Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ലോകം ഭരിക്കുക നാലു കോടീശ്വരൻമാർ; 2018ൽ അദ്ഭുതങ്ങൾ സംഭവിക്കും!

silicon-valley

2017 വർഷത്തിൽ സാങ്കേതിക–ശാസ്ത്ര ലോകത്ത് വൻ മാറ്റങ്ങളാണ് സംഭവിച്ചത്. ചിലതിന്റെ പരീക്ഷണങ്ങൾ നടക്കുകയാണ്. സ്മാർട്ട്ഫോൺ യുഗത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി)ലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്തും ഏതും ചെയ്യാൻ ഇപ്പോൾ സാങ്കേതിക ലോകത്ത് എഐ ഉണ്ട്. മുൻനിര ടെക് കമ്പനികളെല്ലാം ഇതിന്റെ പിന്നാലെയാണ്. ആപ്പിൾ, ഫെയ്സ്ബുക്ക്, ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, എലൻ മസ്കിന്റെ സ്പേസ് എക്സ് തുടങ്ങി കമ്പനികളെല്ലാം എഐയ്ക്ക് പിന്നാലെയാണ്.

വിസ്മയത്തിന്റെ നിഗൂഢതയിൽ നിന്നു സോഷ്യൽ മീഡിയ മുക്തമായി വരികയാണ്. സ്മാർട്‌ഫോണിനപ്പുറത്തേക്ക് ഇനിയും ലോകം വളരാനുണ്ടെന്ന തിരിച്ചറിവ് ടെക് കമ്പനികൾക്കുണ്ടാവുകയും (എഐ) ചെയ്തു കഴിഞ്ഞു. ഇതാണ് 2017ലെ ഏറ്റവും വലിയ മാറ്റവും. ഇതിന്റെ പുതിയ പരീക്ഷണങ്ങളായിരിക്കും 2018 ൽ നടക്കുക. നെറ്റ് ന്യൂട്രാലിറ്റി മുതൽ പരസ്യവിപണനം വരെയുള്ള ചർച്ചകൾ മാർക്ക് സക്കർബർഗ് ഒരു വിശുദ്ധനല്ല, വ്യവസായി മാത്രമാണെന്നുള്ള തിരിച്ചറിവ് നൽകിയപ്പോൾ ആറിഞ്ച് സ്‌ക്രീൻ വലിപ്പത്തിനുള്ളിൽ എല്ലാം ഒതുക്കാമെന്ന ധാരണ കൈവിട്ട് പുതിയ കണ്ടെത്തലുകളിലേക്കും പരീക്ഷണങ്ങളിലേക്കും സ്വതന്ത്ര ചിന്തകളിലേക്കും മാറാൻ മിക്കവാറും കമ്പനികളും തയ്യാറായി. 

ഫലമായി, ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളുടെ നയങ്ങൾ തിരുത്താനും പ്രവർത്തനശൈലിയിൽ ഇടപെടൽ നടത്താനുമുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നു സമൂഹം തിരിച്ചറിഞ്ഞു. 

സ്മാർട്‌ഫോണിൽ ഇനി ഞെട്ടിക്കുന്ന വിസ്മയങ്ങളൊന്നും സാധ്യമല്ലെന്നത് അംഗീകരിച്ച കമ്പനികൾ അവയെ എങ്ങനെ കൂടുതൽ ടെക്നോളജിയിലൂടെ (കൃത്രിമബുദ്ധി) മെച്ചപ്പെടുത്താം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരിക്കുന്നു. അതേ, 2018 വർഷവും ടെക്നോളജിയുടേതാകും. ഇതിലൊരു സംശയവുമില്ല. 2018 ൽ ടെക്ക് ലോകം നാലു പേർ ഭരിക്കുമെന്നാണ് ടെക്ക് വിദഗ്ധർ പ്രവചിക്കുന്നത്.

എലൻ മസ്‌ക്

അരക്കിറുക്കനായ കോടീശ്വരനെന്നു പലരും കരുതിയിരുന്ന എലൻ മസ്‌ക് തന്റെ എല്ലാ ‘ഗീർവാണ’ങ്ങളും യാഥാർഥ്യമാക്കി ലോകത്തെ ഞെട്ടിച്ച വർഷമാണ് 2017. ടെസ്‌ല ഇലക്ട്രിക് കാറുകളിലെ പരീക്ഷണങ്ങൾ മുതൽ ചരിത്രത്തിലാദ്യമായി ഭൂമിയിൽ തിരിച്ചിറക്കാവുന്ന സ്‌പേസ് എക്‌സ് റോക്കറ്റ് (ഫാൽക്കൺ 9) വരെ ഇദ്ദേഹത്തിന്റെ ഭാവനയിൽ നിന്നും ഗവേഷണത്വരയിൽ നിന്നും ജനിച്ചതാണ്. ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിനൊപ്പം തന്നെയൊരു സ്ഥാനമാണ് 46കാരനായ ഇലൻ മസ്‌കിന് സാങ്കേതികലോകം കൽപിച്ചു നൽകുന്നത്. യുഎസിലെ രണ്ടാമത്തെ വലിയ സൗരോർജ്ജ കമ്പനിയായ സോളാർ സിറ്റി, സയൻസ് ഫിക്‌ഷൻ സിനിമകളിലെപ്പോലെ വാക്വം തുരങ്കത്തിലൂടെ മണിക്കൂറിൽ 560 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വികസിപ്പിച്ചെടുക്കുന്ന ഹൈപർലൂപ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ തുടങ്ങിയവയും എലൻ മസ്‌കിന്റെ മേൽനോട്ടത്തിലുള്ള കമ്പനികളാണ്. 2017 ലും ടെക്നോളജി രംഗത്ത് എലൻ മസ്‌ക് വൻ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രവചനം.

Elon-Musk-Satellite

സ്വന്തമായി റോക്കറ്റ് വിക്ഷേപണ കേന്ദമുള്ള, നാസയെ പോലും സഹായിക്കുന്ന എലൻ മസ്കിന്റെ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്ന പദ്ധതി കാത്തിരിക്കുകയാണ്. ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. മറ്റൊന്ന് ഭൂമിയിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ വൻ പദ്ധതികളാണ് എലൻ മസ്ക് ആസത്രണം ചെയ്യുന്നത്. ഇതിന്റെ തുടക്കം വൻ വിജയമായിരുന്നു. ട്വിറ്ററിലൂടെ വൻ പ്രഖ്യാപനങ്ങൾ നടത്തുന്ന മസ്ക് ടെക് ലോകത്തിന് ഒരു വിസ്മയമാണ്.

സുന്ദർ പിച്ചൈ

ആൻഡ്രോയ്ഡ് മേധാവിയായിരിക്കെ ഗൂഗിൾ സിഇഒ ആയി നിയമിതനായ ഈ തമിഴ്‌നാട് സ്വദേശിയിലാണ് ഇന്നു ലോകത്തിന്റെ മറ്റൊരു കണ്ണ്. സോഷ്യൽ നെറ്റ് വർക്കിങ്ങിൽ തിരിച്ചടി നേരിട്ട ഗൂഗിളിന് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തിൽ മുന്നോട്ടുപോകാൻ ഊർജ്ജം നൽകിയ സുന്ദർ ഇപ്പോൾ ഗൂഗിൾ സേർച്ച് എൻജിന്റെയും അുബന്ധ സേവനങ്ങളുടെയും ചുതലക്കാരനാണ്. ആൽഫബെറ്റ് എന്ന വലിയ കമ്പനിയുടെ കീഴിലെ നിരവധി കമ്പനികളിലൊന്നായി മാത്രം ഗൂഗിൾ മാറിയെങ്കിലും ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേവനമെന്ന നിലയിലും ഏറ്റവും പ്രചാരമുള്ള ബ്രാൻഡ് എന്ന നിലയിലും ഗൂഗിളിന്റെ മേധാവിയുടെ നിലപാടുകളും നയങ്ങളും ഇന്റർനെറ്റിനെ ആകെ സ്വാധീനിക്കുന്നുണ്ട്. 

