ADVERTISEMENT

ഇന്ത്യയുടെ ആന്റിട്രസ്റ്റ് അധികാരിയായ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഓണ്‍ലൈന്‍ വ്യാപാര സേവനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചത് ഇരു കമ്പനികള്‍ക്കും കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്തവണ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഇരു കമ്പനികള്‍ക്കും എതിരെയുള്ള നീക്കം മറ്റ് അമേരിക്കന്‍ കമ്പനികളായ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനുമെതിരെ നടക്കുന്ന നീക്കങ്ങളുമായി കൂട്ടി വായിക്കണമെന്നും പറയുന്നു. ഫെയ്‌സ്ബുക്കും ട്വിറ്ററും ഡേറ്റാ സ്വകാര്യതയുടെ കാര്യത്തിലാണ് സർക്കാരുമായി സഹകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നതെങ്കില്‍ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും എതിരെയുള്ള അന്വേഷണം ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതടക്കമുള്ള കാര്യത്തിലാണ്. ഇരു കമ്പനികളും ഉപയോക്താക്കള്‍ക്ക് അമിത ഡിസ്‌കൗണ്ട് നല്‍കുക വഴി എതിരാളികളുടെ കച്ചവടം കുറയ്ക്കുന്നു എന്നതാണ് ഒരു ആരോപണം. മറ്റൊരു സുപ്രധാന ആരോപണം, ഇരു കമ്പനികളും ചില കച്ചവടക്കാരുടെ പ്രൊഡക്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ്. രണ്ട് കമ്പനികളും ഇത് നിഷേധിച്ചിട്ടുണ്ട്.

 

സിസിഐ 2020 ജനുവരിയിലാണ് ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. എന്നാല്‍ അവര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം നിർത്തിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണം തുടരുന്നതിനു തടസമില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. കമ്പനികള്‍ ഉയര്‍ന്ന കോടതിയെ സമീപിച്ചേക്കുമെങ്കിലും സിസിഐ അന്വേഷണം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും ആരോപണങ്ങള്‍ സംബന്ധിച്ച് കമ്പനികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എത്രയും വേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതാണ് കമ്പനികള്‍ക്ക് വിനയാകാന്‍ പോകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാധാരണ ഗതിയില്‍ ഇത്തരം അന്വേഷണങ്ങള്‍ മാസങ്ങളെടുത്തു മാത്രമാണ് ഇന്ത്യയില്‍ പൂര്‍ത്തിയാകുക. എങ്കിലും ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും കാര്യത്തില്‍ അത് ത്വരിതപ്പെടുത്താനാണ് ശ്രമമെന്നു പറയുന്നു. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സിസിഐയും ഫ്‌ളിപ്കാര്‍ട്ടും പ്രതികരിച്ചില്ല. പ്രതികരിക്കാന്‍ താത്പര്യമില്ലെന്നാണ് ആമസോണ്‍  അറിയിച്ചത്. 

 

ഇരു കമ്പനികള്‍ക്കും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സുപ്രധാന സ്ഥാനമാണുള്ളത്. അതു പോലെ പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനികൾക്കും ഇവരുടെ സാന്നിധ്യം ആഘാതം സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള ഗൂഗിളിന്റെ ശ്രമത്തിനെതിരെയും സിസിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട് ഫോണുകളെ കൂടാതെ സ്മാര്‍ട് ടിവികളിലും മറ്റുപകരണങ്ങളിലും കയറിക്കൂടി എതിരില്ലാതെ വാഴുന്ന ഗൂഗിളിനെതിരെയാണ് അന്വേഷണം. മെയ്ക്‌മൈട്രിപിന്റെ പ്രൈവസി പോളിസി, വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഇവയും സിസിഐയുടെ അന്വേഷണ പരിധിയിലുണ്ട്. 

 

ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരെയുള്ള അന്വേഷണം പുനരാരംഭിക്കുന്നത് ഓഫ്‌ലൈനായി കടകള്‍ നടത്തുന്നവരുടെ ആരോപണവും കൂടി പരിഗണിച്ചാണ്. അതിസങ്കീര്‍ണമായ ഘടനകള്‍ ഉപയോഗിച്ച് പല നിയമങ്ങളെയും മറികടന്നാണ് ഇരു കമ്പനികളും ഇത്രയധികം ഡിസ്‌കൗണ്ട് നല്‍കിവരുന്നതെന്നാണ് ഈ കമ്പനികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്. ഏതാനു ചില സെല്ലര്‍മാര്‍ക്കാണ് ഇരു കമ്പനികളും പ്രാധാന്യം നല്‍കുന്നത് എന്നാണ് സിസിഐ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍, തങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെന്ന് ആമസോണ്‍ വാദിച്ചു. അതേസമയം, ലോകമെമ്പാടും ടെക്‌നോളജി കമ്പനികള്‍ക്കെതിരെ ആന്റിട്രസ്റ്റ് നീക്കങ്ങള്‍ നടക്കുന്ന സമയത്തു തന്നെയാണ് ഇന്ത്യയിലും ഇതു സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ കേസുകള്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍, ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചേക്കാം.

 

∙ ചൈനീസ് ടെക് കോടീശ്വരന്‍ ജാക് മാ എവിടെ?

