ADVERTISEMENT

പുതിയ ഐഫോൺ വാങ്ങുമ്പോൾ ഇനി ചാര്‍ജര്‍ നല്‍കില്ലെന്നാണ് ആപ്പിള്‍ ഉപയോക്താക്കളെ അറിയിച്ചത്. വിലയേറിയ ഉപകരണമായ ഐഫോണിനൊപ്പം ചാര്‍ജര്‍ പോലും നല്‍കാത്ത ആപ്പിളിന്റെ പിശുക്ക് ചര്‍ച്ചാവിഷയമാകുകയും ചെയ്തു. എന്നാല്‍, എന്തുകൊണ്ടാണ് ചാര്‍ജിങ് അഡാപാറ്ററുകളും ഇയര്‍പോഡുകളും ഐഫോണിനൊപ്പം നല്‍കുന്നത് നിർത്തിയത് എന്നതിന്  ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് കമ്പനി. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇത് സ്ഥാപിക്കാനായി ചില കണക്കുകളും കമ്പനി പുറത്തുവിട്ടിരിക്കുന്നു. 

 

എയര്‍പോഡുകളും ചാര്‍ജിങ് അഡാപ്റ്ററുകളും നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, ചെമ്പ്, ടിന്‍, സിങ്ക് തുടങ്ങിയ വസ്തുക്കള്‍ ആവശ്യമാണ്. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകളും മറ്റും നല്‍കാതിരിക്കുക വഴി തങ്ങള്‍ 8.61 ലക്ഷം ടണ്‍ ചെമ്പ്, സിങ്ക് എന്നീ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിച്ചു എന്നാണ് ആപ്പിളിന്റെ പുതിയ പാരിസ്ഥിതിക പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാര്‍ജര്‍ ഒപ്പം നല്‍കാതിരിക്കുക വഴി ഐഫോണ്‍ വില്‍ക്കുന്ന ബോക്സിന്റെ വലുപ്പം കുറയ്ക്കാനായെന്നും കമ്പനി പറയുന്നു. ചാര്‍ജിങ് അഡാപ്റ്ററുകള്‍ നല്‍കാതിരിക്കാനുള്ള തീരുമാനം ധീരമായിരുന്നുവെന്നും അത് നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിനു വേണ്ട നടപടികളിലൊന്നായിരുന്നു എന്നും പറഞ്ഞ് ആപ്പിള്‍ സ്വയം അനുമോദിക്കുന്നുമുണ്ട് റിപ്പോര്‍ട്ടില്‍. 

 

ഐഫോണുകള്‍ക്കും ആപ്പിള്‍ വാച്ചിനുമൊപ്പം ചാര്‍ജറുകള്‍ നല്‍കാതിരിക്കുക വഴി ചെമ്പ്, ടിന്‍, സിങ്ക് തുടങ്ങി വസ്തുക്കള്‍ ഭീമമായ അളവില്‍ ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത് ഒഴിവാക്കാനായെന്നും കമ്പനി പറയുന്നു. ഖനന പ്രക്രിയ വഴി കുഴിച്ചെടുക്കുന്ന വസ്തുക്കൾ സംസ്‌കരിച്ചെടുക്കുമ്പോഴും, അവ വാഹനങ്ങള്‍ വഴി മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുമ്പോഴും ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കാനായെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

 

ആപ്പിളിന്റെ 2019ലെ കാര്‍ബണ്‍ പുറംതള്ളല്‍ 25.1 ദശലക്ഷം ടണ്‍ ആയിരുന്നുവെന്നും അത് 2020ല്‍ 22.6 ദശലക്ഷം ടണ്‍ ആയി കുറച്ചുവെന്നും കമ്പനി വാദിക്കുന്നുണ്ട്. സ്വന്തം എം1 ചിപ്പ് മാക് കംപ്യൂട്ടറുകള്‍ക്കായി നിര്‍മിക്കുക വഴി തങ്ങളുടെ മൊത്തം കാര്‍ബണ്‍ ഫുട്പ്രിന്റ് 34 ശതമാനം കുറയ്ക്കാനായെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം, ഐഫോണുകളും മറ്റു ഡിവൈസുകളും ചാർജ് ചെയ്യാനായി മറ്റേതെങ്കിലും കമ്പനി നിർമിക്കുന്ന ചാര്‍ജറുകള്‍ വാങ്ങേണ്ടി വരില്ലെ എന്നും, അത് പാരിസ്ഥിതിക്ക് പ്രശ്നമാകില്ലേ എന്നുമാണ് ആപ്പിൾ വിമര്‍ശകര്‍ ചോദിക്കുന്നത്. ആപ്പിളിനെപ്പോലെ താരതമ്യേന ഉത്തരവാദിത്വമുണ്ടെന്ന് ഭാവിക്കുന്ന കമ്പനി ചാര്‍ജര്‍ നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അതായിരിക്കില്ലെ ഏതെങ്കിലും കമ്പനി ചാര്‍ജര്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഭേദമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഐഫോണിനെ സ്വയം ചാര്‍ജാകുന്ന വിദ്യ ആപ്പിള്‍ പഠിപ്പിച്ചു വിടുന്നതു വരെ ആരെങ്കിലും നിർമിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ചേ മതിയാകൂ എങ്കില്‍ പിന്നെ എന്തിനാണ് ഈ വാചകക്കസര്‍ത്ത് എന്നും അവര്‍ ചോദിക്കുന്നു. ചാര്‍ജര്‍ നിര്‍മാണം മറ്റാരുടെയെങ്കിലും തലയില്‍കെട്ടിവച്ച് കാര്‍ബണ്‍ എമിഷന്‍ കുറച്ചുവെന്നു കാണിക്കുന്നത് കമ്പനിക്കു നല്ലതായിരിക്കും. പക്ഷേ, അതുകൊണ്ട് പരിസ്ഥിതിക്ക് ഗുണമുണ്ടാകുന്നു എന്നു പറയുന്നതില്‍ എന്തര്‍ഥമിരിക്കുന്നു എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

 

∙ പുസ്തക ദിനത്തില്‍ ആമസോണില്‍ 10 ഇബുക്‌സ് ഫ്രീ!

 

ഏപ്രില്‍ 23ന് നടക്കുന്ന ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി ആമസോണ്‍ 10 ഇബുക്കുകള്‍ ഫ്രീയായി നല്‍കുന്നു. ആമസോണ്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിനു പണം നല്‍കേണ്ടതില്ല. അക്കൗണ്ടുള്ള ആര്‍ക്കും ഈ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആമസോണിന്റെ കിന്‍ഡിൽ ഇബുക്ക് റീഡര്‍ ആയിരിക്കും ഇവ വായിക്കാന്‍ ഏറ്റവും ഉചിതമെങ്കിലും കിന്‍ഡിൽ ഇല്ലാത്തവർക്കും വായിക്കാം. സ്മാര്‍ട് ഫോണ്‍, ടാബ് എന്നിവയിലും ഇവ വായിക്കാന്‍ സാധിക്കും. ഫോണിലേക്കും മറ്റും ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ തുടങ്ങിയവയില്‍ നിന്ന് ആമസോണിന്റെ കിന്‍ഡിൽ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. ഇതിന് പ്രൈം മെംബര്‍ഷിപ് ആവശ്യമില്ല. ഇപ്പോള്‍ കിന്‍ഡിൽ ഇല്ല, എന്നാല്‍ ആമസോണ്‍ ഫ്രീയായി നല്‍കുന്ന പുസ്തകങ്ങള്‍ ഇഷ്ടമായെങ്കില്‍ അവര്‍ക്കും പുസ്തകങ്ങള്‍ സ്വന്തമാക്കി തന്റെ അക്കൗണ്ടില്‍ സൂക്ഷിക്കാം. തുടര്‍ന്ന് കിന്‍ഡിൽ വാങ്ങുന്ന സമയത്ത് ആമസോണ്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്താല്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പുസ്തകങ്ങള്‍ അവിടെയുണ്ടാകും.

 

അതുപോലെ, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ മാസവും ഒരു ഇബുക്ക് വീതം ഫ്രീയായി നല്‍കുന്ന രീതിയും ആമസോണ്‍ തുടരുന്നുണ്ട്. പുസ്തക വായന ഇഷ്ടമുള്ള പ്രൈം മെമ്പര്‍മാര്‍ നിശ്ചയമായും അതും പരിഗണിക്കണം. ഈ പത്തു പുസ്തകങ്ങള്‍ കൂടാതെയും ആമസോണില്‍ ഫ്രീ ഇബുക്കുകള്‍ ഉണ്ട്. കിന്‍ഡിൽ അല്ലെങ്കില്‍ കിന്‍ഡിൽ ആപ്പ് ഉപയോഗിക്കുന്ന, പുസ്തക വായന ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അതും പ്രയോജനപ്പെടുത്താം. ലോകമെമ്പാടും നിന്നുള്ള പത്ത് കിന്‍ഡിൽ പുസ്തകങ്ങള്‍ ഫ്രീയായി ലോക പുസ്തക ദിനത്തില്‍ വായിക്കൂ എന്നു പറഞ്ഞാണ് ആമസോണിന്റെ ഓഫര്‍. ലോകമെമ്പാടം നിന്ന്- കൃത്യമായി പറഞ്ഞാല്‍ പത്തു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് - ഇംഗ്ലിഷിലേക്ക് തര്‍ജമ ചെയ്ത പുസ്തകങ്ങളാണ് ഫ്രീയായി നല്‍കുന്നത്. ഓര്‍ക്കുക, ഏപ്രില്‍ 24ന് ഓഫര്‍ അവസാനിക്കും. താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിച്ച് ഫ്രീ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. https://amzn.to/3v4l8YG.

 

മുകളില്‍ കൊടുത്തിരിക്കുന്നത് ആമസോണ്‍.കോമിലേക്കുള്ള ലിങ്ക് ആണ്. ആമസോണ്‍ ഇന്ത്യയില്‍ ഈ പ്രത്യേക പേജ് കാണാന്‍ സാധിച്ചില്ല. സൈന്‍-ഇന്‍ ചെയ്തുകഴിഞ്ഞാല്‍ ഡൗണ്‍ലോഡിങ്ങിന് പ്രശ്‌നം വരേണ്ടതല്ല. അതേസമയം, എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ പുസ്തകങ്ങളുടെ പേരുകള്‍ കോപ്പി ചെയ്ത് ആമസോണ്‍.ഇന്‍ ല്‍ സേര്‍ച്ച് ചെയ്താലും ലഭിക്കും. ഇതാ ആമസോണ്‍.ഇന്‍ ല്‍ ആദ്യ പുസ്തകത്തിന്റെ പേജിലേക്ക് നേരിട്ടുള്ള ലിങ്ക്: https://amzn.to/32okFob

 

∙ ഫെയ്‌സ്ബുക്കിൽ നിന്ന് വാട്‌സാപ്പിലേക്ക് സന്ദേശം അയയ്ക്കാനാകുന്ന കാലം വരുന്നു

 

തങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തുമോ എന്ന സംശയത്താല്‍ ഫെയ്‌സ്ബുക് വാങ്ങിക്കൂട്ടിയ കമ്പനികളാണ് വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും. ഇവയെ മൂന്നു കമ്പനികളാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാദങ്ങൾ അമേരിക്കയില്‍ നടക്കുന്നുമുണ്ട്. ഇതിനുള്ള ചെറിയൊരു സാധ്യതയെങ്കിലും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍, അതിനു മുൻപ് ഈ മൂന്നു സേവനങ്ങളും ഉപയോഗിക്കുന്നവരെയെല്ലാം ഒരുമിച്ചു കൊണ്ടുവരിക എന്നൊരു സ്വപ്‌നം കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനുണ്ട്. ഡേറ്റ ഒരുമിപ്പിക്കലാകാം കമ്പനിയുടെ ലക്ഷ്യമെന്ന് ആരോപണമുണ്ട്. എന്തായാലും, ഫെയ്സ്ബുക്-ഇന്‍സ്റ്റഗ്രാം ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ് സാധ്യമാക്കി കഴിഞ്ഞു. എന്നാല്‍, വാട്‌സാപ്-ഫെയ്‌സ്ബുക് സന്ദേശമയക്കല്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഒരു ഉപയോക്താവ് ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്.

 

∙ രഹസ്യം മോഷ്ടിച്ചു എന്നാരോപിക്കപ്പെട്ട ഉദ്യോഗസ്ഥനും ടെസ്‌ലയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്തു

 

ഇലക്ട്രിക് വാഹന നിര്‍മാതാവ് ടെസ്‌ലയുടെ രഹസ്യങ്ങള്‍ ഒരു എൻജിനീയര്‍ മോഷ്ടിച്ചുവെന്നു പറഞ്ഞ് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്നെ രംഗത്തെത്തിയിരുന്നു. കമ്പനിയുടെ ഓട്ടോപൈലറ്റ് സോഴ്‌സ് കോഡ് കടത്തി എന്നും മറ്റുമായിരുന്നു ആരോപണം. തന്റെ ഐക്ലൗഡ് അക്കൗണ്ടിലേക്ക് ചില വിവരങ്ങള്‍ കോപ്പി ചെയ്തതായി ആരോപണ വിധേയനായ കാവോ ഗുവാന്‍ഗ്‌സി സമ്മതിക്കുകയും ചെയ്തു. ഈ കേസാണ് ഇപ്പോള്‍ തീര്‍പ്പാക്കിയിരിക്കുന്നത്.

 

English Summary: Wonder why Apple stopped giving chargers with iPhones? Here's the reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com