ADVERTISEMENT

നമ്മള്‍ ജീവിച്ചു വന്ന ലോകത്തു നിന്ന് നിരവധി കാര്യങ്ങള്‍ അടര്‍ത്തിമാറ്റുകയാണ് കോവിഡ്-19 ചെയ്തത്. പുതിയതായി വരുന്ന കാര്യങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുമോ അതോ താത്കാലികമായിരിക്കുമോ എന്ന കാര്യം കാലത്തിന്റെ തിരശീല ഉയരുമ്പോഴേ അറിയാനൊക്കൂ. സിനിമയില്‍ ലൂമിനസ്, അണ്‍റിയല്‍ എൻജിന്‍ തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഇടപെട്ടു തുടങ്ങുകയാണ്. മലയാളത്തില്‍ പോലും ഇവയുടെ ഇടപെടല്‍ ഉണ്ടാകാന്‍ പോകുന്നുവെന്നാണ് സംസാരം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പലതും വെര്‍ച്വലായി തീരുന്നു. പരമ്പരാഗത ഷൂട്ടിങ് സെറ്റിന്റെ ആളും ആരവവും സോഫ്റ്റ്‌വെയര്‍ ഇല്ലാതാക്കിയേക്കാം. വമ്പന്‍ ക്രൂവിന്റെ സാന്നിധ്യം ഇനി വേണ്ടാതെ വരാം. കുറഞ്ഞ ചെലവില്‍ സിനിമ നിര്‍മിക്കാമെന്നതു കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അവ റിലീസു ചെയ്യപ്പെടാം. സിനിമ പോലെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന മറ്റൊരു മേഖലയായ സ്‌പോര്‍ട്‌സിലും വന്‍ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ യുഎസ് ഓപ്പണ്‍ ടെന്നിസ് അത്തരത്തിലൊന്നാണ്. ടെക്‌നോളജിയുടെ ഭാവിയെക്കുറിച്ചു ജാഗ്രത പുലര്‍ത്തിയിരുന്നവര്‍ പോലും ഒരു പതിറ്റാണ്ടിനു ശേഷം മാത്രം പ്രതീക്ഷിച്ചിരുന്ന ചില മാറ്റങ്ങളാണ് സിനിമയും സ്‌പോര്‍ട്‌സും അടക്കം പല മേഖലകളിലും വന്നു തുടങ്ങുന്നത്. യുഎസ് ഓപ്പണിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനേറെയുണ്ട് താനും. കാരണം അതിന്റെ വെര്‍ച്വല്‍ സജ്ജീകരണങ്ങള്‍ പലതും ഒരുക്കിയിരിക്കുന്നത് ഐബിഎമ്മിന്റെ ഇന്ത്യന്‍ എൻജിനീയര്‍മാരാണ്! മറ്റൊരു സവിശേഷത ഇതിന്റെ ബ്രോഡ്കാസ്റ്റ് അവകാശത്തിനായി സൂം ആപ്പും ടൂര്‍ണമെന്റ് നടത്തിപ്പുകാരുമായി ധാരണയിലെത്തി എന്നതാണ്.

