Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500, 1000 അസാധു, ഇനി നോട്ട് വേണ്ട, കോയിൻ മതി, ഇന്ത്യയിലും ബിറ്റ്‌കോയിൻ!

bitcoin

ധനശാസ്ത്രവും ബാങ്കിങ് തിയറികളും എന്തൊക്കെ പറഞ്ഞാലും കള്ളപ്പണം ഇല്ലാതാവേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് നല്ലതാണെങ്കിലും അധ്വാനിച്ചുണ്ടാക്കിയ പണത്തിന്മേലുള്ള ആധിപത്യം സർക്കാരിനാണെന്ന തോന്നൽ മുറിപ്പെടുത്തിയിരിക്കുന്നത് ഒന്നോ രണ്ടോ പേരെയല്ല. കള്ളപ്പണത്തെ എതിർത്തുകൊണ്ടിരുന്ന പുതിയ തലമുറ പോലും പഴ്‌സിലിരുന്ന കറൻസി നോട്ടുകൾ ഇരുട്ടി വെളുക്കുമ്പോൾ വെറും കടലാസാവുന്ന മാജിക്കിൽ അതൃപ്തരാണ്. അതുകൊണ്ടു തന്നെയാവാം പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന കറൻസി രഹിത-ബാങ്കിങ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കപ്പുറത്ത് വെർച്വൽ കറൻസിയുടെ ലോകത്തേക്ക് അവർ സഞ്ചരിക്കുന്നത്.

ബദൽനാണയ വിപ്ലവത്തിന്റെ എട്ടാം വർഷത്തിൽ നിൽക്കുന്ന ബിറ്റ്‌കോയിൻ നവംബർ എട്ടിനു ശേഷം രാജ്യത്തു നേടിയ വളർച്ചയും ബിറ്റ്‌കോയിനോടു ഒരു വിഭാഗം ജനങ്ങൾക്കു പെട്ടെന്നുണ്ടായിരിക്കുന്ന താൽപര്യവും ഈ മാറ്റത്തിന്റെ തെളിവാണ്. അഞ്ഞൂറും ആയിരവും പോയതോടെ ബിറ്റ്‌കോയിൻ വിപണിയാകെ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്. പുതിയ നാണയപരിഷ്‌കാരങ്ങളോടു വിയോജിപ്പുള്ള എല്ലാവരും ബിറ്റ്‌കോയിൻ ഉപയോഗിച്ചു തുടങ്ങുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ആകെ ജനസംഖ്യയുടെ ഒരു ശതമാനം എങ്കിലും ബിറ്റ്‌കോയിൻ ശൃംഖലയിലേക്കു വരുമെന്ന് അവർ സ്വപ്‌നം കാണുന്നു. അങ്ങനെ വന്നാൽ, അത് ബിറ്റ്‌കോയിൻ എന്ന ജനകീയ-ബദൽ നാണയത്തിന്റെ ചരിത്രനേട്ടമായിരിക്കും. നോട്ട് പിൻവലിക്കലിനു ശേഷം രാജ്യത്ത് ബിറ്റ്‌കോയിൻ നേടിയിട്ടുള്ള വളർച്ച നൽകുന്ന സൂചനയും ആ ദിശയിലാണ്.

നോട്ട് പിൻവലിക്കുമ്പോൾ രാജ്യാന്തര ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളിൽ ഒരു ബിറ്റ്‌കോയിന് ഏകദേശം 47,000 രൂപയായിരുന്നു വില. എന്നാൽ, നോട്ടു പിൻവലിക്കൽ തീരുമാനത്തിനു ശേഷം ഇന്ത്യൻ എക്‌സ്‌ചേഞ്ചുകളിൽ വില കുതിച്ചുയർന്ന് 55,000 വരെയെത്തി. രാജ്യാന്തര എക്‌സ്‌ചേഞ്ചുകളിൽ ഇന്നലെ ബിറ്റ്കോയിൻ വിനിമയം നടന്നത് 50,269 രൂപയ്ക്കായിരുന്നെങ്കിൽ ഇന്ത്യയിൽ 65,421 രൂപയായിരുന്നു ഇന്നലത്തെ വില. 20 ശതമാനത്തിലധികം പ്രീമിയം നൽകി ഇന്ത്യയിൽ ബിറ്റ്‌കോയിൻ വാങ്ങാനാളുണ്ടെന്നത് ആഗോള ബിറ്റ്‌കോയിൻ വിപണിക്കു തന്നെ പുത്തനുണർവു നൽകിയിരിക്കുകയാണ്. വരും മാസങ്ങളിൽ ഇന്ത്യയിൽ ബിറ്റ്‌കോയിൻ കൈവരിക്കുന്ന നേട്ടം ബിറ്റ്‌കോയിൻ ശൃംഖലയ്ക്കാകെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ.

