Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാജയങ്ങൾ തളർത്തിയില്ല, മലയാളി യുവാക്കൾ നേടിയതു അദ്ഭുത നേട്ടം

Profoundis

തോൽവി വിജയത്തിന്റെ ചവിട്ടുപടി എന്നു ചങ്കുറപ്പോടെ പറയുക മാത്രമല്ല സ്വജീവിതത്തിലൂടെ അതു കാട്ടിത്തരുകയുമാണ് ഈ നാൽവർ സംഘം. ഇവരുടെ കമ്പനിയുടെ തുടക്കം വൻ തകർച്ചയോടെ തന്നെ. നേരിട്ടത് ഒന്നിനു പുറകെ ഒന്നായി മൂന്നു തുടർപരാജയങ്ങൾ. യൗവനത്തിന്റെ തുടിപ്പിൽ കൈവശമുണ്ടായിരുന്ന നല്ല ജോലി ഇട്ടെറിഞ്ഞ് സ്റ്റാർട്ടപ് എന്ന സ്വപ്നത്തിനു പിന്നാലെ പാഞ്ഞ ഈ യുവാക്കൾ തുടക്കത്തിലേറ്റ വൻതകർച്ചയെ തരണം ചെയ്തത് ആത്‌മവിശ്വാസം ഒന്നു കൊണ്ടു മാത്രം.

പുതിയ സംരംഭം ആരംഭിക്കുമ്പോൾ കൈവശമുണ്ടായിരുന്നത് കേവലം ഒന്നര ലക്ഷത്തോളം രൂപ മാത്രം. ഒരു സ്റ്റാർട്ട്-അപ് കമ്പനി തുടങ്ങാൻ അതുമാത്രം മതിയാകുമോ? പോരാ എന്നു കരുതുന്നിടത്തു തുടങ്ങുന്നു ഇവരുടെ യാത്ര. പറഞ്ഞു വരുന്നത് പ്രൊഫൗണ്ടിസ് സ്ഥാപകരായ നാലു യുവാക്കളുടെ കഥ. മാസവരുമാനം 3000 രൂപയായി നിശ്ചയിച്ചു സ്വന്തം സ്റ്റാർട്ടപ് കമ്പനിയെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോൾ കൈവശമുണ്ടായിരുന്നത് പഴയ ലാപ്ടോപ് മാത്രം. നാലു യുവാക്കൾക്കു മാസശബളമായി 3000 രൂപയും മറ്റു ചിലവുകളുമായി ആകെ 15000 രൂപയായിരുന്നു പ്രതിമാസം ചിലവ്. ആദ്യ മൂന്നു പ്രൊജക്ടുകൾ പരാജയം ഏറ്റുവാങ്ങിയിട്ടും തളരാത്ത പോരാട്ടവീര്യവുമായി പൊരുതിയ നാൽവർ സംഘത്തിന്റെ കമ്പനി ഇന്ന് കേരളത്തിലെ യുവാക്കൾക്കു മുഴുവൻ ഒരു പ്രേരണയാണ്.

നിലവിൽ 72 ജീവനക്കാരുള്ള കമ്പനിയാണ് പ്രൊഫൗണ്ടിസ്. അമേരിക്കൻ കമ്പനി ഇതേറ്റെടുക്കുന്നതോടെ ജീവനക്കാർക്കും ഗുണമേറെ. കമ്പനി രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നതിനൊപ്പം ജീവനക്കാരുടെ ജീവിത നിലവാരവും മെച്ചപ്പെടും. മാത്രമല്ല അതിവേഗം വളരുന്ന കമ്പനിയെന്ന നിലയിൽ ജീവനക്കാർക്കു തൊഴിലിൽ ഉയർച്ച കൈവരിക്കാൻ എളുപ്പം. ഏറെ പഠിക്കാൻ സാധിക്കുമെന്നതു മറ്റൊരു നേട്ടം.

പുതിയൊരു സ്റ്റാർട്ടപ് ആരംഭിക്കുന്നതിനെക്കുറിച്ചു സംസാരിക്കാൻ സമയമായില്ലെന്നു വെളിപ്പെടുത്തിയ ജോഫിൻ സ്റ്റാർട്ടപ് സംരംഭത്തിനുതകുന്ന ആശയങ്ങളുമായെത്തുന്ന യുവസംരംഭകർക്കു മാർഗനിർദേശം നൽകാന്‍ തയാറാണെന്നും മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. മാത്രമല്ല, തങ്ങളുടെ കമ്പനിക്കു അനുയോജ്യമായ ആശയങ്ങളുമായെത്തുന്ന സ്റ്റാർട്ടപ് കമ്പനികളുടെ ഉപഭോക്താക്കളാകാനും ഇവർ തയ്യാർ.

നാലു ദിക്കിൽ നിന്നും അഭിനന്ദന വർഷം ലഭിക്കുമ്പോഴും നേടിയ വൻവിജയത്തിന്റെ ലഹരിയിൽ മതിമറക്കാതെ ഏറ്റെടുക്കുന്ന വൻ ഉത്തരവാദിത്വത്തെക്കുറിച്ചു മാത്രമാണ് ഇവരുടെ പൂർണ ശ്രദ്ധ. ഫുൾ കോണ്ടാക്ടിന് ഇന്ത്യയിൽ വേരുകൾ പാകുകയെന്നതാണ് ഇവരുടെ മുന്നിലുള്ള വലിയ ദൗത്യം. അതിൽ മാത്രമാണു ശ്രദ്ധ. തുടർപരാജയങ്ങളിൽ തളരാതെ സ്വന്തം സ്റ്റാർട്ടപ് കമ്പനിയെ വിജയത്തിലേക്കു നയിച്ച ഇവർ അവരുടെ ലക്ഷ്യം അനായാസം നേടുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം. 

Your Rating: