ADVERTISEMENT

പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ജനങ്ങളില്‍ ആസക്തി വളര്‍ത്തുന്നുവെന്നും അവ ആത്മഹത്യയിലേക്കു വരെ നയിക്കുന്നുവെന്നുമുള്ള വാദങ്ങള്‍ ശക്തിപ്പെടുകയാണ്. അതോടൊപ്പം അവ നിരോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം, ഓൺലൈൻ റമ്മിയുടെ ചതിക്കുഴിയിപ്പെട്ട് 25 ലക്ഷം രൂപയുടെ കടബാധ്യതയിലായ യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരത്തെ കാട്ടാക്കട സ്വദേശി വിനീതാണ് ജീവനൊടുക്കിയത്. മാസങ്ങൾക്ക് മുൻപ് പുതുശ്ശേരിയ്ക്കടുത്തുള്ള (Puducherry) കോര്‍ക്കാഡില്‍ മൊബൈല്‍ ഫോണ്‍ കട നടത്തിവന്ന 38 കാരനായ വിജയ്കുമാര്‍ ആത്മഹത്യ ചെയ്തതും ഓണ്‍ലൈന്‍ റമ്മി കളിച്ച് 30 ലക്ഷം രൂപ നഷ്ടപ്പെട്ടായിരുന്നു.

 

ലോക്ഡൗണ്‍ സമയത്ത് സമയം കളയാനായാണ് മിക്ക യുവാക്കളും ഗെയിം കളിച്ചു തുടങ്ങിയതത്രെ. എന്നാല്‍, അധികം താമസിയാതെ അതില്‍ ആസക്തി കയറി. ആദ്യം ആയിരം രൂപ ലഭിച്ചപ്പോള്‍ ആവേശം മൂത്തു. തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിച്ചുകൊണ്ടികയാണ് പതിവ് രീതി. അവസാനം എല്ലാം നഷ്ടപ്പെടും. നഷ്ടം കളിയിലൂടെ തന്നെ നികത്താനായി കടവും വാങ്ങും. വര്‍ഷങ്ങളായി ഉണ്ടാക്കിയ പണം മുഴുവന്‍ മാസങ്ങള്‍ക്കുള്ളില്‍ നിശിപ്പിക്കുക മാത്രമല്ല കടവും കയറി ജീവനൊടുക്കും.

 

ഓണ്‍ലൈന്‍ ഗെയിമുകള്‍ ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. യുവാക്കളില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ ഗെയിം മൂലം ഉണ്ടാകുന്നു. മറ്റൊരു പ്രശ്‌നം എന്തെങ്കിലു ചെയ്യാനുള്ള പ്രചോദനം വരെ ഇല്ലാതാക്കുന്നു എന്നതാണ്. വൈകാരികമായ അടിച്ചമര്‍ത്തല്‍, പിരിമുറുക്കാം, മാനസികാരോഗ്യം നഷ്ടപ്പെടല്‍, വ്യക്തി ബന്ധങ്ങള്‍ വഷളാകല്‍, വ്യക്തിക്ക് സമൂഹവുമായുള്ള ബന്ധത്തില്‍ വരുന്ന മാറ്റങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇങ്ങനെ പലതും ഇതിന്റെ ഭാഗമായി സംഭവിക്കുന്നുണ്ട്.

 

സൈക്യാട്രിസ്റ്റായ ഡോ. സി. പനീര്‍സെല്‍വം (Dr. C.Pannerselvam) പറയുന്നത് ഓണ്‍ലൈന്‍ ഗെയിമുകള്‍ സമൂഹത്തിന് ഭീഷണിയായി തുടങ്ങിയിരിക്കുകയാണ് എന്നാണ്. അവ സമ്പൂര്‍ണമായും നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവ നിരോധിക്കണമെന്ന കാര്യത്തെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യംകൂടിയില്ല. ശരിക്കുളള പണംവച്ചുള്ള കളികള്‍ ആസക്തിയുണ്ടാക്കുന്നു. അത് വാതുവയ്പ്പിനു സമമാണ്. ആളുകള്‍ ഒരു രസത്തിനു വേണ്ടി ഇവ കളിച്ചുതുടങ്ങും. പിന്നെ അവയുടെ ആകര്‍ഷണവലയത്തില്‍ കുടുങ്ങും. മദ്യവും മയക്കുമരുന്നും പോലെ സമ്പൂര്‍ണ നിരോധനം ആവശ്യമുള്ള ഒന്നാണിത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

ലോക്ഡൗണില്‍ പെട്ട ജനങ്ങളില്‍ 25നും 45നും മധ്യേയുള്ളവരാണ് ഇതില്‍ പെടുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കളിയുടെ മാസ്മരികവലയത്തില്‍ ഒരിക്കല്‍ പെടുന്നവര്‍ പറയുന്നത് തങ്ങള്‍ക്ക് അതു ഭേദിക്കാനാകുന്നില്ല എന്നാണ്. പിന്നെ, അത് കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും സമൂഹത്തിലും പ്രശ്‌നങ്ങളായി തീരുന്നു. പഠനത്തിലും ജോലിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കുടുംബാംഗങ്ങള്‍ ചുറ്റുമിരിക്കുമ്പോള്‍ മാത്രം ഇന്റര്‍നെറ്റില്‍ പ്രവേശിക്കുക എന്നതാണ് ഈ കെണിയില്‍ പെട്ടുപോയവര്‍ക്ക് ഡോക്ടര്‍ നല്‍കുന്ന ഉപദേശം. ഏകാന്തതയും ഇത്തരം കളികളിലേര്‍പ്പെടാനുള്ള പ്രേരണ നല്‍കുന്നു.

 

ഇന്റര്‍നെറ്റ് ഗെയിമുകള്‍ അതിവേഗമാണ് പടരുന്നത്. ജനപ്രിയ ഓൺലൈൻ ചൂതാട്ട ഗെയിമുകളെല്ലാം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് ആകര്‍ഷിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളുടെ പരസ്യങ്ങളില്‍ പ്രശസ്തര്‍ എത്തുന്നത് ഇത്തരം ഗെയിമുകള്‍ കളിക്കാന്‍ പ്രേരണ നല്‍കുന്ന മറ്റൊരു ഘടകമാണ്. സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രചരിപ്പിക്കാന്‍ മുന്നില്‍. ഇത്തരം ഗെയിമുകള്‍ മുൻപ് നഗരങ്ങളിലാണ് ഒതുങ്ങിയിരുന്നതെങ്കില്‍, ഇപ്പോള്‍ അവ ഗ്രാമങ്ങളിലും എത്തി. വില കുറഞ്ഞ ഡേറ്റയും, സ്മാര്‍ട് ഫോണും എല്ലാവര്‍ക്കും ലഭിക്കുന്നത് നല്ല കാര്യമാണെങ്കിലും അതിന് ഇങ്ങനെ ചില പ്രശ്‌നങ്ങളും ഉണ്ട്.

 

അമ്മയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗെയിം കളിക്കാന്‍ 90,000 രൂപ നഷ്ടപ്പെടുത്തിയ 12കാരന്റെ കഥയും ഇന്ന് പ്രശസ്തമാണ്. ഈ ഗെയിമുകള്‍ എങ്ങനെ കളിക്കണമെന്നു കാണിക്കുന്ന ഇഷ്ടംപോലെ യുട്യൂബ് വിഡിയോകളും ലഭ്യമാണ്. ചുമ്മാതിരുന്നു പണമുണ്ടാക്കാനുള്ള അവസരം എന്ന രീതിയിലാണ് ഇവയെ ചില യുട്യൂബര്‍മാര്‍ പരിചയപ്പെടുത്തുന്നത്. ഇനി കളിക്കാനറിയില്ലെങ്കില്‍ തങ്ങള്‍ കളിച്ചു നേടാം. പണം കിട്ടിയാല്‍ നിങ്ങള്‍ക്കു തരാം. അതിനായി പണം എന്റെ പേരില്‍ നിക്ഷേപിക്കൂ എന്നു പറഞ്ഞ് ആളുകളെ ആകര്‍ഷക്കുന്ന യുട്യൂബര്‍മാര്‍ പോലുമുണ്ടെന്നും പറയുന്നു. ചെറിയ തുക നിക്ഷേപിച്ചാല്‍ വന്‍ തുക നേടാമെന്ന് പറയുന്ന വെബ്‌സൈറ്റുകളും സജീവമാണ്.

 

∙ ലോക്ഡൗണ്‍ സമയത്ത് നടന്നത് ഓണ്‍ലൈന്‍ ചൂതാട്ടം, തകർത്തത് നിരവധി കുടുംബങ്ങളെ...

 

പെട്ടെന്ന് പണമുണ്ടാക്കാവുന്ന ചൂതാട്ടജ്വരം മനുഷ്യരെ എളുപ്പം ഗ്രസിക്കാവുന്ന ഒന്നാണെന്ന് ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മനസിലാകും. മദ്യപാനവും മയക്കുമരുന്നും അടക്കമുള്ള പല ആസക്തികളുടെയും ഗണത്തില്‍ വേണമെങ്കില്‍ ഇതിനെയും പെടുത്താം. കാശുവച്ചുള്ള ചീട്ടുകളി മുതല്‍, ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിനൊപ്പം, കുറച്ചു പൈസ നിക്ഷേപിച്ച്, മത്സരം തീരുമ്പോഴേക്ക് അത് പൊലിക്കുമോ എന്ന പിരിമുറുക്കം കൂടെ ആസ്വദിച്ചുവന്നവരുടെവരെ കാര്യം ഓര്‍ക്കുക. ഒന്നും ചെയ്യാതിരുന്നു കാശുണ്ടാക്കുന്നു എന്ന തോന്നല്‍ അതിലേക്കു മുഴുകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ഇതൊക്കെ എല്ലാക്കാലത്തും നടന്നു വന്ന കാര്യങ്ങളാണെങ്കില്‍ ലോക്ഡൗണ്‍ കൊണ്ടുവന്ന സവിശേഷ മാനസികാവസ്ഥയും കൂടെ ചേര്‍ന്നപ്പോള്‍ അതു പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു എന്നാണ് ലോകമെമ്പാടും നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത്.

 

ഇപ്പോള്‍ നടക്കുന്നത് ഓണ്‍ലൈന്‍ ചൂതാട്ടമാണെന്നു മാത്രം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പല ചൂതാട്ടക്കമ്പനികളെയും പൊലിസ് പൊക്കിയ വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്നിരുന്നു. നഷ്ടപ്പെട്ട പൈസ തിരിച്ചുപിടിക്കാനായും മറ്റും കൂടുതല്‍ കൂടുതല്‍ പൈസ ഇറക്കി ചൂതാട്ടം നടത്തുന്നതോടെ, കുടുംബംഗങ്ങളുടെ സമതുലിതാവസ്ഥയും താറുമാറാകുന്നു. ഇന്ത്യയിലും കേരളത്തിലുമടക്കം ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൂതാട്ട ഭ്രമത്തിന്റെ വ്യാപ്തിയും വ്യാപനവും ചെറുതായൊന്നു പരിശോധിക്കാം.

 

കുട്ടിക്കാലത്തു തന്നെ ചൂതാട്ട മനസസ്ഥിതിയിലേക്ക് എത്തിക്കുന്ന ഗെയിമുകള്‍ കളിക്കുന്നവര്‍ സ്വാഭാവികമായും പ്രായമാകുമ്പോള്‍ അത്തരം തോന്നലുകള്‍ വളരുന്നു. പത്തു വയസില്‍ മൈന്‍ക്രാഫ്റ്റ് കളിച്ചു തുടങ്ങി, 16-ാം വയസില്‍ തന്നെ ഹാക്കര്‍മാരുടെ ഫോറങ്ങളിലൂടെ വളര്‍ന്ന് ബിറ്റ് കോയിന്റെ ലോകത്തെത്തുന്നവരുടെ സ്ഥിതിയൊക്കെ പേടിപ്പെടുത്തുന്നതാണ്. വീട്ടുകാരുടെയും കൂട്ടുകാരുടെയും ശ്രദ്ധയും പരിചരണവും കിട്ടാത്ത ചില കുട്ടികളാണ് ഇത്തരത്തിലുള്ള പാതകള്‍ തിരഞ്ഞെടുക്കുന്നത്. വിഡിയോ ഗെയിമുകളടക്കം കുട്ടികളെ ചിലയവസരങ്ങളില്‍ വഴിതെറ്റിച്ചുവിടുന്നതായി കണ്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ലോകത്തെ ഗ്യാംബ്ലിങ് വ്യവസായത്തിന്റെ മൂല്യം 4500 കോടി ഡോളറാണത്രെ. ആഗോളതലത്തില്‍ ചൂതാട്ടത്തിനു പേരെടുത്ത ചില കമ്പനികളാണ് സ്ലോട്ടോ ക്യാഷ് കസിനോ, ജംബാബെറ്റ്, ഡ്രെയ്ക് കസിനോ, റോയല്‍ എയ്‌സ് കസിനോ, വെഗാസ് ക്രെസ്റ്റ് കസിനോ, പ്ലാനെറ്റ് 7 കസിനോ, ലക്കി ക്രീക് കസിനോ തുടങ്ങിയവ. ഇവിടങ്ങളില്‍ പോക്കര്‍, കസിനോ, സ്‌പോര്‍ട്ട് ബെറ്റിങ് തുടങ്ങിയ കളികളാണ് നടക്കുക. വിനോദം, വാണിജ്യം, മറ്റുള്ളവ തുടങ്ങിയ വിഭാഗങ്ങളിലായാണ് ഇവ നടത്തുന്നത്. ഓണ്‍ലൈന്‍ ഗ്യംബ്ലിങിന്റെ കുത്തകയും അമേരിക്കയുടെ കൈയ്യിലാണ്.

 

പലരെയും ചൂതാട്ടത്തിന്റെ ലോകത്തിലേക്കു നയിക്കുന്നത് പല കാരണങ്ങളാണ്. ചിലര്‍ വെറുതെ ഇത് എന്താണെന്നറിയാന്‍ പങ്കെടുത്തു തുടങ്ങി, പെട്ടു പോകുന്നവരും ഉണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടം നിങ്ങള്‍ക്കു ചേര്‍ന്ന പണിയാണോ? എന്താണ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സംഭവിക്കുന്നത്? പരമ്പരാഗത കസിനോകളുടെ രീതി തന്നെയാണ് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളിലും സംഭവിക്കുന്നത്. പലപ്പോഴും ഒരു ആപ് ഡൗണ്‍ലോഡ് ചെയ്താണ് ഇതു തുടങ്ങുന്നത്. വെറുതെ എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ചെറിയൊരു തുക നിക്ഷേപിച്ച് കളി തുടങ്ങുന്നു. കസിനോ ഗെയ്മുകള്‍ ഓണ്‍ലൈനായും ആപ്പിലൂടെയും കളിക്കാം. ബ്ലാക്ജാക്, ബക്കാരറ്റ് തുടങ്ങിയവ ഇങ്ങനെ കളിക്കാം. ഓണ്‍ലൈനില്‍ കൂടുതല്‍ വൈവിധ്യമുള്ള തിരഞ്ഞെടുപ്പും നടത്താം. കളിയുടെ ഫലം തീരുമാനിക്കപ്പെടുന്നത് റാന്‍ഡം നമ്പര്‍ ജനറേറ്ററായിരിക്കാം. എന്നാല്‍, ഇതില്‍ വിജയിക്കാന്‍ ചില തന്ത്രങ്ങളും ഉണ്ട്. നിങ്ങള്‍ പൈസ നേടിയാല്‍ പോലും അത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടിലായിരിക്കും സൂക്ഷിക്കുക. നിങ്ങള്‍ കളിക്കാനായി കൂടുതല്‍ ക്രെഡിറ്റ് വാങ്ങാന്‍ അതുപയോഗിക്കുമെന്ന തോന്നല്‍ മൂലമാണത്.

 

∙ ഓണ്‍ലൈന്‍ ഗെയിമുകള്‍ സുരക്ഷിതമാണോ?

 

മിക്കവാറും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളും സാഹസമാണ്. എന്നാല്‍, വളരെ പഠനത്തിനു ശേഷം തിരഞ്ഞെടുക്കുന്ന ചില ആപ്പുകള്‍ വലിയ പരുക്കില്ലാതെ രക്ഷപെടാന്‍ ചൂതാട്ട ജ്വരക്കാരെനെ അനുവദിക്കുന്നു.

 

∙ ഫ്രീ ഗെയിമുകളോ?

 

ഫ്രീ ഗെയിമുകളില്‍ നിന്ന് ഒന്നും നേടാനും നഷ്ടപ്പെടാനുമില്ല. പൈസ ഇട്ടാല്‍ മാത്രമെ പൈസ കിട്ടൂ. നഷ്ടപ്പെടുകയും ചെയ്യൂ. എന്നാല്‍, ചിലര്‍ ഇത്തരം ഫ്രീ ഗെയിമുകള്‍ കാശുവച്ചുള്ള കളികള്‍ക്കുള്ള പരിശീലനത്തിനായി ഉപയോഗിക്കാറുണ്ട്. നിയമങ്ങളും സാധ്യതകളും തന്ത്രങ്ങളും പഠിക്കാന്‍ ഇവ അവസരമൊരുക്കുന്നു. നിങ്ങളുടെ ചൂതാട്ടജ്വരത്തെ ഉണര്‍ത്താനും. എന്നാല്‍, ജയമോ തോല്‍വിയോ പ്രശ്‌നമല്ല, വെറുതെ ഗെയിം കളിക്കണമെന്നേയുള്ളു, എന്നുള്ളവര്‍ക്ക് ഇത് നല്ല നേരമ്പോക്കാണെന്നു പറയുന്നവരും ഉണ്ട്.

 

∙ എങ്ങനെയാണ് നല്ല ചൂതാട്ട വെബ്‌സൈറ്റുകള്‍ കണ്ടെത്തുന്നത്?

 

അതിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുകയാണ് നല്ലത്. സേര്‍ച്ചു ചെയ്തും മറ്റും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് സ്ഥിരം ചൂതാട്ടത്തിലേര്‍പ്പെടുന്നവരോട് നേരിട്ടു ചോദിക്കുന്നതാണ്. ഒരു വെബ്‌സൈറ്റില്‍ കടന്നാല്‍, അതിന് ശരിക്കും റജിസ്‌ട്രേഷനുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം. സംശയം തോന്നിയാല്‍ അത് അപ്പോള്‍ത്തന്നെ ഉപേക്ഷിച്ചേക്കുക. ചില വെബ്‌സൈറ്റുകള്‍ ഫ്രീ ട്രയലുകള്‍ അനുവദിക്കുന്നു. പരീക്ഷിച്ചു നോക്കേണ്ടവര്‍ക്ക് ഇത് കളിക്കാം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നു. എന്നാല്‍, ആ ശീലമില്ലാത്തവര്‍ അതു തുടങ്ങാതിരിക്കുന്നതായിരക്കും നല്ലത്.

 

English Summary: Online Gambling World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com