ADVERTISEMENT

അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാര്‍ക്കെതിരെ മറ്റൊരു രാജ്യമോ മേഖലയോ ഏറ്റെടുത്തിട്ടില്ലാത്ത തരത്തിലുള്ള നീക്കം നടത്തുകയാണ് ഇയു. അവരുടെ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നാല്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ഇല്ലാതായേക്കാം. എന്നാല്‍ ഇതുവരെ ചെയ്തുവന്നതു പോലെ ഉപായങ്ങളിലൂടെ പുതിയ വലയും മുറിച്ചു പുറത്തുചാടുമോ ഈ കമ്പനികളെന്നാണ് ലോകം ഉറ്റു നോക്കുന്നത്. യൂറോപ്യന്‍ കമ്മിഷന്‍ രണ്ടു പുതിയ നയമങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്-ഡിജിറ്റല്‍ സര്‍വീസസ് ആക്ട്, ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട്. ഇവ ഇപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. അംഗരാജ്യങ്ങളും ഇവ ഇപ്പോള്‍ പരിഗണിച്ചു വരികയാണ്. ഡിജിറ്റല്‍ സര്‍വീസസ് ആക്ട പ്രകാരം മൈക്രോസോഫ്റ്റിനെയും ഗൂഗിളിനെയും പോലെയുള്ള കമ്പനികള്‍ ശരിയല്ലാത്ത ഉള്ളടക്കം നീക്കം ചെയ്യാന്‍ പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ അവരുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം പിഴയായി നല്‍കേണ്ടി വരും. ഇത്തരം ഉള്ളടക്കം ഓണ്‍ലൈനില്‍ തുടര്‍ന്നാല്‍ അത് എങ്ങനെ തത്പരകക്ഷികള്‍ ദുരുപയോഗം ചെയ്യാമെന്നും തിരഞ്ഞെടുപ്പുകളെ വരെ ബാധിക്കാമെന്ന കാര്യവും കമ്പനികള്‍ പരിഗണിക്കേണ്ടതായി വരും.

 

ഇന്റര്‍നെറ്റിന്റെ ഗെയ്റ്റ് കാവല്‍ക്കാരാണ് തങ്ങളെന്നു ഭാവിക്കുകയാണ് ചില സിലിക്കന്‍ വാലി കമ്പനികളിപ്പോള്‍. പുതിയ ആശയങ്ങളും നീക്കങ്ങളും ഇന്റര്‍നെറ്റില്‍ നടത്തണമെങ്കില്‍ ആദ്യം തങ്ങളുടെ ആശീര്‍വാദം വാങ്ങണമെന്ന ഗുണ്ടായിസവുമായി നില്‍ക്കുകയാണ് ചില കമ്പനികള്‍. ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് ആകട്ടെ ഇത്തരം കമ്പനികളെ തളയ്ക്കാനാണ്. കമ്പനികളൊന്നും ഇനി ഗേറ്റ് കാവല്‍ക്കാരായി ഭാവിക്കേണ്ടെന്നാണ് അതു പറയുന്നത്. ചില കമ്പനികള്‍ തങ്ങളുടെ പ്രൊഡ്ക്ടുകള്‍ക്ക് എപ്പോഴും പ്രാധാന്യം നല്‍കും. ഉദാഹരണത്തിന് ആന്‍ഡ്രോയിഡില്‍ എപ്പോഴും ഗൂഗിള്‍ ക്രോം ബ്രൗസര്‍ വച്ചാണ് ഇറക്കുക. ഇതു വേണ്ടാത്തവര്‍ക്ക് ക്രോം അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യാനുമാകില്ല. സ്വന്തം പ്രൊഡക്ടുകള്‍ പ്രമോട്ടു ചെയ്യുന്നവര്‍ക്ക് ഇനി ബില്ല്യന്‍ കണക്കിനു ഡോളര്‍ പിഴയിടാനും ഇയുവിന് ഉദ്ദേശമുണ്ട്. വലിയ ടെക്‌നോളജി കമ്പനികള്‍ കൈവശപ്പെടുത്തിവച്ചിരിക്കുന്ന അപാര ശക്തി നിയന്ത്രിക്കണമെന്നാണ് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയെന്‍, വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ പറഞ്ഞത്.

 

സിലിക്കന്‍ വാലി ഭീമന്മാരുടെ അല്‍ഗോറിതങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നകാര്യത്തില്‍ സുതാര്യത കൊണ്ടുവരണം. ജനാധിപത്യത്തിലടക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാവുന്ന പല കാര്യങ്ങളിലും കംപ്യൂട്ടര്‍ പ്രോഗ്രാമുകളല്ല തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ പോലും സമൂഹ മാധ്യമങ്ങളും മറ്റും നടത്തുന്നത് കണ്ണഞ്ചിപ്പിക്കുന്ന ഇടപെടലുകളാണ്. അതി പ്രാധാന്യമുളള കാര്യങ്ങളില്‍ പോലും സ്വകാര്യ കമ്പനികളാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമൂഹ മാധ്യമങ്ങള്‍ പുറത്താക്കിയ കാര്യവും ചര്‍ച്ചയായി. അപകടകരമായ ഇടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കെല്‍ അടക്കം പല യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും മുന്നറിയിപ്പു നല്‍കി.

 

അതേസമയം, ഓണ്‍ലൈന്‍ കണ്ടെന്റ് നിയന്ത്രിക്കാനും, ചില കമ്പനികള്‍ക്ക് വിപണിയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള പരിശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയനെന്നും തങ്ങളുടെ ഈ നീക്കത്തോട് സഹകരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ടെക്‌നോളജി കമ്പനികളോട് ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റ് മേധാവി സത്യാ നദെലാ, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എന്നവരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏതു പക്ഷപാതപരമായ പ്രവൃത്തിയും യൂറോപ്യന്‍ യൂണിയന്റെ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ആദ്ദേഹം മുന്നറയിപ്പു നല്‍കി. ഒണ്‍ലൈനിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന രാജ്യങ്ങളിലൊന്നായാണ് ഫ്രാന്‍സ് അറിയപ്പെടുന്നത്. ചില ടെക്‌നോളജി ഭീമന്മാര്‍ ഇപ്പോള്‍ ആസ്വദിക്കുന്ന പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണമെന്നും ഫ്രാന്‍സിന് അഭിപ്രായമുണ്ട്.

 

∙ ടൈറ്റാനിയം ഐഫോണ്‍ താമസിയാതെ ഇറങ്ങിയേക്കാം

 

ആപ്പിളിന്റെ ഉല്‍പന്നങ്ങളുടെ ശ്രേണിയില്‍ ഇപ്പോള്‍ത്തന്നെ ഒരു ടൈറ്റാനിയം വാച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണാം. എന്നാല്‍, പുതിയ സൂചനകള്‍ പ്രകാരം കമ്പനി ഇനി മാക്ബുക്കുകളും ഐപാഡുകളും ഐഫോണുകളും ടൈറ്റാനിയം ഉപയോഗിച്ചും നിർമിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള പേറ്റന്റ് ആപ്പിള്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇപ്പോഴുള്ള ഉപകരണങ്ങളേക്കാള്‍ വളരെ ആകര്‍ഷകമായിരിക്കും ഇവ എന്നതാണ് ആപ്പിളിനെ ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ടൈറ്റാനിയത്തിന് നിലവില്‍ ആപ്പിള്‍ ഉപയോഗിച്ചു വരുന്ന അലുമിനിയത്തേക്കാള്‍ ഭാരം കൂടുതലുണ്ട്. അലുമിനിയത്തേക്കാള്‍ കട്ടി കുറഞ്ഞ ടൈറ്റാനിയം പാളി അലുമിനിയത്തോളം ശക്തി നല്‍കിയേക്കുമെന്നതായിരിക്കാം കമ്പനിക്ക് ആകര്‍ഷകമായി തോന്നിയ മറ്റൊരു ഘടകം. ഭാരവും കനവും കുറഞ്ഞ ഫോണുകളും മറ്റും ഇറക്കാന്‍ ഇതുവഴി ആപ്പിളിനു സാധിച്ചേക്കുമെന്നു കരുതുന്നു.

 

∙ സുരക്ഷാ ഗവേഷകരെ ഉത്തര കൊറിയയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആക്രമിക്കുന്നുവെന്ന് ഗൂഗിള്‍

 

സുരക്ഷാ ഗവേഷകരെ ഉത്തര കൊറിയയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആക്രമിക്കുന്നുവെന്ന് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ കമ്പനികളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്ന കാര്യം തങ്ങള്‍ ശ്രദ്ധിച്ചുവരികയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവരെ മാത്രമാണ് ആക്രമിക്കുന്നത്. വിന്‍ഡോസ് 10 വേര്‍ഷന്‍ ഉപയോഗിക്കുന്നവരെയും ക്രോം ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കു നേരെ പോലും ആക്രമണമുണ്ടാകുന്നുണ്ടെന്നും കമ്പനി റിപ്പോർട്ട് ചെയ്യുന്നു.

 

∙ സിഗ്നലിന്റെ പുതിയ ഫീച്ചറുകള്‍ക്കെതിരെ ജോലിക്കാര്‍

 

വാട്‌സാപ്പിന്റെ പല സൗകര്യങ്ങളും നല്‍കാന്‍ ഒരുങ്ങുകയായിരുന്നു അവരുടെ എതിരാളികളിലൊന്നായ സിഗ്നൽ ആപ്പ്. എന്നാല്‍ സിഗ്നലിന്റെ ജോലിക്കാര്‍ തന്നെ ഇതിനെതിരെ എതിര്‍പ്പുമായി എത്തിയിരിക്കുകയാണ്. സിഗ്നലിന്റെ സുരക്ഷിതത്വം ആവശ്യമുള്ളവര്‍ മാത്രം അത് ഉപയോഗിച്ചാല്‍ മതിയെന്ന നിലാപാടാണ് പലരും സ്വീകരിച്ചിരിക്കുന്നത്. പുതിയ ചില മാറ്റങ്ങള്‍ തീവ്രവാദികളും മറ്റും ദുരുപയോഗം ചെയ്‌തേക്കാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

∙ ഗൂഗിളിലെ യൂണിയന്‍ പ്രവര്‍ത്തനം ആഗോള തലത്തില്‍

 

ഗൂഗിള്‍ അമേരിക്കയില്‍ തുടങ്ങിയ യൂണിയന്‍ പ്രവര്‍ത്തനം ആഗോള തലത്തിലേക്കു വ്യാപിപ്പിക്കുകയാണ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല ഉള്ളത്. അതിനാലാണ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് എന്നാണ് നേതാക്കളുടെ നിലപാട്.

 

English Summary: Macron Tells Google and Microsoft to Get On Board With EU Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com