Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാര്‍ഥിയുടെ മരണം; ചൈനീസ് സെര്‍ച്ച് എൻജിന്‍ ബെയ്ദു പ്രതിക്കൂട്ടില്‍

baidu-china-search-engine

കോളജ് വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ചൈനീസ് സെര്‍ച്ച് എൻജിന്‍ ബെയ്ദുവിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബെയ്ദുവില്‍ സെര്‍ച്ച് ചെയ്ത് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ആശുപത്രിയും ചികിത്സയും തെരഞ്ഞെടുത്തതെന്ന ഗുരുതര ആരോപണമാണ് വിദ്യാര്‍ഥിയുടെ കുടുംബം ആരോപിക്കുന്നത്. സെര്‍ച്ച് ഫലങ്ങളും പരസ്യവും തിരിച്ചറിയാനാകാത്ത വിധം ഇടകര്‍ത്തി നല്‍കുന്നുവെന്ന ആരോപണവും ബെയ്ദുവിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

തങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ സെര്‍ച്ച് എൻജിനുകള്‍ക്ക് എത്രത്തോളം ഉത്തരവാദിത്വം ഉണ്ടെന്ന വിഷയം കൂടി ബെയ്ദു വിവാദം ഉയര്‍ത്തുന്നുണ്ട്. വിവാദങ്ങളെ തുടര്‍ന്ന് ബെയ്ദുവിന്റെ ഓഹരിയില്‍ എട്ട് ശതമാനത്തിലേറെ ഇടിവുണ്ടായി. ചൈനയിലെ ഏറ്റവും ജനപ്രിയമായ സെര്‍ച്ച് എൻജിനാണ് ബെയ്ദു.

അപൂര്‍വ്വയിനം അര്‍ബുദ ബാധിതനായ വെയ് സെസിയുടെ ചികിത്സയാണ് ബെയ്ദുവില്‍ ലഭിച്ച സെര്‍ച്ച് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയത്. ഇവര്‍ ആശുപത്രി തിരഞ്ഞെടുത്തത് ബെയ്ദു നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 22കാരനായ വെയ് സെസി മരിച്ചതോടെയാണ് ഇവര്‍ ചികിത്സയെക്കുറിച്ചും ആശുപത്രിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചത്. അമേരിക്കയിലുള്ള ഒരു ചൈനീസ് വിദ്യാര്‍ഥിയാണ് ഇതിന് കുടുംബത്തെ സഹായിച്ചത്. വെയ് സെസിയെ ചികിത്സിച്ച സൈനിക ആശുപത്രിയില്‍ ഉപയോഗിച്ച മരുന്നുകളും ചികിത്സാ രീതികളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഫലമില്ലെന്നു കണ്ട് അമേരിക്കയില്‍ അവസാനിപ്പിച്ചതാണെന്ന് അങ്ങനെയാണ് കുടുംബം അറിഞ്ഞത്.

ഇതോടെ സംഭവം വിവാദമാവുകയും ആദ്യം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. ഏറെ വൈകാതെ മറ്റു സോഷ്യല്‍ മീഡിയകളിലും വിഷയം വൈറലായി. ഇതോടെ ബെയ്ദു അധികൃതര്‍ തന്നെ പ്രതികരണത്തിന് നിര്‍ബന്ധിതരായി. യുവാവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ബെയ്ദു അധികൃതര്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് മെഡിക്കല്‍ സര്‍വ്വീസസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണ് സൈനിക ആശുപത്രി സെര്‍ച്ച് ഫലത്തില്‍ ഉള്‍ക്കൊള്ളിച്ചതെന്ന് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ബെയ്ദു അറിയിച്ചു.

സൈനിക ആശുപത്രി കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സൈന്യവും ആരോഗ്യമന്ത്രാലയവും സംയുക്തമായാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരസ്യവും യഥാര്‍ഥ സെര്‍ച്ച് ഫലങ്ങളും തമ്മില്‍ ബെയ്ദുവില്‍ തിരിച്ചറിയാനാകില്ലെന്ന ഗുരുതര ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. വലിയ തോതിലുള്ള പരസ്യവരുമാനമാണ് ബെയ്ദുവിന് ആരോഗ്യമേഖലയില്‍ നിന്ന് ലഭിക്കുന്നത്. യഥാര്‍ഥ സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം ഇത്തരം പരസ്യം തരുന്ന ദാതാക്കളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതാണ് വിമര്‍ശനത്തിനിടയാക്കുന്നത്.

തങ്ങളുടെ പരസ്യവരുമാനം ഏതെല്ലാം വിഭാഗങ്ങളില്‍ നിന്നാണെന്ന് ബെയ്ദു വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വലിയ തോതിലുള്ള പരസ്യമാണ് ആരോഗ്യ മേഖലയില്‍ നിന്നും ലഭിക്കുന്നത്. തങ്ങളുടെ ഭാഗമായ ഒരു ഓണ്‍ലൈന്‍ ഫോറത്തെ മൊത്തമായി സ്വകാര്യ ആശുപത്രിക്ക് വിറ്റെന്ന ആരോപണം ബെയ്ദുവിനെതിരെ ഉയര്‍ന്നത് ജനുവരിയിലാണ്. ഈ ആശുപത്രി അധികൃതര്‍ ബെയ്ദുവിലെ ഈ ഫോറത്തെ സ്വന്തം പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയും വിമര്‍ശിക്കുന്ന പോസ്റ്റുകൾ നീക്കംചെയ്യുകയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള്‍ മൂന്ന് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെ നടപടിയെടുത്താണ് ബെയ്ദു തടിയൂരിയത്.

Your Rating: