Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക് ലോകം ഭരിക്കുന്ന നാലു ഇന്ത്യക്കാർ

google-ceo

ലോകത്തിന്റെ ടെക് താക്കോൽ കയ്യിലേന്തി ഇന്ത്യ ഇന്ന് ഒരു പുതുചിത്രം വരയ്ക്കുകയാണ്. ടെക് ലോകത്തെ നാലു രാജ്യാന്തര ഭീമൻമാർ. അവരുടെ തലപ്പത്ത് ഇന്ത്യക്കാരും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബി, വിപ്രോ എന്നീ കമ്പനികളുടെ സിഇഒമാർ ഇന്ത്യക്കാരാണ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അഡോബി സിസ്റ്റംസ് സിഇഒ ശാന്തനു നാരായൻ, വിപ്രോ സിഇഒ ടി.കെ. കുര്യൻ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എല്ലാവരും ഇന്ത്യക്കാർ. ഇവരിൽ മൂന്നു പേർ (ടി.കെ. കുര്യൻ, സത്യ നാദെല്ല, ശാന്തനു നാരായൻ) പഠിച്ചത് ഹൈദരാബാദ് പബ്ലിക് സ്കൂളിലും.

ശാന്തനു നാരായൻ

adobe-ceo

ഐടി ലോകത്തെ മുൻനിര കമ്പനി അഡോബി സിസ്റ്റംസിന്റെ തലപ്പത്തിരിക്കുന്ന ശാന്തനു നാരായൻ ഹൈദരാബാദുകാരനാണ്. ഫോട്ടോഷോപ്പു പോലെ നിരവധി ഉൽപന്നങ്ങൾ വിപണിയിലിറക്കി ടെക് ലോകം അടക്കി ഭരിക്കുന്ന അഡോബിയുടെ മുന്നേറ്റ നിരയിലെ മുഖ്യ ആസൂത്രകൻ ശാന്തനു നാരായനാണ്. 2007 ൽ ബ്രൂസ് ഷീസെന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ശാന്തനു അഡോബിയുടെ പുതിയ നായകനായി നിയോഗിക്കപ്പെട്ടു. ഹൈദരാബാദ് പബ്ലിക് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യസം. തുടർന്ന് ഉസ്മാനിയ സര്‍വകലാശാലയിലും പഠിച്ച ശാന്തനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നു.

കംപ്യൂട്ടർ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ശാന്തനു ആപ്പിളിലൂടെയാണ് കരിയർ തുടങ്ങുന്നത്. പിന്നീട് അഡോബിയുടെ വേള്‍ഡ്‌വൈഡ് പ്രൊഡക്ട് റിസര്‍ച്ചില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി ചേര്‍ന്നു. ഈ തുടക്കം ശാന്തനുവിന്റെ കരിയറില്‍ വലിയ നേട്ടങ്ങളുണ്ടാക്കി. അഡോബിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി സ്ഥാനമേൽക്കുമ്പോൾ ശാന്തനു 41-ാം വയസ്സായിരുന്നു.

ടി.കെ. കുര്യൻ

TK.kurien

രാജ്യത്തെ മുൻനിര ഐടി കമ്പനിയായ വിപ്രോയുടെ സിഇഒ മലയാളി ടി.കെ.കുര്യനാണ്. വിപ്രോ ഹെല്‍ത്ത്കെയര്‍ ആന്‍ഡ് ലൈഫ് സയന്‍സസ് ബിസിനസ് വിഭാഗം സിഇഒ ആയിരുന്ന കുര്യനെ കമ്പനിയുടെ സിഇഒയായി നിയമിക്കുകയായിരുന്നു. കോട്ടയം പുത്തനങ്ങാടി തെക്കേതലയ്ക്കല്‍ പരേതനായ ടി.കെ. കുര്യന്റെ മകനായ കുര്യന്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി പൂര്‍ത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഹൈദരാബാദ് പബ്ലിക് സ്കൂളിലാണ് ടി.കെ. കുര്യനും പഠിച്ചത്. വിവിധ രംഗങ്ങളില്‍ 23 വര്‍ഷത്തെ അനുഭവസമ്പത്തുമായാണു ടി.കെ. കുര്യൻ വിപ്രോ ഐടി മേധാവിയായത്. രണ്ടായിരത്തില്‍ കമ്പനിയിലെത്തിയ കുര്യന്‍ ബിപിഒ വിഭാഗത്തിന്റെയും ടെലികോം സര്‍വീസ് വിഭാഗത്തിന്റെയും മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സത്യ നാദെല്ല

microsoft-ceo

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വയര്‍ കമ്പനി മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഇന്ത്യൻ വംശജനായ സത്യ നാദെല്ലയാണ്. മൈക്രോസോഫ്റ്റിന്റെ ചരിത്രത്തില്‍ മൂന്നാമത്തെ സിഇഒയാണ് നാദെല്ല. സ്ഥാപകന്‍ ബില്‍ ഗേറ്റ്സും, സ്റ്റീവ് ബാമറുമാണ് മുന്‍ഗാമികള്‍. ഹൈദരാബാദ് പബ്ലിക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്യ നാദെല്ല മണിപ്പാൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജിയിൽ നിന്നു ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. പിന്നീട് ഉന്നത വിദ്യാഭ്യാസം തേടി അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നു.

