ADVERTISEMENT

അടുത്ത കോവിഡ് തരംഗം ചിപ്പ് പ്രതിസന്ധി രൂക്ഷമാക്കിയേക്കാമെന്ന് റിപ്പോർട്ട്. ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന പ്രോസസര്‍ നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ അടുത്ത കോവിഡ് തരംഗം കൂടുതൽ വഷളാക്കിയേക്കാം. സ്മാര്‍ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ മുതല്‍ ഇലക്ട്രിക് കാറുകള്‍ വരെ ചിപ്പുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ആഗോള ചിപ്പ് നിര്‍മാണത്തിന്റെ ഭൂരിഭാഗവും നടക്കുന്ന ഏഷ്യയില്‍ വാക്‌സീനേഷൻ തുടക്കഘട്ടത്തിലാണ് എന്നതാണ് കോവിഡ് തരംഗം പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്ന വാദമുയര്‍ന്നിരിക്കുന്നത്. അതേസമയം, ലോകത്തിന്റെ നിര്‍മാണ ഫാക്ടറികളായി അറിയപ്പെടുന്ന ചൈന, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെയുള്ള കോവിഡ് തരംഗങ്ങളെ അമേരിക്കയേക്കാളും, യൂറോപ്പിനെക്കാളും സമര്‍ഥമായി നേരിട്ടുവെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.

 

തയ്‌വാനില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ചിപ്പ് നിര്‍മാണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് തയ്‌വാന്‍. രാജ്യത്തുണ്ടായിരിക്കുന്ന 411 കോവിഡ് മരണങ്ങളിലേറെയും ഇപ്പോഴത്തെ തരംഗം വഴി സംഭവിച്ചതാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന, ലോകത്തെ ഏറ്റവും വലിയ ചിപ്പ് ടെസ്റ്റിങ്, പാക്കിങ് കമ്പനികളിലൊന്നായ കിങ് യുവാന്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ 200 ലേറെ ജോലിക്കാര്‍ ഇപ്പോള്‍ കോവിഡ് പോസിറ്റീവാണ്. ഇതു കൂടാതെ 2,000 ലേറെ ജോലിക്കാർ ക്വാറന്റീനിലുമാണ്. ഇതുമൂലം കമ്പനിയുടെ ഈ മാസത്തെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞെന്ന് ദി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ആപ്പിളിനും ക്വാല്‍കമിനും അടക്കം ചിപ്പ് നിര്‍മിച്ചു നല്‍കുന്ന ടിഎസ്എംസി പറയുന്നത് തങ്ങള്‍ക്ക് ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില്ലെന്നാണ്. ടിഎസ്എംസിക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ അത് ഐഫോണുകളുടെയും മിക്കവാറും എല്ലാ പ്രധാനപ്പെട്ട ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളെയും ബാധിക്കും. ചിപ്പ് പ്രതിസന്ധി 2021ല്‍ ഉടനീളം ഉണ്ടാകുമെന്നും 2022ല്‍ മാത്രമായിരിക്കും കരകയറുക എന്നുമാണ് ഗാര്‍ട്ണര്‍ റിപ്പോര്‍ട്ട്. അതേസമയം, മറ്റൊരു പ്രധാന ചിപ്പ് നിര്‍മാണ രാജ്യമായ മലേഷ്യയിലും കോവിഡ് വ്യാപിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

 

∙ ആഗോള സ്മാര്‍ട് ഫോണ്‍ വിപണി 12 ശതമാനം വളർച്ച രേഖപ്പെടുത്തിയേക്കും

 

ചിപ്പ് പ്രതിസന്ധിക്കിടയിലും 2021ല്‍ സ്മാര്‍ട് ഫോണ്‍ വിപണി 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് കനാലിസിസ് കമ്പനി. ഓരോ ബ്രാന്‍ഡും പ്രോസസറിനു വേണ്ടി പിടിവലി കൂടുന്ന ഈ ഘട്ടത്തിലും സ്മാര്‍ട് ഫോണ്‍ വ്യവസായം വളര്‍ച്ച കാണിക്കുമെന്നാണ് അവരുടെ പ്രവചനം. ഈ വര്‍ഷം 140 കോടി സ്മാര്‍ട് ഫോണുകളുടെ വില്‍പന നടക്കുമെന്നാണ് അവര്‍ പറയുന്നത്.

