Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമെയില്‍ സുരക്ഷ കൂട്ടുന്നു

logo_gmail

ഇമെയില്‍ സേവനങ്ങള്‍ ഇപ്പോള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ചിലപ്പോഴെങ്കിലും ഇ മെയിലില്‍ നിന്നും വരുന്ന ചില സന്ദേശങ്ങളോ ഫയലുകളോ വൈറസുകളുടെ രൂപത്തില്‍ ചെറുതല്ലാത്ത തലവേദന സൃഷ്ടിക്കാറുമുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കുന്നതിന് പുതിയ മുന്നറിയിപ്പ് സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍.

ജിമെയില്‍ സേവനങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഗൂഗിള്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍. രണ്ട് പ്രധാനപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങളാണ് ജിമെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജിമെയിലിനെ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ മുന്നറിയിപ്പുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഗൂഗിള്‍ അറിയിച്ചു.

സംശയമുള്ള മെയിലുകളില്‍ ഇനി അയച്ചയാളുടെ ചിത്രത്തിന് പകരം ചുവന്ന നിറത്തിലുള്ള ചോദ്യചിഹ്നമായിരിക്കും ജിമെയിലില്‍ കാണുക. ഇതിനൊപ്പം സംശയമുള്ള മെയിലുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും നല്‍കും. ഗൂഗിളിന് സുരക്ഷിതമെന്ന് ഉറപ്പില്ലാത്ത ഏതൊരു ഇമെയില്‍ അയച്ചയാളുടേയും പടം ഇനിമുതല്‍ ചുവന്ന ചോദ്യചിഹ്നമായി മാറും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ജിമെയില്‍ ഉപയോഗിക്കാന്‍ ഇന്‍ബോക്‌സില്‍ വരുന്ന ചുവന്ന ചോദ്യചിഹ്നങ്ങള്‍ സഹായിക്കുമെന്നാണ് ഗൂഗിള്‍ കരുതുന്നത്.

ചുവന്ന ചോദ്യചിഹ്നമുള്ള എല്ലാ ഇമെയിലുകളും വൈറസുകളല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. നിങ്ങള്‍ക്ക് ദോഷകരമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാത്രമാണ് ഗൂഗിള്‍ നല്‍കുന്നത്. ഇവിടെയും മെയില്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനം യൂസര്‍ക്ക് എടുക്കാനാകും. ആന്‍ഡ്രോയിഡിലും വെബ്ബിലും ഉടന്‍ തന്നെ ഈ സേവനം ലഭ്യമായി തുടങ്ങുമെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്. 

Your Rating: