Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2018ൽ ലോകം കാത്തിരിക്കുന്നത് ‘18 അടവുകൾ’, മനുഷ്യന്റെ ‘ജോലി’ പോകുമെന്ന് പ്രവചനം

robot-Sophia-

പ്രതീക്ഷകളും സ്വപ്നങ്ങളും അവസാനിക്കുന്നില്ല. ഒരു വർഷത്തിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവും സാങ്കേതികമായ ഒന്നാണെങ്കിലും അതിന്റെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനുള്ള സാങ്കേതികവിദ്യകളും തയ്യാറായിക്കഴിഞ്ഞു. ഓരോ വർഷവും ഇത്തരം പ്രവചനങ്ങളും നിരീക്ഷണങ്ങളും ഉണ്ടാവാറുണ്ട്. അവയിൽ മിക്കവയും ആ വർഷം യാഥാർഥ്യമാവാറുമുണ്ട്. എന്നാൽ, ഏറ്റവും വലിയ വിപ്ലവങ്ങളെന്നു കരുതിയ പലതും പരാജയപ്പെടുകയോ വേണ്ടത്ര ജനശ്രദ്ധ നേടാതെ പോവുകയോ ചെയ്ത ചരിത്രവുമുണ്ട്. ഗൂഗിൾ ഗ്ലാസ്, സെൽഫ് ഡ്രൈവിങ് കാർ, വെർച്വൽ റിയാലിറ്റി തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. 

2013 മുതൽ ഓരോ വർഷവും ഇവയൊക്കെ പിന്നീടുള്ള വർഷം ലോകത്തെ മാറ്റിമറിക്കുമെന്നു പ്രതീക്ഷിക്കുകയും പ്രവചിക്കുകയും ചെയ്തിരുന്നെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. വെർച്വൽ റിയാലിറ്റി ജനകീയമാവുകയും കുറഞ്ഞ ചെലവിൽ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിക്കുകയും ചെയ്തെങ്കിലും യഥാർഥ അനുഭവങ്ങൾക്കു പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ലെന്ന തരിച്ചറിവിൽ ജനം വിആറിനെ വലിയ വിപ്ലവമായി ആഘോഷിച്ചില്ല. 2017ലെ വലിയ വിപ്ലവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നത് ബിറ്റ്‍കോയിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്റർനെറ്റ് ഓഫ് തിങ്സും ഒക്കെയായിരുന്നു. 

വിലകളിൽ ചരിത്രം സൃഷ്ടിച്ച് ബിറ്റ്കോയിൻ വല്ലാതെ വളർന്നെങ്കിലും സാങ്കേതികരംഗത്ത് വിപ്ലവമുണ്ടാക്കാൻ സാധിച്ചത് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള നൂറു കണക്കിനു ക്രിപ്റ്റോകറൻസികളുടെ അടിസ്ഥാനശിലയായ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയ്ക്കു മാത്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവചനങ്ങൾ അന്വർഥമാക്കിക്കൊണ്ട് സമസ്ത മേഖലകളിലും സ്വാധീനമുണ്ടാക്കി. സോഫിയ റോബട്ടിന്റെ വരവോടെ യഥാർഥ എഐയുടെ സാധ്യതകൾ നാടകീയത നിറഞ്ഞു നിൽക്കുന്ന ഒരു ഉൽപന്നത്തിലേക്കു മാത്രമായി ചുരുങ്ങിയതും ജോലി കളയാനും മനുഷ്യരെ നശിപ്പിക്കാനും വരെ റോബട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തയ്യാറാവുകയാണെന്ന ആശങ്ക പരന്നതും എഐ വിപ്ലവത്തിന്റെ ഭാഗമായി. 

