Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയണ്‍മാന്‍ സ്യൂട്ട് നിര്‍മിച്ച പാലക്കാട്ടെ പയ്യൻ ഇപ്പോൾ ഹീറോ!

iron-man-suit

സിനിമകളില്‍ സൂപ്പര്‍ഹീറോകള്‍ ഉപയോഗിക്കുന്ന തരം വസ്ത്രങ്ങള്‍ കണ്ടിട്ടില്ലേ? അതുപോലൊന്ന് കിട്ടിയിരുന്നെങ്കിലെന്ന് നമ്മില്‍ പലരും ആഗ്രഹിച്ചും കാണും. എന്നാല്‍ ആ ആഗ്രഹത്തെ വെറും ആഗ്രഹമായി മാത്രം നിര്‍ത്താതെ അതിനു വേണ്ടി പ്രവര്‍ത്തിച്ച് സ്വന്തമായി ഒരു അയണ്‍മാന്‍ സ്യൂട്ട് നിര്‍മിച്ച ഒരു മിടുക്കനെക്കൂടി കണ്ടോളൂ!

കേരളത്തില്‍ നിന്നു തന്നെയുള്ള എൻജിനീയറിങ് വിദ്യാര്‍ഥി വിമല്‍ ഗോവിന്ദ് മണികണ്ഠനാണ് ഈ മിടുക്കന്‍. പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന സ്യൂട്ടാണ് ഇത്. ഭാരം ഏകദേശം നൂറു കിലോയോളം വരും. നൂറ്റി അമ്പതു കിലോ ഭാരം വരെ ഇതിനു പൊക്കാന്‍ സാധിക്കും. ഒറ്റക്കാര്യം മാത്രം; ഇത് പറക്കില്ല!

ഈ സ്യൂട്ട് ഉപയോഗിച്ച് സൂപ്പര്‍ഹീറോ ആവാനൊന്നും വിമലിന് പ്ലാനില്ല. ഭാവിയില്‍ പ്രതിരോധ, ഭാരോദ്വഹന മേഖലകളിലും മറ്റു ചില വ്യവസായങ്ങളിലും ഇത് ഉപയോഗിക്കാമെന്നാണു വിമല്‍ പറയുന്നത്. അവഞ്ചേഴ്സ് പോലെയുള്ള സിനിമകള്‍ കണ്ടാണ്‌ റോബോട്ടിക് പരീക്ഷണങ്ങള്‍ എന്തെങ്കിലും നടത്തിയാല്‍ കൊള്ളാമെന്നു തനിക്ക് ആഗ്രഹം വന്നതെന്ന് വിമല്‍ പറഞ്ഞു. 2015ല്‍ വിമലും കൂട്ടുകാരും ചേര്‍ന്ന് ഇതിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മിച്ചിരുന്നു. വലുപ്പവും ഭാരവും പവറുമെല്ലാം ഇതിനേക്കാള്‍ കൂടിയ ഒന്നായിരുന്നു അത്. ഇപ്പോള്‍ ഈ കണ്ടുപിടിത്തം കുറച്ചുകൂടി ഉപയോഗപ്രദമായ രീതിയില്‍ വീണ്ടും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് വിമലും കൂട്ടുകാരും.

കഴിഞ്ഞ വർഷം സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര ശാസ്ത്ര-സാങ്കേതിക കോണ്‍ഫറന്‍സില്‍ മികച്ച പ്രബന്ധാവതരണത്തിനുള്ള അവാര്‍ഡിന് വിമൽ ഗോവിന്ദ് അർഹനായിരുന്നു. അമേരിക്കന്‍ റോബോട്ടിക് ഡിഫന്‍സിന് പരിഹരിക്കാന്‍ കഴിയാത്ത ഈ രംഗത്തെ പല ന്യൂനതകള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞതാണ് വിമലിനെ ബഹുമതിക്കര്‍ഹനാക്കിയത്. പാലക്കാട് ആനക്കര നയ്യൂര്‍ സ്വദേശിയാണ്. കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിംഗ് കോളജിലാണ് വിമല്‍ ഗോവിന്ദ് പഠിച്ചത്.