ADVERTISEMENT

സമൂഹമാധ്യമ ഭീമന്‍ ഫെയ്‌സ്ബുക് ആദ്യ സ്മാര്‍ട് വാച്ച് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പ്രീമിയം സ്മാര്‍ട് വാച്ച് നിര്‍മാണ മേഖലയില്‍ എതിരില്ലാതെ കുതിക്കുന്ന ആപ്പിളിനെ തളയ്ക്കുക എന്നതും കമ്പനിയുടെ ലക്ഷ്യമായിരിക്കും. വാച്ചില്‍ രണ്ടു ക്യാമറകള്‍ ഉണ്ടായിരിക്കുമെന്നും, രണ്ടാം ക്യാമറ ഇളക്കിയെടുക്കാവുന്നത് ആയിരിക്കുമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാമറകളില്‍ എടുക്കുന്ന ഫോട്ടോകളും വിഡിയോയും നേരിട്ട് ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റഗ്രാം പോലെയുള്ള ആപ്പുകള്‍ വഴി തല്‍ക്ഷണം ഷെയർ ചെയ്യാനും സാധിച്ചേക്കും. ഒരു ക്യാമറ വിഡിയോ കോളിങ്ങിനു മാത്രമായി നിലനിര്‍ത്തിയേക്കുമെന്നും, രണ്ടാമത്തെ ക്യാമറയ്ക്ക് ഫുള്‍എച്ഡി അഥവാ 1080പി റെസലൂഷനുള്ള വിഡിയോ റെക്കോഡ് ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ക്യാമറ ഹബ് ഘടിപ്പിക്കാവുന്ന അക്‌സസറികളുടെ നിര്‍മാണത്തെക്കുറിച്ചും ഫെയ്‌സ്ബുക് ചിന്തിച്ചുവരികയാണ്.

 

വാച്ചിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഗൂഗിളിന്റെ അപ്‌ഡേറ്റു ചെയ്ത വെയര്‍ഒഎസ് ആയിരിക്കും. ഫെയ്‌സ്ബുക് ആദ്യ സ്മാര്‍ട് വാച്ചിന്റെ നിര്‍മാണം നടത്തിവരികയാണെന്ന് 'ദി ഇന്‍ഫര്‍മേഷന്‍' നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരോഗ്യ കാര്യങ്ങള്‍ക്കും, മെസേജിങ് സംവിധാനത്തിനുമായിരിക്കും വാച്ചില്‍ പ്രാധാന്യം നല്‍കുക എന്നായിരുന്നു. ഇപ്പോള്‍ 'ദി വേര്‍ജ്' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ ടെലികോം സേവനദാതാക്കളുമായി വാച്ചിലെ എല്‍ടിഇ വഴി കോളിങ് സാധ്യമാക്കുന്ന കാര്യത്തെക്കുറിച്ച് കമ്പനി ചര്‍ച്ച ചെയ്തുവരികയാണ്. വാച്ചില്‍ ഉള്‍പ്പെടുന്ന ക്യാമറയും മറ്റും കടുത്ത സ്വകാര്യതാ പ്രശ്‌നം സൃഷ്ടിക്കുമോ എന്ന ആശങ്കയും റിപ്പോര്‍ട്ടര്‍മാര്‍ പങ്കുവയ്ക്കുന്നു. 2015ല്‍ ഇറക്കിയ ഗൂഗിള്‍ ഗ്ലാസ് എന്ന സ്മാര്‍ട് കണ്ണടയ്ക്ക് ക്യാമറയുണ്ടായിരുന്നു. അത് റെക്കോഡു ചെയ്യുമ്പോള്‍ ലൈറ്റു കത്തുക പോലെയുള്ള ഇന്‍ഡിക്കേറ്ററുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ ആളുകള്‍ കയറി വരുമ്പോള്‍ മറ്റുള്ളവര്‍ ഇക്കാരണത്താല്‍ തന്നെ അസ്വസ്ഥരായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം, ഫെയ്‌സ്ബുക് ഈ വാച്ചിന്റെ നിര്‍മാണത്തില്‍നിന്നു പിന്തിരിയുന്ന പ്രശ്‌നമില്ലെന്നും പറയുന്നു. അവര്‍ ഇറക്കാനൊരുങ്ങുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളില്‍ ഒന്നായിരിക്കും വാച്ച് എന്നു വാദിക്കുന്നവരും ഉണ്ട്.

 

∙ ഉളളടക്കം നീക്കംചെയ്തില്ല, ഫെയ്‌സ്ബുക്കിനും ടെലഗ്രാമിനും പിഴയിട്ട് റഷ്യ

 

സർക്കാർ ആവശ്യപ്പെട്ട ഉളളടക്കം എടുത്തു നീക്കിയില്ലെന്ന കാരണത്താല്‍ ഫെയ്‌സ്ബുക്കിനും ടെലഗ്രാമിനും പിഴയിട്ടിരിക്കുകയാണ് റഷ്യ. സമൂഹ മാധ്യമങ്ങളെ ഏതുവിധേനയും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പറയുന്നത്. ഫെയ്‌സ്ബുക്കിന് ഏകദേശം 2,36,000 ഡോളറും (17 ദശലക്ഷം റൂബിള്‍), ടെലഗ്രാമിന് 1,39,000 ഡോളറും (10 ദശലക്ഷം റൂബിള്‍) ആണ് പിഴചുമത്തിയിരിക്കുന്നത്. ഈ രണ്ടു കമ്പനികള്‍ക്കും ഇത് രണ്ടാമത്തെ തവണയാണ് പിഴ ലഭിക്കുന്നത്. ഫെയ്‌സ്ബുക്കിന് നേരത്തെ 362,000 ഡോളര്‍ പിഴയിട്ടിരുന്നുവെങ്കില്‍ ടെലഗ്രാമിന് 69,000 ഡോളറായിരുന്നു പിഴ. ഈ വര്‍ഷം ആദ്യം മുതല്‍ മറ്റൊരു സമൂഹ മാധ്യമ ആപ്പായ ട്വിറ്ററിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും ചെയ്തിരുന്നു.

 

∙ ആമസോണിന് യൂറോപ്യന്‍ യൂണിയന്‍ 425 ദശലക്ഷം ഡോളര്‍ പിഴയിട്ടേക്കും

 

യൂറോപ്യന്‍ യൂണിയന്റെ പുതിയ സ്വകാര്യതാ നിയമം ഉപയോഗിച്ച് ആമസോണിന് 425 ദശലക്ഷം ഡോളര്‍ പിഴയിടാന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന് ദി വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനി സൂക്ഷിക്കുന്നുവെന്നും ഇത് യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് പറയുന്നത്. സ്വകാര്യ ഡേറ്റ ശേഖരിക്കണമെങ്കില്‍ ഉപയോക്താവിന്, തന്നോട് എന്താണ് ആവശ്യപ്പെടുന്നത് എന്നു വ്യക്തമാക്കുന്ന രീതിയില്‍ വെളിപ്പെടുത്തി, സമ്മതം വാങ്ങിയിട്ടു വേണം എടുക്കാന്‍ എന്നു വ്യവസ്ഥയുണ്ട്. ഇത് ആമസോണ്‍ ലംഘിച്ചു എന്നാണ് കേസ്.

Flipkart-sale

 

∙ വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി അവതരിപ്പിച്ചു

 

തങ്ങളുടെ ഇടത്തരം മേന്മയുള്ള ഫോണ്‍ സീരീസായ നോര്‍ഡിന് പുതിയ പതിപ്പ് ഇറക്കിയിരിക്കുകയാണ് വണ്‍പ്ലസ്. വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ തുടക്ക വേരിയന്റിന്റെ (6ജിബി+128ജിബി) വില 22,999 രൂപയായിരിക്കും. അടുത്ത വേരിയന്റിന് (8ജിബി+128ജിബി) 24,999 രൂപയും, ഏറ്റവും മികച്ച മോഡലിന് (12ജിബി+256ജിബി) 27,999 രൂപയുമായിരിക്കും വില. ഇവ ആമസോണ്‍ വഴിയായിരിക്കും വില്‍പന. ജൂണ്‍ 16ന് ആയിരിക്കും വില്‍പന തുടങ്ങുക. വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജിയുടെ സ്‌ക്രീനിന് 6.43-ഇഞ്ചാണ് വലുപ്പം. ഫുള്‍എച്ഡിപ്ലസ് റെസലൂഷനും, 90ഹെട്‌സ് റിഫ്രഷ് റേറ്റുമാണ്. നന്നെ സ്ലിം ആയാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. 170 ഗ്രാം ആണ് ഭാരം. വണ്‍പ്ലസ് 6ടിയ്ക്കു ശേഷം ഇതാദ്യമായാണ് വണ്‍പ്ലസ് ഇത്ര സ്ലീക്കായ ഫോണുമായി എത്തുന്നത്.

 

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 750ജിയാണ് പ്രോസസര്‍. അഡ്രെനോ 619 ജിപിയുവും ഉണ്ട്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് വണ്‍പ്ലസ് ഘടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാന ക്യാമറയ്ക്ക് 64എംപി റെസലൂഷനാണ്. ഈ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍ 4ഇന്‍1 പിക്‌സല്‍ ബിനിങ് നടത്തുന്നു. ക്യാമറയ്ക്ക് ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ മാത്രമെയുള്ളു. 8എംപി അള്‍ട്രാവൈഡ്, 2എംപി ബ്ലാക് ആന്‍ഡ് വൈറ്റ് എന്നിവയാണ് പിന്നില്‍ അണിനിരത്തിയിരിക്കുന്ന മറ്റു ക്യാമറകള്‍. സെല്‍ഫി ക്യാമറയ്ക്ക് 16എംപിയാണ് റെസലൂഷന്‍. ഇതിന് നൈറ്റ്‌സ്‌കെയ്പ്, അള്‍ട്രാഷോട്ട് എച്ഡിആര്‍, പ്രോ മോഡ് തുടങ്ങി പല ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. 4500എംഎഎച് ആണ് ബാറ്ററി. 30w ക്വിക് ചാര്‍ജിങും ഉണ്ട്. ഇത്തരം ചാര്‍ജര്‍ വഴി 30 മിനിറ്റിനുള്ളില്‍ 0-70 ശതമാനം ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ ഡിസ്‌പ്ലെയില്‍ തന്നെയാണ്. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ട്. ആന്‍ഡ്രോയിഡ് 11 കേന്ദ്രീകരിച്ചുള്ള ഓക്‌സിജന്‍ ഒഎസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അടുത്ത രണ്ടു വര്‍ഷത്തേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

 

∙ വണ്‍പ്ലസ് ടിവി യു1എസ്

 

വണ്‍പ്ലസിന്റെ പുതിയ യു1എസ് ടിവിയും അവതരിപ്പിച്ചു. എച്ഡിആര്‍10 പ്ലസ് അടക്കമുള്ള നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ചിരിക്കുന്ന ഈ സ്മാര്‍ട് ടിവി ശ്രേണിയുടെ തുടക്ക വേരിയന്റിന് 39,999 രൂപയായിരിക്കും വില. ഗൂഗിള്‍ അസിസ്റ്റന്റ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ വോയിസ് കമാന്‍ഡ് ഉപയോഗിച്ചും ടിവി നിയന്ത്രിക്കാം. 

 

∙ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ്‌സ് ഡെയ്‌സ് വില്‍പന ജൂണ്‍ 13 മുതല്‍

 

ഫ്‌ളിപ്കാര്‍ട്ടിന്റെ അടുത്ത സെയില്‍ ഈ മാസം 13ന് തുടങ്ങും. ബിഗ് സേവിങ് ഡെയ്‌സ് സെയില്‍ എന്നു പേരിട്ടിരിക്കുന്ന ഇതില്‍ സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വെയറബിൾസ്, ഡെസ്‌ക്ടോപ് കംപ്യൂട്ടറുകള്‍ തുടങ്ങി പലതിനും ഡിസ്‌കൗണ്ട് നല്‍കും. മോട്ടറോളാ, ഗൂഗിള്‍, ആപ്പിള്‍, സാംസങ്, അസൂസ്, റിയല്‍മി, പോക്കോ, തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കും. ശനിയാഴ്ച രാത്രി 12നായിരിക്കും സെയിലിനു തുടക്കമാകുക. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ നേരത്തെ സെയില്‍ ഓഫറുകള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 

 

English Summary: Facebook’s idea of 2 cameras on a watch gives me the creeps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com