ADVERTISEMENT

ചില പുതിയ സ്വകാര്യതാ ഫീച്ചറുകള്‍ കൊണ്ടുവരുമെന്ന് ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, അത് ഐഒഎസ് 14 അവതരിപ്പിച്ച സമയത്ത് നല്‍കാതെ മാറ്റി വയ്ക്കുകയായിരുന്നു. അവ ഇപ്പോള്‍ നല്‍കി തുടങ്ങിയിരിക്കുകയാണ്. ഇതാകട്ടെ സമൂഹ മാധ്യമ ഭീമന്‍ ഫെയ്സ്ബുക്കില്‍ നിന്ന് കടുത്ത വിര്‍മര്‍ശനത്തിന് വിധേയമാകുകയും ചെയ്തിരുന്നു. ഫെയ്‌സ്ബുക്കിനെ പോലെയുള്ള കമ്പനികള്‍ ഐഫോണിലാണെങ്കില്‍ പോലും ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം, മറ്റ് ആപ്പുകളില്‍ കൂടെയാണെങ്കില്‍ പോലും, സസൂക്ഷ്മം വീക്ഷിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ നിലനില്‍ക്കുന്ന ഒന്നാണല്ലോ. വിവാദ സ്വകാര്യതാ ഫീച്ചറുകള്‍ ഇപ്പോള്‍ ഉപയോക്താക്കളിലേക്ക് എത്തുകയാണ്. തങ്ങളുടെ ഡേറ്റാ ശേഖരിക്കണോ വേണ്ടയോ എന്നും അത് എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന കാര്യത്തിലും ഉപയോക്താക്കള്‍ക്ക് തീരുമാനം എടുക്കാനാകണം എന്നാണ് തങ്ങളുടെ വിശ്വാസം. ഫെയസ്ബുക്കിന് ഉപയോക്താക്കളെ മുൻപത്തേ പോലെ തന്നെ ട്രാക്കു ചെയ്യാം. എന്നാല്‍, ഐഒഎസ് 14 ല്‍ ഉള്ള ആപ് ട്രാക്കിങ് പ്രൈവസി പറയുന്നത്, ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നതിനു മുൻപ് അവരുടെ അനുമതി വാങ്ങണമെന്നാണ് ആപ്പിള്‍ മേധാവി ടിം കുക്ക് തന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.

ട്വീറ്റിനു വന്നിരിക്കുന്ന കമന്റുകളിലേറെയും തങ്ങളെ ഫെയ്‌സ്ബുക്കില്‍ നിന്ന് രക്ഷിച്ച ആപ്പിളിന് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ നടപടി എടുത്ത ആദ്യ വലിയ കമ്പനി ആപ്പിളാണെന്നും കമന്റുകള്‍ പറയുന്നു. സ്വകാര്യതയുടെ ശരിയായ അര്‍ഥം മനസ്സിലാക്കിയതിന് നന്ദി തുടങ്ങിയ കമന്റകളും ഉണ്ട്. തങ്ങളുടെ പരസ്യ ബിസിനസിന് ആപ്പിളിന്റെ പുതിയ നീക്കം ഭീഷണിയാണെങ്കില്‍ നിങ്ങളുടെ ബിസിനസ് മോഡലിന്റെ ധാര്‍മികത എന്താണ് എന്നാണ് മറ്റൊരു ഉപയോകതാവ് ചോദിച്ചിരിക്കുന്നത്.

 

∙ ഫെയ്‌സ്ബുക് കട്ടക്കലിപ്പില്‍

 

ആപ്പിളിന്റെ പുതിയ നീക്കത്തിനെതിരെ ഡബിൾ പേജ് പരസ്യങ്ങളാണ് വാഷിങ്ടണ്‍ പോസ്റ്റ്, ദി ന്യൂ യോര്‍ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ അമേരിക്കന്‍ പത്രങ്ങളില്‍ ഫെയ്‌സ്ബുക് നല്‍കിയത്. ആപ്പിളിന്റെ നീക്കം ചെറിയ ബിസിനസുകളെ സാരമായി ബാധിക്കുമെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്. (തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ചെറിയ ബിസിനസ് സ്ഥാപനങ്ങളെ മുളയിലെ നുള്ളുകയോ, അല്ലെങ്കില്‍ വാങ്ങിക്കുകയോ ചെയ്യുന്ന കമ്പനിയാണ് എന്ന ആരോപണം ഫെയ്‌സ്ബുക് അമേരിക്കയില്‍ നേരിടുകയാണെന്നത് വേറെ കാര്യം.) ആപ്പിള്‍-ഫെയ്‌സ്ബുക് അടി ഇത് ആദ്യമായല്ല നടക്കുന്നത്. ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ് ഫെയ്സ്ബുക്കിന്റെ ബിസിനസ് മോഡലിനെ സക്കര്‍ബര്‍ഗിനെ വേദിയിലിരുത്തി വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മേധാവി കുക്കും അവരുടെ ബിസിനസ് രീതിയെ വിമര്‍ശിക്കുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ല. അതേസമയം സക്കര്‍ബര്‍ക് ആകട്ടെ, ഐഫോണുകളില്‍ എന്താണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് എന്നത് നോക്കി നില്‍ക്കുന്ന ഒരു ഗെയ്റ്റ് കാവല്‍ക്കാരനാണ് ആപ്പിള്‍ എന്നും ആരോപിച്ചിരുന്നു. ഇത് പുതുമ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരുടെ ആശയങ്ങളെ ഹനിക്കുന്നു എന്നാണ് സക്കര്‍ബര്‍ഗിന്റെ ആരോപണം.

 

∙ വരുന്ന മാറ്റങ്ങള്‍ എന്തെല്ലാം?

 

ഐഒഎസിനായി ആപ്പുകള്‍ വികസിപ്പിക്കുന്നവര്‍ കൂടുതല്‍ സുതാര്യത കാണിക്കണമെന്ന് ആപ്പിള്‍ പറയുന്നു. ആപ്പുകള്‍ ചെറിയ സ്വകാര്യതാ ലേബലുകള്‍ സ്വയം പതിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്. സ്വന്തം ആപ്പിനു വെളിയിലും ഉപയോക്താവ് എന്തു ചെയ്യുന്നുവെന്ന് മണംപിടിച്ചു നടക്കുന്ന ആപ്പുകളെ നിലയ്ക്കു നിർത്താന്‍ ഒരുങ്ങിത്തന്നെയാണ് ആപ്പിള്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഇത്തരം ട്രാക്കിങ് ഫെയ്സ്ബുക് പോലെയുള്ള ആപ്പുകള്‍ക്ക് വളരെ ഉപകാരപ്രദമാണ്. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ചാണ് ഉപയോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി പരസ്യങ്ങള്‍ നല്‍കുന്നത്.

 

എന്നാല്‍, പുതിയ സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം ഒരു ആപ് ഉപയോക്താവിനെ ട്രാക്കു ചെയ്യുന്നതിനു മുൻപ് അയാളുടെ അനുവാദം നേരിട്ടു ചോദിക്കണം. ഓരോ ഡിവൈസിനും ഒരു അഡ്വര്‍ടൈസിങ് ഐഡന്റിഫയര്‍ ഉണ്ട്. ഇതിലെ ഡേറ്റ പരിശോധിച്ചോട്ടെ എന്നും ആപ്പുകള്‍ ചോദിക്കണം. (ആപ്പിളിന്റെ ഈ ഐഡന്റിഫയര്‍ പ്രശ്‌നംപിടിച്ചതാണോ എന്ന് അറിയേണ്ടിയിരിക്കുന്നു. അതിലൂടെ ഉപയോക്താവ് പോകുന്ന വെബ്‌സൈറ്റുകളെല്ലാം ആപ്പിളും ട്രാക്കു ചെയ്യുന്നു. ഉപയോക്താവിന്റെ താത്പര്യങ്ങള്‍, ഷോപ്പിങ് തുടങ്ങിയവയെക്കുറിച്ചുള്ള ഡേറ്റയും ഇവിടെ ശേഖരിക്കുന്നു. ഇതെന്തിനാണ് ആപ്പിള്‍ ചെയ്യുന്നത് എന്നത് വ്യക്തമല്ല. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ ഇതു നിയമപരമാണോ എന്നും സംശയമുണ്ട്.) എന്തായാലും, ആപ്പിള്‍ ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയും ഫെയസ്ബുക്കിന് കാണണമെങ്കില്‍ ഉപയോക്താവിന്റെ അനുമതി വാങ്ങണം.

 

ട്രാക്കിങ് എന്നതിന് ഒരു നിര്‍വചനവും ആപ്പിള്‍ നല്‍കിയിട്ടുണ്ട് - ആപ് ഡെവലപ്പര്‍മാര്‍ യൂസറുടെയോ, അയാളുടെ ഡിവൈസില്‍ നിന്നു ശേഖരിക്കുന്നതോ, മറ്റ് കമ്പനികളുടെ ആപ്പുകളില്‍ നിന്നോ, വെബ്‌സൈറ്റുകളില്‍ നിന്നോ, ഓഫ്‌ലൈന്‍ പ്രോപ്പര്‍ട്ടീസ് പരിശോധിച്ചോ ശേഖരിക്കുന്ന ഡേറ്റ പരസ്യത്തിനോ, പരസ്യത്തിന്റെ അളവുകോലായോ ഉപയോഗിക്കുന്നതാണ് ട്രാക്കിങ് ആയി പരിഗണിക്കുന്നത്. ഉപയോകതാവിനെക്കുറിച്ചോ, ഡിവൈസിനെക്കുറിച്ചോ ഉള്ള ഡേറ്റാ മറ്റേതെങ്കിലും കമ്പനികള്‍ക്കോ ബ്രോക്കര്‍മാര്‍ക്കോ വില്‍ക്കുന്നതും ട്രാക്കിങ്ങിന്റെ ഗണത്തില്‍ പെടുത്തുമെന്നു കമ്പനി പറയുന്നു. മറ്റ് ആപ്പുകളില്‍ നിന്ന് ശേഖരിച്ച ഡേറ്റയില്‍നിന്നു മനസ്സിലായ വിവരം വച്ച് ഉപയോക്താവിന് പരസ്യം കാണിക്കുന്നതും ട്രാക്കിങ് വിഭാഗത്തിലാണ് ആപ്പിള്‍ പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഒരു ചെരുപ്പു വാങ്ങാന്‍ സേര്‍ച്ചു ചെയ്യുകയും കുറച്ചു കഴിഞ്ഞ് നിങ്ങളുടെ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ ചെരുപ്പുകളുടെ പരസ്യം കാണുന്നത് ഈ ഗണത്തില്‍ പെടുത്തുന്നു. ഉപയോകതാവിന്റെ ലൊക്കേഷന്‍ ഡേറ്റാ, ഇമെയില്‍ ഐഡികള്‍ തുടങ്ങിയവ പരസ്യക്കാര്‍ക്കു നല്‍കുന്നതും ട്രാക്കിങ് ആണ്.

 

വ്യക്തിയെ മനസ്സിലാക്കിയ ശേഷം പരസ്യം കാണിക്കുന്ന രീതിയാണ് ഫെയ്‌സ്ബുക്കിന്റേത്. എന്നാല്‍, ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വഴിയാണ് ചെറുകിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ 60 ശതമാനവും തങ്ങള്‍ വില്‍ക്കുന്നതെന്നാണ് ഫെയ്ബുക് വാദിക്കുന്നത്. ഇതു നിർത്തിയാല്‍ അവരുടെ ഉല്‍പന്നങ്ങളുടെ വില്‍പന കുറയുമെന്നും അവര്‍ പറയുന്നു. ഇതോടെ ചെറുകിട ബിസിനസുകള്‍ തകരുമെന്നും അവര്‍ വാദിക്കുന്നു. തങ്ങളുടെ ബിസിനസ് മാതൃകയിലൂടെ വില്‍പന നടത്തുന്ന 100 കോടിയിലേറെ കച്ചവടക്കാരുണ്ട് എന്നാണ് ഫെയ്സ്ബുക് പറയുന്നത്. പക്ഷേ കുക്ക് പറയുന്നത് അതൊക്കെ ഉപയോക്താവിന്റെ സമ്മതം വാങ്ങിച്ചിട്ടു നിങ്ങള്‍ തുടര്‍ന്നോളൂ എന്നാണ്. തങ്ങള്‍ ഉപയോക്താവിനൊപ്പമാണ് എന്നാണ് കമ്പനിയുടെ വാദം. ആളുകളില്‍ നിന്നു ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് ആളുകളെക്കുറിച്ചുള്ള പ്രൊഫൈലുകള്‍ ഉണ്ടാക്കി സൂക്ഷിക്കുന്നു എന്ന ആരോപണവും ഫെയസ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ നിലനില്‍ക്കുന്നു. എന്തായാലും, ചില ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്കെങ്കിലും നിങ്ങളെ ട്രാക്കു ചെയ്യാന്‍ ഫെയ്‌സ്ബുക്കിനെ (അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയെ) അനുവദിക്കണോ എന്ന പോപ്-അപ് ലഭിച്ചു തുടങ്ങിയെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

 

English Summary: Apple’s privacy tracking notification starts appearing for users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com