Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ വസുത അഗർവാളും

vasutha

മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ദേശീയ ഡിജിറ്റൽ സംഗമത്തിന് പ്രമുഖ മൊബൈൽ പരസ്യ കമ്പനിയായ ഇൻമൊബിയുടെ വൈസ് പ്രസിഡന്റ് വസുത അഗർവാളും പങ്കെടുക്കും. മനോരമ ഒാൺലൈൻ ഇരുപതാണ്ട് പിന്നിട്ടതിന്റെ ഭാഗമായി നവംബര്‍ 19 ന് കൊച്ചിയിലാണ് 'ടെക്സ്പെക്റ്റേഷന്‍സ്' ഡിജിറ്റർ സംഗമം നടക്കുക.

പുരുഷന്മാർ കൂടുതലുള്ള ടെക് ലോകത്തെത്തി കുറഞ്ഞ നാളുകൾ കൊണ്ട് ഇൻമോബിയിലെ തിളങ്ങുന്ന താരങ്ങളിലൊരാളായി മാറാൻ കഴിഞ്ഞ ആളാണ് വസുത. ഇൻമോബിയിലെ ഫൗണ്ടർ സ്റ്റാഫ് ടീമിലേക്കാണ് വസുത ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. കമ്പനിയുടെ സ്ഥാപകരുടെ ഏറ്റവും അടുത്ത ഗ്രൂപ്പ്, ഇവരുടെ കയ്യിലാണ് കമ്പനിയുടെ തലച്ചോറും വിജയതന്ത്രങ്ങളും ഉള്ളതും. ഇതേ ഗ്രൂപ്പിലേക്കാണ് വസുത ജോലിയ്ക്കായി ചെന്ന് കയറുന്നത്. ഒൻപതു മാസത്തെ അവിടുത്തെ അനുഭവ പരിചയത്തിനു ശേഷം പ്രോഡക്ട് ഗ്രൂപ്പിൽ ആറു മാസം. ഓൺലൈൻ ഉപഭോക്താക്കളുടെ മനമറിയാൻ ശ്രമിച്ചു, അതിനെ കുറിച്ച് പഠിച്ച ആറു വർഷങ്ങൾക്ക് ശേഷം വസുത ഇപ്പോൾ കമ്പനിയുടെ തലയെടുപ്പുള്ള സ്ഥാനത്തേയ്ക്ക് വൈസ് പ്രസിഡൻറിൻറെ കസേരയിലേക്ക് എത്തിയിരിക്കുന്നു. ബിസിനസിലുള്ള താൽപ്പര്യവും ഇഷ്ടവും കൊണ്ട് തന്നെയാണ് വസുത അഗർവാൾ ഇതേ മേഖലയിൽ ഇതേ സ്ഥാനത്ത് എത്തപ്പെട്ടതും. കഴിഞ്ഞ രണ്ടര വർഷമായി ഇൻമോബിയിലെ ജീവിതം വസുതയ്ക്ക് നിരവധി അനുഭവങ്ങളും ഉയർച്ചയും നൽകി.

വസുത അഗർവാൾ

"നിങ്ങൾ ആസ്വദിക്കുന്ന ജോലി നന്നായി ചെയ്യുക, വളർച്ചയും ഉയർച്ചയും സ്വാഭാവികമായി ആ വഴിയിൽ എത്തിച്ചേരും" വസുത അഗർവാളിന്റെ വിജയമന്ത്രമാണിത്. വീട്ടിലെ ഒറ്റ മകളായി വളർന്നതിന്റെ അസ്വാഭാവികതകൾ ഇല്ലാതെ കരിയറിലും അക്കാദമിക തലങ്ങളിലും കലാമികവിലും എല്ലാം ഒന്നിനൊന്നോടു മികച്ചു നിന്ന വസുതയെ കുറിച്ച് വീട്ടുകാർക്ക് പറയാൻ നൂറു നാവാണ്.

എം ബി എ പഠനത്തിന് ശേഷം വസുത ആദ്യമായി പ്രവർത്തിക്കുന്നത് McKinsey ക്കു വേണ്ടിയായിരുന്നു. അവിടുത്തെ ജോലി അനുഭവം ഒരു പ്രതിഭാസമായിരുന്നു എന്ന് വസുത പറയുന്നു. വളരെ വലിയ അനുഭവങ്ങളും, വ്യത്യസ്തരായ ബിസിനസ് ലോകങ്ങളും പ്രവർത്തിയ്ക്കാൻ മടിയില്ലാത്ത സഹപ്രവർത്തകരും ഒക്കെയുള്ള ഇടമായിരുന്നു അത്, പക്ഷെ ആഴ്ചയിൽ അഞ്ചു ദിവസവും വേണ്ടി വരുന്ന യാത്രകൾ, അത് കുറച്ചു ബുദ്ധിമുട്ടായി തോന്നിയത് കൊണ്ടാണ് McKinsey യിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നതെന്നും വസുത പറയുന്നു.

ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരുടെ ഒറ്റ മകൾ വസുത അഗർവാൾ പഠിച്ചതും വളർന്നതുമൊക്കെ ഇന്ത്യയിൽ തന്നെ. പ്രശസ്തമായ ബിറ്റ്‌സ് പിലാനിയിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദവും ഐ ഐ എമ്മിൽ നിന്നും എം ബി എയും എടുത്ത് അക്കാദമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പക്ഷെ കലാപരമായ വിഭാഗങ്ങളിലും വസുത കഴിവ് പ്രകടിപ്പിച്ചിരുന്നു. നൃത്തത്തിലും നാടകത്തിലും വസുത പഠന കാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു.

ജോലിസ്ഥലത്ത് എണ്ണത്തിൽ കൂടുതൽ പുരുഷന്മാരായിരുന്നെങ്കിലും അത് തന്നെ ബാധിച്ചിട്ടില്ലെന്ന് വസുത പറയുന്നു, "നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് സ്ത്രീകൾ കുറവാണെങ്കിൽ ആധി പിടിക്കേണ്ട, അവിടെ നിങ്ങൾക്ക് കൂടുതൽ തിളങ്ങാനുള്ള സാധ്യതകളാണ് വർദ്ധിക്കുന്നതെന്ന്" വസുത. പുരുഷ കേന്ദ്രീകൃതമായ ഒരു വർക്ക് സ്പെയ്സിൽ ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെ വലച്ചിട്ടില്ലെന്നും വസുത പറയുന്നു.

പെട്ടെന്ന് വളർന്ന വലുതാകുന്ന ഒരു ബിസിനസ് സാമ്രാജ്യത്തെ സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകളെയൊക്കെ ആത്മധൈര്യത്തോടെയും ഉൾക്കരുത്തോടെയും വസുതയ്ക്ക് നേരിടാൻ കഴിഞ്ഞത് തന്നെയാണ് ബിസിനസ് രംഗത്ത് അവർ ശോഭിയ്ക്കാൻ കാരണവും. നേതൃനിരയിലേക്ക് ഉയരാൻ ആഗ്രഹിക്കുന്ന സ്ത്രീകളോട് വസുതയ്ക്ക് പറയാനുള്ളതും താൻ അനുഭവത്തിലൂടെ ആർജ്ജിച്ചെടുത്തത് തന്നെ," നിങ്ങൾ നിങ്ങളെ നന്നായി മനസ്സിലാക്കൂ, നിങ്ങളുടെ കഴിവുകൾ, സ്വപ്‌നങ്ങൾ, പരാജയങ്ങൾ, മോഹങ്ങൾ ഭയങ്ങൾ, ഇവയ്ക്കൊക്കെ തന്നെയാകും നിങ്ങളെ മുന്നോട്ടു നായിക്കാനാവുക. മാറ്റത്തിന്റെ ചിന്ത തുടങ്ങേണ്ടതും ഇവിടെ നിന്നാണ്. നിങ്ങൾക്ക് ലഭിച്ചതോർത്ത് അഭിമാനിക്കാം പക്ഷെ അപ്പോൾ ലളിതമായി കാര്യങ്ങളെ കാണാനാകണം."

