ADVERTISEMENT

ടെക്‌നോളജി സാമ്രാട്ടും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല കര്‍ണാടകയില്‍ നിര്‍മാണം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. കമ്പനിയുടെ അടുത്ത വിദേശ പ്ലാന്റ് ഇന്ത്യയിലായിരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മസ്‌കിന്റെ ഇന്ത്യയിലെ ആരാധകര്‍ എന്നാണ് തങ്ങളുടെ രാജ്യത്തേക്കു വരുന്നതെന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. മസ്‌ക് അതിനു നല്‍കിയിരുന്ന ഉത്തരം 2021ല്‍ എന്നായിരുന്നു.

∙ മസ്‌ക് വാക്കുപാലിച്ചു

ഇന്ത്യയില്‍ നിലവിലുള്ള ഇറക്കുമതി ചുങ്കം വച്ച് ടെസ്‌ലയുടെ കാറുകള്‍ വാങ്ങുക എന്നത് പണക്കാര്‍ക്കല്ലാതെ സാധ്യമല്ലാത്ത അവസ്ഥയാണ്. ഇതിനാല്‍ തന്നെ കമ്പനിയുടെ കാറുകളോട് കമ്പമുള്ളവര്‍ മസ്‌കിനോട് ഒരു ഫാക്ടറി ഇന്ത്യയിലും തുടങ്ങണമെന്ന് അഭ്യര്‍ഥിച്ചുവരികയായിരുന്നു. ടെസ്‌ല പല ബിസിനസ് ലൈസന്‍സുകള്‍ക്കും ഔദ്യോഗികമായി തന്നെ അപേക്ഷിച്ചിട്ടുളള കാര്യം ഇന്ത്യയുടെ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം കഴിഞ്ഞ മാസം എടുത്തു പറഞ്ഞിരുന്നു. ഇവയില്‍ ഇല്ക്ട്രിക് വാഹന നിര്‍മാണവും, ഊര്‍ജ്ജ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടും. ഇവയ്ക്ക് മന്ത്രാലയം അനുമതിയും നല്‍കിക്കഴിഞ്ഞു. എന്നാല്‍ എവിടെയാണ് തങ്ങളുടെ ആദ്യ പ്ലാന്റ് തുടങ്ങുക എന്നതിനെക്കുറിച്ച് കമ്പനി തീരുമാനത്തിലെത്തിയിരുന്നില്ല.

 

∙ കര്‍ണാടകയുടെ അവകാശവാദം ശരിയോ?

 

കര്‍ണാടക മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രകാരം ആദ്യ പ്ലാന്റ് ആ സംസ്ഥാനത്തായിരിക്കും. അമേരിക്കന്‍ കമ്പനി ടെസ്‌ല ഇലക്ട്രിക് കാര്‍ നിര്‍മാണ യുണിറ്റ് കര്‍ണാടകയില്‍ സ്ഥാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, കര്‍ണാടക തിരഞ്ഞെടുത്തതായി ഇതുവരെ മറ്റാരും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും കമ്പനി സജീവമായി പരിഗണിച്ചു വരികയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ മഹാരാഷ്ട്രയുടെ വ്യവസായ വകുപ്പു മന്ത്രി സുഭാഷ് ദേശായി രംഗത്തെത്തിക്കഴിഞ്ഞു. കമ്പനി ഇപ്പോഴും മഹാരാഷ്ട്ര പരിഗണിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കര്‍ണാടകം നടത്തുന്ന അവകാശവാദത്തില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. കമ്പനി അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, കര്‍ണാടകത്തിന് രാജ്യത്തെ ആദ്യത്തെ ടെസ്‌ല ഫാക്ടറി ലഭിച്ചിരിക്കാം എന്നാണ് വിലയിരുത്തലുകള്‍. കമ്പനി കൂടുതല്‍ പ്ലാന്റുകള്‍ ഉണ്ടാക്കിയേക്കും. ഇതിനാലായിരിക്കും ഇപ്പോഴും മറ്റു സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതെന്നും പറയുന്നു. ആഫ്രിക്കയിലേക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടാകുമെന്നും പറയുന്നു.

 

∙ ആം കമ്പനി ഏറ്റെടുക്കലിനെതിരെ ഗൂഗിള്‍ അടക്കം ടെക് ഭീമന്മാര്‍

 

ഒരു ഏറ്റെടുക്കല്‍ മൂലം ടെക്‌നോളജി ലോകത്ത് ചെറിയൊരു ഭൂകമ്പമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഗ്രാഫിക്‌സ് പ്രോസസര്‍ നിര്‍മാതാവ് എന്‍വിഡിയാ, ബ്രിട്ടൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോസസര്‍ നിര്‍മാതാവ് ആമിനെ (Arm) ഏറ്റെടുത്തതാണ് വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്കിടയില്‍ അസ്വസ്ഥതയായി പടര്‍ന്നത്. ഇതിനെതിരെ ക്വാല്‍കം, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയവ അടക്കമുള്ള ഭീമന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സിഎന്‍ബിസി, ബ്ലൂംബര്‍ഗ് തുടങ്ങിയ വാര്‍ത്താ ഏജന്‍സികള്‍ ഏറ്റെടുക്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയതോടെ തങ്ങളുടെ ഉത്കണ്ഠ അറിയിച്ച് ടെക് കമ്പനികൾ എത്തുകയായിരുന്നു. ടെക്‌നോളജി മേഖലയില്‍ കുത്തക പാടില്ല മറിച്ച് മത്സരമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന നയമാണ് ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ നടന്നിരിക്കുന്ന കച്ചവടമെന്ന് ടെക്‌നോളജി ഭീമന്മാര്‍ ആരോപിച്ചു.

1200-tiktok

 

ആം എങ്ങനെയായിരിക്കും ഭാവിയില്‍ ലൈസന്‍സ് നല്‍കുക എന്ന പേടിയാണ് പലരും ഉയര്‍ത്തിയത്. എന്നാല്‍, ആം എന്തു ചെയ്തുകൊണ്ടിരുന്നോ അതു തുടരുമെന്ന് എന്‍വിഡിയ നല്‍കിയ ഉറപ്പൊന്നും ഈ ഇടപാടിനെ എതിര്‍ക്കുന്ന ആര്‍ക്കും സ്വീകാര്യമായിരുന്നില്ല. ഗ്രാഫിക്‌സ് പ്രോസസര്‍ നിര്‍മാണ രംഗത്തെ ഭീമന്‍ കമ്പനികളിലൊന്നാണ് എന്‍വിഡിയ. അവര്‍ 2020 സെപ്റ്റംബറിലാണ് 4000 കോടി ഡോളറിന് ആം വാങ്ങാനുള്ള പദ്ധതി വെളിപ്പെടുത്തിയത്. അതേസമയം, ഇപ്പോള്‍ ആം നല്‍കിവരുന്ന സേവനങ്ങളില്‍ ഏതെങ്കിലും എന്‍വിഡിയ പരിമിതപ്പെടുത്തിയാല്‍ തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ക്ക് അത് ക്ഷതമേല്‍പ്പിക്കുമെന്നതാണ് ഇതിനെ എതിര്‍ക്കുന്ന കമ്പനികളെ ഭയപ്പെടുത്തുന്നത്. മിക്കവാറും ആന്‍ഡ്രോയിഡ് ഫോണുകളില്‍ കാണുന്ന ക്വാല്‍കം പ്രോസസറുകളെല്ലാം ആം കേന്ദ്രീകൃതമാണ്. മൈക്രോസോഫ്റ്റും ഗൂഗിളും സ്വന്തമായി ആം-കേന്ദ്രീകൃത ചിപ്പുകള്‍ നിര്‍മിച്ചു വരികയാണിപ്പോള്‍. ആമിന്റെ ചിപ്പ് നിര്‍മാണ മേഖലയില്‍ തങ്ങള്‍ കൈകടത്തില്ലെന്ന എന്‍വിഡിയയുടെ ഉറപ്പൊന്നും ഈ കമ്പനികള്‍ക്ക് ആശ്വാസം പകരുന്നില്ല.

 

അതേസമയം, എന്‍വിഡിയ തങ്ങളുടെ ചിപ്പുകള്‍ കൂടുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും കൂറ്റന്‍ തുക നല്‍കി ആം വാങ്ങിയിരിക്കുന്നതെന്നു പറയുന്നു. ഇരു കമ്പനികളും ഒത്തു ചേരുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് കംപ്യൂട്ടിങ്ങിലെ മേധാവിയായി എന്‍വിഡിയാ മാറുമെന്നും എതിരാളികള്‍ ഭയക്കുന്നു. എന്‍വിഡിയയുടെ നീക്കത്തെ എതിര്‍ക്കുന്ന കമ്പനികള്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ ചൈന എന്നിവടങ്ങളിലെ റെഗുലേറ്റര്‍മാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഈ കച്ചവടം അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ പരിശോധിക്കാന്‍ തുടങ്ങിക്കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

∙ ടിക്‌ടോക്കിന്റെ ഇന്ത്യന്‍ ആസ്തികള്‍ ഗ്ലാന്‍സിനു വിറ്റേക്കും

 

വൈറല്‍ വിഡിയോ ആപ്പായ ടിക്‌ടോക്കിന്റെ ഉടമ ബൈറ്റ്ഡാന്‍സ് തങ്ങളുടെ ഇന്ത്യയിലെ ആസ്തികള്‍ വിറ്റ് രാജ്യംവിടാന്‍ ഒരുങ്ങുകയാണെന്നു പറയുന്നു. തങ്ങളുടെ എതിരാളികളായ ഗ്ലാന്‍സ് കമ്പനിക്കായിരിക്കും ആസ്തി വില്‍ക്കുക. റോപോസോ എന്ന ഷോട്ട് വിഡിയോ ഷെയറിങ് ആപ്പിന്റെ ഉടമയാണ് ഗ്ലാന്‍സ്.

 

∙ പുതിയ ഐപാഡ് പ്രോ, എയര്‍ടാഗ്‌സ് അടുത്ത മാസം അവതരിപ്പിച്ചേക്കും

 

ആപ്പിള്‍ കമ്പനിയുടെ പുതിയ ഐപാഡ് പ്രോ മോഡലുകളും, എയര്‍ടാഗ്‌സും അടുത്ത മാസം അവതരിപ്പിച്ചേക്കും. മഹാമാരി കച്ചവടത്തിന് ഇടിവു തട്ടിക്കുമെന്നു കരുതിയെങ്കിലും ടെക്‌നോളജി കമ്പനികള്‍ക്ക് പ്രത്യേകിച്ചും ആപ്പിള്‍ പോലെയുള്ള കമ്പനികള്‍ക്ക് കുതിപ്പാണ് സമ്മാനിച്ചത്. ഇതാകട്ടെ വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവ വര്‍ധിച്ചതു വഴിയാണ് സംഭവിച്ചത്.

 

∙ അണിഞ്ഞൊരുങ്ങി വിഎല്‍സി

 

ഏറ്റവും പ്രിയപ്പെട്ട മീഡിയ പ്ലെയറുകളിലൊന്നായ വിഎല്‍സി പുത്തന്‍ യൂസര്‍ ഇന്റര്‍ഫെയ്‌സുമായി എത്തുകയാണ്. ഏകദേശം 20 വര്‍ഷമായി അരങ്ങിലുള്ള ആപ്പാണ് വിഎല്‍സി. വിവിധ പ്ലാറ്റ്‌ഫോമുകളിലായി പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന് വന്‍ സ്വീകാര്യതയാണുള്ളത്. ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളുടെ കൂട്ടത്തിലാണ് വിഎല്‍സിയുടെ സ്ഥാനം. കൂടുതല്‍ ആധുനിക ലുക്കായിരിക്കും അടുത്ത വേര്‍ഷന് (VLC 4.0).

 

∙ ഫെയ്‌സ്ബുക് ഫിറ്റ്‌നസ് ട്രാക്കര്‍ വാച്ച് അവതരിപ്പിച്ചേക്കും

 

ആപ്പിള്‍ വാച്ചിനെതിരായി തങ്ങളുടെ ഫിറ്റ്‌നസ് ട്രാക്കര്‍ വാച്ച് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്.

 

English Summary: Tesla to set up electric car manufacturing plant in Karnataka, says CM Yediyurappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com