2017ലെ യഥാർഥതാരമാവുമെന്നു കരുതിയ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ വ്യാപിച്ചെങ്കിലും ഉൽപന്നങ്ങളായോ സേവനങ്ങളായോ രംഗത്തെത്തി വിപ്ലവമുണ്ടാക്കുന്നിടത്തോളം വളർന്നില്ല. എന്നാൽ, ഗൂഗിൾ ഹോം, ആമസോൺ എക്കോ എന്നീ ഹോം സ്പീക്കർ സംവിധാനങ്ങൾ ഐഒടിയുടെ ആദ്യസാധ്യതകൾ നമുക്കു മുന്നിലവതരിപ്പിച്ചു. ജനപ്രിയമാകുമെന്നു കരുതിയ 3ഡി പ്രിന്റിങ് ചെലവു കുറഞ്ഞു കൂടുതൽ പ്രചാരം നേടിയെങ്കിലും വിചാരിച്ചിരുന്നത്ര ജനപ്രിയമായില്ല.

അതേ സമയം, പ്രതീക്ഷിക്കാത്ത പല മേഖലകളിലും 2017 ഏറെ വളർച്ച നേടുകയും പുതിയ സാധ്യതകൾ കണ്ടെത്തുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനമാണ് സൈബർ സുരക്ഷ. വാനാക്രൈ ആക്രമണവും തുടർന്നുണ്ടായ ഒട്ടേറെ ഹാക്കിങ് പരമ്പരകളും സൈബർ സുരക്ഷയെപ്പറ്റി പുതിയ കാഴ്ചപ്പാടും അവബോധവുമുണ്ടാക്കി. 

ഹാക്കിങ്ങും റാൻസംവെയറുകളും വൻകിട കമ്പനികളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ മാറി. സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തമാണെന്ന അവബോധമുണ്ടായി, സുരക്ഷാ ഏജൻസികളും സൈബർ കുറ്റവാളികൾ ഉണ്ടാക്കാവുന്ന അപകടങ്ങൾക്കെതിരെ കൂടുതൽ ജാഗരൂകരായി. തൽഫലമായി ഹാക്കർമാർ കയ്യടക്കിയെന്നു കരുതിയ സൈബർലോകം 2017ന്റെ രണ്ടാം പകുതിയിൽ കൂടുതൽ സുരക്ഷിതമായി. വെബ്സൈറ്റുകളും സേവനങ്ങളും അവയൊരുക്കിയിരിക്കുന്ന പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാക്കി. 2016ൽ വിസ്മയം സൃഷ്ടിച്ച എആർ മൊബൈൽ ഗെയിമായ പോക്കിമോൻ ഗോയുടെ വൻവിജയത്തോടെ ഗെയിമിങ് കൺസോളുകൾക്ക് ചരമഗീതം പാടാനിരുന്ന 2017നെ ഞെട്ടിച്ചുകൊണ്ടാണ് നിന്റെൻഡോയുടെ സ്വിച്ച് ഗെയിമിങ് കൺസോൾ അപ്രതീക്ഷിതവിജയം നേടിയത്. 

ഗെയിമിങ് കൺസോളുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയമായി മാറിയ സ്വിച്ച് 2017ന്റെ ഉൽപന്നമായി മാറി.

ഈ വർഷം സാങ്കേതികലോകത്ത് വിപ്ലവത്തിന് ആഹ്വാനം ചെയ്തു നിൽക്കുന്നത് ഒരു ഡസനോളം സാങ്കേതികവിദ്യകളും ആശയങ്ങളുമാണ്. ഏതാണു വിജയിക്കുക, ആരൊക്കെയാണ് സ്വീകരിക്കപ്പെടുക എന്നതാണ് ഇനി കാണേണ്ടത്. 