ടെക്സ്പെക്റ്റേഷന്‍സിൽ കൂടുതൽ ടെക് ഭീമൻമാർ

വസുതയെ കൂടാതെ ഗൂഗിള്‍ ആൻഡ് യൂട്യൂബ് വിഡിയോ ഏഷ്യാ-പസിഫിക് മേഖല ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍, ആമസോണ്‍ ഇന്റര്‍നെറ്റ്‌ സര്‍വീസസ് ഇന്ത്യ മേധാവി ബിക്രം ബേദി, ബിസിനസ് ബ്ലോഗിങ് സി.ഇ.ഒ കിരുബ ശങ്കര്‍, ഒറിയോസ് വെഞ്ച്വര്‍ പാര്‍ട്ട്ണേഴ്സ് ജനറല്‍ പാര്‍ട്ണര്‍ രെഹാന്‍ യാര്‍ ഖാന്‍, ഫ്രഷ്‌ ടോ ഹോം സി.ഇ.ഒയും സഹസ്ഥാപകനുമായ ഷാന്‍ കടവില്‍, ഫെയ്സ്ബുക്ക്‌ ഇന്ത്യ-ദക്ഷിണേഷ്യ മാനേജിങ് ഡയറക്ടര്‍ ഉമംഗ് വബേദി തുടങ്ങി ലോകമെമ്പാടുള്ള ടെക്നോളജി സ്ഥാപനങ്ങളുടെ സിഇഒ, സിഎക്സ്ഓമാരും, ഡിജിറ്റല്‍ ഗുരുക്കന്‍മാരും, ടെക് രംഗത്തെ സംരംഭകരുമാണ് ഡിജിറ്റൽ സംഗമത്തിൽ അണിനിരക്കുന്നുണ്ട്.

പുതുചലനങ്ങളുടെയും മാറ്റങ്ങളുടെയും പരീക്ഷണശാലയായ ഡിജിറ്റല്‍ മേഖലയും ഡിജിറ്റല്‍, സോഷ്യല്‍, മൊബൈല്‍, വിഡിയോ, സ്റ്റാര്‍ട്ടപ്പുകളും ഇന്നത്തെ മാധ്യമങ്ങളില്‍ ചെലുത്തുന്ന സ്വാധീനവുമാണ് ടെക്സ്പെക്റ്റേഷന്‍സിന്റെ പ്രധാന ആശയ, സംവാദ ചേരുവകൾ.

എറണാകുളം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിൽ രാവിലെ 9.30 മുതലാണ് മീഡിയ സംഗമം. ഡിജിറ്റല്‍, സോഷ്യല്‍, വിഡിയോ, മൊബൈല്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് സംഗമം. ടെക്സ്പെക്റ്റേഷന്‍സിന്റെ ഭാഗമായി പനമ്പിള്ളി നഗറിലെ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടക്കുന്ന മീഡിയ ഹാക്കത്തോൺ മത്സരത്തില്‍ ഫൈനലിലെത്തുന്ന മൂന്നുപേര്‍ക്ക് ക്ഷണിക്കപ്പെട്ട ചടങ്ങിന് മുന്നില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഹാക്കിങ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

എ.ഡബ്ല്യൂ.എസ് ആക്ടിവേറ്റ്, മൊബൈല്‍ 10, യൂട്യൂബ് എന്നിവരാണ്‌ 'ടെക്സ്പെക്റ്റേഷന്‍സി'ന്റെ പാര്‍ട്ണര്‍മാര്‍. ഹൈ.എഫ് എക്സ് ഐ.ടി ആന്‍ഡ്‌ മീഡിയ സര്‍വീസസാണ് പരിപാടിയുടെ സാങ്കേതിക പാര്‍ട്ണര്‍. സ്കൈലൈൻ ആണ് മുഖ്യപ്രായോജകര്‍. ടെക്സ്പെക്റ്റേഷന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും www.techspectations.com സന്ദര്‍ശിക്കുക.  

Your Rating: