Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഈ കുഞ്ഞിന്റെ കരച്ചിലിന് ട്രംപ് ഉത്തരം പറയണം, ക്രൂരമാണിത്’

zuckerberg-trump-pichai

അനധികൃത കുടിയേറ്റക്കാരുടെ മക്കളെ രക്ഷിതാക്കളിൽ നിന്നും അകറ്റുന്ന സെപ്പറേഷൻ പോളിസിക്കെതിരെ പ്രതിഷേധം പുകയുമ്പോഴും നയം മാറ്റത്തിന് ഒരുക്കമല്ലെന്ന വാശിയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദിവസങ്ങൾക്ക് മു‍ന്‍പ് പകർത്തിയ നാലു വയസ്സുകാരി പൊട്ടിക്കരയുന്ന വിഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നയത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ഉൾപ്പെടെ ടെക് ലോകത്തെ പ്രമുഖർ രംഗത്തെത്തി.

സെപ്പറേഷൻ പോളിസി ഉടൻ തന്നെ നിര്‍ത്തലാക്കണമെന്ന് സക്കർബർഗ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുടിയേറ്റ കുടുംബങ്ങൾക്ക് അതിർത്തിയിൽ നിയമോപദേശവും തർജ്ജമ സൗകര്യവും നൽകുന്ന സംഘങ്ങൾക്ക് താൻ സാമ്പത്തിക സഹായം നൽകുകയാണെന്ന് വ്യക്തമാക്കിയ സക്കർബർഗ് സമാന പാത തുടരാൻ മറ്റുള്ളവരെ ആഹ്വാനം ചെയ്തു.

കുടുംബങ്ങളുടെ വേർപിരിയൽ സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും മനസിനെ പിടിച്ചുലക്കുന്നതാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. മനുഷ്യത്വരഹിതമായ ഈ നയത്തിന് ഉടൻ അവസാനം കുറിക്കണമെന്നാണ് ഐറിഷ് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ ആപ്പിൾ സിഇഒ ടിം കുക്ക് അഭിപ്രായപ്പെട്ടത്. കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് അകറ്റുന്നത് ക്രൂരവും അധാർമ്മികവും ഹൃദയശൂന്യവും ചേർത്തുപിടിക്കുക എന്ന അമേരിക്കൻ നയത്തിന് കടക വിരുദ്ധവുമാണെന്ന് എയർബിഎന്‍ബിയുടെ മൂന്ന് സഹസ്ഥാപകരും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ‌

അനധികൃത കുടയിയേറ്റക്കാരുടെ മക്കളെ അതിർത്തിയിൽ വേർപെടുത്തുന്ന രീതി അമേരിക്കയെ പോലെ വലുതും ഉദാരവും സഹാനുഭൂതിയുമുള്ള രാഷ്ട്രത്തിന് അവസാനിപ്പിക്കാൻ കഴിയുമെന്നും ഇക്കാര്യത്തിൽ തീർപ്പിലെത്താൻ നമുക്ക് കഴിയില്ലെങ്കിൽ ഒരു കാര്യത്തിലും തീരുമാനത്തിലെത്താൻ നമുക്ക് കഴിയില്ലെന്നും യുഎസ് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റും സിഇഒയുമായ ടോം ഡോനോഹ്യൂ ഒരു പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

related stories