ഗൂഗിളിന്റെ സെർച്ച് അൽഗോരിതങ്ങളാണ് ടെക് ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് രംഗത്ത് വൻ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്ന പിച്ചൈയുടെ ഗൂഗിൾ സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ എച്ച്ടിസിയെ സ്വന്തമാക്കിയത് 2017 ലാണ്. 2018 ൽ സ്മാർട്ട്ഫോൺ മേഖലയിൽ വൻ വിപ്ലവം തന്നെ കൊണ്ടുവരുമെന്നാണ് സുന്ദർ പിച്ചൈ ടീമിന്റെ പ്രഖ്യാപനവും. 

sundar-pichai-in-gokulpur-village

ജെഫ് ബെസോസ്

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകനാണ്. വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങൾ വഴി മുൻനിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശിൽപിയാണ്. ഇന്നു ലോകത്തുള്ള എല്ലാ ഓൺലൈൻ ഷോപ്പുകളും ജെഫിന്റെ ആമസോൺ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളിൽ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പൻമാരെ ഞെട്ടിച്ച ആമസോൺ ഏറ്റവുമൊടുവിൽ നാസയോടും എലൻ മസ്‌കിന്റെ സ്‌പേസ് എക്‌സിനോടും മൽസരിച്ചുകൊണ്ട് ബഹിരാകാശ യാത്രയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 17 വർഷം മുൻപ് സ്ഥാപിച്ച ബ്ലൂ ഒറിജിൻ കമ്പനി വൈകാതെ തന്നെ ബഹിരാകാശ ടൂറിസം യാഥാർഥ്യമാക്കുന്നതിനായുള്ള ശ്രമത്തിലാണ്. 

bill-gates-jeff-bezos

വിവിധ രാജ്യങ്ങളിലെ ഓൺലൈൻ വിപണി പിടിച്ചടക്കിയ ആമസോൺ ഇന്ത്യയിലെ ഇ–കൊമേഴ്സ് വിപണിയ ഒന്നടങ്കം മാറ്റിമറിച്ചു. ആമസോൺ അലക്സ ജനപ്രിയ വോയിസ് അസിസ്റ്റന്റ് ആയി മുന്നേറുന്നതും 2017ൽ കണ്ടു. 2018 ൽ ലോകത്തെ ഇ–കൊമേഴ്സ് വിപണി ഒന്നടങ്കം പിടിച്ചടക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ആമസോൺ. 

മാർക്ക് സക്കർബർഗ്

ഫെയ്‌സ്ബുക്ക് മേധാവിയുടെ താരപരിവേഷം നഷ്ടപ്പെട്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിന്റെ സ്ഥാപകനും നടത്തിപ്പുകാരനും എന്ന നിലയ്ക്ക് സക്കർബർഗിന്റെ നിലപാടുകളും നയങ്ങളും 2017ലും ലോകത്തെ ഏറെ സ്വാധീനിച്ചു. സക്കർബർഗ് ഒരു രാഷ്ട്രീയക്കാരൻ അല്ലെങ്കിലും ലോകത്തെ ഏതു തിരഞ്ഞെടുപ്പും അട്ടിമറിക്കാൻ കഴിയുമെന്ന് തെളിയിച്ചു. അമേരിക്കൻ തിരഞ്ഞെടുപ്പ് വരെ അട്ടിമറിച്ചതിന് പിന്നിൽ ഫെയ്സ്ബുക്ക് ആണെന്ന് ആരോപണം ഉയർന്നതും ഈ വർഷമാണ്. പാസ്‌പോർട്ട്, ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട് ഉപയോക്താക്കൾ എല്ലാവരും യഥാർഥവ്യക്തികളാണെന്നുറപ്പുവരുത്തുന്ന ഫെയ്‌സ്ബുക്കിന്റെ റിയൽ നെയിം പോളിസിയും സ്വകാര്യതയും സംബന്ധിച്ചുള്ള ചർച്ചകളും ഇപ്പോഴും തുടരുകയാണ്.

mark-zuckerberg-with-wife-and-kids

ലോകത്തെ ഏറ്റവും വലിയ എഡിറ്റർ ഇൻ ചീഫും സക്കർബർഗാണ്. സ്വന്തമായി ഒരു മാധ്യമ സ്ഥാപനം പോലും ഇല്ലെങ്കിലും ലോകത്തെ എല്ലാ മാധ്യമങ്ങളെയും ദിവസവും സ്വാധീനിക്കാൻ സക്കർബർഗിന് സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ജനങ്ങൾ എന്തൊക്കെ വായിക്കണം, വായിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സക്കർബർഗിന്റെ രഹസ്യ അൽഗോരിതമാണ്. ഈ അൽഗോരിതം തന്നെയാണ് 2018 ലെ കാര്യങ്ങളും തീരുമാനിക്കുക.