 

പൊതു വേദികളിലെ സജീവ സാന്നിധ്യമായിരുന്ന ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ജാക് മായെ കാണാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചൈനീസ് അധികാരികളുടെ കോപം ക്ഷണിച്ചു വരുത്തിയ മായ്ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ ലോകമെമ്പാടും ടെക്‌നോളജി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നിരവധി മാസങ്ങള്‍ക്കിടയില്‍ ഏതാനും തവണ മാത്രമാണ് അദ്ദേഹത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം ആലിബാബയുടെ സഹ സ്ഥാപകനായ ജോ സായ് (Joe Tsai) സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് മാ ഇപ്പോള്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജാക് മാ ഇപ്പോള്‍ തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി നടക്കുകയാണ് എന്നാണ് ജോ പറഞ്ഞത്. തന്റെ വിനോദങ്ങളുമായും പരോപകാര പ്രവൃത്തികളുമായും ജീവിക്കുകയാണ് അദ്ദേഹമെന്നാണ് ജോ പറയുന്നത്. മായുടെ പുതിയ സംരംഭമായിരുന്ന ആന്റ് ഗ്രൂപ്പിന്റെ 37 ബില്ല്യന്‍ ഡോളര്‍ പബ്ലിക് ഓഫറിങ് നടക്കാനിരിക്കെ ചൈനീസ് അധികാരികള്‍ക്കെതിരെ നടത്തിയ ഒരു പരാമര്‍ശമാണ് ബെയ്ജിങിനെ പ്രകോപിപ്പിച്ചത്. ചൈനയുടെ ടെക്‌നോളജി മേഖലയില്‍ നിന്നുള്ള ഏറ്റവും പ്രശസ്തമായ മുഖമാണ് ജാക് മാ. താന്‍ എല്ലാ ദിവസവും മായുമായി സംസാരിക്കാറുണ്ടെന്നും ജോ പറഞ്ഞു.

 

∙ ഐഒഎസ് 15ലെ പല ഫീച്ചറുകളും പുതിയ ഉപകരണങ്ങള്‍ക്കു മാത്രം

 

ഫോട്ടോയിലെ ടെക്‌സ്റ്റ് പകര്‍ത്തിയെടുക്കുന്നത് അടക്കമുള്ള ഐഒഎസ് 15ലെ പല ഫീച്ചറുകളും ആപ്പിളിന്റെ എ12 ബയോണിക് പ്രോസസര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കോ, അതിനു ശേഷം ഇറങ്ങിയവയ്‌ക്കോ മാത്രമായിരിക്കും ലഭിക്കുക. ഐഒഎസ് 15, ഐഫോണ്‍ 6എസ്, ഐപാഡ് എയര്‍ 2 തുടങ്ങി ഉപകരണങ്ങള്‍ക്കും ലഭ്യമായിരിക്കും. എന്നാല്‍ അവയ്ക്ക് പുതിയ പല ഫീച്ചറുകൾ ലഭ്യമായിരിക്കില്ല. പുതിയ ഫീച്ചറുകള്‍ എല്ലാം ആസ്വദിക്കണമെങ്കില്‍ ഐഫോണ്‍ എക്‌സ്ആര്‍, എക്‌സ്എസ്, എക്‌സ്എസ് മാക്‌സ്, ഐഫോണ്‍ 11 സീരീസ്, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ എസ്ഇ 2020 എന്നിവയിലേതെങ്കിലും വേണമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

∙ ഐഫോണ്‍ 5എസ് അടക്കം പഴയ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ അപ്‌ഡേറ്റ്

 

പഴയ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാനമായ ഒരു സോഫ്റ്റ്‌വെയര്‍ (ഐഒഎസ് 12.5.4) അപ്‌ഡേറ്റുമായി ആപ്പിള്‍. എല്ലാ ഉപയോക്താക്കളും ഇത് അപ്‌ഡേറ്റു ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഇതിന്റെ ബില്‍ഡ് നമ്പർ 16എച്50 ആണ്. ഐഫോണ്‍ 5എസ്, ഐഫോണ്‍6/6 പ്ലസ്, ഐപാഡ് എയര്‍, ഐപാഡ് മിനി2/3, ഐപോഡ് ടച്ച് എന്നിവയ്ക്കാണ് പുതിയ അപ്‌ഡേറ്റ്.

 

∙ 2,349 രൂപയ്ക്ക് 4ജി ബേസിക് ഫോണുമായി ഇറ്റെല്‍

 

ഇറ്റെലിന്റെ ആദ്യ ബേസിക് 4ജി ഫോണ്‍ അവതരിപ്പിച്ചു. മാജിക് 2 4ജി എന്നാണ് മോഡലിന്റെ പേര്. 4ജി കണക്ടിവിറ്റി, വൈ-ഫൈ, ഹോട്ട് സ്‌പോട്ട് ടെതറിങ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാജിക് 2 4ജിയിലേക്ക് എട്ട് ഉപകരണങ്ങള്‍ വരെ കണക്ടു ചെയ്യാമെന്ന് ഇറ്റെല്‍ പറയുന്നു. 2.4-ഇഞ്ച് ആണ് സ്‌ക്രീന്‍ സൈസ്. 128 എംബിയാണ് ആന്തരിക സംഭരണ ശേഷിയെങ്കിലും, 64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കും. ഫ്‌ളാഷോടു കൂടിയ 1.3 എംപി ക്യാമറയും പിന്നിലുണ്ട്.

 

English Summary: Competition Commission to expedite investigation against Amazon, Flipkart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com