ADVERTISEMENT

വാട്‌സാപ്പിലെ ചാറ്റുകള്‍ ഫെയ്‌സ്ബുക് കാണുമോ? പകരം സിഗ്നലാണോ, ടെലഗ്രാമാണോ മെച്ചം എന്നൊക്കെയുള്ള ചര്‍ച്ചകളാണ് രാജ്യത്ത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും നടക്കുന്നത്. എന്നാല്‍, രാജ്യത്തിനുള്ളിലും പുറത്തുമുള്ള ഐഎസ് ഭീകരര്‍ അടക്കമുള്ളവര്‍ ഉപയോഗിക്കുന്നത് മറ്റൊരു ആപ്പാണ് എന്നാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഥവാ എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇത് ഉപയോഗിച്ചതിന്റെ പൊടി പോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍ എന്നാണ് അവര്‍ പറയുന്നത്. 

ഇസ്‍‌ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്‍ഡ് സിറിയ ഖൊറാസാന്‍ പ്രൊവിന്‍സ് (ഐസിസ്-കെപി) കേസിലേക്കുള്ള അന്വേഷണമാണ് എന്‍ഐഎയെ പുതിയ കണ്ടെത്തലുകളിലേക്ക് നയിച്ചത്. കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട ഝാന്‍സായിബ് സാമി വാനി, അയാളുടെ ഭാര്യ ഹിന ബഷിര്‍ ബെയ്ഗ്, ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ബ്രേവ് എന്ന വിളിപ്പേരുള്ള ഡോക്ടര്‍ അബ്ദുര്‍ റബ്മാന്‍ തുടങ്ങിയവരൊക്കെ ഉപയോഗിക്കുന്നത് അതീവ സുരക്ഷയുള്ള ത്രീമ (Threema) എന്ന പ്ലാറ്റ്‌ഫോമാണെന്നാണ് കണ്ടെത്തല്‍.

 

വാനിയേയും ബെയ്ഗിനെയും 2020 മാര്‍ച്ചിലാണ് അറസ്റ്റു ചെയ്തതെങ്കില്‍ റഹ്മാന്‍ ഓഗസ്റ്റിലാണ് പിടിയിലാകുന്നത്. ഈ വര്‍ഷം ജനുവരി 12ന് എന്‍ഐഎ വക്താവ് നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം റഹ്മാന്‍, ഇന്ത്യയിലും വിദേശത്തുമുള്ള, സാമിയടക്കമുളള ഐസിസ് (ISIS) ഭീകരരരുമായി സംവാദിച്ചിരുന്നത് ത്രീമാ എന്ന സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്. ഭീകരവാദ വിരുദ്ധ ഏജന്‍സി കഴിഞ്ഞായാഴ്ചയാണ് റഹ്മാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇയാള്‍ 2013 ഡിസംബറിലാണ് സിറിയയില്‍ നിന്ന് മടങ്ങിയത്. തന്റെ വൈദ്യ സംബന്ധമായ അറിവ് ലേസർ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലുകളുടെ നിര്‍മാണത്തിന് പ്രയോജനപ്പെടുത്താന്‍ ഐസിസിനെ സഹായിച്ചുവെന്ന ആരോപണവും റഹ്മാന്റെ പേരിലുണ്ട്.

 

∙ രാജ്യാന്തര ഭീകരരെ ലേസർ ടെക്‌നോളജി ഉപയോഗിക്കാന്‍ സഹായിച്ച ഡോക്ടര്‍

 

അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത് റഹ്മാന്‍ ഒപ്തലോമിക് ലെയ്‌സറിനെക്കുറിച്ചുള്ള തന്റെ അറിവ്, ലേസർ നിയന്ത്രിത സിസ്റ്റം നിര്‍മിക്കാന്‍ ഐസിസിനു നല്‍കിയെന്നാണ്. ലക്ഷ്യമില്ലാതെ കുതിക്കുന്ന ഒരു മിസൈലിന്റെ സഞ്ചാരപഥം മാറ്റാന്‍ ലേസര്‍ ടെക്‌നോളജി ഉപയോഗിക്കുക എന്നതാണ് അദ്ദേഹം ചെയ്തു വന്ന സഹായമത്രെ. ഇതിന് പ്രാഥമികമായി വേണ്ട ഘടകഭാഗങ്ങള്‍ പള്‍സ് ട്രാന്‍സമിറ്ററുകളും റിസീവറുകളുമാണ്. ഇവയുടെ ഫ്‌ളൈറ്റ് സര്‍ക്യൂട്ടുകള്‍ ഒപ്തമോളജി നാനോസെക്കന്‍ഡ് ലേസറുകള്‍ക്ക് സമാനമാണ്. ഇത്തരം സിസ്റ്റം ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ വഹിക്കുന്ന മിസൈലുകളെയും റോക്കറ്റുകളേയും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചേക്കാമെന്നാണ് പറയുന്നത്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് 2020 മാര്‍ച്ചില്‍ ഈ കേസ് പ്രകാരം വാനിയേയും അയളുടെ ഭാര്യയേയും ജാമിയ നഗര്‍ മേഖലയിലെ ഓക്‌ല വിഹാറില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ഇതേ മാസം 20-ാം തിയതിയാണ് എന്‍ഐഎ കേസ് ഏറ്റെടുക്കുന്നത്. എന്നാല്‍, ഇതാദ്യമായല്ല ഐഎസ് ഭീകരര്‍ക്കും, ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍-എ-ത്വയ്ബാ, അല്‍ഖയ്ദാ ഭീകരര്‍ക്കും ത്രീമാ ആപ്പിനോട് ഇഷ്ടമുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്.

 

നേരത്തെ എന്‍ഐഎയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും ജെയ്ഷ്-ഇ-മൊഹമ്മദ് ഭീകരര്‍ പിയര്‍-ടു-പിയര്‍ സോഫ്റ്റ്‌വെയറായ വൈഎസ്എംഎസ് ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഭീകരര്‍ ഇത് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഭീകരര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ട ആപ്പായ ത്രീമയുടെ മൊബൈല്‍, ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ അവര്‍ യഥേഷ്ടം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. കാര്യമായ തെളിവുകളൊന്നും തന്നെ അവശേഷിപ്പിക്കാതെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതില്‍ നിന്നു ലഭിക്കുന്ന തെളിവുകള്‍ പിന്തുടര്‍ന്ന് എന്തെങ്കിലും കണ്ടെത്തുക എന്നത് ഏറക്കുറെ അസാധ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ത്രീമായില്‍ അയച്ച ഒരു സന്ദേശമോ, അതിലൂടെ നടന്ന ഒരു വിളിയോ ആരാണ് നടത്തിയതെന്ന് അറിയാന്‍ എളുപ്പമല്ല.

 

∙ ത്രീമാ ഫ്രീയല്ല

 

എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത് ഈ ആപ് സ്വിറ്റ്‌സര്‍ലൻഡില്‍ വികസിപ്പിച്ചെടുത്തതാണ് എന്നാണ്. ഇതൊരു പണമടച്ചു വാങ്ങേണ്ട, ഓപ്പണ്‍ സോഴ്‌സിലുള്ള, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിങ് സംവിധാനമാണ്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇത് വാങ്ങാന്‍ സാധിക്കും. ഇതിന്റെ പ്രധാന ഗുണം, ഇത്തരത്തിലുള്ള മറ്റ് ആപ്പുകളെ പോലെ ഉപയോക്താവ് ഇമെയിലോ, ഫോണ്‍ നമ്പറോ നല്‍കിയ ശേഷം ഉപയോഗിക്കണമെന്നു പറയുന്നില്ല എന്നതാണ്. അതുവഴി തെളിവുകളൊന്നും ബാക്കി വയ്ക്കുന്നില്ലെന്നു കാണാം. താരതമ്യേന അദൃശ്യനായിരുന്ന് വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യാമെന്നതാണ് ത്രീമായെ ഭീകരര്‍ക്കു പ്രിയങ്കരമാക്കുന്നത്. ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒളിപ്പിക്കുക എന്നത് ത്രീമാ സ്വാഭാവികമായി ചെയ്യുന്ന കാര്യമാണ്. ആപ്പിന്റെ സെര്‍വറുകളിലൂടെ നടക്കുന്ന വിളികളെക്കുറിച്ചും കൈമാറപ്പെടുന്ന സന്ദേശങ്ങളക്കുറിച്ചുമുള്ള വിവരങ്ങള്‍ ഒന്നും സൂക്ഷിച്ചുവയ്ക്കുന്നില്ല. സന്ദേശങ്ങളും കോണ്ടാക്ടുകളും സെര്‍വറിലല്ല സൂക്ഷിക്കുന്നത്. അത് ഉപയോക്താവിന്റെ ഫോണുകളിലാണ്. ടെക്‌സ്റ്റ് സന്ദേശങ്ങള്‍, വോയിസ് സന്ദേശങ്ങള്‍, വോയിസ്, വിഡിയോ കോളുകള്‍, ഗ്രൂപ്, ഡിട്രിബ്യൂഷന്‍ ലിസ്റ്റുകള്‍ തുടങ്ങിയവയൊക്കെ ആപ്പിലൂടെ സാധ്യമാണ്. അതേസമയം ആരൊക്കെയാണ് വിളിക്കുന്നതെന്നും സന്ദേശമയയ്ക്കുന്നത് എന്നുമുള്ള കാര്യങ്ങളൊക്കെ കണ്ടെത്താന്‍ എളുപ്പവുമല്ല. മൊബൈല്‍ ആപ്പുകള്‍ കൂടാതെ, കംപ്യൂട്ടറില്‍ ബ്രൗസറിലൂടെ ഉപയോഗിക്കാവുന്ന ഡെസ്‌ക്ടോപ് വേര്‍ഷനും ഉണ്ട്. ഇങ്ങനെ ത്രീമാ ഉപയോഗിക്കുമ്പോഴും അത് ഐപി അഡ്രസ് ലോഗ് ചെയ്യുകയോ, മെറ്റാ ഡേറ്റ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. ത്രീമായുടെ ആന്‍ഡ്രോയിഡ് ആപ്പിന് 270 രൂപയാണെങ്കില്‍ ഐഒഎസ് ആപ്പിന് 269 രൂപയാണ് വില.

 

English Summary: Which is the secret app used by the IS terrorists in India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com