ADVERTISEMENT

ഗൂഗിള്‍, ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയ സേവനങ്ങള്‍ ഫ്രീയാണ്. അതൊരു ഭയങ്കര സംഭവമല്ലെ എന്നാണ് പലരുടെയും ചിന്ത. എന്നാല്‍, ഇത്തരം ഫ്രീ സേവനങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ഊറ്റിയെടുത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അത് ഭാവിയില്‍ വ്യക്തികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാമെന്നുമൊക്കെ ലോകമെമ്പാടും അവബോധം പടര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിത്. എന്റെ ഡേറ്റ ഇഷ്ടംപോലെ കൊണ്ടുപോക്കോട്ടെ എന്നു പറഞ്ഞിരുന്നവര്‍ പോലും ഇതായിരിക്കാം തന്റെ മരണശേഷം താന്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായി നിലനില്‍ക്കാന്‍ പോകുന്നതെന്നും മറ്റും കേള്‍ക്കുമ്പോള്‍ മാറിച്ചിന്തിക്കുന്നു.

 

∙ ആപ്പിള്‍ ഇന്റര്‍നെറ്റിന്റെ ഫ്രീ സമ്പദ്‌വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്നോ?

 

പ്രത്യക്ഷത്തില്‍ ഗൂഗിള്‍, ഫെയ്‌സബുക് തുടങ്ങിയ കമ്പനികള്‍ പരസ്യം കാണിക്കുന്നു, അതുവഴി അവരുടെ സേവനം ഫ്രീയായി നല്‍കുന്നു. അതു നല്ലതല്ലെ എന്ന ചിന്തയും പരത്തുന്നു. ഇതൊരു പതിറ്റാണ്ടിലേറെയായി സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത് തകര്‍ക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നുവെന്നു പറഞ്ഞാണ് ഫെയ്‌സ്ബുക് കുറച്ചുകാലമായി രംഗത്തുള്ളത്. ഫെയ്‌സ്ബുക്കിന്റെ പേടിസ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ ഇനി അധികനാളുകള്‍ വേണ്ട. ഐഒഎസ് 14.5ല്‍ ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും അടക്കം ആപ്പുകള്‍ ഐഒഎസ് ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നുണ്ടെങ്കില്‍ അതിന് വ്യക്തമായി അനുമതി ചോദിച്ചിരിക്കണം. ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലും ഇന്റര്‍നെറ്റിലും നടത്തുന്ന ചെയ്തികള്‍ നോക്കിയിരിക്കണമെങ്കില്‍ ഉപയോക്താക്കളുടെ അനുമതി ചോദിക്കണം എന്നാണ് ആപ്പിള്‍ പറയുന്നത്. പല ഉപയോക്താക്കള്‍ക്കും എന്താണ് നടക്കുന്നത് എന്നുപോലും ഒരു ധാരണയുമില്ല. താന്‍ ചെയ്യുന്നതെല്ലാം നോക്കിയിരുന്നോട്ടെ എന്നു ചോദിച്ചാല്‍ മിക്കവരും വേണ്ടെന്നു പറയുമെന്ന ഭീതിയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിനുള്ളത്.

 

∙ ഫെയ്‌സ്ബുക് തെറ്റിധരിപ്പിക്കുന്നോ?

 

തങ്ങളുടെ പണിപാളുന്നതു പോട്ടെ, ആപ്പിളിന്റെ പുതിയ നയം പ്രാവര്‍ത്തികമായാല്‍ ചെറുകിട ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ക്ഷീണമുണ്ടാക്കുമെന്നാണ് കമ്പനി വിദേശ രാജ്യങ്ങളിലെ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഇത് തെറ്റിധാരണാജനകമായിരിക്കാം എന്നാണ് ഹാര്‍വാഡ് ബിസിനസ് റിവ്യൂ വാദിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രധാന അവകാശവാദം, വ്യക്തികളെ അറിഞ്ഞ് പരസ്യം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് വരുമാനം കുറയുമെന്നാണ്. അവരുടെ വരുമാനം 60 ശതമാനം വരെ കുറയുമെന്നാണ് ഫെയ്‌സ്ബുക് അവകാശപ്പെടുന്നത്. ഇതു കണ്ണു തുറപ്പിക്കുന്ന ഒരു സംഖ്യയാണ്. അതായത് ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയം ചെറുകിട ബിസിനസുകാര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്നാണ് ഫെയ്‌സബുക് പറയുന്നുത്.

 

ഈ വാദത്തിനെതിരെ ഹാര്‍വാഡ് റിവ്യൂവിന് പറയാനുള്ളത്, ഈ അവകാശവാദം പരിശോധിക്കണമെങ്കില്‍ പരസ്യം വിജയമാക്കാന്‍ ഫെയ്‌സ്ബുക് ഉപയോഗിക്കുന്ന മെട്രിക് പരിശോധിക്കണം. അതിന്റെ പേരാണ്, റിട്ടേണ്‍ ഓണ്‍ ആഡ് സ്‌പെന്‍ഡ് അഥവാ ആര്‍ഒഎഎസ്. ഈ മെട്രിക് പരസ്യവുമായി ബന്ധപ്പെട്ട വരുമാനം കാണിക്കുന്നു. എന്നാല്‍, പരസ്യം മൂലം കിട്ടുന്ന വരുമാനം എത്രയാണെന്ന് ഇതിലൂടെ മനസ്സിലാക്കാനാവില്ല. ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയം ഫെയ്‌സ്ബുക്കിന് ഭീഷണിയാകുന്നത് ഇനി ഉപയോക്താക്കള്‍ക്ക് തങ്ങളെ ട്രാക്കു ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാനുളള അവകാശം ലഭിക്കുമെന്നതിനാലാണ്. നമുക്കു ലഭിക്കുന്ന പരസ്യങ്ങള്‍ നമ്മുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ സശ്രദ്ധം നിരീക്ഷിച്ച ശേഷം നല്‍കുന്നവയാണ് എന്ന കാര്യം അടുത്തിടെയാണ് പലരും മനസ്സിലാക്കുന്നത് തന്നെ. അതായാത് ഒരോ വ്യക്തിയേക്കുറിച്ചും സുവ്യക്തമായ ഒരു ഡിജിറ്റല്‍ പ്രൊഫൈലാണ് ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ സൃഷ്ടിച്ചു സൂക്ഷിക്കുന്നത്.

 

GERMANY-MEDIA-TESLA-AWARD

ഉപയോക്താവിന് സ്വന്തം ഡേറ്റ ഡിലീറ്റു ചെയ്യാമെന്ന് കമ്പനികള്‍ പറയുന്നുണ്ട്. അതിനു ശേഷം ഉപയോക്താവിന് അതു കാണാനാകുന്നില്ലെന്നതു ശരിയാണ്. പക്ഷേ ഇത് കമ്പനിയുടെ സെര്‍വറുകളില്‍ നിന്ന് പോയി എന്നതിന് ഒരു ഉറപ്പുമില്ലെന്നു പറയുന്നവരുണ്ട്. വ്യക്തിയേക്കുറിച്ചറിഞ്ഞ് പരസ്യം കാണിച്ചാണ് വരുമാനമുണ്ടാക്കുന്നത് എന്നാണ് ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും അവകാശവാദം. അതു നല്ലതു തന്നെയാണെന്നിരിക്കട്ടെ. പരസ്യം കാണിച്ചു എന്നു കരുതി കസ്റ്റമര്‍ സാധനം വാങ്ങണമെങ്കില്‍ അയാളുടെ കയ്യില്‍ പൈസ വേണം. ചുരുക്കി പറഞ്ഞാല്‍, ഫെയ്‌സ്ബുക്കും ഗൂഗിളും മറ്റും പരസ്യം കാണിക്കുന്നതു കൊണ്ടല്ല ഉപയോക്താവ് സാധനം വാങ്ങുന്നത്. അയാളുടെ കൈയ്യില്‍ പൈസയുള്ളതു കൊണ്ടാണ്. ഈ പരസ്യം കാണിച്ചില്ലെങ്കിലും അയാള്‍ ആ സാധനം വാങ്ങുമായിരിക്കണം. ഒരു പക്ഷേ, അവരിടുന്ന ലിങ്കുകള്‍ വഴിയല്ലാതെ വാങ്ങിയാല്‍ അധിക ഗുണം ലഭിക്കുമോ എന്ന കാര്യവും അറിയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഇന്റര്‍നെറ്റ് ചെയ്തികള്‍ നോക്കിയിരിക്കാന്‍ ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യം ഓരോ ഉപയോക്താവും ആലോചിച്ചു തീരുമാനം എടുക്കണം.

 

എന്തായാലും ഐഒഎസ് 14.5ല്‍ ഉപയോക്താക്കളോട് ഫെയ്‌സ്ബുക്കും മറ്റും അവരുടെ അനുമതിയില്ലാതെ ട്രാക്കു ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ആപ്പിളിന്റെ നിലപാട്. ഇതിനാണ് ഫെയ്‌സ്ബുക് ആപ്പിളിനോട് കലിപ്പ് കാണിക്കുന്നത്. ഒരു പക്ഷേ ചെറിയ ബിസിനസുകാര്‍ക്ക് ആപ്പിളിന്റെ നയം മൂലം പ്രശ്‌നമുണ്ടാകാം. എന്നാല്‍, അതിന് തെറ്റിധരിപ്പിക്കുന്ന പരസ്യം നല്‍കിയല്ല പ്രതികരിക്കേണ്ടതെന്ന് ഹാര്‍വാഡ് റിവ്യൂ പറയുന്നു. ഫെയ്‌സ്ബുക്കിന്റെയടക്കം പോപ്-അപ്പുകള്‍ ഐഫോണുകളില്‍ തെളിയുമ്പോള്‍ പല തവണ ആലോചിച്ച ശേഷം മാത്രം തീരുമാനം എടുക്കുക.

 

∙ നിങ്ങള്‍ ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഷഓമി ഫോണ്‍ വാങ്ങുമോ?

 

ഷഓമി ഫോണുകളുടെ മുഖമുദ്ര തന്നെ അവയുടെ വിലക്കുറവാണ് എന്നാണ് ഇന്ത്യക്കാര്‍ ധരിച്ചുവച്ചിരിക്കുന്നത്. രാജ്യത്ത് 20,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെല്ലാം നിശ്ചയമായും ഷഓമിയുടെ മോഡലുകള്‍ പരിഗണിച്ചിരിക്കും. അത്തരം ഒരു ഇമേജ് സൃഷ്ടിച്ചിരിക്കുന്ന ഷഓമി ഒരു ലക്ഷം രൂപയിലേറെ വില വരുന്ന ഫോണിറക്കിയാല്‍ ഇന്ത്യക്കാര്‍ വാങ്ങുമോ എന്നാണ് കമ്പനിയുടെ മേധാവി ലെയ് ജൂന്‍ വെയ്‌ബോയില്‍ ചോദിച്ചിരിക്കുന്നത്. 10,000 യുവാനിലേറെ വിലയുള്ള ഫോണുകള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് 1.2 ലക്ഷത്തിനു മുകളില്‍ വില വരും. ഇത്രയും വിലയുള്ള ഒരു ഫോണ്‍ വാങ്ങണമെങ്കില്‍ എന്തെല്ലാം ഫീച്ചറുകളാണ് നിങ്ങള്‍ക്കു വേണ്ടതെന്നും ലെയ് ചോദിച്ചിട്ടുണ്ട്. കമ്പനി വില കൂടിയ ഫോണിറക്കാന്‍ തുടങ്ങുകയാണ് എന്നു തന്നെയാണ് കരുതുന്നത്. അതേസമയം, കുറച്ചു കാലമായി ഷഓമി ഫോള്‍ഡബിൾ ഫോണുകള്‍ ഇറക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു കേട്ടിരുന്നു. ഫോള്‍ഡബിൾ ഫോണുകള്‍ക്ക് വിലക്കൂടുതലാണ്. എന്തായാലും വിലക്കൂടുതലുള്ള ഷഓമി ഫോണിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഫെബ്രുവരി 7ന് കമ്പനി പുറത്തുവിട്ടേക്കുമെന്നു കരുതുന്നു. കമ്പനി ഈ വര്‍ഷം മൂന്നു ഫോള്‍ഡബിൾ ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്നും സൂചനകളുണ്ട്. ഫോള്‍ഡബിൾ ഫോണുകള്‍ക്കു വേണ്ട ഡിസ്‌പ്ലെകള്‍ വാങ്ങാനായി ഷഓമി സാംസങ്ങുമായും എല്‍ജിയുമായും ചര്‍ച്ച നടത്തിയിരുന്നു.

 

∙ മസ്‌ക് 46 മണിക്കൂറിനു ശേഷം ട്വിറ്ററില്‍ തിരിച്ചെത്തി

 

താന്‍ ട്വിറ്ററില്‍ നിന്ന് കുറച്ചു കാലത്തേക്കു മാറി നില്‍ക്കുന്നു എന്നായിരുന്നു ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ അവസാന ട്വീറ്റുകളിലൊന്ന്. എന്നാല്‍ കേവലം 46 മണക്കൂറിനുള്ളല്‍ തന്റെ ഇഷ്ട മാധ്യമത്തിലേക്ക് തിരിച്ചെത്തി. ഫാല്‍ക്കണ്‍ 9ന്റെ ലാന്‍ഡിങ്ങിനെക്കുറിച്ച് ട്വീറ്റു ചെയ്താണ് അദ്ദേഹം തിരിച്ചെത്തിയത്. https://bit.ly/2Oa1ZVh

 

∙ മ്യാന്‍മാര്‍ ഫെയ്‌സ്ബുക് നിരോധിച്ചു

 

അട്ടിമറിയിലൂടെ ഭരണം കരസ്ഥമാക്കിയ മ്യാന്‍മാറിന്റെ ഭരണസംഘത്തിനെതിരെ എതിര്‍പ്പു ശക്തമാകുന്നതിനിടയില്‍, അധികാരം കൈയ്യാളുന്നവര്‍ സമൂഹ മാധ്യമമായ ഫയ്‌സ്ബുക് രാജ്യത്ത് ബ്ലോക്കു ചെയ്തു.

 

English Summary: Facebook’s not the only one worried about Apple’s privacy change — Snap and Unity both just warned investors about it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com