ADVERTISEMENT

രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമായ ‘സ്മാർട് വില്ലേജുകൾ’ ഉള്ള ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്ന പദ്ധതിയുടെ ഭാഗമായാണിത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള നവ് വയർലെസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സംസ്ഥാനത്തെ അരവാലി ജില്ലയിലെ ധൻസുര തഹ്‌സിലിലെ അക്രുണ്ട്, നവനഗർ ഗ്രാമങ്ങളിൽ ഏറ്റവും പുതിയ ലൈഫൈ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിക്കൽ വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം ആരംഭിച്ചത്. 

 

ഇതിലൂടെ, ഈ ഗ്രാമങ്ങളിലെ സ്കൂളുകൾ, ആശുപത്രികൾ, പോസ്റ്റോഫീസുകൾ, മറ്റ് സർക്കാർ ഓഫിസുകൾ എന്നിവ നിലവിലുള്ള വൈദ്യുതി ലൈനുകളിലൂടെ വേഗത്തിലും സുരക്ഷിതമായും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. ഏഷ്യയിൽ തന്നെ ലൈഫൈ മേഖലയിലെ റജിസ്റ്റർ ചെയ്ത ഏക കമ്പനിയാണ് നവ വയർലെസ് ടെക്നോളജി.

 

‘നമ്മുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഈ സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നവ് വയർലെസ് ഗുജറാത്ത് ഫൈബർ ഗ്രിഡ് നെറ്റ്‌വർക്ക് ലിമിറ്റഡ് (ജിഎഫ്ജിഎൻഎൽ) ഫൈബർ ഇന്റർനെറ്റ് കണക്റ്റിവിറ്റി അക്രണ്ട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ നിന്ന് 1.5 കിലോമീറ്റർ അകലെയുള്ള നവനഗർ വില്ലേജ് പ്രൈമറി സ്‌കൂളിലേക്ക് ലൈഫൈ വയർലെസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ലഭ്യമാക്കി. കൂടാതെ, സ്കൂളുകളിലും ആശുപത്രികളിലും പോസ്റ്റോഫീസുകളിലും ലൈഫൈ കണക്ഷൻ ഇലക്ട്രിക് പവർ ലൈൻ നെറ്റ്‌വർക്കുകൾ വഴി ഞങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് നവ് വയർലെസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിടിഒയുമായ ഹാർദിക് സോണി പറഞ്ഞു. 

 

ഓപ്പൺ സ്പേസ് വഴി (ഇൻഡോർ, ഔട്ട്ഡോർ) ലൈറ്റ് ബീം സ്പെക്ട്രം ഉപയോഗിച്ച് ഡേറ്റ കൈമാറുക എന്നാണ് ലൈഫൈ അർഥമാക്കുന്നത്. ലൈഫൈ സംവിധാനങ്ങൾ അൾട്രാ-ഫാസ്റ്റ് ഡേറ്റാ കണക്ഷനുകൾ നൽകുന്നു. റേഡിയോ സ്പെക്ട്രം തിരക്കേറിയ നഗരപ്രദേശങ്ങളിൽ ഇത് വളരെ ഉപയോഗപ്രദമാണ്. കൂടാതെ ഫൈബർ ഒപ്റ്റിക് കേബിളുകളോ മറ്റു നെറ്റ്‌വർക്കുകളോ എത്തിച്ചേരാനാകാത്ത ഗ്രാമപ്രദേശങ്ങളിലും ഇത് വളരെ ഉപയോഗപ്രദമാണ്. നവ വയർലെസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള വലിയ, ധനസഹായമുള്ള സംഘടനകൾക്ക് മാത്രമേ ലൈഫൈ - വയർലെസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടുള്ളൂ.

 

∙ എന്താണ് ലൈഫൈ ഇന്റർനെറ്റ്?

 

ടെക് ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് ഡേറ്റാ കൈമാറ്റം. അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ദിവസവും പുതിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനു വേണ്ട അത്യാധുനിക ഉപകരണങ്ങളും ഇറങ്ങുന്നു. നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യയിലും തുടങ്ങി കഴിഞ്ഞു.

 

വരും വർഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാൻ രാജ്യത്ത് അതിവേഗ നെറ്റ്‌വർക്കുകൾ വേണ്ടി വരും. ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുൻകൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ലൈഫൈ പരീക്ഷിക്കാൻ തീരുമാനിച്ചത്.

 

ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേർന്ന് ഇആർഎൻഇടി ആണ് ലൈ–ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇന്ത്യയിൽ നടന്ന പരീക്ഷണത്തിൽ സെക്കൻഡിൽ 10 ജിബി ഡേറ്റയാണ് കൈമാറാൻ കഴിഞ്ഞത്. എന്നാൽ ലൈഫൈ വഴി സെക്കൻഡിൽ 20 ജിബി വരെ കൈമാറ്റം ചെയ്യാമെന്നാണ് വിദഗ്ധർ പറയുന്നത്.

 

∙ 1.5 ജിബിയുടെ 20 സിനിമകൾ സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡിങ്

 

വൈഫൈയുടെ സ്പീഡ് പോരെന്നു തോന്നുന്നവർക്കുള്ള ആദ്യ മറുപടിയാണ് 'ലൈഫൈ' (Li-Fi). നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ് ലൈഫൈ. നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗത്തിന്റെ നൂറിരട്ടി ലൈഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അതായത് ഏകദേശം 1.5 ജിബിയുടെ 20 സിനിമകൾ കേവലം സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ചുരുക്കം!

 

ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയിൽ ഡേറ്റാ കൈമാറ്റം നടക്കുന്നത്. നിലവിൽ ചില ഓഫിസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗം സെക്കന്റിൽ 224 ജിഗാബൈറ്റുകൾ ആണ്. ഇന്റർനെറ്റ്‌ ഉപയോഗത്തിൽ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്. 

 

400 മുതൽ 800 ടെറാഹെർട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ കടക്കാൻ കഴിവില്ലാത്തതുകൊണ്ടു നെറ്റ്‌വർക്ക് കൂടുതൽ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.

 

അത്യന്തം ആകർഷകമാണ് ലൈഫൈ എങ്കിലും ഉടൻ തന്നെ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയ്ക്ക് പൂർണമായും പകരക്കാരാൻ ആവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മോഴ്സ് കോഡിനു സമാനമായ രീതിയിലാണ് ലൈഫൈയും പ്രവർത്തിക്കുന്നത്. മോഴ്സ് കോഡ് വിസിബിൾ ലൈറ്റ് കമ്യൂണിക്കേഷൻ (VLC) ആണ് ഉപയോഗിക്കുന്നതെങ്കിലും, സ്പീഡ് മൂലം നഗ്ന ദൃഷ്ടികൾക്ക് കാണാൻ കഴിയില്ല. സ്മാർട് ലൈറ്റിങ് സൊല്യൂഷൻ എന്ന നിലയിലാണ് ഇപ്പോൾ പൈലറ്റ്‌ പ്രൊജക്റ്റ്‌ നടക്കുന്ന ഓഫിസുകളിൽ വെളിച്ചമായി ലൈഫൈ എത്തുന്നത്.

 

English Summary: Akrund and Navanagar became India’s first truly ‘Smart Villages’ equipped with LiFi technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com