Serena-Azarenka-us-open

ആര്‍തര്‍ ആഷ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന യുഎസ് ഓപ്പണിൽ ഇപ്പോൾ നമ്മള്‍ കാണുന്നത് തീര്‍ത്തും അപരിചിതമായ കാഴ്ചകളാണ്. സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന ടെന്നിസ് പ്രേമികള്‍ ഇല്ല. പകരം കൃത്രിമ ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനു പകരം സിച്ചുവേഷണല്‍ കോമഡി അഥവാ സിറ്റ്‌കോമുകളില്‍ കേള്‍പ്പിക്കുന്നതുപോലെയുള്ള സൗണ്ട് ട്രാക്കുകളാണ് ശ്രവിക്കാനാകുന്നത്. എന്നാല്‍, ടെന്നിസില്‍ ഇതിലും കൂടുതല്‍ ടെക്‌നോളജിയെ ആശ്രയിക്കേണ്ടതായുണ്ട്. ലോകമെമ്പാടും യുഎസ് ഓപ്പണ്‍ ലൈവ് ബ്രോഡ്കാസ്റ്റ് കാണുന്ന ടെന്നിസ് പ്രേമികള്‍ക്കായി ആകര്‍ഷകമായ വിവിധ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഐബിഎം ഇന്ത്യയിലെ മിടുക്കരാണ്. പല ടൂര്‍ണമെന്റുകളും മാറ്റവയ്ക്കപ്പെട്ടതിനാല്‍ അമേരിക്കന്‍ ഓപ്പണും നടന്നേക്കില്ല എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, തങ്ങള്‍ അതു നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നുവെന്ന് അറിയിച്ചു കഴിഞ്ഞ ഐബിഎം ടീമിന് വെറും 12 ആഴ്ചകള്‍ മാത്രമാണ് വിവിധ കാര്യങ്ങള്‍ ഒരുക്കാനായി ലഭിച്ചത്. വെര്‍ച്വല്‍ ടെന്നിസ് പ്രേമികള്‍ക്ക് പുതിയ അനുഭവം പകരുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. ഇത്തരത്തിലൊന്ന് മാച് ഇന്‍സൈറ്റ് (ഉള്‍ക്കാഴ്ച) എന്ന ഫീച്ചറാണ്. ഡീപ് ലേണിങ് കേന്ദ്രമായ നാച്ചുറല്‍ ലാങ്‌ഗ്വെജ് ജനറേഷന്‍ അഥവാ എന്‍എല്‍ജി ടെക്‌നോളജിയാണ് ഈ ഫീച്ചറിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇന്ററാക്ഷന്‍ അറ്റ് ഐബിഎം റിസേര്‍ച് ഇന്ത്യയിലെ എഐ സീനിയര്‍ മാനേജര്‍ കാര്‍ത്തിക് ശങ്കരനാരായണന്‍ നല്‍കുന്ന വിശദീകരണം. ഈ ടെക്‌നോളജി വികസിപ്പിച്ചെടുത്തതും ഐബിഎമ്മിന്റെ ഡൽഹി, ബെംഗളൂരു ബ്രാഞ്ചുകളിലെ എൻജിനീയര്‍മാരാണ്. ഏതാനും വര്‍ഷമായി ഇതിനു വേണ്ടി യത്‌നിച്ചുവരികയായിരുന്ന എൻജിനീയര്‍മാര്‍ പുതിയ സാഹചര്യത്തില്‍ അതെടുത്ത് ഉപയോഗിക്കുകയായിരുന്നു.

tennis

∙ ഡേറ്റാ കൂനയിലെക്ക് ഊളിയിടാന്‍ വാട്‌സണ്‍ എഐ

ഐബിഎം വാട്‌സണ്‍ ആണ് കമ്പനിയുടെ കംപ്യൂട്ടര്‍ നിര്‍മിത തലച്ചോറ്. എന്നാല്‍ വാട്‌സണ്‍ ഡിസ്‌കവറിയാണ് ഐബിഎമ്മിന്റെ ബിസിനസുകാര്‍ക്കുള്ള എഐ ടെക്‌നോളജിക്കു പിന്നില്‍. അമേരിക്കന്‍ ഓപ്പണില്‍ ഐബിഎം വാട്‌സണ്‍ ഡിസ്‌കവറിയുടെ എന്‍എല്‍ജി (IBM Watson Discovery's NLG) ടെന്നിസിലെ ധാരാളം സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം നടത്തുന്നുണ്ട്. കളിക്കാര്‍, ഗെയിമുകള്‍, ടൂര്‍ണമെന്റുകള്‍ തുടങ്ങിയവ അരിച്ചുപെറുക്കി ഉള്‍ക്കാഴ്ചകള്‍ കാണികള്‍ക്കു മുന്നില്‍ നിരത്തുന്നു. പലപ്പോഴും സ്ഥിതിവിവരക്കണക്കണക്കുകള്‍ ചിലര്‍ക്ക് ദഹിക്കില്ല. എന്നാല്‍ അത് എന്‍എല്‍ജി ടെക്‌നോളജിയിലൂടെ കടന്നെത്തുമ്പോള്‍ അവ സ്വീകാര്യമാകുമെന്നാണ് കമ്പനി കരുതുന്നത്. ഡേറ്റാ കൂനകളിലൂടെ കംപ്യൂട്ടര്‍ ബുദ്ധി കടത്തിവിട്ട് ചില ക്രമങ്ങള്‍, പരസ്പരബന്ധങ്ങള്‍, സാധ്യതയുള്ള ക്രമവിരുദ്ധത തുടങ്ങിയവയൊക്കെ ഏറ്റവും ഉള്‍ക്കാഴ്ചയോടെ, ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുക എന്നതാണ് വാട്‌സണ്‍ ഡിസ്‌കവറിയുടെ ദൗത്യം. എന്നാല്‍, ഇത് ആളുകളിരുന്ന് കണ്ടുപിടിക്കുന്നതു പോലെ തന്നെയായിരിക്കും തോന്നുക.

