ADVERTISEMENT

ലോകം ഡിജിറ്റലിലേയ്ക്ക് മാറിയതിനു കാരണം കോവിഡ് 19ന്റെ വരവല്ല, പകരം ലോകത്തെ ഡിജിറ്റലിലേയ്ക്ക് മാറ്റുന്നതിന് വേഗം കൂട്ടുകയായിരുന്നു കോവിഡ് കാലം ചെയ്തതെന്ന് ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ റീടെയിലർ സിടിഒ വിശാൽ കപിൽ. സാങ്കേതിക വിദ്യയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണ്. എന്നാൽ അതിന്റെ ഉപയോഗത്തിന്റെ അളവ് കുറവായിരുന്നു. രണ്ടോ മൂന്നോ വർഷംകൊണ്ട് വരേണ്ടിയിരുന്ന മാറ്റം ഒൻപതു മാസംകൊണ്ടുണ്ടാക്കി എന്നത് ചെറിയകാര്യമല്ല. – മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷൻ സീസൺ മൂന്നിൽ പാനൽ ഡിസ്കഷനിലാണ് മാർക്കറ്റിങ്ങിന്റെ ഡിജിറ്റലൈസേഷൻ പ്രവണതകളെക്കുറിച്ച് വിശദീകരിച്ചത്. 

 

ഈ കഴിഞ്ഞ ഒൻപതു മാസത്തിനിടെ കമ്പനികളുടെ മാർക്കറ്റിങ് വീക്ഷണത്തിലുണ്ടായ മാറ്റം എടുത്തു പറയേണ്ടതാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വേണ്ട പ്രാധാന്യം കൊടുക്കാതിരുന്നവർ കോവിഡിനു ശേഷം ചിന്തകളിൽ മാറ്റം വരുത്തി. ഡിജിറ്റൽ മാർഗത്തിലൂടെ ഉപഭോക്താക്കളിലേയ്ക്കുള്ള ദൂരം കുറയ്ക്കാനായതാണ് ബിസിനസ് സ്ഥാപനങ്ങൾക്കുണ്ടായ നേട്ടം. ഡിജിറ്റൽ മാറ്റത്തിന് ബിസിനസുകളെ സഹായിക്കൻ സാധിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാധ്യതയിൽ വലിയ വളർച്ചയുമുണ്ടായി.

 

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വലിയൊരു വേലിയേറ്റമാണ് ഇക്കാലയളവില‍ുണ്ടായിരിക്കുന്നത്. ചെറുകിട കച്ചവടക്കാർ പോലും ഡിജിറ്റൽ സാധ്യകൾ തേടി. വിവരാധിഷ്ഠിത ചിന്തകളിലേയ്ക്ക് ആളുകൾ നയിക്കപ്പെട്ടു. വാട്സാപ്പും ഇൻസ്റ്റഗ്രാമുമെല്ലാം മാർക്കറ്റിങ്ങിൽ പ്രധാന പങ്കു വഹിക്കുന്ന സമൂഹമാധ്യമമായി മാറി. 

 

കമ്പനികളുടെ മാർക്കറ്റിങ് സ്ട്രക്ചറിൽ കാര്യമായ മാറ്റം വന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പുതിയ വിപണി സാഹചര്യത്തിൽ സാങ്കേതിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനം പിടിച്ചു നിൽക്കാൻ അനിവാര്യമാണ്. ഒരു സ്ഥാപനത്തെ നയിക്കുന്നത് വിവരാധിഷ്ടിത ചിന്തയായി മാറി. ചുറ്റും നടക്കുന്ന സാങ്കേതിക അഭിരുചി മാറ്റം പഠിക്കുകയും അതിനനുസരിച്ച് മാറുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കേ ഇനി പിടിച്ചു നിൽക്കാനാവൂ എന്നതാണ് വസ്തു. ഇന്നത്തെ സാങ്കേതിക വിദ്യാ മാറ്റങ്ങളെ സംശയത്തോടെ കാണുന്നവരാണ് നാളെ അതിന്റെ ഉപഭോക്താക്കളായി മാറുന്നത് - വിശാൽ പറയുന്നു. 

 

∙ തിരച്ചിൽ ഇകൊമേഴ്സ് സൈറ്റുകളിലേയ്ക്ക്

 

ഇന്റർനെറ്റിൽ നടക്കുന്ന സേർച്ചുകളിൽ പകുതി ആമസോൺ, ഫ്ലിപ്കാർട് പോലെയുള്ള ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറിയെന്ന് ടെക്സ്പെക്ടേഷൻ പാനൽ ചർച്ചയിൽ ബോട്ട് വൈസ് പ്രസിഡന്റ് ധമൻദീപ് സിങ് സോണിയുടെ വിലയിരുത്തൽ. ഈ പ്ലാറ്റ്ഫോമുകളുടെ വളർച്ച അവരെ സ്വന്തം ഉൽപന്നങ്ങളൊ ബ്രാൻഡുകളൊ അവതരിപ്പിക്കുന്നതിലേയ്ക്ക് എത്തുമെന്ന ഭീതിക്കു പ്രസക്തിയില്ല. ചെറുകിട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അവർ തുടക്കം മുതൽ സ്വീകരിച്ചിരിക്കുന്നത്. വിൽപനക്കാർ എന്ന തലത്തിൽ നിൽക്കുമ്പോൾ അവർക്ക് ലാഭം കൃത്യമായി ലഭിക്കുന്ന സാഹചര്യത്തിൽ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിമാക്കുന്നതിനായിരിക്കും ഇവർ ശ്രമിക്കുക.  

 

ഒരു ഉൽപന്നത്തെ സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിൽക്കുന്നതാണോ ആമസോൺ ഒക്കെ പോലെയുള്ള പ്ലാറ്റ്ഫോമുകളിലേയ്ക്ക് പോകുന്നതാണോ നല്ലതെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. രണ്ടിനെയും ഒരുപോലെ ബാലൻസ് ചെയ്ത് മുന്നോട്ടു കൊണ്ടു പോകുന്ന മോഡലായിരിക്കും വിജയകരമാകുക എന്നായിരുന്നു മറുപടി. വിപണി അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ പരീക്ഷണങ്ങളും തിരഞ്ഞെടുപ്പുകളും വിപണിയിലെ നിലനിൽപിന് അത്യാവശ്യമാണ്. 

 

∙ പരസ്യ രംഗം തിരിച്ചു വരുന്നു

 

കോവിഡ് വരവോടെ പരസ്യ ചെലവുകൾ ബിസിനസ് സ്ഥാപനങ്ങൾ വെട്ടിക്കുറച്ചിരുന്നു. എന്നാൽ‍ പുതിയ സാങ്കേതിക വിദ്യയെ കൂട്ടു പിടിച്ച് പരസ്യ ബഡ്ജറ്റുകൾ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. പരസ്യ രംഗത്ത് ഓൺലൈൻ പ്രമോഷനുകൾക്ക് പ്രാധാന്യം വർധിച്ചിരിക്കുകയാണ് ഇക്കാലത്ത്. പഴയ ബ്രാൻഡുകൾ നിലനിൽപ്പിനായും പുതിയ ബ്രാൻഡുകൾ വിപണി നേടുന്നതിനായും കൂടുതൽ തുക പരസ്യങ്ങൾക്കായി മാറ്റി വയ്ക്കുന്നു. അതിഭയങ്കരമായി ബാധിക്കപ്പെട്ടതും തകർന്നു പോയതുമായ വ്യവസായം പരസ്യമേഖലയായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും അധികം വേഗത്തിൽ തിരിച്ചു വരുന്നതും പുതിയ ഉയരങ്ങൾ കീഴടക്കുന്നതും പരസ്യ വിപണിതന്നെയാണ്. പുത്തൻ സാങ്കേതിക വിദ്യകളുടെ ആവിർഭാവം പരസ്യ മേഖലയിലെ സാധ്യതകൾ വർധിപ്പിച്ചു. അതിൽ നല്ലൊരു പങ്ക് ഓൺലൈൻ പ്രമോഷനുകൾക്കാണ് എന്നത് ശ്രദ്ധേയമാണ്. – ധമൻദീപ് സിങ് ധോണി വിശദീകരിക്കുന്നു. 

