ADVERTISEMENT

കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലാണ് നാം ജീവിക്കുന്നതെന്ന് ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പ് സീനിയര്‍ അഡ്വൈസറും നിസ്സാന്‍ ഗ്ലോബല്‍ മുന്‍ സിഐഒയുമായ ടോണി തോമസ്. മനോരമ ഓണ്‍ലൈനും കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച റൈല ഗ്ലോബല്‍ യൂത്ത് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

∙ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കു ലോകം മാറി, ഒപ്പം ഓട്ടോമേഷനിലേക്കും

speakers-ryla

 

വ്യാവസായിക സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കു ലോകം മാറി. അതോടൊപ്പം ഓട്ടോമേഷനിലേക്കും മാറി. ഇന്നത്തെ ജോലികളില്‍ ഏകദേശം പകുതിയോളം ഓട്ടോമേറ്റു ചെയ്യാന്‍ സാധിക്കും. താന്‍ തന്റെ എൻജിനീയറിങ് ഡിഗ്രി എടുത്ത സമയത്ത് ടെലിഫോണ്‍ ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫേഴ്‌സ്, ടൈപ്പിസ്റ്റുമാര്‍ തുടങ്ങിയ തസ്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം ജോലികള്‍ ഇല്ല. പകരം പുതിയ ജോലികളാണ്. വെര്‍ച്വല്‍ അസിസ്റ്റന്റുമാര്‍, യുട്യൂബര്‍മാര്‍, എഐ ഡവലപ്പര്‍മാര്‍, യുഐയുഎക്‌സ് ഡവലപ്പര്‍മാര്‍ തുടങ്ങിയ ജോലികളാണ് ഉള്ളത്. ഭാവിയില്‍ വിദ്യാഭ്യാസം മാത്രം മതിയാവില്ല വിജയിക്കാനെന്നും അദ്ദേഹം മുന്നറിയിപ്പു തരുന്നു.

 

∙ ഐടി പ്രൊഫഷണലുകള്‍ക്ക് കൂടുതൽ സാധ്യത

 

it-job

അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞേക്കും. അതേസമയം, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നത്തെ പല തൊഴിലുകളും തുടര്‍ന്നേക്കുമെന്നു മാത്രമല്ല പുതിയ തൊഴിലവസരങ്ങള്‍ തെളിഞ്ഞു വന്നേക്കാമെന്നും ടോണി തോമസ് പ്രവചിക്കുന്നു. ഐടി പ്രൊഫഷണലുകള്‍ക്കും ടെക്‌നോളജി വിദഗ്ധര്‍ക്കും നല്ല ജോലി സാധ്യത കണ്ടേക്കും. ആരോഗ്യ മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ വന്നേക്കും. ഇന്ന് പല ജോലികളും ചെയ്യുന്നവര്‍ പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കേണ്ടി വന്നേക്കാം. വിദ്യാഭ്യാസം ഒരിക്കലും പൂര്‍ത്തിയായേക്കില്ല. പുതിയ കഴിവുകള്‍ക്കായി തിരിച്ച് യൂണിവേഴ്‌സിറ്റികളിലേക്ക് വീണ്ടും തിരിച്ചു വരേണ്ടതായി വന്നേക്കാം.

 

∙ ഭാവിയില്‍ ഒരു കഴിവു കൊണ്ടു മാത്രം രക്ഷപ്പെടില്ല

 

എന്നാല്‍, ടെക്‌നോളജി കേന്ദ്രീകൃത ജോലികള്‍ക്കു മാത്രമായിരിക്കില്ല പ്രാധാന്യം. കൂടുതല്‍ സ്വാഭാവികത തോന്നിക്കുന്ന യൂസര്‍ ഇന്റര്‍ഫെയ്‌സുകളും മറ്റും സൃഷ്ടിക്കാന്‍ വൈദഗ്ധ്യം ടെക്‌നോളജി വിദഗ്ധര്‍ക്കായിരിക്കില്ല, അത് ആര്‍ട്ടിസ്റ്റുകള്‍ക്കായിരിക്കും. അതിനാല്‍ അത്തരം കഴിവുകളുളളവരെയും ആവശ്യമുണ്ടായിരിക്കും. ഭാവിയില്‍ ഒരു കഴിവുമാത്രം ആര്‍ജ്ജിച്ചശേഷം അതുമായി മുന്നോട്ടു പോകുക എന്ന പരിപാടി നടക്കണമെന്നില്ല. നിരന്തരം പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കേണ്ടിവരും. പലതരം ആളുകളുമായി സഹകരിച്ച് ജോലിയെടുക്കേണ്ടതായി വരും. അതുമാത്രമല്ല ഒരു ജോലിയില്‍ കയറിയ ശേഷം അവിടെ നിന്നു വിരമിക്കുന്ന രീതി ഭാവിയില്‍ നടന്നേക്കില്ല. പല ജോലികള്‍ മാറേണ്ടതായി വരാം. താന്‍ തന്റെ ജോലി ഓരോ മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനിടയിലും മാറിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

Hindu God Krishna on blue background

പുതിയ ജോലി ചെയ്യുമ്പോള്‍ പുതിയ പാഠങ്ങള്‍ പഠിക്കാനാകും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കാലത്ത് ലോകം മുഴുവന്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ലോകം മുഴുവനായിരിക്കും ഭാവിയിലെ ജോലി സ്ഥലം. ഡേറ്റയെ അടിസ്ഥാനമാക്കിയായിരിക്കും ഇവയെല്ലാം നടക്കുക എന്നും അദ്ദേഹം പറഞ്ഞു. 

 

∙ ഭാവിയില്‍ എല്ലാ ജോലികളും 'സോഫ്റ്റ്‌വെയര്‍' ജോലികളായിരിക്കും

 

ഭാവിയില്‍ എല്ലാ ജോലികളും 'സോഫ്റ്റ്‌വെയര്‍' ജോലികളായിരിക്കും. എന്നു പറഞ്ഞാല്‍ ഭാവിയില്‍ എല്ലാവരും കുറഞ്ഞ അളവിലെങ്കിലും സോഫ്റ്റ്‌വെയര്‍ ജ്ഞാനമുള്ളവരായിരിക്കണം. എന്നുവച്ച് എല്ലാവരും സോഫ്റ്റ്‌വെയര്‍ വിദഗ്ധരായിരിക്കണമെന്നല്ല. എന്തു കഴിവുകളാണ് ഉള്ളതെന്നതു മാത്രമല്ല പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ശേഷിയും ജോലിയില്‍ വിജയത്തിന് ആവശ്യമായിരിക്കും. ഐഐടി ഗ്രാജുവേറ്റുമാര്‍ പരാജയപ്പെടുന്നതും എന്നാല്‍ അത്ര മികച്ചതല്ലാത്ത കോളജുകളില്‍ നിന്നെത്തുന്നവര്‍ വിജയിക്കുന്നതും താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജോലികിട്ടുന്നത് അയാള്‍ക്ക് എന്തു ചെയ്യാനായേക്കും എന്നതു കണക്കിലെടുത്തായിരിക്കുമെന്നും അല്ലാതെ അയാള്‍ എന്തു ചെയ്തിട്ടുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കില്ലെന്നും ടോണി പറഞ്ഞു.

 

∙ ഇന്ത്യന്‍ ഐടി മേഖലയുടെ വെല്ലുവിളി വേണ്ടരീതിയിലുള്ള വര്‍ക്ക് ഫോഴ്‌സിനെ കണ്ടെത്തൽ

 

വരുമാനം നേടുക തുടങ്ങിയ കാര്യങ്ങള്‍ക്കപ്പുറത്ത് ഇന്ത്യന്‍ ഐടി മേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് വേണ്ടരീതിയിലുള്ള വര്‍ക്ക് ഫോഴ്‌സിനെ കണ്ടെത്തുക എന്നതാണ്. ജോലിക്കാര്‍ പ്രോഗ്രാം ചെയ്യാന്‍ പഠിച്ചാല്‍ പോര. മറിച്ച് അവര്‍ എന്തു ജോലിയാണോ ചെയ്യുന്നത് ആ മേഖലയിലെ പ്രശ്‌നപരിഹാരം കണ്ടെത്തലായിരിക്കും അവരുടെ പ്രഥമ കര്‍ത്തവ്യം. ഇന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാണാപാഠം പഠിച്ച് മാര്‍ക്കുവാങ്ങുന്ന രീതിക്കാരാണ്. ഇനി അതല്ല വേണ്ടത്. ഇന്ത്യയിലേക്ക് ഐടി ജോലികള്‍ വരുന്നത് അവ ഇവിടെ കുറഞ്ഞ ചെലവിൽ ചെയ്തെടുക്കാം എന്നതിനാലാണെന്ന് ടോണി ഓര്‍മപ്പെടുത്തി.

 

∙ വേണ്ടത് ഡിജിറ്റൽ ഇന്ത്യ, അല്ലാതെ മെയ്ക് ഇൻ ഇന്ത്യയല്ല

 

നമുക്കു വേണ്ടത് ഡിജിറ്റല്‍ ഇന്ത്യയാണ് അല്ലാതെ മെയ്ക് ഇന്‍ ഇന്ത്യയല്ല. കാര്‍ നിര്‍മാതാവിന് ജര്‍മ്മനിയില്‍ ഫാക്ടറി നടത്തുകയും അതിന്റെ നിയന്ത്രണം തിരുവനന്തപുരത്തു നിന്ന് നടത്തുകയും ചെയ്യാം. അതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

∙ നിർമിത ബുദ്ധിയും ഓട്ടോമേഷനും

 

നിർമിത ബുദ്ധിയെക്കുറിച്ചു സംസാരിക്കവെ, മിക്കാവാറും എല്ലാ ജോലികളും ഒട്ടോമേറ്റു ചെയ്യപ്പെടുമെന്ന് അദ്ദേഹം വീണ്ടും ഓര്‍മപ്പെടുത്തി. ഓട്ടോമേഷന്റെ കാതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കുമെമെന്നും അദ്ദേഹം പറഞ്ഞു. മിക്കാവാറും എല്ലാ ജോലിയിലേക്കും നിർമിത ബുദ്ധി കടന്നുവരും. എന്നാല്‍, അതിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് ഒരു എംആര്‍ഐ സ്‌കാനിന്റെ കാര്യമെടുത്താല്‍ അത് ഡോക്ടറും റേഡിയോളജിസ്റ്റും മനസ്സിലാക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ആഴത്തില്‍ യന്ത്രങ്ങള്‍ക്ക് മനസ്സിലാക്കാനാകും. ഇക്കാലത്ത് രോഗ നിര്‍ണയം ഒരു യന്ത്രം ചെയ്തു കൂടാ എന്നും അതൊരു ഡോക്ടറേ ചെയ്യാവൂ എന്നും നിയമുണ്ട്. എന്നാല്‍ ഡോക്ടറുടെ നഗ്ന നേത്രത്തെക്കാള്‍ നന്നായി യന്ത്രത്തിന് സ്‌കാനുകളും മറ്റും പരിശോധിക്കാനാകും. അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എല്ലാ ജോലികളും ഏറ്റെടുക്കാനാകില്ല. വിശേഷിച്ചും വൈകാരികവും, ധാരണാശക്തി വേണ്ടതുമൊക്കെയായ ജോലികള്‍ക്ക് മനുഷ്യര്‍ തന്നെ വേണ്ടിവരും. ഭാവി ആവേശംകൊള്ളിക്കുന്നതാണ് എന്നാണ് ടോണി പറയുന്നത്. തന്മയീഭാവം, വൈകാരികം, ചിന്ത തുടങ്ങിയ മേഖലകളില്‍ മനുഷ്യര്‍ തന്നെ മുന്നില്‍ നില്‍ക്കുമെന്നും ടോണി പറയുന്നു.

 

English Summary: Future is exciting says Tony Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com