മൊബൈൽ ഫോണിലെ കളി കാര്യമായി മാറിയതോടെ സ്മാർട്ഫോണിലെ വിപ്ലവങ്ങൾ സാംസങ്, ഗൂഗിൾ, എൽജി, ആപ്പിൾ, വൺ പ്ലസ് എന്നിങ്ങനെ വിരലിലെണ്ണാവുന്ന കമ്പനികളുടെ കൈകളിൽ മാത്രമായി ചുരുങ്ങി. സെൽഫ് ഡ്രൈവിങ് കാറുകളെക്കാൾ വേഗത്തിൽ ലോകം സ്വീകരിച്ച ഇലക്ട്രിക് കാറുകൾ മുതൽ സമസ്തമേഖലകളെയും നവീകരിക്കാൻ പോകുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ വരെ 2018 കാത്തിരിക്കുന്നത് കാതലായ മാറ്റങ്ങളാണ്. കേവലം ഉപകരണങ്ങൾക്കും കൗതുകങ്ങൾക്കുമപ്പുറം ലോകത്തെ പുതുവഴിയിലൂടെ നയിക്കാൻ പ്രാപ്തമായ മാറ്റങ്ങൾ.

ബ്ലോക്‌ചെയിൻ

ബിറ്റ്‌കോയിന് എന്തു സംഭവിച്ചാലും ബ്ലോക്‌ചെയിന് ഒന്നും സംഭവിക്കില്ല. ക്രിപ്റ്റോകറൻസി എന്ന വിസ്മയത്തിൽ നിന്നും ബ്ലോക്‌ചെയിൻ മോചനം നേടി ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന വിവിധ മേഖലകളിൽ ഉപയോഗിക്കപ്പെടും. സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രേഖകൾ സൂക്ഷിക്കാനും ഇടപാടുകൾ രേഖപ്പെടുത്താനും തട്ടിപ്പുകൾ തടഞ്ഞ് സുതാര്യത ഉറപ്പാക്കാൻ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

Bitcoin

ക്വാണ്ടം കംപ്യൂട്ടിങ്

ഒരു അക്കാദമിക് വിസ്മയമായിരുന്ന ക്വാണ്ടം കംപ്യൂട്ടിങ് കൂടുതൽ പ്രാപ്യമാകാനുള്ള സാധ്യതകളൊരുങ്ങിയിരിക്കുകയാണ്. ക്വാണ്ടം കംപ്യൂട്ടറിന്റെ സാധ്യതകളും കരുത്തും സുരക്ഷയും സുപ്രധാനമേഖലകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തും. അതിവേഗം ഒരുപാടു ജോലികൾ ചെയ്തു തീർക്കാൻ കഴിയുന്ന ക്വാണ്ടം കംപ്യൂട്ടിങ് കാലാവസ്ഥ, വൈദ്യശാസ്ത്രം, ബഹിരാകാശശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനും വിവരവിശകലനത്തിനും കൂടുതൽ വേഗം നൽകും.

Quantum–Computing

ഹൈപർലൂപ്

ഇന്ത്യയിൽ പരീക്ഷണഘട്ടത്തിലുള്ള ഹൈപർലൂപും ഇലൻ മസ്കിന്റെ  ബോറിങ് കമ്പനി യുഎസിൽ നിർമിക്കുന്ന ടണലും എല്ലാം വാക്വം ടണൽ യാത്ര ഈ വർഷം യാഥാർഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഭൗമോപരിതലത്തിലും വെള്ളത്തിലും ആകാശത്തും യാത്ര ചെയ്ത മനുഷ്യർ ഭൂമിക്കടിയിൽ നിർമിക്കുന്ന വാക്വം ടണലിലൂടെ മിന്നൽ വേഗത്തിൽ യാത്ര ചെയ്യാൻ തുടങ്ങിയാൽ അത് ഈ വർഷത്തെ വലിയ വിപ്ലവങ്ങളിലൊന്നാവും. 