 

∙ ചില്ലറ വിൽപനക്കാലം അവസാനിക്കില്ല

 

ചെറുകിട ചില്ലറ വിൽപന കേന്ദ്രങ്ങളുടെ കാലം അവസാനിക്കുകയാണെന്ന മട്ടിലുള്ള പ്രചരണങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ലെന്ന് ധമൻ പറയുന്നു. ഉപയോക്താക്കൾക്ക് അനുഭവവേദ്യമായി വാങ്ങൽ നടത്തുന്ന കടകളുടെ പ്രസക്തി ഇല്ലാതാകാകില്ല. കടകളുടെ അമിത സാങ്കേതിക വൽക്കരണം ഭാവിയിൽ കടകളെത്തന്നെ ഇല്ലാതാക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. അതേ സമയം ഡിജിറ്റലായി ഉൽപന്നങ്ങളെ അനുഭവവേദ്യമാക്കാൻ സ്ഥാപനങ്ങൾക്കു സാധിച്ചാൽ അത് ഡിജിറ്റൽ വിൽപനയ്ക്ക് കൂടുതൽ സഹായകമാണ്. ഡിജിറ്റലിൽ വിൽപനയ്ക്കായി അമിത സമ്മർദം ചുമത്തേണ്ട ആവശ്യം വരില്ല. അതിനെ ഓൺലൈനിൽ അനുഭവസ്ഥമാക്കുന്ന രീതിയിലേയ്ക്കുള്ള മാറ്റമാണ് ആവശ്യം. 

 

ഉപഭോക്തൃ സ്വഭാവത്തെക്കുറിച്ചുള്ള പഠിക്കലും പുത്തൻ ഉൽപന്നങ്ങൾക്കായുള്ള അന്വേഷണവുമാണ് വിപണിയിൽ നടക്കുന്നത്. ബ്രാൻഡിലുള്ള വിശ്വാസം വർധിപ്പിച്ച് കസ്റ്റമേഴ്സിനെ വിപണിയിലെ താരങ്ങളായി അവതരിപ്പിക്കുക എന്നതാണ് മികച്ച രീതി. ഉൽപന്നങ്ങളെക്കുറിച്ചുള്ള ധാരണ ജനങ്ങളിലെത്തിക്കാൻ അനുഭവകഥകൾ പങ്കുവയ്ക്കുക. 

 

∙ കസ്റ്റമർ ബിഹേവ്യറിൽ വലിയ മാറ്റം

 

അതിവേഗ ഡിറ്റലൈസേഷൻ ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന വരുത്തിയതായി ഡിജിറ്റൽ ഇന്ത്യ സിഇഒ ഉണ്ണി രാധാകൃഷ്ണൻ. കസ്റ്റമർ ബിഹേവ്യറിൽ കാര്യമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പുതിയ ചിന്താ രീതികൾ വിപണിയെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റലൈസേഷനിൽ പുതിയ മൂന്ന് തലങ്ങൾ പ്രകടമാണ്. പുതിയ ഉൽപന്നങ്ങളും സേവനങ്ങളും നിർമിക്കപ്പെട്ടു എന്നതാണ്. ഡിജിറ്റൽ പേമെന്റ്, ഡിജിറ്റൽ ബ്രോഡ്കാസ്റ്റ് തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഡിജിറ്റലൈസേഷൻ വരെ ഇതിനുദാഹരണമാണ്. 

 

പലവിധ ചെറുസേനവനങ്ങൾ പോലും ഇപ്പോൾ ഓൺലൈനിലൂടെ വിൽക്കപ്പെടുന്നു. ഉദാഹരണം പെയ്ഡ് മെന്റർഷിപ്പ്, ക്ലൗഡ് കിച്ചൺ തുടങ്ങിയവ ഉദാഹരണമാണ്. ഓൺലൈനിലൂടെ മാത്രം വിൽക്കുന്ന ബ്രാൻഡുകളും ആവിർഭവിക്കപ്പെട്ടു. ഉൽപന്നങ്ങളെ ഉപഭോക്താക്കൾ മനസിലാക്കുന്നതാണ് അടുത്ത പടി. പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിക്കുന്ന ഉൽപന്നങ്ങളും സേവനങ്ങളും അവയുടെ മേൻമകളും കൃത്യമായി ഉപഭോക്താക്കളിലെത്തിക്കുകയാണ് ഡിജിറ്റലൈസേഷൻ കാലഘട്ടത്തിലെ വിപണന വെല്ലുവിളി. 

