Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017: വിസ്മയങ്ങളൊന്നും സംഭവിച്ചില്ല, ഐഫോൺ നിരാശപ്പെടുത്തി, എഐയിൽ പ്രതീക്ഷ!

Apple-iPhone-X

2017 വര്‍ഷം ടെക്‌നോളജി പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചില ഉപകരണങ്ങളിലൂടെയും ആശയങ്ങളിലൂടെയും ഒരു ഓട്ടപ്രദിക്ഷിണം നടത്താം. 2017ല്‍ സാങ്കേതികവിദ്യയില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളൊന്നും നടന്നില്ലെന്നു വേണമെങ്കില്‍ പറയാം. വിസ്മയിപ്പിക്കുമെന്നു കരുതിയ ഐഫോണ്‍ X പോലും പ്രതീക്ഷിച്ചത്ര വലിയ ഹിറ്റായി എന്നാരും അവകാശപ്പെടുമെന്നു തോന്നുന്നില്ല. കുറച്ചു കൊല്ലങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പക്ഷേ, 2017 അറിയപ്പെടുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കണ്‍സ്യൂമര്‍ ഉപകരണങ്ങളിലേക്ക് മുൻപില്ലാത്ത വിധം ഇറങ്ങിവന്ന വര്‍ഷമായിട്ടായിരിക്കാം.

ബുദ്ധിയുള്ള ഉപകരണങ്ങള്‍

വര്‍ഷങ്ങളായി മുന്‍നിര ടെക് കമ്പനികള്‍ വളരെ ബുദ്ധിയുള്ളവര്‍ തന്നെ ആയിരുന്നു. ഉപയോക്താവു പറഞ്ഞാല്‍ അനുസരിക്കുന്നവ. പക്ഷേ, അവയ്ക്ക് സ്വന്തമായി അത്ര ബുദ്ധിയുണ്ടായിരുന്നു എന്നു പറഞ്ഞു കൂടാ. പക്ഷേ, ഈ വര്‍ഷമിറങ്ങിയ മുന്‍നിര ഫോണുകളും കുറച്ചു കൂടെ വിവേചനബുദ്ധിയുള്ള ഉപകരണങ്ങളാണ്. ഗൂഗിളിന്റെ AIയും ആപ്പിളിന്റെ എആര്‍ കിറ്റുമൊക്കെ ഉപകരണങ്ങളെ സ്മാര്‍ട്ടാക്കി.

ബുദ്ധിയുള്ള ഉപകരണങ്ങളുമായി മുന്‍ വര്‍ഷങ്ങളിലേതിനേക്കാൾ പേർ സഹവാസം തുടങ്ങിയ വര്‍ഷമാണിതെന്നു വേണമെങ്കില്‍ പറയാം. ഫോണുകളെ കൂടാതെ ആമസോണിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും സാംസങ്ങിന്റെയുമൊക്കെ അസിസ്റ്റന്റുകള്‍ ഒന്നിനൊന്ന് സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്നു. ഉപയോക്താവിന്റെ ആജ്ഞകള്‍ അനുസരിക്കല്‍ മാത്രമല്ല, ഉപയോക്താവിനെ കുറിച്ച് മനസ്സിലാക്കാനും അവര്‍ക്കു സാധിക്കും. ഫോണുകളില്‍ മാത്രമല്ല സ്മാര്‍ട്ട് സ്പീക്കറുകളിലും അവ മികവു തെളിയിക്കുന്നു.

ഒരു പിടി നല്ല ഫോണുകള്‍

ഹാര്‍ഡ്‌വെയറില്‍ ഇനി വലിയ മാജിക്കൊന്നും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാക്കളില്‍ നിന്നു പ്രതീക്ഷിക്കേണ്ടെന്നാണ് പൊതുവെ ടെക്‌നോളജി വിശകലന വിദഗ്ധര്‍ പറയുന്നത്. അതു ശരിവയ്ക്കുന്നതായിരുന്നു ഈ വര്‍ഷമിറങ്ങിയ ഫോണുകള്‍. ഒരു നിര്‍മാതാവാണോ മറ്റൊരു നിര്‍മാതാവാണോ നല്ലതെന്നൊന്നും അന്വേഷിക്കുന്നതിലും വലിയ കാര്യമില്ല. മുന്‍നിര നിര്‍മാതാക്കളൊക്കെ ഇറക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ നോക്കിയാല്‍ പ്രായോഗിക തലത്തില്‍ എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്താന്‍ കഴിവുള്ള സ്മാര്‍ട്ട്‌ഫോണുകളൊന്നും ഈ വര്‍ഷം ഇറങ്ങിയിട്ടില്ല. ആപ്പിള്‍ ഐഫോണ്‍ X/8പ്ലസ്, സാംസങ് ഗ്യാലക്‌സി നോട്ട് 8/S8, ഗൂഗിള്‍ പിക്‌സല്‍ 2, എല്‍ജി V30 തുടങി പല മോഡലുകളും മികവു പുലര്‍ത്തി.

