Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യൻ വിമാനം തിരയാൻ എട്ട് മുങ്ങിക്കപ്പലുകൾ, 90 ദിവസത്തിനുള്ളിൽ കണ്ടെത്തും!

ship

നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനുള്ള ഏറ്റവും പുതിയ പ്രതീക്ഷയായി അവതരിച്ച സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പൽ എത്തി‍. 2014 മാർച്ച് 8ന് 239 പേരുമായി ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെ കണ്ടെത്തുകയാണ് സീബെഡ് കണ്‍സ്ട്രക്ടറുടെ ലക്ഷ്യം. ഇതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ച കപ്പൽ ദിവസങ്ങൾക്ക് മുൻപാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തിൽ എത്തിയത്.

60 കിലോമീറ്റര്‍ ഭാഗത്ത് കടലില്‍ മൂന്ന് കിലോമീറ്റര്‍ വരെ ആഴത്തില്‍ പരീക്ഷണ തിരച്ചില്‍ നടത്തിയ ശേഷമാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ പുതിയ ദൗത്യത്തിന് തിരിച്ചിരിക്കുന്നത്. പരമാവധി ആറ് കിലോമീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. മലേഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ദൗത്യം ഔദ്യോഗികമായി അവരെ ഏല്‍പ്പിച്ചിരിക്കുന്നത്. വിമാനം കണ്ടെത്തിയാല്‍ മാത്രം പൂര്‍ണ്ണ പ്രതിഫലം നല്‍കുന്ന കരാറാണ് സര്‍ക്കാര്‍ കമ്പനിയുമായി ഉണ്ടാക്കിയിരിക്കുന്നത്.

സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലിന്റേത് അത്യാധുനിക ടെക്നോളജി

സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലിൽ അത്യാധുനിക ടെക്നോളജി സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എട്ട് ആളില്ലാ മുങ്ങിക്കപ്പലുകളാണ് സീബെഡ് കണ്‍സ്ട്രക്ടറിലുള്ളത്. ഇവ ഉപയോഗിച്ച് പ്രതിദിനം 1200 കിലോമീറ്റര്‍ വരെ തിരച്ചില്‍ നടത്താന്‍ സീബെഡ് കൺസ്ട്രക്ടർ കപ്പലിനാകും. ഇത്തരം തിരച്ചില്‍ ദൗത്യങ്ങളില്‍ ഏറ്റവും ആധുനികമായ കപ്പലാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. താരതമ്യേന കുറച്ച് പ്രദേശത്ത് മാത്രമാണ് സീബെഡ് കണ്‍സ്ട്രക്ടറിന് തിരയേണ്ടതെന്നതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

underwater-vehicles

ആളില്ലാ മുങ്ങിക്കപ്പലുകളാണ് ആഴത്തിലുള്ള തിരച്ചിലിന് ഉപയോഗിക്കുന്നത്. ക്യാമറകളും മറ്റു സംവിധാനങ്ങളും ഘടിപ്പിച്ച മുങ്ങിക്കപ്പലുകൾ മുകളിലിരുന്ന് നിയന്ത്രിച്ച് വിലയിരുത്താനാകും. സൊണാർ സെൻസറുകൾ ഘടിപ്പിച്ച മുങ്ങിക്കപ്പലുകൾക്ക് ആഴക്കടലിൽ കിലോമീറ്ററുകളോളം ദൂരത്തിൽ പരിശോധന നടത്താൻ സാധിക്കും. കടൽ അടിത്തട്ടിലെ മലകളും കുന്നുകളും കുഴികളും സൂക്ഷ്മമായി പരിശോധിക്കാൻ ശേഷിയുള്ള ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. കടലിനടിയിൽ വെച്ച് സാങ്കേതിക പ്രശ്നങ്ങൾ സംഭവിച്ചാൽ പോലും ആളില്ലാ മുങ്ങിക്കപ്പലുകൾക്ക് ആറു കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.

1.20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ തിരച്ചിൽ നടത്തി

കഴിഞ്ഞ നാലു വര്‍ഷത്തോളമായി കടലിലെ 1.20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇനി 25,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് മാത്രമാണ് തിരച്ചില്‍ നടത്താനുള്ളത്. കഴിഞ്ഞ ജനുവരിയില്‍ മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചില്‍ ഓസ്‌ട്രേലിയ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. ഇതുവരെ തിരച്ചില്‍ തുടര്‍ന്നിരുന്ന ഫര്‍ഗോ കപ്പലിന് അടുത്തിടെ കടലിനടിയിലെ അഗ്നിപര്‍വതത്തില്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതും തിരച്ചില്‍ നിര്‍ത്താനുള്ള കാരണമായി.

2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്നും ബീജിങിലേക്കുള്ള യാത്രക്കിടെ എംഎച്ച് 377 വിമാനം അപ്രത്യക്ഷമായത്. വിമാനത്തിലുണ്ടായിരുന്ന 239 പേരെക്കുറിച്ചും പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ നിര്‍ദിഷ്ട പാതയില്‍ നിന്നും വിമാനം മാറി സഞ്ചരിച്ചുവെന്നാണ് കരുതപ്പെടുന്നത്. ആറ് മണിക്കൂറോളം പറന്ന ശേഷം വടക്കന്‍ ഓസ്‌ട്രേലിയയോടു ചേര്‍ന്നുള്ള സമുദ്രത്തിലെവിടെയോ തകര്‍ന്നുവീണതായാണ് കരുതപ്പെടുന്നത്.

Malaysia_MH370

90 ദിവസത്തിനുള്ളിൽ കണ്ടെത്തും

90 ദിവസമാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ തിരച്ചിലിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിനിടെ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ 90 ദശലക്ഷം ഡോളര്‍ (ഏകദേശം 573 കോടി രൂപ) മലേഷ്യന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കും. ഇനി തിരച്ചില്‍ വിജയിച്ചില്ലെങ്കില്‍ ദൗത്യത്തിന് വേണ്ടി വരുന്ന ചെലവ് തിരച്ചിൽ നടത്തുന്ന കമ്പനി വഹിക്കാമെന്നും അറിയിച്ചിരുന്നു.

related stories