Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുണി അലക്കി വെളുപ്പിച്ചു വീട്ടിലെത്തിക്കാൻ സ്റ്റാർട്ടപ്പും ആപ്പും

laundryanna

ഓര്‍മയില്ലേ ആ ബാച്ചിലര്‍ കാലം ? ആഴ്ച മുഴുവന്‍ എങ്ങനെയെങ്കിലും ഓടിത്തീര്‍ത്ത ശേഷം വീട്ടിലേക്കൊരു പോക്കുണ്ട്. മിക്കവാറും കൂടെ വലിയ ബാഗും കാണും. ഒരാഴ്ചത്തെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അപ്പാടെ എടുത്ത് അമ്മയ്ക്ക് അലക്കാന്‍ കൊടുക്കാനാണ്. കൈ കൊണ്ടുള്ള അലക്കിന്റെ വൃത്തി ഒരു വാഷിങ് മെഷീനും നല്‍കാനാവില്ല തന്നെ.

ഇപ്പോള്‍ വൃത്തിയായി വസ്ത്രം ധരിക്കണം എന്നുണ്ടെങ്കില്‍ കെട്ടും ഭാണ്ഡവുമെടുത്ത് വീട്ടിലേക്ക് ഓടിപ്പോവേണ്ട കാര്യമില്ല. പ്രധാന നഗരങ്ങളിളെല്ലാം ലോൺഡ്രി സര്‍വീസുകള്‍ ഉണ്ട്. നമ്മുടെ വസ്ത്രങ്ങള്‍ അലക്കി ഉണക്കിയെടുത്ത് തേച്ചു വൃത്തിയായി മടക്കി കയ്യിൽകിട്ടും, അതും പോക്കറ്റിലൊതുങ്ങുന്ന നിരക്കില്‍! എന്തിനേറെ ? അലക്കുകാര്യത്തില്‍ സഹായിക്കാന്‍ ആപ്പുകളും സ്റ്റാർട്ടപ് കമ്പനികളും വരെ വന്നുകഴിഞ്ഞു.

2015 മാര്‍ച്ചില്‍ പ്രതീക് റാണ സ്ഥാപിച്ച ലോൺഡ്രിയാന ആപ്പ് അലക്കുകാരെ നമ്മുടെ വാതില്‍പ്പടിയിൽ എത്തിക്കുന്നതാണ്. ബെംഗളൂരുവില്‍ മാത്രമാണ് നിലവില്‍ ലോൺഡ്രിയാന സേവനം ലഭ്യം. തിരക്കേറിയ നഗരജീവിതത്തില്‍ നിരവധി ആളുകള്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

തുടക്കം

പ്രഫഷനലായി അലക്കു പോലെയുള്ള സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നുവെന്ന് ലോൺഡ്രിയാന സ്ഥാപകനും ബിസിനസ് ഡവലപ്മെന്റ് മേധാവിയുമായ പ്രതീക് റാണ പറയുന്നു. പണം നല്‍കുന്ന എല്ലാവര്‍ക്കും സമയമോ നിരക്കിലെ ഏറ്റക്കുറച്ചിലോ നോക്കാതെ ഒരേ രീതിയില്‍ മികച്ച സേവനം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കു പോലും പോക്കറ്റ് മണി ഉപയോഗിച്ച് സേവനം ഉപയോഗിക്കണമെങ്കില്‍ അതിനു പറ്റുന്ന രീതിയിലുള്ള നിരക്കുകള്‍ നിശ്ചയിക്കണം. അതായിരുന്നു ആദ്യ വെല്ലുവിളി. എന്നാല്‍ ഏറെ വൈകാതെ ആ കടമ്പ എളുപ്പത്തില്‍ കടന്നു.

മിക്ക കമ്പനികളും ഉപഭോക്താക്കളുടെ കയ്യില്‍നിന്നു കിട്ടുന്ന കാശു നോക്കിയാണ് അവര്‍ക്ക് നല്‍കുന്ന സേവനത്തിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നത്. അങ്ങനെ പക്ഷഭേദമില്ലാതെ സേവനം നല്‍കുന്നത് ലോൺഡ്രിയാന മാത്രമാണ്. ഒരിക്കല്‍ ഉപയോഗിച്ചവരില്‍ തൊണ്ണൂറു ശതമാനവും വീണ്ടും ഈ സേവനം ഉപയോഗപ്പെടുത്തുന്നത് സംതൃപ്തരായതു കൊണ്ടുതന്നെയാണ്.

അലക്കിത്തേച്ച വസ്ത്രങ്ങള്‍ രണ്ടു ദിവസത്തിനകം റെഡി!

ആപ്ലിക്കേഷൻ വഴി ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാൽ രണ്ടു മണിക്കൂറിനുള്ളില്‍ വാതില്‍പ്പടിയില്‍ എത്തുമെന്നാണു ലോൺഡ്രിയാനയുടെ വാഗ്ദാനം. സാധാരണ 48 മണിക്കൂറിനുള്ളില്‍ വസ്ത്രങ്ങള്‍ അലക്കി വൃത്തിയാക്കി വീട്ടിലെത്തിക്കും. എക്‌സ്പ്രസ് ഓര്‍ഡര്‍ ആണെങ്കില്‍ ഇരുപത്തിനാലു മണിക്കൂര്‍ സമയം മതി. എല്ലാം തിരഞ്ഞെടുക്കാൻ ആപ്പിൽ പ്രത്യേകം സംവിധാനമുണ്ട്.

അലക്ക്, ഡ്രൈ ക്ലീനിങ്, പോളിഷ്‌ചെയ്യൽ, ഉണക്കി തേക്കൽ, കറ കളയല്‍ എന്നിവയാണ് സാധാരണ പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ അങ്ങനെയും ആവാം.

laundryanna-app

ലാഭത്തിനൊപ്പം വിശ്വാസ്യതയും

സാധാരണ ഇത്തരം കമ്പനികള്‍ വസ്ത്രങ്ങള്‍ അലക്കുന്നതിനും ലോജിസ്റ്റിക്‌സിനുമായി പുറത്തുകൊടുക്കാറുണ്ട്. എന്നാല്‍ ലോൺഡ്രിയാന ഔട്ട്സോഴ്‌സ് സര്‍വീസുകളെ ആശ്രയിക്കാറില്ല. അതു ലാഭകരവുമാണെന്ന് പ്രതീക് റാണ പറയുന്നു. മറ്റു കമ്പനികള്‍ പ്രധാനമായും ഹോസ്പിറ്റല്‍, ഹോട്ടല്‍ എന്നിവ പോലെയുള്ള സ്ഥാപനങ്ങള്‍ക്കു സര്‍വീസ് നല്‍കുമ്പോള്‍ ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത് വ്യക്തിഗത സേവനത്തിനാണ്. ഞങ്ങള്‍ക്ക് ഐവിആര്‍ വഴി ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ഓര്‍ഡര്‍ എടുക്കുന്നതിനേക്കാള്‍ എളുപ്പം ഇതാണ്. ടെക്‌നോളജിയുമായി അത്ര പരിചയമില്ലാത്ത ആളുകള്‍ക്കു പോലും ഈ സേവനം ലഭ്യമാക്കാന്‍ ഇങ്ങനെ സാധിക്കും. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴിയും ഓര്‍ഡര്‍ നല്‍കാം.

നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ലോൺഡ്രിയാന സേവനം ലഭ്യമായിട്ടുള്ളത്. ‘ലാഭകരമാവുക എന്നതിനോടൊപ്പം മികച്ച സേവനവും ക്വാളിറ്റിയും ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ ഫോക്കസ്. മറ്റുള്ളവര്‍ ദിനവും നൂറും നൂറ്റമ്പതും ഓര്‍ഡറുകള്‍ സ്വീകരിക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ 25-30 ശതമാനം മാത്രമേ ചെയ്യുന്നുള്ളൂ. അതും ബെംഗളൂരുവിലെ രണ്ടു സ്ഥലങ്ങളില്‍ മാത്രം. വളരെ സാവധാനത്തിലുള്ള, സ്ഥിരതയുള്ള വളര്‍ച്ചയാണ് കമ്പനിയുടേത്. അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനുകളുമായി കൈകോര്‍ത്തുകൊണ്ട്, സാധാരണ ഈ ഫീല്‍ഡിലുള്ള മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായ സേവനം കാഴ്ച വയ്ക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുന്നുണ്ട്’ - പ്രതീക് റാണ പറയുന്നു. മുന്‍നിര സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാരെല്ലാം ലോൺഡ്രിയാന ഉപയോഗപ്പെടുത്തുന്നവരാണ്.

ഐടിസി ഷെറാട്ടൻ, കിങ് ഫിഷർ എയർലൈൻസ്, ബയോകോൺ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് പ്രതീക് ഇങ്ങനെയൊരു സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് ആലോചിക്കുന്നത്. പത്‌നി രതി റാണയുമൊത്ത് നേരത്തെ HouseMaidForYou എന്ന സംരംഭം നടത്തിയിരുന്നു. ആവശ്യക്കാര്‍ക്കു വീട്ടുവേലയ്ക്ക് ആളെ എത്തിക്കുക എന്നതായിരുന്നു ആ സേവനം.

യൂറോമോണിറ്റർ രാജ്യാന്തര റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ അസംഘടിത മേഖലയിലെ അലക്കു വ്യവസായത്തിന്റെ മൂല്യം പ്രതിവര്‍ഷം 200,000 കോടി രൂപ വരും. ഈ മേഖലയിലെ മൊത്തം വിപണിയുടെ അഞ്ചു ശതമാനം മാത്രമാണ് സംഘടിതമായിട്ടുള്ളത്. അതുകൊണ്ടുതന്നെ അലക്കു വ്യവസായങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരുപാടു സാധ്യതകളുണ്ട്. ശരിയായ രീതിയിലല്ല ചെയ്യുന്നതെങ്കില്‍ നല്ല റിസ്‌കുമുള്ള മേഖലയാണിത്. സമാന രീതിയിൽ തുടങ്ങിയ മുംബൈയിലെ ഡൂർമിന്റ്, ഡൽഹിയിലെ ടൂളർ, ബെംഗളൂരു മൈവാഷ്, ഹോം സർവീസ് സ്റ്റാർട്ടപ്പ് അർബൻക്ലാപ് എന്നീ കമ്പനികളൊന്നും ലാഭകരമായിരുന്നില്ല.

ഇരുപത്തഞ്ചു പേരടങ്ങുന്ന ടീമാണ് ലോൺഡ്രിയാനയിലെ വിവിധ സെക്‌ഷനുകളില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ ലാഭം നേടിയ കമ്പനിയുടെ പ്രതിമാസ വളര്‍ച്ചാനിരക്ക് 7-8 ശതമാനമാണ്. കമ്പനിയെ വിജയക്കുതിപ്പിലെത്തിക്കാന്‍ പ്രതീകിനൊപ്പം സഹസ്ഥാപകനായ രോഹിതുമുണ്ട്. വരും ദിനങ്ങളില്‍ എല്ലാ വീടുകളിലും സുപരിചിതമായ ഒരു പേരായി ലോൺഡ്രിയാനയെ മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതീക് പറയുന്നു.