ഏറ്റവുമധികം പ്രതീക്ഷ നല്‍കിയത് ഐഫോണ്‍ X ആണ്. പിക്‌സല്‍ 2, ഹാര്‍ഡ് വെയര്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നില്ലെങ്കില്‍ ഏറ്റവും മുന്നില്‍ തന്നെ കണ്ടേനെ. 

iphone-x-screen

എന്നാല്‍, ഫെയ്‌സ്മാപ്പിങ് ടെക്‌നോളജിയുടെ മികവില്‍ ഐഫോണ്‍ Xനെ ഈ വര്‍ഷത്തെ മികച്ച ഫോണായി വിലയിരുത്തുന്നു. നല്ല മുന്‍/പിന്‍ ക്യാമറകള്‍, നല്ല ബാറ്ററി ലൈഫ്, വലിയ സ്‌ക്രീന്‍ എന്നിവ ഈ മോഡലിന്റെ എടുത്തു പറയത്തക്ക ഫീച്ചറുകളാണ്. 

ഇസൈറ്റ് 3 (eSight 3), കാഴ്ചയില്ലാത്തവരുടെ കൃഷ്ണമണി

കാഴ്ചയില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് (legally blind) ആശ്രയിക്കാവുന്ന ലോകത്തെ ഏറ്റവും ശക്തമായ കണ്ണടയാണ് ഇസൈറ്റ്. ഇതിന്റെ മൂന്നാമത്തെ പതിപ്പാണ് ഇസൈറ്റ് 3. കാഴ്ചയില്ലാത്തവർക്കായി ഈ സൈറ്റ് ഹൈ ഡെഫനിഷന്‍ വിഡിയൊ റെക്കോഡു ചെയ്യുകയും അതിനെ മാഗ്നിഫൈ (വലുതാക്കുകയും) ചെയ്യുകയും, കോണ്‍ട്രാസ്റ്റ് വര്‍ധിപ്പിക്കുയും, തനത് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് കാഴ്ചയില്ലാത്തയാള്‍ക്കു കാണാന്‍ പാകത്തിനാക്കുകയും ചെയ്യും. ഇതുപയോഗിക്കുന്ന ചിലര്‍ക്കൊക്കെ കായിക മത്സരങ്ങളില്‍ പോലും പങ്കെടുക്കാം. വില മാത്രമാണ് കണ്ണില്‍ വെള്ളം നിറയ്ക്കുന്നത്- ഏകദേശം 10,000 ഡോളറാണ് ചിലവഴിക്കേണ്ടത്. കൂടുതല്‍ അറിയാന്‍

വായു ശുദ്ധമാക്കാന്‍ മോളിക്യൂള്‍ (Molekule)

വായു ശുദ്ധീകരിണികള്‍ ധാരാളമുണ്ട്. പലതും ഹാനികരമായ മാലിന്യങ്ങളെ പിടിച്ചെടുത്താണ് മുറിയിലെ വായു ശുദ്ധീകരിക്കുന്നത്. മോളിക്യൂള്‍ വേറിട്ടു നില്‍ക്കുന്നത് ഇത്തരം മാലിന്യങ്ങളെ നശിപ്പിക്കുക കൂടി ചെയ്യുമെന്നതു കൊണ്ടാണ്. ഇന്ത്യന്‍ വംശജയായ ജയാ റാവു ആണ് മോളിക്യൂളിന്റെ സ്ഥാപകരില്‍ ഒരാള്‍. അവരുടെ സഹോദരന്‍ ദിലീപ് ഗോസ്വാമിയാണ് കമ്പനിയുടെ സിഇഒ. മോളിക്യൂളിന് വില കൂടുതലാണ്- 799 ഡോളര്‍. കൂടാതെ വര്‍ഷാവര്‍ഷം 99 ഡോളര്‍ വച്ച് ഫില്‍റ്റര്‍ മാറാനും ചിലവഴിക്കണം. മോളിക്യൂളിനെ അടുത്തറിയാം.