 

∙ ഫ്‌ളിപ്കാര്‍ട്ടിന് 300 കോടിയുടെ നിക്ഷേപം ലഭിച്ചേക്കും

 

telegram

അബുദാബിയിലെ സോവറീൻ വെൽത്ത് ഫണ്ടായ എഡിക്യൂ (ADQ) ഫ്‌ളിപ്കാര്‍ട്ടില്‍ 400-500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം 35-40 ബില്ല്യന്‍ ഡോളറായി ഉയരും. നിക്ഷേപ കാര്യത്തില്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്, അടുത്ത ആഴ്ചകളില്‍ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഫ്‌ളിപ്കാര്‍ട്ട് ഏകദേശം 300 കോടി ഡോളറിന്റെ പുതിയ നിക്ഷേപം സമാഹരിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പടക്കമായിരിക്കും നിക്ഷേപങ്ങള്‍ നടത്തുക.

 

∙ മസ്‌ക് മലക്കംമറിഞ്ഞപ്പോള്‍ ബിറ്റ്‌കോയിന്‍ വില വീണ്ടും ഉയര്‍ന്നു

 

ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയായ ഇലോണ്‍ മസ്‌ക് ട്വീറ്റ് വഴി വീണ്ടും ബിറ്റ്‌കോയിന്‍ വില വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് കാരണം കഴിഞ്ഞ തവണ വില താഴ്ന്നപ്പോള്‍ ക്രിപ്‌റ്റോകറന്‍സി വിലയുടെ ചാഞ്ചാട്ടത്തിനു പിന്നില്‍ മസ്‌കാണെന്നും അദ്ദേഹത്തെ ആക്രമിക്കുമെന്നും പേരുവെളിപ്പെടുത്താത്ത ഹാക്കര്‍ ഗ്രൂപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. ക്രിപ്‌റ്റോകറന്‍സി ഖനനത്തിന് കൂടുതല്‍ ക്ലീന്‍ ഊര്‍ജ്ജം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ടെസ്‌ല ക്രിപ്‌റ്റോകറന്‍സി സ്വീകരിച്ചു തുടങ്ങുമെന്ന പുതിയ ട്വീറ്റ് വന്നതിനു ശേഷമാണ് ബിറ്റ്‌കോയിന്റെ വില 39,000 നു മുകളിലേക്ക് ഉയര്‍ന്നത്. ഏകദേശം 9.3 ശതമാനമാണ് വില ഉയര്‍ന്നത്. ഏകദേശം 50 ശതമാനമെങ്കിലും ക്ലീന്‍ ഉര്‍ജ്ജം ഉപയോഗിച്ചു തുടങ്ങിയാല്‍ ക്രിപ്‌റ്റോകറന്‍സി ടെസ്‌ല വാങ്ങന്‍ ഉപയോഗിക്കാം എന്നാണ് അദ്ദേഹം പറയുന്നത്.

 

∙ ടെലഗ്രാമിന് ജര്‍മനി 6.7 ദശലക്ഷം ഡോളര്‍ പിഴയിട്ടേക്കാം

 

സമൂഹ മാധ്യമ ആപ്പായ ടെലഗ്രാമിന് ജര്‍മന്‍ അധികാരികള്‍ 6.7 ദശലക്ഷം ഡോളര്‍ പിഴയിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ആപ്പ് വഴി ഉപയോക്താക്കള്‍ നടത്തുന്ന നീക്കങ്ങള്‍ നിരീക്ഷിക്കുന്നില്ല എന്നതാണ് ആരോപണം. ഇന്ത്യയും വാട്‌സാപ് അടക്കമുള്ള സമൂഹ മാധ്യമങ്ങളോട് ഉപയോക്തക്കളെക്കുറിച്ച്, പ്രത്യേകിച്ചും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സന്ദേശങ്ങളുടെ ഉറവിടത്തെക്കുറിച്ച് വിവരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.

 

∙ വാക്‌സീനേഷന്‍ ബുക്കിങ് എളുപ്പമാക്കാന്‍ പേടിഎമ്മും

 

പേടിഎം ആപ്പിലും ഇനി മുതല്‍ വാക്‌സീനേഷന്‍ ബുക്കിങ് സ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കും. അടുത്തുള്ള വാക്‌സീനേഷന്‍ സെന്റര്‍ കണ്ടുപിടിക്കാനുള്ള സേവനമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉപയോക്താവ് എവിടെയാണ് താമസിക്കുന്നത്, പ്രായം, എത്രാമത്തെ ഡോസാണ്, ഏതു തരം വാക്‌സീനാണ് തുടങ്ങിയവ പരിഗണിച്ചാണ് പേടിഎം ആപ്പ് വാക്‌സീനേഷന്‍ സ്ലോട്ട് കണ്ടുപടിച്ചു തരാന്‍ ശ്രമിക്കുക. വാക്‌സീന്‍ ഫൈന്‍ഡര്‍ ഫീച്ചര്‍ മേയ് മാസം മുതല്‍ ആപ്പിലുണ്ടെന്ന് കമ്പനി അറിയിച്ചു.

 

∙ അടുത്ത ഐപാഡ് മിനിക്ക് പുതിയ ഡിസൈന്‍

 

ടാബ്‌ലറ്റ് കംപ്യൂട്ടറുകളായ ഐപാഡുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കുകയാണ് ആപ്പിള്‍. അടുത്ത ഐപാഡ് മിനിക്ക് പുതിയ ഐപാഡ് എയറിന്റേതിനു സാമ്യമുള്ള ഡിസൈനായിരിക്കും നല്‍കുക എന്നാണ് പുതിയ സൂചനകള്‍ പറയുന്നത്.

 

∙ നൈജീരിയയുടെ ട്വിറ്റര്‍ നിരോധനം ചില ബിസിനസുകാര്‍ക്ക് കടുത്ത നഷ്ടം വരുത്തുന്നു

 

നൈജീരിയ അടുത്തിടെ സമൂഹ മാധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ നിരോധിച്ചിരുന്നു. ഇതോടെ ട്വിറ്റര്‍ വഴി കച്ചവടം നടത്തിയിരുന്ന പല ബിസിനസുകാരും പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ലാഗോസ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ബിസിനസുകാരിയായ ഒഗെച്ചി എഗമൊണു ട്വിറ്റര്‍ വഴി എല്ലാ ആഴ്ചയും 1200 ലേറെ ഡോളര്‍ മൂല്യത്തിനുള്ള വാച്ചുകളും ഷൂവുകളും ഹന്‍ഡ്ബാഗുകളും വിറ്റിരുന്നു. ട്വിറ്റര്‍ നിരോധിച്ചതോടെ താനിനി എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന് അറിയില്ലെന്ന് അവര്‍ പറയുന്നു. തന്റെ പിടിച്ചുനില്‍പ്പിന് സമൂഹ മാധ്യമങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു. ട്വിറ്റര്‍ നിരോധനം ബാധിച്ച നിരവധി ബിസിനസുകാരില്‍ ഒരാള്‍ മാത്രമാണ് ഓഗെച്ചി. ഏകദേശം 39.6 ദശലക്ഷം നൈജീരിയക്കാര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 20 ശതമാനം പേരെങ്കിലും ബിസിനസ് പരസ്യങ്ങള്‍ക്കായും, 18 ശതമാനം പേര്‍ തൊഴിലിനായുമാണ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്നും പറയുന്നു. പൊടുന്നനെയുള്ള ട്വിറ്റര്‍ നിരോധനം ഇത്തരക്കാരെ കാര്യമായി ബാധിച്ചിരിക്കുകയാണ്.

 

∙ ഇന്ത്യയുടെ ഡിജിബോക്‌സിന് 10 ലക്ഷം ഉപയോക്താക്കള്‍

 

മെയ്ക്ക് ഇൻ ഇന്ത്യ ക്ലൗഡ് സംഭരണ സേവനമായ ഡിജിബോക്‌സിന് (DigiBoxx) 10 ലക്ഷം ഉപയോക്താക്കളെ ലഭിച്ചു. നീതി ആയോഗ് മേധാവി അമിതാഭ് കാന്താണ് കഴിഞ്ഞ ഡിസംബറില്‍ ഈ സംരംഭത്തിന് തുടക്കമിട്ടത്. തങ്ങളുടെ ഉപയോക്താക്കളില്‍ 16 ശതമാനം പേര്‍ ദിവസവും ഡിജിബോക്‌സ് സേവനം പ്രയോജനപ്പെടുത്തുന്നുവെന്നും അവര്‍ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണ് ഡിജിബോക്‌സ്. വ്യക്തികള്‍ക്ക് 20 ജിബി വരെ ഫ്രീയായി ഉപയോഗിക്കാം. 2 ജിബി ഒറ്റഫയല്‍ അപ്‌ലോഡ് ചെയ്യാനും അനുവദിക്കും.

 

English Summary: New Covid wave in Asia to worsen global chip shortage: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com