Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമാക്കാന്‍ 10 നിർദ്ദേശങ്ങൾ

smartphone-battery

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവർ ഇക്കാലത്ത് വളരെ വിരളമാണ്. യുവതലമുറയ്ക്കാകട്ടെ എന്തും പങ്കുവെയ്ക്കുന്ന ആത്മാര്‍ഥ സുഹൃത്താണ് കയ്യിലൊതുങ്ങുന്ന സ്മാര്‍ട്ട്ഫോണ്‍. ഒരാളുടെ സ്വഭാവം ശരിക്കും എന്താണെന്ന് അറിയണം എന്നുണ്ടെങ്കില്‍ അയാളുടെ സ്മാര്‍ട്ട്ഫോണ്‍ നോക്കിയാല്‍ മാത്രം മതി!

പക്ഷേ, ഇത്രയും അടുത്ത കൂട്ടുകാരന് വേണ്ട ശ്രദ്ധ നാം നല്‍കുന്നുണ്ടോ? ഹാക്കിങ് ഇക്കാലത്ത് അത്ര പുത്തരിയൊന്നുമല്ല. ആരുടെ ഫോണും എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം. ഏറ്റവും രഹസ്യസ്വഭാവമുള്ള വിവരങ്ങളും ബാങ്ക് പാസ്‌വേര്‍ഡുകളും മറ്റുമെല്ലാം ഇങ്ങനെ നഷ്ടപ്പെട്ടു പോയവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ട്. അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുമ്പോള്‍ വെറുതെ പരിശോധിക്കുമ്പോഴായിരിക്കും സംഗതി സ്മാര്‍ട്ട്ഫോണ്‍ വഴിയാണ് അടിച്ചു മാറ്റിയതെന്ന് മനസിലാവുക!

മിക്ക ഫോണുകള്‍ക്കും ബില്‍റ്റ് ഇന്‍ ആയിട്ടുള്ള സുരക്ഷാസംവിധാനങ്ങള്‍ കാണും. എന്നാലും ഇവയെ പൂര്‍ണമായും വിശ്വസിക്കാനാവില്ല എന്നതാണ് സത്യം. ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ

1. ലോക്ക് സ്‌ക്രീന്‍ പിന്‍/പാസ്‌വേര്‍ഡ്

ഫോണില്‍ എപ്പോഴും പിന്‍ അല്ലെങ്കില്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്തിരിക്കണം. നമ്പറുകള്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പാറ്റേണ്‍ ആയിരുന്നാലും മതി.

2. ആപ്ലിക്കേഷന്‍ ലോക്ക്

ഫോണില്‍ മൊത്തത്തില്‍ ഒരു പാസ്‌വേര്‍ഡ് ഇട്ടതു കൊണ്ട് മാത്രം ആയില്ല. പണമിടപാടുകള്‍ നടത്തുന്നതും പേഴ്‌സണല്‍ മെസേജുകള്‍ അയക്കുന്നതുമായ ആപ്പുകള്‍ക്കും വേണം ലോക്ക്. ചില ഫോണുകള്‍ക്ക് ആപ്പ് ലോക്ക് ബില്‍റ്റ് ഇന്‍ ആയിരിക്കും. അല്ലെങ്കിലും ഇതിനായി നിരവധി അപ്ലിക്കേഷനുകള്‍ ലഭ്യമാണ്. പ്ലേ സ്റ്റോറില്‍ കയറി നോക്കിയാല്‍ മതി. പേടിഎം പോലെയുള്ള ആപ്പുകളില്‍ ഇത് ബില്‍റ്റ് ഇന്‍ ഫീച്ചര്‍ ആയിത്തന്നെ ഉണ്ട്.

3. വിശ്വസിക്കാവുന്ന ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യുക

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലെയുള്ള വിശ്വസിക്കാവുന്ന സോഴ്‌സുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് ബട്ടന്‍ പ്രസ് ചെയ്യും മുന്നേ റേറ്റിംഗ്, റിവ്യൂസ് എന്നിവ നോക്കുന്നത് നല്ലതാണ്. പ്രൈവസി പോളിസിയും നിര്‍ബന്ധമായും ശ്രദ്ധിക്കണം.