മിക്കവാറും നാച്ചുറല്‍ ലാങ്‌ഗ്വെജ് പ്രോസസിങ് അഥവാ എന്‍എല്‍പിയും പരമ്പരാഗതമായി ശ്രദ്ധിച്ചു വന്നത് ഒരു കംപ്യൂട്ടറിലേക്ക് ഇന്‍പുട്ടു ചെയ്യുന്ന ഡേറ്റയില്‍ നിന്ന് പൊരുള്‍ തേടാനായിരുന്നു. ഇതിനായി നാച്ചുറല്‍ ലാങ്‌ഗ്വെജ് അണ്‍ഡര്‍സ്റ്റാന്‍ഡിങ് അഥവാ എന്‍എല്‍യു ആണ് ഉപയോഗിച്ചു വന്നത്. എന്നാല്‍, എന്‍എല്‍ജി സമാനമായ മറ്റൊരു വെല്ലുവിളി കൂടെ ഏറ്റെടുക്കുന്നു- ഡേറ്റാ പട്ടികകളില്‍ നിന്നും, ഗ്രാഫുകളില്‍ നിന്നും ചാര്‍ട്ടുകളില്‍ നിന്നും മറ്റും വിശകലനം ചെയ്ത് അവയിലുള്ള കാര്യങ്ങള്‍ വാക്കുകളില്‍ അവതരിപ്പിക്കാം. സമ്പൂര്‍ണമായി നിശബ്ദമായ സ്റ്റേഡിയം പ്രേക്ഷകര്‍ക്ക് ഒട്ടും താത്പര്യജനകമായിരിക്കില്ല. ഇതിനായി ആര്‍ത്തുവിളിക്കുന്ന ശബ്ദങ്ങള്‍ ബ്രോഡ്കാസ്റ്റിലേക്ക് ഉള്‍ക്കൊള്ളിക്കുക എന്ന വെല്ലുവിളിയും ഇവരാണ് ഏറ്റെടുത്തത്. ആയിരക്കണക്കിനു മണിക്കൂറുകളിലെ ടെന്നിസ് കളി വിശകലനം നടത്തിയാണ് ടെന്നിസ് മത്‌സരത്തിന് ഉചിതമായ ശബ്ദാനുഭവം തങ്ങള്‍ കണ്ടുപിടിച്ചത് എന്നാണ് ശങ്കരനാരായണന്‍ പറയുന്നത്. ഈ ശബ്ദങ്ങള്‍ ഓണ്‍ലൈനായി മത്സരം കാണുന്ന പ്രേക്ഷകന് യഥാര്‍ഥമായി തന്നെ തോന്നും.

tennisball

മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിലെ അടുത്ത ഘട്ടത്തില്‍, എഐയുടെ വെല്ലുവിളി എന്‍എല്‍ജിയാണെന്നാണ് ഐബിഎം വിലയിരുത്തുന്നത്. തങ്ങളുടെ ടെക്‌നോളജിക്ക് ഇപ്പോള്‍ ചര്‍ച്ച നടത്താന്‍ പോലും സാധ്യമാണ് എന്നാണ് കമ്പനി പറയുന്നത്. കംപ്യൂട്ടറിനിപ്പോള്‍ ഏതെങ്കിലും ഒരു വിഷയമെടുത്ത് അതില്‍ നിന്ന് ഒരു വാദം നടത്താനും പ്രതിവാദമയുര്‍ത്താനും സാധിക്കുമെന്ന് അവര്‍ പറയുന്നു. ഇതിനെ സംഭാഷണ (conversational) എഐ എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ പറയുന്നു. മനുഷ്യ ഇടപെടല്‍ പോലെ തോന്നിപ്പിക്കണമെങ്കില്‍ എഐക്ക് ഏതു സന്ദര്‍ഭത്തിലാണ് സംഭാഷണം നടക്കുന്നതെന്നു വ്യക്തമാക്കിക്കൊടുക്കണം. എങ്കില്‍ മാത്രമെ അതിന് സംഭാഷണം മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നാണ് ഐബിഎം റിസേര്‍ച് ഇന്ത്യയുടെ ഡയറക്ടറായ ഗാര്‍ഗി ദാസ്ഗുപ്ത പറയുന്നത്.

English Summary: IBM's India engineers helped make US Open virtual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com