ADVERTISEMENT

സമൂഹ മാധ്യമങ്ങള്‍ക്കായുള്ള ഇന്ത്യയുടെ പുതിയ നിയമാവലി പുറത്തുവന്നതിനു ശേഷം മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റര്‍ കനത്ത മൗനത്തിലാണ്. കേന്ദ്ര ഐടി മന്ത്രാലയവുമായി ഏകദേശം മൂന്നു വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ ട്വിറ്റര്‍ 'രാജ്യ താത്പര്യങ്ങള്‍ക്ക്' വഴങ്ങിക്കൊടുത്തേക്കുമെന്നാണ് കരുതുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ടു നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെതിരെ ട്വിറ്ററും ഫെയ്‌സ്ബുക്കും വഴി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മറ്റും നടത്തിയ പ്രതികരണങ്ങളായിരുന്നു അവസാന വിവാദങ്ങളിലൊന്ന്. ഇവയെല്ലാം നീക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ട്വിറ്റര്‍ വഴങ്ങിയില്ല. ചില പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുകയും അവയില്‍ ചിലത് പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. രാജ്യത്തു നിലനില്‍ക്കുന്ന സംസാര സ്വാതന്ത്ര്യം എന്ന നിയമം വച്ചാണ് ഇവ പുനഃസ്ഥാപിച്ചതെന്നാണ് ട്വിറ്ററിന്റെ നിലപാട്. ഇതോടെ ട്വിറ്റര്‍ ഇന്ത്യയും സർക്കാർ അധികാരികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതൽ വഷളായി.

US-IT-LIFESTYLE-RELIGION-TWITTER

 

ഫെബ്രുവരി 8ന് ട്വിറ്റര്‍ തങ്ങളുടെ ജോലിക്കാരുടെ സുരക്ഷയില്‍ ഭയമുണ്ടെന്നും ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിനെ കാണണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ട്വിറ്ററില്‍ നിന്നുള്ള ആരെയും താന്‍ കാണില്ലെന്ന് പ്രസാദ് അപ്പോള്‍ത്തന്നെ മറുപടി കൊടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. പകരം ഐടി സെക്രട്ടറി അജയ് പ്രകാശാണ് മീറ്റിങ്ങിനെത്തിയത്. എന്തായാലും പിന്നീട് കേന്ദ്രം ആവശ്യപ്പെട്ട 95 ശതമാനം പോസ്റ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയുമുണ്ടായി. അതുകൂടാതെ, സംഭാഷണ സ്വാതന്ത്ര്യമെന്താണെന്ന് ട്വിറ്റര്‍ തങ്ങള്‍ക്കു ക്ലാസ് എടുക്കേണ്ടെന്ന നിലപാടാണ് ഐടി വകുപ്പ് സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ ബിസിനസ് ചെയ്‌തോട്ടെ. എന്നാല്‍, രാജ്യത്തെ നിയമങ്ങള്‍ അവര്‍ പാലിക്കണമെന്നാണ് മന്ത്രി പ്രസാദ് രാജ്യസഭയില്‍ പറഞ്ഞത്. ഇനി സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളില്‍ ട്വിറ്റര്‍ എന്തു നിലാപാടു സ്വീകരിക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. സംഭാഷണ സ്വാതന്ത്ര്യത്തിനൊപ്പം നിന്ന് സർക്കാരിന്റെ കൂടുതല്‍ ശത്രുത വാങ്ങുമോ, അതോ സർക്കാരിന് ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ നീക്കം ചെയ്യുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

 

∙ ബില്‍ ഗേറ്റ്സ് എന്തുകൊണ്ട് ഐഫോണ്‍ ഉപയോഗിക്കുന്നില്ല?

 

ലോകത്ത് 100 കോടിയിലേറെ പേര്‍ ഐഫോണ്‍ ഉപയോഗിക്കുന്നു. അവരില്‍ പ്രധാനമന്ത്രിമാരും, അതിപ്രശസ്തരും എല്ലാം ഉള്‍പ്പെടും. എന്നാല്‍, മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സ് അവരുടെ കൂട്ടത്തിലില്ല. പുതിയ വൈറല്‍ ആപ്പായ ക്ലബ്ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഗേറ്റ്സ് അതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. താന്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്, തനിക്ക് എല്ലാക്കാര്യങ്ങളും ട്രാക്കു ചെയ്യണമെന്നുള്ളതു കൊണ്ടാണ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നാണ് ഗേറ്റ്സ് പറഞ്ഞത്. താന്‍ ഇടയ്ക്കിടയ്ക്ക് ഐഫോണുകള്‍ ഉപയോഗിച്ചു നോക്കാറുണ്ട്. പക്ഷേ, താൻ എപ്പോഴും കൊണ്ടു നടക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ആണെന്നും ഗേറ്റ്സ് പറഞ്ഞു.

 

താന്‍ ഐഫോണുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, തന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ല എന്നേയുള്ളു. അതുകൂടാതെ, ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. അത് തനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ എളുപ്പമാക്കുന്നുവെന്നും ഗേറ്റ്സ് വിശദീകരിക്കുന്നു. ഗേറ്റ്സിന്റെ നിരീക്ഷണം ഐഒഎസില്‍ വേണ്ടത്ര കസ്റ്റമൈസേഷന്‍ സാധ്യമല്ല എന്നതിനെക്കുറിച്ചുള്ള വളരെ വിദഗ്ധമായ സൂചന നല്‍കലാണെന്ന് ചിലര്‍ കരുതുന്നു. ആന്‍ഡ്രോയിഡിന് പല സോഫ്റ്റ്‌വെയറുമായും പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ കൂടുതല്‍ വഴക്കമുണ്ടെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണ് താന്‍ ആന്‍ഡ്രോയിഡുമായി കൂടുതല്‍ അടുക്കാന്‍ ഇടയായതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

അതേസമയം, ഇപ്പോഴത്തെ ഐഒഎസ് 14ല്‍ ആപ്പിള്‍ മുൻപെങ്ങുമില്ലാത്തത്ര കസ്റ്റമൈസേഷന്‍ സാധ്യതകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, മൈക്രോസോഫ്റ്റിന്റെ ആപ്പുകളെല്ലാം ആപ്പിളിന്റെ ആപ് സ്റ്റോറിലുണ്ട്. മൈക്രോസോഫ്റ്റ് എജ് ബ്രൗസറോ, ഇമെയില്‍ ക്ലൈന്റായ ഔട്ട്‌ലുക്കോ വേണമെങ്കില്‍ ഡീഫോള്‍ട്ട് ആപ്പുകളാക്കാനും സാധിക്കും.

 

അതേസമയം, തന്റെ ധാരാളം കൂട്ടുകാര്‍ ഐഫോണ്‍ ആണ് ഉപയോഗിക്കുന്നതന്നും ഗേറ്റ്സ് പറഞ്ഞു. മറ്റൊരു രസകരമായ കാര്യം ഗേറ്റ്സ് ചര്‍ച്ചയ്‌ക്കെത്തിയ ക്ലബ്ഹൗസ് ഇപ്പോഴും ആൻ‌ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ എത്തിയിട്ടില്ലെന്നതാണ്. തങ്ങള്‍ ആന്‍ഡ്രോയിഡ് പതിപ്പ് വികസിപ്പിക്കുന്നുണ്ടെന്നാണ് ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, ഇത് എന്നു പുറത്തിറക്കും എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ക്ഷണം കിട്ടിയാല്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പാണ് ക്ലബ്ഹൗസ്. ടെസ്‌ല മേധാവി ഇലോൺ മസ്ക് രണ്ടു തവണ ക്ലബ്ഹൗസില്‍ ചർച്ചയ്ക്കെത്തിയിരുന്നു.

 

∙ ഗൂഗിള്‍ 150 ഗെയിം ഡവലപ്പര്‍മാരെ പിരിച്ചുവിട്ടു

 

കൊട്ടിഘോഷിച്ചെത്തിയ സ്‌റ്റേഡിയ ഗെയിംസ് എന്ന ലോക നിരവാരമുള്ള സ്ട്രീമിങ് സേവനത്തിനു പുതിയ ഗെയിമുകള്‍ വികസിപ്പിക്കാന്‍ ജോലി നല്‍കിയ 150 ഡവലപ്പര്‍മാരെ രണ്ടുവര്‍ഷത്തിനിടയില്‍ തന്നെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍. ഗെയിം വികസിപ്പിക്കല്‍ പണംമുടക്കുള്ളതും സങ്കീര്‍ണവുമാണെന്ന കാര്യം ഗൂഗിളിന് ഒട്ടും ദഹിക്കാത്തതുകൊണ്ടാണ് ഡവലപ്പര്‍മാരെ പറഞ്ഞുവിട്ടതെന്നു പറയുന്നു. അതൊന്നും പോരെങ്കില്‍ സ്‌റ്റേഡിയയ്ക്ക് കാര്യമായി സബ്‌സ്‌ക്രൈബര്‍മാരെയും ലഭിച്ചില്ല. ആപ്പിള്‍ ആര്‍ക്കെയ്ഡ് തുടങ്ങിയ ശേഷം തങ്ങള്‍ പിന്നില്‍ പോയാല്‍ പറ്റില്ലല്ലോ എന്നു കരുതി 2019ലാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ സ്റ്റേഡിയ അവതരിപ്പിച്ചത്. ഗൂഗിള്‍ ക്ലൗഡിലൂടെ ലോകമെമ്പാടും ഗെയ്മിങ് പ്രേമികളുടെ മനസ്സില്‍ ഈ സേവനം കയറിപ്പറ്റുമെന്നാണ് കമ്പനി കരുതിയത്. സ്റ്റേഡിയയ്ക്കു വേണ്ടി മറ്റെവിടെയും ലഭിക്കാത്ത ഗെയിമുകൾ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. വെറും രണ്ടു വര്‍ഷത്തിനിടയില്‍ ഇതിലേക്ക് ജോലിക്കെടുത്ത ഡവലപ്പര്‍മാരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. തേഡ് പാര്‍ട്ടി ഡവലപ്പര്‍മാര്‍ ഗൂഗിള്‍ സ്വന്തമായി വികസിപ്പിക്കുന്ന രീതികള്‍ കോപ്പിയടിക്കുന്നത് കമ്പനിക്കു പിടിച്ചില്ലെന്നും പറയുന്നു. ഡവലപ്പര്‍മാര്‍ക്കു ജോലി നഷ്ടമായി എന്നു മാത്രമെ അറിയു. കൃത്യമായ കാരണമൊന്നും പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, സ്റ്റേഡിയ പുറമെ നിന്നുള്ള ഡവലപ്പര്‍മാരുടെ സഹായത്തോടെ നടത്തിക്കൊണ്ടുപോകാനാണ് ഗൂഗിളിന്റെ ഉദ്ദേശമെന്നും അറിയുന്നു.

 

∙ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി വീണ്ടും മുകേഷ് അംബാനി

 

ലോകമെമ്പാടുമുള്ള ഓഹരി കമ്പോളങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ നേരിട്ട തകര്‍ച്ച ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയന്‍സ് മേധവിയുമായ മുകേഷ് അംബാനിക്ക് വലിയ പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചില്ല. പക്ഷേ, അതായിരുന്നില്ല ഏഷ്യയിലെ ഏറ്റവും വലിയ ധനികനായിരുന്ന സോങ് ഷാന്‍ങാനിന്റെ കഥ. അദ്ദേഹത്തിന്റെ കുപ്പിവെള്ള കമ്പനിയുടെ ഓഹരിയുടെ 20 ശതമാനമാണ് ഇടിഞ്ഞത്. അദ്ദേഹത്തിന് ഒറ്റയിടിക്ക് പോയത് 22 ബില്ല്യന്‍ ഡോളറാണ്. ഇതോടെ ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ വീണ്ടും അംബാനി മുന്നിലെത്തുകയായിരുന്നു.

 

English Summary: Bill Gates Says His Preference for Android Over iPhone is Due to Pre-Installed Software

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com