4. ആപ്പ് പെര്‍മിഷന്‍സ്

നിര്‍ബന്ധമായും നോക്കേണ്ട മറ്റൊരു സംഗതിയാണ് ആപ്പ് പെര്‍മിഷന്‍സ്. നമ്മുടെ ഫോണിലെ എന്തൊക്കെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനു ആവശ്യമുണ്ടെന്ന് ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു പെയ്‌മെന്റ് ആപ്പിനു ഒരിക്കലും നമ്മുടെ ഫോണിലെ ക്യാമറ ആവശ്യം കാണില്ലല്ലോ. അപ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാനുള്ള അനുവാദം നല്‍കാതിരിക്കുക.

5. ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ഡൗണ്‍ലോഡ് ചെയ്യുക

വളരെ ഉപകാരപ്രദമായ ഒന്നാണ് ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍. ഉദാഹരണത്തിന് നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയാണെന്നിരിക്കട്ടെ, ഡിവൈസ് മാനേജറിനു അത് കണ്ടെത്തി തരാന്‍ പറ്റും. വിവരങ്ങള്‍ മുന്‍പേ കൃത്യമായി സെറ്റ് ചെയ്തു വച്ചാല്‍ ഫോണ്‍ കള്ളന്‍ കൊണ്ടുപോയാലും നമുക്ക് മറ്റെവിടെയെങ്കിലും ഇരുന്ന് ഡിവൈസുകളില്‍ ഫാക്ടറി റീസെറ്റ് ചെയ്യാം.

6. ഗൂഗിള്‍ ഓതന്റിക്കേറ്റര്‍

അക്കൗണ്ടുകള്‍ക്ക് വേണ്ട സുരക്ഷ നല്‍കാനാണ് ഗൂഗിള്‍ ഓതന്റിക്കേറ്റര്‍. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ വഴി സമയബന്ധിതമായ ലോഗിന്‍ ചെയ്യുക വഴി ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഗൂഗിളിന്റെ ആപ്പ് ആണിത്. ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും.

7. ആന്റിവൈറസ് ഉപയോഗിക്കുക

നിര്‍ബന്ധമായും ഫോണില്‍ ആന്റിവൈറസ് ആപ്പ് ഏതെങ്കിലും ഉപയോഗിക്കുക.

8. പബ്ലിക് വൈ-ഫൈ ഉപയോഗിക്കാതിരിക്കുക

നൂറു ശതമാനം സുരക്ഷിതമായ ഒന്നല്ല പബ്ലിക് വൈ-ഫൈ. ഓട്ടോമാറ്റിക് ആയി പബ്ലിക് വൈ-ഫൈയുമായി കണക്റ്റ് ആവുന്ന സെറ്റിംഗ് മാറ്റുക. ആവശ്യം ഇല്ലാത്തപ്പോള്‍ വൈ ഫൈ ഓഫ് ചെയ്തിടുക.

9. ബ്ലൂടൂത്ത് സെറ്റിങ്

ഡിവൈസില്‍ എപ്പോഴും ബ്ലൂടൂത്ത് 'Non-discoverable' ആയി സെറ്റ് ചെയ്യുക. എപ്പോഴും വിസിബിള്‍ മോഡില്‍ കിടക്കുന്ന ഡിവൈസുകള്‍ ഹാക്കര്‍മാരുടെ ശ്രദ്ധ ക്ഷണിക്കലാവും.

10. റൂട്ട് ചെയ്യാതിരിക്കുക

റൂട്ട് ചെയ്യുന്നത് നല്ലതായി തോന്നാം. പക്ഷേ യഥാര്‍ഥത്തില്‍ മാല്‍വെയര്‍ ആക്രമണത്തിനു കാരണമാകാന്‍ ഇത് ധാരാളം മതി.