ADVERTISEMENT

റിലയന്‍സ് ഡിജിറ്റലിന്റെ റിപ്പബ്ലിക്ക് ഡേ ഡീല്‍ പ്രയോജനപ്പെടുത്താനായാല്‍ ഐഫോണ്‍ 12 മിനി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് ഐഫോണുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. സാംസങ് ഗ്യാലക്‌സി എസ്20 എഫ്ഇ മോഡലിന്റെ തുടക്ക വേരിയന്റ് 39,999 രൂപയ്ക്കു ലഭ്യമാകും. ലാപ്‌ടോപ്പുകളുടെ കാര്യത്തില്‍ 10-ാം തലമുറിയിലെ ഇന്റല്‍ ഐ5 പ്രോസസര്‍, 512 ജിബി എസ്എസ്ഡി, 8ജിബി റാം, മൈക്രോസോഫ്റ്റ് ഓഫിസ് തുടങ്ങിയവ അടങ്ങുന്ന ഡെല്‍ ഇന്‍സ്‌പൈറോണ്‍ 5490 വില്‍ക്കുന്നത് 61,999 രൂപയ്ക്കായിരിക്കും. അതുപോലെ, 14-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുളള അസൂസ് ഇ-ബുക്ക് 18,999 രൂപയ്ക്ക് ലഭ്യമാക്കുമെന്നും വാര്‍ത്തകളുണ്ട്. 

7,799 രൂപ വില വരുന്ന മൈക്രോസോഫ്റ്റ് ഓഫിസ് ഹോം ആന്‍ഡ് സ്റ്റിയൂഡന്റ് 2019 സെയിലില്‍ 1,000 രൂപയ്ക്കു വാങ്ങാം. ടിവി ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും വന്‍ കിഴിവുകളുണ്ടാകും. ഹൈസെന്‍സ്, ടിസിഎല്‍, തോഷിബ, ഇഫാല്‍കണ്‍ തുടങ്ങിയ കമ്പനികളുടെ 32-ഇഞ്ച് സ്മാര്‍ട് ടിവികള്‍ 12,490 രൂപയ്ക്കു ലഭിക്കും. സാംസങ്ങിന്റെ 50-ഇഞ്ച് ക്യൂലെഡ് സ്മാര്‍ട് ടിവി 64,990 രൂപയക്കു വാങ്ങാം. ഇതിനു പുറമേ ആകര്‍ഷകമായി ഓഫറുകളും ഉണ്ടാകമെന്നും രണ്ടു വര്‍ഷം വാറന്റി ഉണ്ടായിരിക്കുമെന്നും പറയുന്നു.

∙ എല്‍ജിയുടെ ഓലെഡ് ടിവികള്‍ക്കൊപ്പം 64,990 രൂപ വിലപിടിപ്പുള്ള സമ്മാനങ്ങള്‍

എല്‍ജിയുടെ ഓലെഡ് ടിവികള്‍ വാങ്ങുന്നവര്‍ക്ക് 64,990 രൂപ വരെ വിലയുള്ള സമ്മാനങ്ങളും ഒപ്പം നല്‍കുമെന്നും പറയുന്നു. മൂന്നുവര്‍ഷം വാറന്റിയും, മൂന്നു മാസം നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും കൂടെ ലഭിക്കും. കസ്റ്റമര്‍മര്‍മാര്‍ക്ക് 55-ഇഞ്ച് യുഎച്ഡി ആന്‍ഡ്രോയിഡ് ടിവികള്‍ രണ്ടുവര്‍ഷ വാറന്റിയോടു കൂടി 34,990 രൂപയ്ക്കു വില്‍ക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ഇതിനൊപ്പം 10,000 രൂപ വില വരുന്ന സമ്മാനങ്ങളും നല്‍കുമെന്നും പറയുന്നു. ആമസോണിലും, ഫ്‌ളിപ്കാര്‍ട്ടിലും 20-ാം തിയതി മുതല്‍ റിപ്പബ്ലിക് ഡേ വില്‍പ്പന തുടങ്ങിയെങ്കിലും, അവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുന്ന റിലയന്‍സ് ഡിജിറ്റല്‍ റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 22 മുതല്‍ 26 വരെയായിരിക്കും നടത്തുക. പ്രത്യക്ഷത്തില്‍ വളരെ മികച്ചതാണ് ഈ ഓഫറുകള്‍.

∙ വണ്‍പ്ലസ്, ഒപ്പോ, റിയല്‍മി കമ്പനികള്‍ ഒരുമിക്കുന്നു

 

സാങ്കേതികവിദ്യാ വാര്‍ത്തകള്‍ വായിക്കുന്ന മിക്കവര്‍ക്കും അറിയാവന്ന കാര്യമാണ് വണ്‍പ്ലസ്, ഒപ്പോ, റിയല്‍മി തുടങ്ങിയ കമ്പനികളൊക്കെ ചൈനീസ് ടെക്‌നോളജി ഭീമന്‍ ബിബികെ ഇലക്ട്രോണിക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികളാണെന്ന്. ഈ കമ്പനികളല്‍ വണ്‍പ്ലസിന് മാത്രമായി ലോകമെമ്പാടും തീരെ ചെറുതല്ലാത്ത ഒരു ആരാധകവൃന്ദവും ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രീമിയം ഫോണുകള്‍ക്കിടയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്നതും വണ്‍പ്ലസിനാണ്. എന്നാല്‍, പുതിയ തീരുമാനപ്രകാരം ഈ മൂന്നു കമ്പനികളുടെയും റിസേര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗങ്ങളെ ഒരുമിപ്പിക്കാനാണ് മാതൃകമ്പനിയുടെ തീരുമാനം. ഇതോടെ, വണ്‍പ്ലസ് ഫോണുകള്‍ ഒപ്പോ ഫോണുകളോട് കൂടുതല്‍ സാമ്യമുള്ളതായി തീര്‍ന്നേക്കുമെന്നാണ് കരുതുന്നത്. അതേസമയം, വണ്‍പ്ലസിന് സ്വതന്ത്ര പ്രവര്‍ത്തനാനുമതി നല്‍കുമെന്നും ഈ കമ്പനികളില്‍ വച്ച് ഏറ്റവും മികച്ച ഫോണുകള്‍ വണ്‍പ്ലസ് മുദ്രയോടെയായിരിക്കും എത്തുക എന്നും പറയുന്നു. വേറേ പേരുകളിലാണ് ഇറങ്ങുന്നതെങ്കിലും ഷഓമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന എംഐ, റെഡ്മി ഫോണുകള്‍ക്കുള്ളതു പോലെയുള്ള സാമ്യം ഇനി വണ്‍പ്ലസ്, ഒപ്പോ ഫോണുകള്‍ തമ്മില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

 

വണ്‍പ്ലസിന്റെ വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുത്താനാണ് മൂന്നു കമ്പനികളെയും ഒരുമിപ്പിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും അതില്‍ എത്ര മാത്രം ശരിയുണ്ടെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. വണ്‍പ്ലസ് മേധാവി പിറ്റെ ലൗ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒപ്പോയില്‍ വീണ്ടു ചേര്‍ന്നിരുന്നു. അദ്ദേഹം 2013ല്‍ ഒപ്പോയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു പുറത്തുവന്നാണ് വണ്‍പ്ലസ് ബ്രാന്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ഇനി ഒപ്ലസ് (OPLUS) എന്നൊരു പുതിയ സംരംഭത്തോടൊപ്പം ചേരുകയാണ് പീറ്റെ. ഒപ്പോ, വണ്‍പ്ലസ്, റിയല്‍മി കമ്പനികള്‍ക്കു മൂന്നിനുമായി നല്‍കിയിരിക്കുന്ന പേരാണ് ഒപ്ലസ്. ബിബികെയുടെ കാര്യം പറഞ്ഞാല്‍ അവരുടെ കീഴില്‍ ഈ മൂന്നു കമ്പനികള്‍ കൂടാതെ വിവോ, ഐക്യൂ തുടങ്ങി താരതമ്യേനെ അറിയപ്പെടാത്ത ബ്രാന്‍ഡുകളും ഉണ്ട്. അതേസമയം, പുതിയ നീക്കത്തോടെ വണ്‍പ്ലസിന് പഴയ പകിട്ട് അവകാശപ്പെടാനാകുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

 

∙ മൈക്രോസോഫ്റ്റ് സര്‍ഫസ് ലാപ്‌ടോപ് ഗോ 63,499 രൂപയ്ക്ക്

 

മൈക്രോസോഫ്റ്റ് സര്‍ഫസ് ലാപ്‌ടോപ് ഗോ മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. നാലു മോഡലുകളാണ് ഈ ശ്രേണിയില്‍ ഉള്ളത്. തുടക്ക വേരിയന്റിന് 63,499 രൂപയായിരിക്കും വില. ഇന്റല്‍ ഐ5 അഞ്ചാം തലമുറ പ്രോസസര്‍ ശക്തി പകരുന്ന ഈ ലാപ്‌ടോപ്പിന് കേവലം 1.11 കിലോഗ്രാമാണ് ഭാരം. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്‌ടോപ്പാണ് ഇതെന്നാണ് മൈക്രസോഫ്റ്റ് അവകാശപ്പെടുന്നത്.

vidhesharangom-literature-channel-us-president-donald-trump-profile-image

 

∙ ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടുള്ള ഇന്‍ഫിനി പ്രോ സൗണ്ട്ബാര്‍ 15,990 രൂപയ്ക്ക്

 

സിനിമകളുടെയും മറ്റും ഡോള്‍ബി അറ്റ്‌മോസ് ശബ്ദം ഡീ കോഡ് ചെയ്യാന്‍ സാധിക്കുന്ന ഇന്‍ഫിനി പ്രോ സൗണ്ട്ബാര്‍ 15,990 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാക്കും. അമേരിക്കന്‍ കമ്പനിയായ സൗണ്ട്‌കോറിന്റെയാണ് ഈ സൗണ്ട്ബാര്‍. മറ്റു പല ഓഡിയോ ഫീച്ചറുകളും ഈ സൗണ്ട്ബാര്‍ ഉള്‍ക്കൊള്ളുന്നു.

 

∙ ഷഓമി റെഡ്മി നോട്ട് 10 പ്രോ താമസിയാതെ വിപണിയിലേക്ക്

 

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണുകള്‍ വല്‍ക്കുന്ന ഷഓമിയുടെ പുതിയ മോഡലായ റെഡ്മി നോട്ട് 10 പ്രോ താമസിയാതെ വില്‍പ്പനയ്‌ക്കെത്തുമെന്നു പറയുന്നു. 64എംപി ക്യാമറയാണ് പ്രധാന ഫീച്ചറുകളിലൊന്നായി പറയുന്നത്.

 

∙ ട്രംപിന്റെ നിരോധനം തുടരണോ എന്ന കാര്യം ഓവര്‍സൈറ്റ് ബോര്‍ഡിനു വിട്ട് ഫെയ്‌സ്ബുക്

 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിരോധനം ഇനി തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫെയ്‌സ്ബുക് തങ്ങളുടെ ഓവര്‍ സൈറ്റ് ബോര്‍ഡിനെ ചുമതലപ്പെടുത്തി.

 

English Summary: Reliance Digital to conduct 'Digital India Sale' from January 22-26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com