 

ഉപഭോക്താവ് ഉൽപന്നങ്ങളെ മനസിലാക്കണം എന്നതാണ് എല്ലാക്കാലത്തും മാർക്കറ്റിങ് നേരിട്ടിരുന്ന വെല്ലുവിളികളിലൊന്ന്. അതേ സമയം പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഉൽപന്നങ്ങൾ ഉപഭോക്താവിലേയ്ക്ക് എത്തുന്നത് കുറെക്കൂടി എളുപ്പമായി മാറിയിരിക്കുന്നു. ഉൽപന്നങ്ങളെക്കുറിച്ച് ഡിജിറ്റൽ കഥകൾ അവതരിപ്പിക്കുന്നതാണ് കാലത്തിന്റെ വിപണന ശൈലി. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ സെലിബ്രിറ്റി സ്റ്റാറ്റസ് ജനാധിപത്യവൽക്കരിക്കപ്പെട്ടു. 

ട്രാവൽ ബ്രാൻഡുകൾ മാറ്റി എഴുതപ്പെട്ടു. പേമെന്റ് പ്ലാറ്റ്ഫോമുകൾ പരമ്പരാഗത ഇടപാടു സങ്കേതങ്ങളെക്കു മുകളിലേയ്ക്ക് വളരുന്നതാണ് പുതിയ കാഴ്ച. ഡിസംബർ 31ന് എല്ലാം മാറി പതിവുപോലെയാകുമെന്ന് കരുതുന്നവരുണ്ടെന്ന് ഉണ്ണി രാധാകൃഷ്ണൻ

 

∙  ഡേറ്റ തന്നെ ഓയിൽ... പക്ഷെ..

 

പത്തു വർഷമായി ഡേറ്റയാണ് ഓയിൽ എന്നു പറയുന്നെങ്കിലും അതിലേയ്ക്ക് എത്ര പേർ നിക്ഷേപിച്ചു എന്ന് ആലോചിക്കണമെന്ന് ഇൻഡിഗോ കൺസെൽറ്റിങ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജോസ് ലിയോൺ വിമർശിക്കുന്നു. പല ശ്രേണികളിലായി ആവശ്യത്തിലേറെ വിവരങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ വിപണി എങ്ങനെ പ്രതികരിച്ചു എന്നും എങ്ങനെ തിരിച്ചു വന്നു എന്നും പുതിയ സാധാരണത്വത്തിലേയ്ക്ക് തിരിച്ചു വന്നുവെന്നുമുള്ള പഠനം അത്യാവശ്യമാണ്. കോവിഡ് തുടങ്ങി ആദ്യഘട്ടത്തിൽ സ്ഥാപനങ്ങൾക്ക് നിലനിൽപും തൊഴിലാളി ക്ഷേമവുമായിരുന്നു പ്രധാന വെല്ലുവിളി. പുതിയ സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും പുതിയ പുതിയ മാർഗങ്ങളുടെ അവലംബവും പുത്തൻ ഉൽപന്നങ്ങളുടെ അവതരണവും പഴയ ഉൽപന്നങ്ങളെക്കുറിച്ച് പുതിയ കഥകൾ അവതരിപ്പിച്ചും തിരിച്ചു വരവു നടത്തി.

 

പഠിച്ചത് പ്രായവർത്തികമാക്കേണ്ട കാലമാണ് ഇത്. വിവരങ്ങളുടെ ഏകീകരണവും ഉൾക്കൊണ്ട പാഠങ്ങൾ പ്രാവർത്തികമാക്കലും വേണം. ഗവേഷണം, ഉൽപന്നം കണ്ടെത്തൽ എന്നിവയ്ക്കു പുറമേ ഉപഭോക്തൃ സമൂഹത്തെ തിരിച്ചറിഞ്ഞ് വളർത്തുകയാണ് വേണ്ടത്. പത്തു വർഷം മുമ്പ് വിവരങ്ങളുടെ അഭാവം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആവശ്യമായ വിവരങ്ങൾ വിരൽ തുമ്പിലാണ്. ഇന്ന് ഒരു ബിസിനസ് സ്ഥാപനത്തിന് ചീഫ് ഡേറ്റ ഓഫിസർ എന്ന പുതിയ തസ്തിക ഒഴിച്ചു കൂടാനാവാത്തതായി മാറിയിരിക്കുന്നെന്നും ജോസ് ലിയോൺ  പാനൽ ചർച്ചയിൽ വിലയിരുത്തുന്നു.

 

English Summary: The Covid era has made a huge dent in digital marketing: Vishal Kapil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com