 75 ശതമാനം മാത്രം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. വൈകാതെ മേഖലയിലെ പിരിച്ചുവിടലുകള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ആശങ്കയുണ്ട്.

വിഷയത്തില്‍ പഠനം നടത്തിയ എമ്മ പാട്‌ണേഴ്‌സിന്റെ എ രാമചന്ദ്രന്‍ പറയുന്നത് ഒരു വര്‍ഷം മുൻപ് ടെലികോം മേഖലിയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനത്തിനും ഇപ്പോള്‍ ജോലി നഷ്ടമായെന്നാണ്. വലിയ മുന്നറിയിപ്പൊന്നുമില്ലാതെ മൂന്നോ ആറോ മാസത്തെ സാവകാശവും ശമ്പളവും പരമാവധി നല്‍കിക്കൊണ്ടാണ് പിരിച്ചുവിടല്‍ നടക്കുന്നത്. പലയിടത്തും ഈ സാവകാശവും നല്‍കിയിട്ടില്ല. സ്വകാര്യ മേഖലയിലായതിനാൽ കാര്യമായ പ്രതികരണങ്ങളും പിരിച്ചുവിടലിനെതിരെ ഉണ്ടായിട്ടില്ല.

IDEA CELLULAR-RESULTS/

പിരിച്ചുവിടപ്പെട്ടവരില്‍ 25-30 ശതമാനവും മിഡില്‍ ലെവല്‍ മാനേജര്‍മാരാണ്. താഴേ തട്ടിലുള്ളവരേക്കാള്‍ മധ്യവര്‍ഗ്ഗത്തിലും മേല്‍തട്ടിലും പണിയെടുത്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ഏറെ ദോഷകരമായി ബാധിച്ചത്. കരിയറിന്റെ തുടക്കത്തിലുള്ളവര്‍ മറ്റു മേഖലയിലേക്ക് തൊഴില്‍ തേടി പോയപ്പോള്‍ ടെലികോം മേഖലയില്‍ മാത്രമായി വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവര്‍ തങ്ങളുടെ മുന്‍ ജോലിക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാനാകാതെ നട്ടം തിരിയുകയാണ്.

അഞ്ച് ലക്ഷം കോടി രൂപ കടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ടെലികോം മേഖല ആകെ തന്നെ മുങ്ങുന്ന കപ്പലാണെന്ന മുന്നറിയിപ്പുമുണ്ട്. ജിയോയുടെ രംഗപ്രവേശത്തോടെ പ്രതിസന്ധിയിലായ മുന്‍നിര കമ്പനികള്‍ തന്നെ പിടിച്ചു നില്‍ക്കാനായി പെടാപാട് പെടുകയാണ്. ഇന്ത്യയിലെ ടെലികോം കമ്പനികളില്‍ രണ്ടാമതുള്ള വോഡഫോണ്‍ ഇന്ത്യയും മൂന്നാമതുള്ള ഐഡിയയും തമ്മില്‍ ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ടെലിനോര്‍ ഇന്ത്യയെ ഏറ്റെടുത്ത മറ്റൊരു ടെലികോം ഭീമന്‍ ഭാരതി എയര്‍ടെല്ലിന് ടാറ്റ ടെലി സര്‍വ്വീസുമായി ചേരാനും താത്പര്യമുണ്ട്. വലിയ കമ്പനികള്‍ പ്രതിസന്ധി മറികടക്കാനായി ഒന്നാകുമ്പോള്‍ പലപ്പോഴും തിരിച്ചടിയാകുന്നത് തൊഴിലാളികള്‍ക്ക് കൂടിയാണ്. ചിലവ് വെട്ടിച്ചുരുക്കുകയെന്ന പേരില്‍ പുതിയ കമ്പനികള്‍ ആദ്യം ചെയ്യുക തൊഴിലാളികളുടെ എണ്ണം കുറക്കുകയാകും.

sim-card

ജിയോയുടെ വരവോടെ പാപ്പരായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പൂട്ടാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ്. മറ്റൊരു ടെലികോം കമ്പനിയായ എയര്‍ടെല്‍ തങ്ങളുടെ ശാക്തിക മേഖലകളിലേക്ക് മാത്രമായി പ്രവര്‍ത്തനങ്ങളെ ചുരുക്കാനും പദ്ധതിയിടുന്നു. ടെലികോം ഓപ്പറേറ്റര്‍മാരായ കമ്പനികള്‍ മാത്രമല്ല ടെലികോം ടവര്‍ നിര്‍മാണ കമ്പനികളിലെ തൊഴിലാളികളെ പോലും നിലവിലെ പ്രതിസന്ധി ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

related stories