ക്യാമറ

കഴിഞ്ഞ പത്ത് ഐഫോണ്‍ വര്‍ഷങ്ങള്‍ക്കിടിയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഒരു കുതിച്ചു ചാട്ടം നടത്തിയ ഉപകരണമാണ് ക്യാമറ. ഒരു കാലത്ത്, ആളുകൾ മാറി നിന്നു മാത്രം നോക്കിയിരുന്ന ആ ഒറ്റക്കണ്ണന്‍ ഉപകരണത്തിന് മനുഷ്യരുടെ ഇടയില്‍ വല്ലാതെ പ്രചാരം ലഭിച്ചിരിക്കുന്നു. കൂടാതെ, ഒറ്റക്കണ്ണ് ഇരട്ടക്കണ്ണായത് കഴിഞ്ഞ വര്‍ഷമാണെങ്കില്‍ ഈ വര്‍ഷം ഒരു 16 കണ്ണുള്ള ക്യാമറ പോലും ഇറങ്ങി. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി അതിന്റെ എല്ലാ ചാരുതയോടും കൂടെ പീലി വിരിച്ചു തുടങ്ങുന്നു. ഗൂഗിള്‍ പിക്‌സല്‍, ഐഫോണ്‍ X തുടങ്ങിയ ഫോണുകളുടെ ക്യാമറകള്‍ കൈയ്യടി വാങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അവ ബുദ്ധിയുള്ള ക്യാമറകള്‍ പോലുമാണ്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ലൈറ്റ് L16 എന്ന ക്യാമറ (മുൻപെ പറഞ്ഞ പതിനാറു കണ്ണന്‍) പുറത്തിറങ്ങിയെങ്കിലും വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല. ക്യാമറ ശ്രദ്ധ ആകര്‍ഷിച്ചെങ്കില്‍ അത് കുറവുകളുടെ പേരിലാണ്. നല്ല വെളിച്ചത്തില്‍ പ്രകടനം കൊള്ളാമെങ്കിലും കൊടുക്കുന്ന വിലയ്ക്കുള്ള മൂല്യം ഈ ക്യാമറയ്ക്കില്ല. ഫണ്ടിന്റെ അഭാവമാകാം ക്യാമറയെ പിന്നോട്ടു വലിക്കുന്നത്.

Canon full frame cameras

പ്രമുഖ ജാപ്പനീസ് ക്യാമറാ നിര്‍മാതാവയ നിക്കോണ്‍ തങ്ങളുടെ കംപ്യൂട്ടേഷണല്‍ ക്യാമറകള്‍ കൈവരിക്കുന്ന വിജയം ശ്രദ്ധിച്ച് ചൈനയിലുള്ള അവരുടെ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ നിര്‍മിക്കുന്ന ഒരു ഫാക്ടറി തന്നെ പൂട്ടിട്ടു. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി ഒരു പതിറ്റാണ്ടു കഴിയുമ്പോഴെങ്കിലും അതിന്റെ പൂര്‍ണ്ണപ്രഭാവം പുറത്തെടുത്തേക്കും. പക്ഷേ, അതുവരെ DSLRകളും മിറര്‍ലെസ് ക്യാമറകളും ഫൊട്ടോഗ്രാഫര്‍മാരുടെ പ്രിയ ഉപകരണങ്ങളായി തുടരും.

ഏതൊക്കെയാണ് ഈ വര്‍ഷത്തെ മികച്ച DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറകള്‍?

നിക്കോണ്‍ D850 ഫൊട്ടോഗ്രഫി ഗൗരവത്തിലെടുക്കുന്നവരെ ഏറ്റവുമധികം ആകര്‍ഷിച്ച ക്യാമറയാണ്. 45.7MP റെസലൂഷനുള്ള സെന്‍സറിനെ കേന്ദ്രീകരിച്ചാണ് നിക്കോണ്‍ ഈ ഭീമനെ നിര്‍മിച്ചിരിക്കുന്നത്. ഷൂട്ടിങ് സ്പീഡിലും മികവു കാണിക്കുന്ന ഈ ക്യാമറ ഉജ്ജ്വല പ്രകടനം കൊണ്ട് ഫൊട്ടോഗ്രാഫര്‍മാരുടെ മനം കവര്‍ന്നു. ബോഡിക്കു മാത്രം ഏകദേശം രണ്ടര ലക്ഷം രൂപയോളമാണ് വില. D850യ്ക്കു ശേഷം അവതരിപ്പിച്ചതാണ് സോണി A7R III എന്ന മിറര്‍ലെസ് ക്യാമറ. ഇന്ന് ലോകത്തെ ഏറ്റവും നല്ല ക്യാമറാ സെന്‍സര്‍ നിര്‍മാതാവു കൂടെയായ സോണിയുടെ സ്വന്തം 42MP BSI CMOS സെന്‍സര്‍ കേന്ദ്രീകരിച്ചു സൃഷ്ടിച്ച ഈ ക്യാമറയും റോ ചിത്രങ്ങളെടുക്കുന്നവരുടെ ഇഷ്ട ഉപകരണമാണ്. ക്യാമറകളുടെ സെന്‍സര്‍ റെയ്റ്റിങ് സൈറ്റ് ആയ DXOയുടെ റെയ്റ്റിങില്‍ ഈ രണ്ടു ഭീമന്മാര്‍ക്കും 100 പോയിന്റാണു ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ടിവി