നോട്ട് പിൻവലിച്ചതിനെ തുടർന്ന് ബിറ്റ്‌കോയിൻ തിരഞ്ഞിറങ്ങിയവരിൽ നല്ലൊരു ശതമാനവും കയ്യിലുള്ള പഴയ നോട്ടുകൾ നൽകി ബിറ്റ്‌കോയിൻ വാങ്ങാനെത്തിയവരായിരുന്നു. എന്നാൽ, ഇന്ത്യയിലെ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകൾ പണം വാങ്ങി പകരം ബിറ്റ്‌കോയിൻ നൽകാറില്ല. ഇവിടെ ബിറ്റ്‌കോയിൻ വാങ്ങണമെങ്കിൽ ബിറ്റ്‌കോയിൻ വലെറ്റുമായി അംഗീകൃത ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത് കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കിരിക്കണം. രാജ്യത്തെ ബിറ്റ്‌കോയിൻ വിനിമയങ്ങൾ റിസർവ് ബാങ്ക് നിയന്ത്രണത്തിലല്ലെങ്കിലും ബിറ്റ്‌കോയിൻ വിനിമയങ്ങൾ ബാങ്കിന്റെ നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ നിയമങ്ങൾക്കു വിധേയമായാണ് ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകൾ വിനിമയം നടത്തുന്നത്.
കള്ളപ്പണം ഇനിയും ബാക്കിയുള്ളവർക്ക് അതു നിക്ഷേപിക്കാൻ ബിറ്റ്‌കോയിൻ ഉപയോഗിക്കാൻ സാധ്യമല്ലെന്നു ചുരുക്കം. എന്നാൽ, നിയമവിധേയമായ സമ്പാദ്യം നിക്ഷേപിച്ച് ബിറ്റ്‌കോയിൻ വിനിമയങ്ങളിൽ കൂടുതൽ സജീവമാകാനുള്ള താൽപര്യം കറൻസി രഹിത സമൂഹത്തിൽ നിന്ന് വെർച്വൽ കറൻസിയിലേക്കുള്ള ചുവടുമാറ്റത്തിനു പോലും നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും സാധ്യതയുണ്ട് എന്നതാണ് തെളിയിക്കുന്നത്.

ബിറ്റ്‌കോയിനിലേക്കു മാറാൻ ഇന്ത്യക്കാർക്കു പ്രചോദനമാകുന്ന മറ്റൊന്ന് വിദേശത്തു നിന്നു പണമയക്കാൻ ബിറ്റ്‌കോയിൻ മാധ്യമം ആക്കാമെന്നതാണ്. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ, നടപടിക്രമങ്ങളുടെ നൂലാമാലകളിൽപ്പെടാതെ വിനിമയം നടത്താമെന്നത് ഇന്ത്യയിലെ ബിറ്റ്‌കോയിൻ ശൃംഖലയുടെ വളർച്ചയ്ക്ക് ഗുണകരമാണ്. എന്നാൽ, 99 ശതമാനം ഇന്ത്യക്കാർക്കും ‘ഒരു പിടിയും കിട്ടാത്ത കുന്ത്രാണ്ടം’ എന്ന നിലയ്ക്കു നിൽക്കുന്ന ബിറ്റ്‌കോയിൻ എങ്ങനെ ഇവിടെ ശ്രദ്ധ പിടിച്ചുപറ്റും എന്നതിന് ബിറ്റ്‌കോയിൻ പ്രചാരകർക്കു പോലും ഉത്തരമില്ല. നോട്ടിൽ നിന്നു പിടിവിടാൻ മടിക്കുന്നവർ ഒരിക്കലും കൈകൊണ്ടു തൊടാനാവാത്ത സാങ്കൽപിക കറൻസി ഉപയോഗിക്കാൻ തയാറാകുമോ ?

ബിറ്റ്‌കോയിൻ ഇന്ത്യയിൽ

ബിറ്റ്‌കോയിൻ ഇന്ത്യയിൽ നേടിയിട്ടുള്ള വളർച്ച നവംബർ എട്ടിനു ശേഷമുള്ളതല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളിൽ നല്ല തിരക്കാണ്. ബിറ്റ്‌കോയിൻ പോലെ തന്നെ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളും വെർച്വലാണ് എന്നതു പറയേണ്ടല്ലോ. ബിറ്റ്‌കോയിനിലുള്ള വിശ്വാസവും ബിറ്റ്‌കോയിൻ നൽകുന്ന സ്വാതന്ത്ര്യവും ഈ വെർച്വൽ കറൻസിയുടെ സ്വാഭാവികമായ വളർച്ചയ്ക്കു കാരണമായപ്പോഴാണ് നോട്ട് പിൻവലിക്കൽ വലിയൊരു കുതിപ്പിനു കാരണമായത്. ബിടിസിഎക്‌സ് ഇന്ത്യ, കോയിൻസെക്യൂർ, യുനോകോയിൻ തുടങ്ങിയ ഇന്ത്യൻ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകൾ വളരെ സജീവമാണ്.

ഏറ്റവുമധികം ഉപയോക്താക്കളുള്ള യുനോകോയിൻ വഴി ഒരു ലക്ഷത്തിലേറെപ്പേർ ബിറ്റ്‌കോയിൻ വിനിമയം നടത്തുന്നുണ്ട്. ഇമെയിൽ വിലാസം ഉപയോഗിച്ച് സാധാരണ വെബ്‌സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കുന്നതുപോലെ യുനോകോയിനിൽ അക്കൗണ്ട് ഉണ്ടാക്കാം. ഇതോടെ ബിറ്റ്‌കോയിൻ വലെറ്റ് സജ്ജമാകും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി ചേർത്താൽ ഇടപാടുകൾ നടത്താൻ ബിറ്റ്‌കോയിൻ വലെറ്റ് സജ്ജമാകും. ബിറ്റ്‌കോയിൻ വാങ്ങുന്നതിനും വിൽക്കുന്നതിനും പുറമേ മൊബൈൽ റീച്ചാർജ് പോലെയുള്ള അവശ്യങ്ങൾക്കും ബിറ്റ്‌കോയിൻ ഉപയോഗിക്കാം. ലോകത്തെവിടെ നിന്നും ബിറ്റ്‌കോയിൻ സ്വീകരിക്കാനും നൽകാനും സാധിക്കും. വിലാസം: unocoin.com 

Your Rating: