ADVERTISEMENT

ചില അക്കങ്ങളോടുള്ള അവിശ്വാസം പല സമൂഹങ്ങളിലും പ്രബലമാണ്. ജപ്പാനിലെ ആളുകള്‍ക്ക് 4 എന്ന അക്കത്തോട് പേടിയാണ്. എന്നാല്‍, സിനിമകളിലൂടെയും മറ്റും പ്രചരിച്ച് ലോകമെമ്പാടും ഏറ്റവും പേടിയുള്ള അക്കമായതിന്റെ കുപ്രസിദ്ധി 13ന് ആണ്. ക്രമം വച്ചാണെങ്കില്‍ ആപ്പിള്‍ അടുത്തിറക്കാന്‍ പോകുന്ന ഫോണുകളെ ഐഫോണ്‍ 13 സീരീസ് എന്നാണ് വിളിക്കേണ്ടത്. എന്നാല്‍, നിരവധി ആപ്പിള്‍ പ്രേമികള്‍ ഇതിനകം തന്നെ ഈ വിഷമം ആപ്പിളിനെ അറിയിച്ചിട്ടുണ്ട്. അതൊരു ദൗര്‍ഭാഗ്യം കൊണ്ടുവരുന്ന അക്കമാണെന്നും ആ പേര് വേണ്ടന്നുവയ്ക്കണമെന്നുമുള്ള ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ 13 എന്ന അക്കത്തോടുള്ള പേടിക്ക് ഒരു പേരുപോലുമുണ്ട് -ട്രിസ്‌കൈഡെക്കഫോബിയ! (Triskaidekaphobia- ട്രിസ്‌കിഡെകഫോബിയ എന്നും ഉച്ചാരണമുണ്ട്.) സെല്‍ഷെല്‍ എന്ന കമ്പനി നടത്തിയ സര്‍വെയിലും ഈ 13 ഭയം പ്രതിഫലിച്ചിരിക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത പലരും പറയുന്നത് ഐഫോണ്‍ 13 എന്ന് പേരിട്ടെന്നു കരുതി അത് വാങ്ങാതിരിക്കില്ല. പക്ഷേ, ആ പേരു മാറ്റുന്നതിനോടാണ് കൂടുതല്‍ താത്പര്യം എന്നാണ്. ഇത്തരക്കാര്‍ ആപ്പിളിന് ഒരു നിർദേശവും നല്‍കുന്നുണ്ട്- ഐഫോണ്‍ 2021 എന്നു വിളിച്ചാല്‍ മതി. 

 

സര്‍വെയില്‍ പങ്കെടുത്ത 74 ശതമാനം പേര്‍ക്കും ഐഫോണ്‍ 13 എന്ന പേര് ഇഷ്ടമില്ലെന്നു പറഞ്ഞിരിക്കുന്നു. ഏറ്റവും ഉചിതമായ പേര് എന്താണെന്ന ചോദ്യത്തിന് 38 ശതമാനം പേരും പറഞ്ഞത് ഐഫോണ്‍ (2021) മതിയെന്നാണ്. ഐഫോണ്‍ 13 തന്നെ മതിയെന്ന് 26 ശതമാനം പേര്‍ പറഞ്ഞു. ഐഫോണ്‍ 2021 എന്ന് ബ്രാക്കറ്റില്ലാതെ എഴുതുന്നതാണ് താത്പര്യമെന്ന് 16 ശതമാനം പേര്‍ പറഞ്ഞത്. ഐഫോണ്‍ 12 എസ് മതിയെന്ന് 13 ശതമാനം പേരും, ഐഫോണ്‍ 14 ആയിക്കോട്ടെ എന്നു പറഞ്ഞത് 7 ശതമാനം പേരുമാണ് എന്ന് സെല്‍ഷെല്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 5ല്‍ ഒരാള്‍ക്ക് കലശലായ 13 പേടിയുണ്ടെന്നു പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് കൂടുതല്‍ പേടി. അതേസമയം, ഇതിനെതിരെയും ധാരാളം വാദങ്ങള്‍ ഉയരുന്നുണ്ട്. ആപ്പിള്‍ ഐഒഎസ് 13 അവതരിപ്പിച്ചപ്പോള്‍ ഇത്തരം പേടി ഒക്കെ എവിടെയായിരുന്നു എന്നു ചോദിക്കുന്നവരും ഉണ്ട്. 