ഫിലിപ്‌സ് 9 സീരിസ് 65 ഇഞ്ച് ഓലെഡ് ടിവി

ഈ വര്‍ഷം അവതരിപ്പിച്ച ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയ ടെലിവിഷനുകളിലൊന്നാണ് ഫിലിപ്‌സിന്റെ 9 സീരിസ് 65 ഇഞ്ച് ഓലെഡ് ടിവി. ഫിലിപ്‌സിന്റെ P5 പിക്ചര്‍ പ്രൊസസിങ് ആണ് ഈ 4K HDR ടിവിയുടെ മുഖ്യാകര്‍ഷണം. ഈ ടിവിയ്ക്ക് അഞ്ചു പ്രൊസസിങ് യൂണിറ്റുകളാണുള്ളത് എന്നത് സ്ട്രീമിങ് വിഡിയോയുടെ പോലും മാറ്റു വര്‍ധിപ്പിക്കുന്നു. ഫിലിപ്‌സിന്റെ സ്വന്തം ആംബിലൈറ്റ് ടെക്‌നോളജിയും ഇതിനെ വേറിട്ടതാക്കുന്നു. കൂടാതെ ഒരു സബ് വൂഫറും ആറു ട്വീറ്ററുകളുമടങ്ങുന്ന ഓഡിയോ പട സ്വരത്തെ വേറിട്ടൊരു അനുഭവമാക്കുന്നു. ഈ വര്‍ഷം അവതരിപ്പിച്ചു എങ്കിലും 2018ല്‍ മാത്രമെ ഈ ടിവി വിപണിൽ എത്തൂ.

എല്‍ജി 'വോള്‍പെയ്പര്‍' ടിവി

കൊതിപ്പിക്കുന്ന ഹാര്‍ഡ്‌വെയറും ഉജ്ജ്വല പ്രകടനവും ഒരുമിക്കുന്ന മറ്റൊരു ടെക് വിസ്മയമാണ് എല്‍ജിയുടെ, ഈ വര്‍ഷം ഇറക്കിയ, W സീരിസിലുള്ള ടിവി. ഈ 65-ഇഞ്ച് ഭീമന്റെ ഭാരം കേവലം 7.26 കിലോഗ്രാം ആണ്! കനമോ, കേവലം .15 ഇഞ്ചും! കാന്തമുമപോഗിച്ചാണ് ഇത് ഭിത്തിയില്‍ പിടിപ്പിക്കുന്നത്. ശരിക്കും ഒരു 'ഒട്ടിപ്പോ' ടിവി. ഈ ഓലെഡ് സ്‌ക്രീന്‍ ടിവിയുടെ പിക്ചര്‍ ക്വാളിറ്റിയും അത്യുജ്വലമാണ്. 

അസൂസ് മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ്

മൈക്രോസോഫ്റ്റ് ഹോളോലെന്‍സില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു നിര്‍മിച്ച അസൂസ് മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ ഉള്ളതാണ്. 3K റെസലൂഷനാണ് ഈ ഹെഡ്‌സെറ്റിനുളളത്. ഒക്യുലസ് റിഫ്റ്റിനെയോ എച്റ്റിസി വൈവിനെയോ പോലെയല്ലാതെ പുറത്തു സെന്‍സറുകള്‍ വേണ്ടാത്ത ഈ ഹെഡ്‌സെറ്റിന് മുന്നില്‍ രണ്ടു ക്യാമറകളാണുള്ളത്. തലയില്‍ നിന്നു തലയിലേക്കു മാറുമ്പോഴുണ്ടാകാവുന്ന ശുചിത്വ പ്രശ്‌നങ്ങളും അസൂസ് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

