Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ കേരള: പൊതുസ്ഥലങ്ങളിൽ ഇനി സൗജന്യ വൈഫൈ

mobile-shopping

ഡിജിറ്റൽ കേരള പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കാൻ ഐടി മിഷൻ ടെൻഡർ ക്ഷണിച്ചു. ദിവസം ഒരു മണിക്കൂർ സൗജന്യസേവനം നൽകണമെന്ന വ്യവസ്ഥയാണു സർക്കാർ പ്രധാനമായി മുന്നോട്ടു വച്ചിട്ടുള്ളത്. പദ്ധതിക്കായി സർക്കാർ പണം മുടക്കില്ലെങ്കിലും വൈഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലും എല്ലാ ജില്ലകളിലെയും ഒരു നഗരസഭയിലും രണ്ടു പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. നഗരസഭകളും പഞ്ചായത്തുകളും പിന്നീടു നിശ്ചയിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എല്ലാവർക്കും ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുകയെന്നതാണു പദ്ധതിയുടെ അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഐടി മിഷൻ സർവീസ് ദാതാക്കളിൽനിന്നു താൽപര്യപത്രം ക്ഷണിച്ചത്. സംസ്ഥാനത്തെ 5000 സർക്കാർ സ്കൂളുകളിൽ ഐടി അറ്റ് സ്കൂളിന്റെ ഭാഗമായി സൗജന്യ വൈഫൈ സേവനം ഒരുക്കുന്നതിനു പുറമെയാണിത്. മലപ്പുറം നഗരസഭ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളും വൈഫൈ സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

വൈഫൈ സേവനത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കലും പ്രവർത്തിപ്പിക്കലും ഉൾപ്പെടെയുള്ളവ സർവീസ് ദാതാവിന്റെ ഉത്തരവാദിത്തമായിരിക്കും. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൊബൈൽ ടവറുകളും കെട്ടിടങ്ങളും കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളും വൈഫൈ ഉപകരണങ്ങൾ സ്ഥാപിക്കാനായി സർവീസ് ദാതാക്കൾക്ക് ഉപയോഗിക്കാം. സർക്കാർ വെബ്സൈറ്റുകൾ ഏതു സമയത്തും സൗജന്യമായി ലഭ്യമാക്കണം. ബ്രൗസ് ചെയ്താൽ ഒരു മിനിറ്റിനുള്ളിൽ ഇന്റർനെറ്റ് ലഭിക്കുന്ന സാങ്കേതികസംവിധാനം വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.