ADVERTISEMENT

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളെ സദാ നിരീക്ഷിക്കുന്നതിനു തുല്യമാണെന്നും ഇത് ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനെതിരെ കേസ്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക് ജനുവരി 4നാണ് തങ്ങളുടെ പുതുക്കിയ നയം പ്രഖ്യാപിച്ചത്. വാട്‌സാപ് ഉപയോക്താക്കളുടെ ലൊക്കേഷന്‍, ഫോണ്‍ നമ്പര്‍, തുടങ്ങിയവ ഫെയ്‌സ്ബുക്കും കമ്പനിയുടെ തന്നെ സേവനമായ ഇന്‍സ്റ്റഗ്രാമുമായും പങ്കുവയ്ക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും, അതു പാടില്ലെന്നുള്ളവര്‍ വാട്‌സാപ് ഉപയോഗം ഫെബ്രുവരി 8നു മുൻപ് നിർത്തിക്കോളണം എന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നറിയിച്ച് വന്‍ പ്രതിഷേധമാണ് ലോകമെമ്പാടും നടക്കുന്നത്. എന്നാല്‍, അതിനിടയില്‍ വാട്‌സാപ് ഒരു വിശദീകരണവും നല്‍കിയിരുന്നു. അതുപ്രകാരം തങ്ങള്‍ ഉപയോക്താക്കള്‍ കൂട്ടുകാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും അയക്കുന്ന സ്വകാര്യ സന്ദേശങ്ങളിലേക്ക് ഒളിഞ്ഞു നോക്കാന്‍ ഉദ്ദേശമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പുതിയ മാറ്റത്തിനെതിരെ തുര്‍ക്കിയുടെ കോമ്പറ്റീഷന്‍ ബോര്‍ഡും കഴിഞ്ഞയാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

 

ഇന്ത്യയില്‍ ഏകദേശം 40 കോടിയിലേറെ വാട്‌സാപ് ഉപയോക്താക്കളാണ് ഉള്ളത്. ഉപയോക്താക്കളുടെ സന്ദേശങ്ങളിലേക്കു നോക്കിയാലും ഇല്ലെങ്കിലും പുതിയ നയം വഴി ഉപയോക്താക്കള്‍ എവിടെയാണ് ഉള്ളതെന്നതൊക്കെ എല്ലാ സമയത്തും ഫെയ്സ്ബുക്കിന് അറിയാമെന്നതാണ് പ്രധാന പ്രശ്‌നം. 'ഉപയോക്താവിന്റെ ഓണ്‍ലൈന്‍ ചെയ്തികളെക്കുറിച്ചുള്ള 360 ഡിഗ്രി പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ പുതിയ നയം വഴി സാധിക്കും,' എന്നാണ് അഭിഭാഷകയായ ചൈതന്യാ റോഹിലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. കൂടാതെ, ഇന്ത്യക്കാരെക്കുറിച്ചുള്ള ഡേറ്റ വാട്‌സാപ് മറ്റൊരു രാജ്യത്തേക്കു ട്രാന്‍സ്മിറ്റു ചെയ്യുകയും അവിടെ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു. ഇതാകട്ടെ വിദേശ രാജ്യത്തിന്റെ നിയമത്തിന്റെ പരിധിയിലുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണക്കുന്നു. വാട്‌സാപ് നമ്മുടെ സ്വകാര്യത എന്ന മൗലികാവകാശത്തെ ആക്ഷേപിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

 

തങ്ങളുടെ നയം അംഗീകരിക്കാത്തവര്‍ ഫെബ്രുവരി 8നു മുൻപ് വിട്ടുപോകണമെന്നാണ് കമ്പനിയുടെ ആജ്ഞ. വര്‍ഷങ്ങളായി ഉപയോഗിച്ചു വന്ന ഒരു സേവനം ആരും തന്നെ വിട്ടിട്ടു പോകില്ലെന്നുള്ള വിശ്വാസം തന്നെയായിരിക്കും ഇത്തരമൊരു കടന്നുകയറ്റത്തിന് കമ്പനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നു കരുതുന്നു. ഇത്തരം പ്രവൃത്തിയും വിരട്ടലും ഒരു ജനാധിപത്യ രാജ്യത്തിന് അംഗീകരിച്ചു കൊടുക്കാനാവില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പുതിയ നിയമങ്ങള്‍ വഴി രാജ്യത്തെ ആളുകളുടെ ഡേറ്റ രാജ്യത്തിന്റെ നിയമത്തിനു വെളിയിലേക്കു കൊണ്ടുപോകുന്നു. ഇത് ഭരണഘടന നല്‍കുന്ന അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസ് കോടതി വെള്ളിയാഴ്ച പരിഗണക്കും. വാട്‌സാപ് ഇതേക്കുറിച്ചു പ്രതികരിച്ചില്ല.

iphone-12-pro-max-camera

 

∙ ഐഫോണിന്റെ ക്യാമറ മാറ്റിയാല്‍ അറിയിക്കും

 

ഐഒഎസിന്റെ വരുന്ന അപ്‌ഡേറ്റുകള്‍ നിങ്ങളുടെ ഐഫോണ്‍ നന്നാക്കാനോ, ക്യാമറ മാറ്റിവയ്ക്കാനോ നല്‍കുമ്പോള്‍ ആപ്പിളിന്റെ ക്യാമറാ മൊഡ്യൂൾ അല്ല പിടിപ്പിച്ചിരിക്കുന്നതെങ്കില്‍ അക്കാര്യം ഉപയോക്താവിനെ അറിയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ത്തന്നെ, ആപ്പിള്‍ നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഇല്ലാതെ റിപ്പെയര്‍ ഷോപ്പുകള്‍ക്ക് ക്യാമറ മാറ്റിവയ്ക്കല്‍ ഏറക്കുറെ അസാധ്യമാക്കി മാറ്റിയിട്ടുണ്ട്. ആപ്പിളിന്റെ 'സിസ്റ്റം കോണ്‍ഫിഗറേഷന്‍' എന്ന സോഫ്റ്റ്‌വെയര്‍ ഉള്ളവര്‍ അല്ല ക്യാമറ മാറ്റിവയ്ക്കുന്നതെങ്കില്‍ അതിന്റെ പ്രകടനം താറുമാറാകും. എന്നാല്‍, ഇതിന്റെ അടുത്ത പടിയിലേക്കു കടക്കാനാണ് കമ്പനി ഇപ്പോള്‍ ഒരുങ്ങുന്നതെന്നു പറയുന്നു. ചിലപ്പോള്‍, വിശ്വസിക്കാന്‍ കൊള്ളാത്ത തേഡ് പാര്‍ട്ടി സര്‍വീസ് സെന്ററുകളില്‍ മറ്റെന്തെങ്കിലും കേടുപാടുകള്‍ക്കായി ഐഫോണ്‍ നന്നാക്കാന്‍ നല്‍കിയ ശേഷം തിരിച്ചു നല്‍കുമ്പോള്‍ ഒറിജിനല്‍ ക്യാമറ അടിച്ചു മാറ്റുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതും ഇനി നടക്കാതെ വന്നേക്കും. തങ്ങളുടെ ക്യാമറാ മൊഡ്യൂളല്ല നിങ്ങളുടെ ഐഫോണിലുള്ളത് എന്നായിരിക്കും ആപ്പിള്‍ ഉപയോക്താവിനെ അറിയിക്കുക എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. 'അണ്‍ഏബിൾ ടു വെരിഫൈ ദിസ് ഐഫോണ്‍ഹാസ് എ ജന്യുവിന്‍ ആപ്പിള്‍ ക്യാമറ' എന്ന ടെക്സ്റ്റ് സന്ദേശമായിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

∙ ക്യാനന്‍, നിക്കോണ്‍ ക്യാമറകളുടെ നിര്‍മാണം തടസപ്പെട്ടേക്കാം

 

പ്രമുഖ ജാപ്പനീസ് ക്യാമറാ നിര്‍മാതാക്കളായ ക്യാനൻ, നിക്കോൺ ക്യാമറകളുടെയും ലെന്‍സുകളുടെയും അക്‌സസറികളുടെയും നിര്‍മാണം തടസപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. ജപ്പാന്റെ പല ഭാഗങ്ങളിലും കൊറോണാവൈറസ് ബാധയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമായും തായ്‌വാനിലേക്കു മാറ്റിയെങ്കിലും നിക്കോണിന്റെ ജപ്പാനിലെ ജോലിക്കാരുടെ എണ്ണം 30 ശതമാനം കുറയ്‌ക്കേണ്ടതായി വന്നുവെന്നും അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്യാനനേയും ഇത് ബാധിക്കാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നു പറയുന്നു.

 

∙ ഗ്യാലക്‌സി ബഡ്‌സ് പ്രോ

 

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍പ്ലഗുകളായ എയര്‍പോഡ്‌സ് പ്രോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇറക്കിയിരിക്കുന്ന ഉപകരണമാണ് ഗ്യാലക്‌സി ബഡ്‌സ് പ്രോ. 199 ഡോളറാണ് വില. എയര്‍പോഡ്‌സ് പ്രോയ്ക്ക് 249 ഡോളര്‍ ആണ് വില. 

 

∙ സാംസങ് സ്മാര്‍ട് ടാഗ് ഉപയോഗിച്ച് ഉപകണങ്ങള്‍ എവിടെയെന്നു കണ്ടുപിടിക്കാം

 

സാംസങ് ഗ്യാലക്‌സി എസ്21 ശ്രേണിക്കൊപ്പം അവതരിപ്പിച്ച സ്മാര്‍ട് ടാഗ് ഒരു ബ്ലൂടൂത്ത് കേന്ദ്രീകൃതവും, അള്‍ട്രാ-വൈഡ്ബാന്‍ഡ് കേന്ദ്രീകൃതവുമായ ട്രാക്കിങ് ഉപകരണമാണ്. ഇത് വിവിധ സാധനങ്ങളില്‍ ( ഉദാഹരണത്തിന് കാറിന്റെ കീ) പിടിപ്പിച്ചു വയ്ക്കാം. അത് എവിടെയാണെന്ന് 10 ഇഞ്ച് വരെ മാത്രം വ്യത്യാസത്തില്‍ കണ്ടെത്താനാകും. 30 ഡോളറാണ് വില.

 

English Summary: WhatsApp's new privacy policy challenged in Delhi High Court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com