ADVERTISEMENT

കോട്ടയം ∙ 4ജി വേണ്ട. 5ജിയിലേക്ക് കടക്കാനുള്ള ആലോചനയിൽ ബിഎസ്എൻഎൽ. 5ജി സംവിധാനത്തിലേക്ക് കടക്കാനുള്ള നടപടികളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം കമ്പനികള്‍ നടപടികൾ തുടങ്ങിയതോടെയാണ് 4ജി മാറ്റം ഉപേക്ഷിച്ച് 5ജിയിലേക്ക് എത്താനുള്ള ശ്രമം ബിഎസ്എൻഎല്ലും ആലോചിക്കുന്നത്. 4ജി യിലേക്ക് നിലവിലെ സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ വലിയ ചെലവാണു പ്രതീക്ഷിക്കുന്നത്. സ്പെക്ട്രം ലഭിക്കുന്നതിലും തുടർന്ന് 4ജിയിലേക്ക് ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലും വന്ന കാലതാമസം മൂലം ഏതാണ്ട് 5 വർഷത്തോളം ബിഎസ്എൻഎല്ലിനു നഷ്ടപ്പെട്ടു. ഇനിയും വലിയ തുക മുടക്കി 4ജി സ്ഥാപിക്കുമ്പോഴേക്കും മറ്റ് നെറ്റ്‌വർക്കുകൾ കൂടുതൽ വേഗത്തിൽ ഇന്റർനെറ്റ് സേവനം നൽകുമെന്നും അതിനാൽ 5ജിയിലേക്ക് നേരിട്ട് കടക്കണമെന്നുമാണ് ബിഎസ്എൻഎല്ലിന്റെ നിർദേശം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുമതി ആവശ്യമാണ്. അടുത്ത വർഷം 5ജി റോൾ ഔട്ടിനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ മുൻനിര കമ്പനികൾ. 

 

∙ 2016ൽത്തന്നെ നടപടി

 

5ജി നെറ്റ്‌വർക്കിലേക്ക് കടക്കാനുള്ള പ്രാരംഭ നടപടികൾ 2016ൽത്തന്നെ ബിഎസ്എൻഎൽ ആരംഭിച്ചിരുന്നു. 5ജി ഉപകരണങ്ങൾക്കായി നോക്കിയയുമായി ചർച്ചകളും ബിഎസ്എൻഎൽ നടത്തിയിരുന്നു. അന്നത്തെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ ഇതു സംബന്ധിച്ച ചർച്ചകൾ മുന്നോട്ടു കൊണ്ടുപോയിരുന്നു. 5ജി സ്പെക്ട്രം ലേലത്തിൽ അല്ലാതെ ഭരണ പരമായ നടപടികളിലൂടെ ബിഎസ്എൻഎല്ലിനു നേടിയെടുക്കാം. കേന്ദ്രസർക്കാര്‍ 4ജി സ്പെക്ട്രവും ഇതുപോലെയാണ് അനുവദിച്ചത്. എന്നാൽ അത് ഉപയോഗിക്കാൻ ഇതു വരെ സാധിച്ചില്ല. 

 

∙ തദ്ദേശം തളർത്തിയ നാലാം തലമുറ

 

5 വർഷം മുന്‍പ് എങ്കിലും 4ജി രാജ്യവ്യാപകമായി നൽകാമായിരുന്നു എന്നാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ തന്നെ അഭിപ്രായം. ആദ്യം സാമ്പത്തിക പ്രതിസന്ധിയിലും പിന്നീട് ഭരണ പ്രതിസന്ധിയിലും 4ജി മുന്നോട്ട് ഓടിയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച രക്ഷാപാക്കേജിലെ പ്രധാന നിർദേശം 4ജി നെറ്റ്‌വർക്ക് രാജ്യവ്യാപകമായി അവതരിപ്പിക്കുമെന്നാണ്. എന്നാൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലുള്ള മെല്ലപ്പോക്ക് 4ജി സേവനം രാജ്യവ്യാപകമാക്കുന്നതിൽ നിന്ന് പിന്നോട്ടടിച്ചു. ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്രസർക്കാർ ആദ്യം നൽകിയതോടെ നടപടികളുടെ വേഗം കുറഞ്ഞു. പിന്നാലെ ലോകത്തെ വമ്പൻ കമ്പനികളെ ഒഴിവാക്കി തദ്ദേശ കമ്പനികളെ ഉൾപ്പെടുത്തി 4ജി ഉപകരണങ്ങൾക്കുള്ള ടെൻഡർ നടപടികളിലേക്ക് കടക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമെത്തി. ഇതോടെ 4ജി ഉപകരണങ്ങളിലേക്കുള്ള അപ്ഗ്രഡേഷൻ പൂർണമായും നിലച്ചു. ഇപ്പോഴും 4ജി ഉപകരണങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതു സംബന്ധിച്ച് അന്തിമ നടപടികൾ ആയിട്ടില്ല. 

 

∙ 5ജി പ്രതീക്ഷിച്ച് രാജ്യം

 

5 ജി ഇന്ത്യയിൽ അവതരിപ്പിച്ചാൽ ആദ്യ വർഷം തന്നെ 4 കോടി സ്മാർട് ഫോൺ  ഉപയോക്താക്കൾക്ക് പുതിയ നെറ്റ്‌വർക്ക്  എത്തുമെന്നാണ്  ഉപയോഗിക്കാനാകുമെന്നാണ് എറിക്സൺ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഇതിനായി ഉയർന്ന തുക മുടക്കാനും ഉപയോക്താക്കൾ തയ്യാറെന്നും പഠത്തിലുണ്ട്. 50 ശതമാനം കൂടുതൽ തുക നൽകാൻ ഉപയോക്താക്കൾ തയ്യാറെന്നാണ് പഠനം.

 

English Summary: BSNL to get spectrum for 5G services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com