മൈക്രോസോഫ്റ്റ് സര്‍ഫസ്ബുക് 2

ഐഫോണ്‍ ഉണ്ടാക്കാന്‍ തുടങ്ങിയ ശേഷം പിന്നെ കംപ്യൂട്ടര്‍ നിര്‍മാണത്തില്‍ ആപ്പിള്‍ നേരത്തെ ഉണ്ടായിരുന്ന ശ്രദ്ധ കൊടുക്കുന്നില്ല എന്നത് ചില മാക് ഉപയോക്താക്കളുടെ പരാതിയാണ്. എന്നാല്‍, മാക്ബുക്കുകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ലാപ്‌ടോപ്പുമായാണ് ഈ വര്‍ഷം മൈക്രോസോഫ്‌റ്റ് എത്തിയിരിക്കുന്നത്- സര്‍ഫസ്ബുക് 2. രണ്ടു വലിപ്പത്തില്‍ ലഭ്യമാക്കിയിട്ടുള്ള ഈ മോഡലിലൂടെ വിന്‍ഡോസ് പിസി ഒരു തിരിച്ചു വരവു നടത്തിയിരിക്കുന്നു എന്നാണ് പൊതുവെ പറയുന്നത്.

microsoft-surface-book-surface-pro

ഡിജെഐ സ്പാര്‍ക്ക്: ഉള്ളം കൈകൊണ്ടു നിയന്ത്രിക്കാവുന്ന ഡ്രോണ്‍!

ഉള്ളം കൈയുടെ വലിപ്പം മാത്രമുള്ളതാണ് ഡിജെഐ ഈ വര്‍ഷം പുറത്തിറക്കിയ സ്പാര്‍ക്ക് എന്നു പേരിട്ട ഡ്രോണ്‍. ഇതിന്റെ ഏറ്റവും മകച്ച ഫീച്ചര്‍ ഇതിനെ ഉള്ളം കൈ കൊണ്ടു തന്നെ നിയന്ത്രിക്കാമെന്നതാണ്. ആദ്യ സെറ്റ്-അപ് കഴിഞ്ഞ് സ്പാര്‍ക്കിന്റെ പിന്നിലുള്ള ബട്ടണില്‍ രണ്ടുതവണ ടാപ്പു ചെയ്താല്‍ അതു പറന്നു പൊങ്ങും. പിന്നെ ഉള്ളം കൈ ചലിപ്പിക്കുന്നതിനനുസരിച്ച് ഉയരുകയും താഴുകയുമൊക്കെ ചെയ്യും. റിമോട്ടുകളില്‍ നിന്നു ഡ്രോണുകളെ മോചിപ്പിച്ച മോഡല്‍ എന്ന നിലയിലാണ് സ്പാര്‍ക്കിനു കൈയ്യടി ലഭിക്കുന്നത്.

ആമസോണ്‍ എക്കോ (രണ്ടാം തലമുറ)

സ്മാര്‍ട്ട് സ്പീക്കറുകളുടെ കാര്യത്തില്‍ ജെഫ് ബെയ്‌സോസിന്റെ ആമസോണ്‍ ആണ് ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ന് നിരവധി സ്മാര്‍ട്ട് സ്പീക്കറുകള്‍ ഉണ്ട്. സാക്ഷാല്‍ ആപ്പിളും ഗൂഗിളും വരെ ആമസോണിനെ അങ്ങനെ ഒറ്റയ്ക്കു വിട്ടാല്‍ ശരിയാവില്ലല്ലൊ എന്നു കരുതി സ്വന്തം സ്മാര്‍ട്ട് സ്പീക്കറുകള്‍ നിര്‍മിച്ചു. എന്നാല്‍, രണ്ടാം തലമുറയിലെ എക്കോ ആകര്‍ഷകമായാണ് ആമസോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു വൂഫറും ട്വീറ്ററും അടങ്ങുന്നതാണ് പുതിയ എക്കോ. വിലയും കുറച്ചു 99.99 ഡോളറാണ് പുതുക്കിയ എക്കോയുടെ വില. 

ഇന്ത്യയും ഇന്റര്‍നെറ്റ് ജ്ഞാനിയാകുന്നു!

എന്താണ് ഈ വര്‍ഷം നമുക്ക് ടെക്‌നോളജിയില്‍ പ്രതീക്ഷയാകുന്നത്? ഇന്റര്‍നെറ്റിന്റെ പുതുമകള്‍ക്കും കൗതുകങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമപ്പുറമുള്ള കാണാപ്പുറങ്ങളെ കുറിച്ച് നമ്മുടെ രാജ്യം ആദ്യമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന ആശാവഹമായ വാര്‍ത്തയാണ് വര്‍ഷാവസാനം നമുക്കു ലഭിക്കുന്നത്. കൂടുതല്‍ അറിയാന്‍.