ADVERTISEMENT

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു മുന്‍വിധി വച്ചുപുലര്‍ത്തിയിരുന്നതായി ആരോപണമുണ്ട്. ടെക്‌നോളജി, വാണിജ്യ മേഖലകളില്‍ ഇത് വ്യക്തമായി കാണുകയും ചെയ്യാം. ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമിക്കും വിലക്കേര്‍പ്പെടുത്തിയത്. കമ്പനിക്ക് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് കരിമ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍, ഈ ആരോപണം ഷഓമി പൂര്‍ണമായും നിഷേധിച്ചു രംഗത്തുവരികയും അമേരിക്കയിലെ ചട്ടങ്ങള്‍ വിട്ട് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് ആണയിടുകയും ചെയ്തിരുന്നു.

 

അമേരിക്കന്‍ ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന ചട്ടക്കൂടിനകത്തു നിന്നാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി പറഞ്ഞിരുന്നു. കമ്പനി ഒരു വിധത്തിലും ചൈനീസ് സൈന്യവുമായി ബന്ധമുള്ളതല്ല. ഷഓമി ഒരു 'കമ്യൂണിസ്റ്റ് ചൈനീസ് മിലിറ്ററി കമ്പനി' യല്ല എന്നാണ് അവര്‍ പുറത്തിറക്കിയ നിഷേധക്കുറിപ്പില്‍ പറയുന്നത്. ട്രംപ് ഭരണകൂടം പടിയിറങ്ങിക്കഴിഞ്ഞിട്ടും കൃത്യമായി എന്തു കാരണംകൊണ്ടാണ് ഷഓമിക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഇക്കാലം വരെ അറിയില്ലായിരുന്നു. ദി വാള്‍സ്ട്രീറ്റ് ജേണല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഇക്കാര്യത്തിലേക്ക് വെളിച്ചംവീശുന്നത്. കമ്പനി മേധാവി ലെയ് ജൂണിന് ലഭിച്ച ഒരു അവാര്‍ഡുമായി ബന്ധപ്പെടുത്തിയാണ് ഷഓമിയെ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'ചൈനീസ് ഗുണഗണങ്ങളോടെ അതുല്യമായി സോഷ്യലിസം വളര്‍ത്തിയ'വര്‍ക്കുള്ള അവാര്‍ഡാണ് 100 കമ്പനി മേധാവികള്‍ക്ക് നല്‍കിയത്.

 

ഇത് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും അവര്‍ റിപ്പോര്‍ട്ടു ചെയ്യുകയുമായിരുന്നു. ഇതുപ്രകാരമാണ് ഷഓമിയെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തയത്. കമ്പനി മേധാവിക്ക് ഒരു അവാര്‍ഡ് നല്‍കിയെന്ന കാരണത്താല്‍ വിലക്കേര്‍പ്പെടുത്താന്‍ തുടങ്ങിയാല്‍ എന്തു ചെയ്യുമെന്നു ചോദിക്കുന്നവരും ഉണ്ട്. എന്നാല്‍ ടെക്‌നോളജി, വ്യവസായ മേഖലകളെ നിരീക്ഷിക്കുന്ന ചൈനീസ് ഏജന്‍സിയായ എംഐഐടിയാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ഈ ഏജന്‍സിയാണ് പൗരന്മാരും സൈന്യവും തമ്മിലുള്ള സംയോജനം ഉറപ്പാക്കുന്നത്. ആഗോള തലത്തില്‍ വ്യാപാരം നടത്താന്‍ ഇറങ്ങുന്ന കമ്പനി മേധാവിയുടെ ബയോഗ്രഫി പേജിലും ഈ അവര്‍ഡിന്റെ കാര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഷഓമി പ്രതികരിച്ചിട്ടില്ല.

 

∙ ഇന്റര്‍നെറ്റ് സാമ്രാജ്യത്വം അനുവദിക്കില്ലെന്ന് ഇന്ത്യ 

 

ലോകത്തെ ഏതാനും ചില ടെക്‌നോളജി കമ്പനികള്‍ നടത്തിവരുന്ന ഇന്റര്‍നെറ്റ് സര്‍വാധിപത്യം സർക്കാർ അംഗീകരിക്കില്ലെന്ന് ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. അവര്‍ വിവിധ പ്രാദേശിക ആശയങ്ങളും, സംസ്‌കാരവും, പാരമ്പര്യവും, വികാരവും ഉള്‍ക്കൊണ്ടുവേണം പ്രവര്‍ത്തിക്കാനെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരം കമ്പനികള്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നെത്തിയിരിക്കുകയാണ്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ നിയമങ്ങള്‍ സംഭാഷണ സ്വാതന്ത്ര്യം ഇല്ലാതാക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അല്ലാതെ സർക്കാർ നിയമം ഉപയോഗിച്ച് കമ്പനികളെ നിയന്ത്രിക്കാന്‍ ഇറങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 

∙ മൈക്രോസോഫ്റ്റ് സെര്‍വറുകള്‍ക്കെതിരെ നടന്ന ആക്രമണം ഭയപ്പെടുത്തുന്നുവെന്ന് വൈറ്റ് ഹൗസ്

 

മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ വഴി അമേരിക്കയില്‍ നടത്തിയ സൈബർ ആക്രമണം ഭയപ്പെടുത്തുന്നുവെന്ന് വൈറ്റ്ഹൗസും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും പറഞ്ഞു. കമ്പനി അടിയന്തരമായി പാച്ചുകള്‍ അയച്ച് വിവരങ്ങള്‍ സുരക്ഷിതമാക്കുമെന്ന പ്രതീക്ഷയിലാണവര്‍. അമേരിക്കയിലെ 30,000 ലേറെ സ്ഥാപനങ്ങള്‍ക്കു നേരെയാണ് ഹാക്കിങ് നടന്നിരിക്കുന്നത്. തങ്ങള്‍ ഇതേക്കുറിച്ച് ഈ വര്‍ഷം ജനുവരിയില്‍ മാത്രമാണ് ബോധവാന്മാരായത് എന്നാണ് മൈക്രോസോഫ്റ്റ് പ്രതികരിച്ചത്.  

Google YouTube Ad Boycott

 

∙ ആപ്പിള്‍ ഐമാക് പ്രോ നിര്‍മാണം നിർത്തുന്നു

 

ലോകത്തെ ഏറ്റവും ശക്തിയേറിയ കണ്‍സ്യൂമര്‍ കംപ്യൂട്ടറുകളിലൊന്നായ ഐമാക് പ്രോയുടെ നിര്‍മാണം നിർത്തുന്നു. തങ്ങളുടെ ഈ കരുത്തന്‍ ഡെസ്‌ക്ടോപ്പ് ഇനി വിവിധ കടകളിലുള്ള സ്റ്റോക് മാത്രമായിരിക്കും വാങ്ങാന്‍ സാധിക്കുക എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ മാത്രമാണ് ഇത് നിര്‍മിച്ചു കിട്ടുക. ഏകദേശം 10.84 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇതിനൊപ്പം 21.5-ഇഞ്ച് വലുപ്പമുള്ള റെട്ടിനാ 4കെ മോണിട്ടറും വാങ്ങിയാല്‍ 1,19,900 രൂപ അധികമായി നല്‍കണം. ഇനി 27-ഇഞ്ച് മോണിട്ടറാണ് വേണ്ടതെങ്കില്‍ 1,69,900 രൂപയും നല്‍കണം. തങ്ങളുടെ പുതിയ എം1 ശ്രേണിയിലുള്ള പ്രോസസര്‍ ഉള്‍ക്കൊള്ളിച്ച് പുതിയ രീതിയില്‍ ഡെസ്‌ക്ടോപ് നിർമിക്കാനാണോ ഇന്റല്‍ കേന്ദ്രീകൃതമായ ഈ ശ്രേണി നിർത്തുന്നതെന്നും സംശയമുണ്ട്.

 

∙ 50,000 പ്രാദേശിക വില്‍പനക്കാര്‍ ആമസോണിനൊപ്പം

 

വിവിധ ഓണ്‍ലൈന്‍ ഷോപ്പുകള്‍ പ്രാദേശിക വില്‍പനക്കാരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. തങ്ങള്‍ക്കൊപ്പം രാജ്യത്തെ 450 നഗരങ്ങളിലായി മൊത്തം 50,000 ത്തോളം പ്രാദേശിക വില്‍പനക്കാര്‍ ചേര്‍ന്നു കഴിഞ്ഞതായി ആമസോണ്‍ അറിയിച്ചു. മെട്രോകളെ കൂടാതെ 2 ടയര്‍, 3 ടയര്‍ നഗരങ്ങളിലെ വില്‍പനക്കാരും ഇതില്‍പ്പെടും. എറണാകുളത്തെ ചില വ്യാപാരികളും തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി ആമസോണ്‍ പറഞ്ഞു.

 

∙ ക്ലബ്ഹൗസിന് മറ്റൊരു എതിരാളി കൂടി - ഫയര്‍സൈഡ്

 

പുതിയ വൈറല്‍ ആപ്പായ ക്ലബ്ഹൗസിന് ദിനംപ്രതിയെന്നോണം എതിരാളികള്‍ വര്‍ധിക്കുകയാണ്. അതിശക്തമായ എതിരാളിയായിരിക്കും ട്വിറ്ററിന്റെ പുതിയ സ്‌പെയ്‌സസ്. ഇത് ഇന്ത്യയില്‍ പോലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അടുത്ത തലമുറയിലെ പോഡ്കാസ്റ്റ് സേവനം എന്ന വിവരണവുമായി എത്തിയിരിക്കുന്ന ഫയര്‍സൈഡ് ആപ്പാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ ക്ലബ്ഹൗസിനെ എതിരിടാന്‍ എത്തിയിരിക്കുന്നത്. നിലവില്‍ ഇത് ഐഒഎസില്‍ ബീറ്റ ആയാണ് പ്രവര്‍ത്തിക്കുന്നത്.

 

∙ മ്യാന്‍മാറിലെ അഞ്ചു ടിവി ചാനലുകളെ യുട്യൂബില്‍ നിന്നു നീക്കി

 

മ്യാന്‍മാര്‍ സൈന്യത്തിന്റെ അഞ്ചു ടിവി ചാനലുകളെ യുട്യൂബ് വിലക്കി. ഈ ചാനലുകള്‍ക്ക് ഗൂഗിളിന്റെ കീഴിലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യുട്യൂബിലുണ്ടായിരുന്ന നിരവധി വിഡിയോകളും കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് പാലിക്കുന്നില്ലെന്നു പറഞ്ഞ് നീക്കംചെയ്തു.

 

English Summary: US blacklisted China’s Xiaomi because of award given to its founder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com