Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് വർഷം, 111 കോടി ആധാർ കാർഡുകൾ, സര്‍ക്കാരിനു ലാഭം 36,144 കോടി രൂപ!

aadhaar-card

രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്ക് വിരലടയാളവും ആധാർ നമ്പറും ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ആധാർ പേ സേവനം കേന്ദ്രസർക്കാർ ഉടൻ നടപ്പിലാക്കും. ആധാർ പണമിടപാടിനു മൊബൈൽ ഫോൺ ആവശ്യമില്ല. നിലവിൽ 14 ബാങ്കുകൾ ആധാർ പേ സംവിധാനത്തിലുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

രാജ്യത്തെ 111 കോടി ജനങ്ങൾക്ക് ആധാർ കാർഡുണ്ട്. നിലവിൽ 49 കോടി ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാര്‍ വ്യാപകമായതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 36,144 കോടി രൂപ ലാഭമുണ്ടായതായി കേന്ദ്ര ഐടി. മന്ത്രി പറഞ്ഞു. ഗ്യാസ് സബ്സിഡി ഇപ്പോൾ ആധാർ കാർഡുകൾ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നൽകുന്നത്. ഇതുവഴിയാണ് ഉപഭോക്താക്കൾക്ക് ഖജനാവിൽ നിന്ന് സബ്സിഡി പണം കൈമാറുന്നത്. 2014-15-ല്‍ 14,678 കോടി രൂപയും 2015-16-ല്‍ 6,912 കോടി രൂപയും പഹല്‍ പദ്ധതിയിലൂടെ കൈമാറി.

നിലവിൽ സർക്കാരിന്റെ ഒട്ടുമിക്ക പദ്ധതികളും ഇളവുകളും ഉപഭോക്താക്കൾക്ക് കൈമാറുന്നത് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴിയാണ്. തുടർന്നുള്ള പദ്ധതികളും ആധാർ പേ വഴിയായിരിക്കും നടപ്പിലാക്കുക. സുതാര്യ ഭരണത്തിന്റെ പ്രധാന തെളിവായി ആധാര്‍ മാറിയതായും മന്ത്രി അവകാശപ്പെട്ടു.

ഓരോ മാസവും 1.8 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുണ്ട്. 1000, 500 നോട്ടുകൾ പിൻവലിച്ചതിനു ശേഷം ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നേരത്തെ ഓരോ മാസവും കേവലം 60 ലക്ഷം പേർ മാത്രമാണ് ആധാർ ബന്ധിപ്പിച്ചിരുന്നത്.

aadhar-card

നോട്ടുകൾ പിൻവലിച്ചതു മുതൽ ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരം ആധാര്‍ വഴി 8.39 കോടി ഇടപാടുകൾ നടന്നു. ഡിസംബറിൽ 3.73 കോടിയും ജനുവരി 15 വരെ 2.06 കോടിയും ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇത് 2.57 കോടിയു‌ം നവംബറിൽ 2.69 കോടിയും ആയിരുന്നു.