എന്നാൽ, യാത്ര യാഥാർഥ്യമാവാൻ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടെന്നതിനാൽ ഈ വർഷത്തേതുപോലെ തന്നെ അടുത്ത വർഷവും ഹൈപർലൂപ് യാത്രാസംവിധാനങ്ങൾ പ്രതീക്ഷകളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ തന്നെയുണ്ടാവും.

hyperloop

നാരോ എഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷങ്ങളായി നേടുന്ന വളർച്ചയും പുരോഗതിയും ഈ വർഷവും തുടരും. എല്ലാം അറിയാവുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിൽ (എജിഐ) നിന്നു നാരോ എഐയിലേക്കുള്ള മാറ്റം ഈ വർഷം ശ്രദ്ധേയമാകും.   ഏതെങ്കിലും പ്രത്യേക ജോലി ചെയ്യാൻ അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം പ്രാവീണ്യമുള്ള എഐ സംവിധാനങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും വളർച്ചയ്ക്ക് ഏറെ സാധ്യത.

എആർ

ഓഗ്മെന്റഡ് റിയാലിറ്റി യഥാർഥത്തിൽ ജനകീയമാകാൻ പോകുന്നത് ഈ വർഷമായിരിക്കും. ഇനി വരാനിരിക്കുന്ന ഫോണുകളിലൊക്കെ സ്ഥാനം പിടിക്കുന്ന എഐ ചിപ്പുകളാണ് ഓഗ്മെന്റഡ് റിയാലിറ്റിയെ ഫോണിലെ അടിസ്ഥാന സേവനങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുന്നത്. കലാരംഗത്തും മാധ്യമരംഗത്തും വിദ്യാഭ്യാസരംഗത്തും എആർ വിപ്ലവങ്ങൾക്കുള്ള സാധ്യത വർധിപ്പിച്ചുകൊണ്ട് മൊബൈലിലെ സാന്നിധ്യം എആറിനെ കൂടുതൽ സ്വീകാര്യവും ജനകീയവുമാക്കും.

artificial-intelligence

സെൽഫ് ഡ്രൈവിങ് കാർ

സ്വയം ഓടുന്ന കാർ ഒരെണ്ണം ഇന്ത്യൻ റോഡിൽ കാണാൻ ഇനിയും 10 വർഷമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ, യുഎസിലെ നിരത്തുകളിൽ ഈ വർഷം തന്നെ അതു സംഭവിക്കും. കഴിഞ്ഞ മൂന്നു വർഷമായി തിരഞ്ഞെടുത്ത പാതകളിൽ പരീക്ഷണ ഓട്ടം നടത്തി തെറ്റുകൾ തിരുത്തി തിരക്കേറിയ നഗരപാതകളിൽ ഓടാൻ തയ്യാറെടുത്തു കഴിഞ്ഞു. നിയമപരമായ അംഗീകാരവും പിന്തുണയും നേടിയ ഗൂഗിളിന്റെ വേയ്മോ കാറുകൾ ഈ വർഷം യുഎസിലെ അരിസോണയിൽ ഓട്ടമാരംഭിക്കും.

NISSAN  SELF-DRIVING CAR

5ജി

5ജി സാങ്കേതിവിദ്യ പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി നിൽക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞാൽ ഈ വർഷം തന്നെ 5ജി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപയോഗത്തിൽ വരും. 4ജിയെക്കാൾ അനേകം മടങ്ങ് വേഗതയുള്ള 5ജി ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ വളർച്ചയിലും നിർണായക പങ്കു പഹിക്കുന്നു. വ്യാവസായികാവശ്യങ്ങളെക്കാൾ 5ജി കൂടുതൽ സ്വാധീനിക്കുക സാധാരണക്കാരെയായിരിക്കും. 4ജിയെക്കാൾ കുറഞ്ഞ ചെലവിൽ 5ജി ലഭ്യമാകുന്നതോടെ പരമ്പരാഗത ബ്രോഡ്ബാൻഡ് കണക്ഷനുകൾ 5ജിയിലേക്കു മാറും.

ഇന്റർനെറ്റ് ഓഫ് തിങ്സ്

കഴിഞ്ഞ മൂന്നു വർഷമായി പ്രതീക്ഷയുണർത്തുന്ന സാങ്കേതികമുന്നേറ്റമായി തുടരുന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ഈ വർഷം കൂടുതൽ മികവു നേടും. ജനങ്ങൾക്ക് അവരുടെ വീടുകളിൽ വ്യപകമായി ഉപയോഗിക്കത്തക്കവിധം ഐഒടി അനുഭവപ്പെടണമെങ്കിൽ ഇനിയും ഏറെ ദുരം സഞ്ചരിക്കേണ്ടതുണ്ട്. 

എന്നാൽ, ഇന്ത്യയുൾപ്പെടെയുള്ള അനേകം രാജ്യങ്ങളിൽ ഐഒടി വ്യാപകമായി പരീക്ഷിക്കപ്പെടുകയും ഐഒടി കമ്പനികളും സ്റ്റാർട്ടപ്പുകളും ലോകനിലവാരത്തിലേക്കു വളരുകയും ചെയ്യും.

സർജിക്കൽ റോബട്ട്

ചികിൽസ വിധിക്കുന്ന റോബട്ടുകളെക്കാൾ കൂടുതൽ ഫലപ്രദം ഡോക്ടർ വിധിക്കുന്ന ചികിൽസ അണുവിട പിഴയ്ക്കാതെ ചെയ്യാൻ കഴിയുന്ന റോബട്ടുകളാണെന്നത് 2017 തെളിയിച്ചു. അനേകം മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയകൾ ചെയ്യാൻ ശേഷിയുള്ള സർജിക്കൽ റോബട്ടുകൾ ഈ വർഷം കൂടുതൽ ഓപ്പറേഷൻ തിയറ്ററുകളിലെത്തും. അനേകമണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യുമ്പോൾ മനുഷ്യർക്കുണ്ടാവുന്ന ക്ഷീണവും ശ്രദ്ധക്കുറവും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ റോബോട്ടിക് ശസ്ത്രക്രിയയിലുണ്ടാവില്ല. ഗൂഗിളും ജോൺസൺ ആൻഡ് ജോൺസണും വെർബ് സർജിക്കൽസും ചേർന്നു പുറത്തിറക്കുന്ന സർജിക്കൽ റോബട്ടുകൾ ഈ വർഷം എത്തും.

killer-robot

കംപ്യൂട്ടേഷനൽ ഫൊട്ടോഗ്രഫി

ലെൻസിനും മെഗാപിക്സലിനും ചെയ്യാൻ കഴിയാത്തത് ചെയ്യുന്ന കംപ്യൂട്ടർ സോഫ്റ്റ്‍‌വെയറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നു ചെയ്യുന്നതും വിസ്മയകരമായ ചിത്രങ്ങൾ ഒരുക്കുന്നതും കംപ്യൂട്ടേഷനൽ ഫൊട്ടോഗ്രഫിയുടെ ജോലിയാണ്. എല്ലാ സ്മാർട്ഫോൺ നിർമാതാക്കളും ഡ്യുവൽ ക്യാമറയും മികച്ച സെൻസറുകളും ഘടിപ്പിച്ച് ഫൊട്ടോഗ്രഫി മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ 12 മെഗാപിക്സൽ സിംഗിൾ ക്യാമറയുമായി വന്ന് ഗൂഗിൾ പിക്സൽ 2 വിസ്മയകരമായ ചിത്രങ്ങൾ നൽകിയത് കംപ്യൂട്ടേഷൻ ഫൊട്ടോഗ്രഫിയുടെ മികവാണ്. ഈ മികവ് ഫൊട്ടോഗ്രഫിയെ അടിമുടി മാറ്റാൻ പോകുന്ന വർഷമാണിത്. പ്രഫഷനൽ ഫൊട്ടോഗ്രഫിയിലും പേഴ്സണൽ ഫൊട്ടോഗ്രഫിയിലും അൽഗൊരിതങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻസും ചിത്രങ്ങളെ മികവുറ്റതാക്കും.

related stories