 

എന്നാല്‍, ഐഒഎസ് 13ന്റെ അവസ്ഥയല്ല ഐഫോണ്‍ 13ന്റേതെന്ന് പറയുന്നു. വിറ്റുപോകലിനെ ബാധിച്ചേക്കാമെന്നതിനാല്‍ ആപ്പിള്‍ ഒരു പക്ഷേ പേര് മാറ്റിയേക്കുമെന്നും പറയുന്നു. എന്നാല്‍, അടുത്ത മാസങ്ങളില്‍ നടക്കുന്ന അവതരണത്തിനു മുൻപ് പേരെന്താണെന്ന് അറിയാനായേക്കില്ല. ഐഫോണ്‍ 9 ഇറക്കാതെ ഐഫോണ്‍ 10ലേക്ക് ആപ്പിള്‍ പോകുകയുണ്ടായി എന്ന വാദം ഉയര്‍ത്തുന്നവരും ഉണ്ട്. എന്നാല്‍, ഐഫോണ്‍ 8 സീരീസിനൊപ്പമാണ് ഐഫോണ്‍ X അവതരിപ്പിച്ചത്. പുതിയൊരു സീരീസിനു തുടക്കമിടാനായിരുന്നു അതെന്നും കാണാം. അത് പത്താം വാര്‍ഷിക ഫോണുമായിരുന്നു. പിന്നീട് പേരിടീലില്‍ തത്കാലത്തേക്ക് മാറ്റം വരുത്തിയ ആപ്പിള്‍ Xs മോഡലും ഇറക്കിയെങ്കിലും വീണ്ടും അക്കങ്ങളിലേക്ക് തിരിച്ചുവന്ന് ഐഫോണ്‍ 11 ഇറക്കുകയായിരുന്നു.

 

∙ ഐഫോണ്‍ 13ന് വില വര്‍ധനവുണ്ടാവില്ല

 

amazon-facial-recognition

പുതിയ സീരീസിലെ ഫോണുകള്‍ക്ക് ഐഫോണ്‍ 12ന് നല്‍കിയ അതേ വില തന്നെയായിരിക്കും. തുടക്ക വേരിയന്റായ ഐഫോണ്‍ 13‌ന്റെ (അല്ലെങ്കില്‍ മറ്റെന്തെങ്കിലും പേര്) ഏറ്റവും സംഭരണശേഷി കുറഞ്ഞ ഫോണിന് 699 ഡോളറായിരിക്കും വില. അമോലെഡ് ഡിസ്‌പ്ലെ, കൂടിയ റിഫ്രെഷ്റേറ്റ്, 1ടിബി വരെ സംഭരണശേഷി, അല്‍പം കൂടെ നേര്‍ത്ത ബെസല്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു. സെന്‍സര്‍ ഷിഫ്റ്റ് ടെക്‌നോളജി ക്യാമറകളില്‍ ഉപയോഗിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

 

∙ 5ജി നെറ്റ്‌വര്‍ക്കിനായി ജിയോയും ഇന്റലും കൈകോര്‍ക്കുന്നു

 

പ്രോസസര്‍ നിര്‍മാണ ഭീമന്‍ ഇന്റലിന്റെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ വിഭാഗം കഴിഞ്ഞ വര്‍ഷം റിലയന്‍സ് ജിയോയില്‍ 250 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്റല്‍ നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നത് ജിയോയ്ക്കുള്ള റേഡിയോ അക്‌സസ് നെറ്റ്‌വര്‍ക്ക് അഥവാ റാന്‍ നിര്‍മാണത്തിലടക്കം സഹായിക്കുമെന്നാണ്. ഇന്ത്യയിലെ 5ജി ഒരു വന്‍ സംഭവമായിരിക്കുമെന്നും, ജിയോ തിരഞ്ഞെടുത്തിരിക്കുന്ന വഴി വ്യത്യസ്തമാണെന്നും ഇന്റലിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായ നവിന്‍ഷേണൊയ് പറഞ്ഞു. തങ്ങളുടെ 5ജിക്കായി പുതിയ പാതയാണ് ജിയോ തിരഞ്ഞെടുത്തിരിക്കുന്നത്. 

 

നോക്കിയ, എറിക്‌സണ്‍, വാവെയ് തുടങ്ങിയ കമ്പനികളെ ആശ്രയിച്ച് 5ജി വിന്യസിക്കുന്നതിനു പകരം പല ജോലികളും സോഫ്റ്റ്‌വെയറിനെ ഏല്‍പ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഡേറ്റാ സെന്ററുകളില്‍ കാണാവുന്ന തരം ഉപകരണങ്ങള്‍ ആയിരിക്കും ഉപയോഗിക്കുക. ഈ രീതിക്ക് കൂടുതല്‍ ഫങ്ഷനുകള്‍ നല്‍കാനാകുമെന്നും കരുതുന്നു. ചിപ്പ് നിര്‍മാണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരിച്ചടി നേരിട്ട ഇന്റലും പുതിയ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ഏകദേശം 10 വര്‍ഷം മുൻപ് തുടങ്ങിവച്ച ചില പദ്ധതികള്‍ക്കാണ് ഇപ്പോള്‍ പുതുജീവന്‍ വയ്ക്കുന്നത്. നെറ്റ്‌വര്‍ക്ക്ചിപ്പുകളില്‍ ഓപ്പറേറ്റിങ് സിസ്റ്റം പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇന്റലിന്റെ നെറ്റ്‌വര്‍ക്ക് സോഫ്റ്റ്‌വെയറാണ് ഫ്‌ളെക്‌സ്‌റാന്‍ (FlexRAN).

 

∙ പൊതു സ്ഥലത്ത് മുഖംതിരിച്ചറിയല്‍ വേണ്ടെന്ന് സ്വകാര്യതാ വാദികള്‍

 

പൗരന്മാര്‍ എങ്ങോട്ടിറങ്ങിയാലും അറിയണെമെന്ന രീതിയിലാണ് ചൈന മുഖംതരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് ചില ആരോപണങ്ങളുണ്ട്. ഈ സാങ്കേതികവിദ്യ പല രാജ്യങ്ങളും അനുവര്‍ത്തിച്ചേക്കുമെന്നും പറയുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ചില കരടു നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയനും പുറത്തിറക്കിയിരുന്നു. എന്നാല്‍, യൂറോപ്പിലെ സ്വകാര്യതാ വാദികള്‍ പറയുന്നത് ഇത്തരം സാങ്കേതികവിദ്യകള്‍ കടുത്ത പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നാണ്. അതിനാല്‍ ഇതു നിരോധിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. നിയമപാലകര്‍ക്കും, കുടിയേറ്റ മേഖലയിലും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാണ് ഇയു ഒരുങ്ങുന്നത്. 

 

ഇത് ഏതെങ്കിലും ഒരു കമ്പനി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം പിഴയിടുമെന്നും പറയുന്നു. അതേസമയം, ഇത്തരം സിസ്റ്റങ്ങള്‍ പൗരന്മാരെ അവരുടെ ത്വക്കിന്റെ നിറം, രാഷ്ട്രീയ ചായ്‌വ് തുടങ്ങി വിവിധ വിഭാഗങ്ങളായി വേര്‍തിരിച്ച് നിരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നു. അതിനാല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ മൊത്തത്തില്‍ നിരോധിക്കുന്നതാണ് ഉചിതമെന്ന വാദവുമുണ്ട്.

 

∙ സാംസങ് എം32 അവതരിപ്പിച്ചു; വില 14,999 രൂപ

 

സാംസങ്ങിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു - ഗ്യാലക്‌സി എം32. ഇതിന് 6,000 എംഎഎച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, 64എംപി പ്രധാന ക്യാമറ അടങ്ങുന്ന നാല് പിന്‍ക്യാമറാ സിസ്റ്റവും, 20എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ഈ മോഡലിന്റെ മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍, 6.4-ഇഞ്ച് വലുപ്പമുള്ള, 90ഹെട്‌സ് റിഫ്രെഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലെയാണ്. സ്‌ക്രീനിന് 800 നിറ്റ്‌സ് ബ്രൈറ്റ്‌നസും ഉണ്ട്. എട്ടു കോറുള്ള മീഡിയാടെക് ഹെലിയോ ജി80 ആണ് പ്രോസസര്‍. തുടക്ക വേരിയന്റിന് 4ജിബി റാമും, 64ജിബി സംഭരണശേഷിയുമാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11 ഉപയോഗിച്ചുള്ള വണ്‍ യുഐ 3.1 ആണ് ഒഎസ്.

 

English Summary: iPhone 13 name off-putting, say Apple fans; iPhone (2021) better

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com