മൈക്രോസോഫ്റ്റിന്റെ വിപണി സാധ്യതകള്‍ പുതിയ രീതിയിൽ പരീക്ഷിക്കാൻ മുതിർന്നതും നദെല്ലയാണ്. വിൻഡോസ് 10 പുറത്തിറക്കിയത് നദെല്ലെയുടെ കരിയറിലെ വലിയ നേട്ടങ്ങളിൽ ഒന്നാണ്. കമ്പനിയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ നാദെല്ലയാണെന്നാണ് ബില്‍ ഗേറ്റ്സ് ഒരിക്കൽ അഭിപ്രായപ്പെട്ടത്.

സത്യ നാദെല്ല, ശാന്തനു നാരായൻ, ടി.കെ. കുര്യൻ ഇങ്ങനെ ടെക് ലോകത്തു തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരുടെ പട്ടിക നീളുകയാണ്. ഇവരുടെ പട്ടികയിലേക്കാണ് ഗൂഗിളിന്റെ സിഇഒ ആയി നിയമിതനായ സുന്ദർ പിച്ചൈയും ചേർന്നത്. ഇവരിലൂടെ ശരിക്കും പേരെടുത്തത് ഇന്ത്യയാണ്, ഒപ്പം ഇന്ത്യയിൽ ടെക്നോളജി വിദ്യാഭ്യാസത്തിന് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും.

സെർച് എഞ്ചിൻ ഭീമനായ ഗൂഗിളിന്റെ തലവനായി സുന്ദർ പിച്ചൈ നിയമിതനായതോടു കൂടി ലോകമെമ്പാടുമുള്ള പ്രമുഖ ടെക് കമ്പനികളുടെയെല്ലാം തലവൻമാരായി ഇന്ത്യൻ ഐഐടിയിലെ പൂർവ വിദ്യാർഥികൾ മാറിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

മറ്റുപ്രമുഖർ

padmasree-warrier

ലോകത്തെ പേരെടുത്ത ടെക് വിദഗ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇനിയും ഏറെയാണ്. ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫിസർ ആയിരുന്ന നികേഷ് അറോറയാണ് മറ്റൊരു പ്രധാന ടെക്കി. അറോറയെ സോഫ്റ്റ് ബാങ്ക് കോർപറേഷൻ 135 മില്യൺ ഡോളർ നൽകിയാണ് സ്വന്തമാക്കിയത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ശമ്പളമുള്ള ടെക്കികളുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനവും അറോറയെ തേടിയെത്തി. ഗൂഗിൾ ഫെല്ലോയിലെ അമിത് സിങ്കാൾ ‌‌‌‌‌‌‌‌എന്നിവരാണ് പട്ടികയിലുൾപ്പെട്ടിരിക്കുന്ന മറ്റു ചിലർ.

സിസ്കോയുെട മുൻ ചീഫ് ടെക്നോളജി ഓഫീസർ ആയ പദ്മശ്രീ വാരിയർ മാത്രമാണ് ഈ പട്ടികയിലുൾപ്പെട്ടിരിക്കുന്ന ഏക സ്ത്രീ. മോട്ടോറോളയുടെ വൈസ് പ്രസിഡന്റ്, മോട്ടറോളയുടെ എനർജി സിസ്റ്റത്തിന്റെ ജനറൽ മാനേജർ എന്നീ നിലകളിലും പദ്മശ്രീ വാരിയർ പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 വനിതകളുടെ ലിസ്റ്റിൽ 73-ാം സ്ഥാനം ഈ ഇന്ത്യൻ വനിത നേടിയിരുന്നു. ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പത്തു വനിതകളിലൊരാൾ, ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ യുവതി എന്നീ നിലകളിലും ശ്രദ്ധ നേടിയ പദ്മശ്രീ വാരിയർ കഴിഞ്ഞ ജൂണിലാണ് സിസ്കോയുെട ചീഫ് ടെക്നോളജി ഓഫീസർ സ്ഥാനം രാജി വച്ചത്. ഫ്യുജിറ്റ്സു എന്ന കമ്പനിയിൽ ചേരാനാണ് രാജിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പദ്മശ്രീ വാരിയർ ഇതു വരെ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ പഴയ സ്മാർട്ട്ഫോൺ നിർമാതാക്കളായ നോക്കിയയുടെ സിഇഒ ആയ രാജീവ് സൂരിയും ഇന്ത്യക്കാരന്‍ തന്നെ. നോക്കിയയുടെ മൊബൈൽ ‍ഡിവിഷൻ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ മെയ് 2014-ലാണ് രാജീവ് സൂരി നോക്കിയയുടെ സിഇഒ ആയി നിയമിതനായത്. അതിനു മുൻപ് നോക്കിയ സൊലൂഷന്‍സ് ആൻഡ് നെറ്റ്‌വർക്ക്സ് സിഇഒ ആയിരുന്നു സൂരി.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ സൂരി കാൽകം ഇലക്ട്രോണിക്സ്, ഐസിഎൽ എന്നീ കമ്പനികളിലായി ഇന്ത്യയിലും ചർച്ഗെയ്റ്റ് എന്ന കമ്പനിയ്ക്കു വേണ്ടി നൈജീരിയയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഐഐടി മദ്രാസ്, ഐഐടി ഖാരഗ്പൂർ, ഐഐടി കാൻപൂർ, ഐഐടി റൂർഖി, ഐടി ബിഎച്ച്യു, എംഎസ് യൂണിവേഴ്സിറ്റി, ഒസ്മാനിയ, മണിപ്പാൽ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ടെക്കികളും പഠിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയിലേതിനേക്കാൾ കൂടുതൽ ജോലിക്കാരെ ഇന്ത്യയിൽ നിയമിക്കുന്ന ഐബിഎം-ന്റെ പട്ടികയിൽ ഒരു ഇന്ത്യൻ എക്സിക്യൂട്ടിവ് പോലുമില്ലെന്നതാണു കൗതുകകരമായ വസ്തുതയാണ്.

*ലോകത്തെ പ്രമുഖ ടെക് കമ്പനികളിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഇന്ത്യക്കാരുടെ പേരുകൾ ചുവടെ നൽകിയിരിക്കുന്നു. *

∙ അഭിജിത് തൽവാൽക്കർ - സിഇഒ - എൽഎസ്ഐ കോർപറേഷൻ

∙ അമിത് സിങ്കാൽ - സീനിയർ വൈസ് പ്രസിഡന്റ് - ഗൂഗിൾ ഫെലോ

∙ അനീഷ് ചോപ്ര - ചീഫ് ടെക്നോളജി ഓഫീസർ - യുഎസ് സർക്കാർ

∙ അരവിന്ദ് സോധനി - എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് - ഇന്റൽ

∙ ദിലീപ് വാഗിൾ - ഡിറക്ടർ - മക്കിൻസെ കോ

∙ നികേഷ് അറോറ - സിഇഒ - സോഫ്റ്റ്ബാങ്ക് കോർപ്.

∙ ഓം മാലിക് - ബ്ലോഗർ, സ്ഥാപകൻ - ജിഗാ ഓഎം

∙ പദ്മശ്രീ വാരിയർ - സീനിയർ വൈസ് പ്രസിഡന്റ്‍, എഞ്ചി. സിടിഒ - സിസ്കോ

∙ പ്രഭാകർ രാഘവൻ - വൈസ് പ്രസിഡന്റ് (എഞ്ചി.)- ഗൂഗിൾ

∙ പ്രിത് ബാനർജി - എംഡി - ഗ്ലോബൽ ടെക്നോളജി, ആർ&ഡി, ആക്സെൻച്യുർ

∙ സഞ്ചയ് കെ ജാ - സിഇഒ - ഗ്ലോബൽ ഫൗണ്ടറീസ്

∙ സത്യ നാദെല്ല - സിഇഒ - മൈക്രോസോഫ്റ്റ്

∙ ശാന്തനു നാരായൺ - സിഇഒ - അഡോബി സിസ്റ്റംസ്

∙ സുന്ദർ പിച്ചൈ - സിഇഒ- ഗൂഗിൾ

∙ തോമസ് കുര്യൻ - പ്രസിഡന്റ് (പ്രോഡക്ട് ഡിവലപ്മെന്റ്)- ഒറക്കിൾ

∙ വിനോദ് ഖോസ്്ല - സ്ഥാപകൻ - ഖോസ്്ല വെൻചുവേഴ്സ്

∙ വിഷാൽ സിക്കാ - സിഇഒ, മാനേജിങ് ഡയറക്ടർ - ഇൻഫോസിസ്

∙ വിവേക് കുന്ദ്ര- എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് - സെയിൽസ് ഫോഴ്സ്

∙ വിവേക് റൺദീവ് - സിഇഒ - ടിബ്കോ സോഫ്റ്റ് വെയേഴ്സ്

∙ വ്യോമേഷ് ജോഷി - എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് - ഹ്യൂലെറ്റ്-പക്കാർഡ്