Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി–പഞ്ചാബി കൂട്ടുകെട്ട് സ്റ്റാർട്ടപ്പ് വളർച്ച അതിവേഗം, ബഹുദൂരം!

maketmojo-founders ജോയ്സൺ തോമസ്, ഡോ. മോഹിത് ബത്ര

മലയാളിയും പഞ്ചാബിയും ചേർന്നു തുടങ്ങിയ ഓഹരി വിപണി വിശകലന സ്റ്റാർട്ടപ് ഉൽപന്നത്തിന് ഹോങ്കോങ്ങിൽ നടക്കുന്ന ഫിൻടെക്ക് സമ്മേളനത്തിലേക്കു ക്ഷണം. 25 കമ്പനികൾക്കു മാത്രം അവസരം ലഭിക്കുന്ന ഹൈടെക് ധനകാര്യ ഉൽപന്നങ്ങളുടെ മേളയിൽ മലയാളി ജോയ്സൺ തോമസും പഞ്ചാബി ഡോ. മോഹിത് ബത്രയും ഓഹരി രംഗത്തെ ഭീമൻ ബഹുരാഷ്ട്ര കമ്പനികൾക്കു മുന്നിൽ അവതരണം നടത്തും. ഇവർ സൃഷ്ടിച്ച മാർക്കറ്റ് മോജോഡോട്ട് കോം എന്ന ധനകാര്യ ഉൽപന്നം നിക്ഷേപകർക്ക് ഓഹരി വിപണി സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കുന്ന സൗജന്യ പോർട്ടൽ ആയി മാറുകയാണ്.

ഓഹരി വിപണിയിലെ വിശകലന വിദഗ്ധരുടെ സേവനം നേരിട്ട് ഓരോ നിക്ഷേപകനും ലഭിക്കുന്ന തരത്തിലാണ് മാർക്കറ്റ് മോജോയുടെ പ്രവർത്തനം. ഓരോ ദിവസവും വിപണി തുറന്നു നിമിഷങ്ങൾക്കകം ലിസ്റ്റ് ചെയ്തിട്ടുള്ള 4000 കമ്പനികളെക്കുറിച്ചുമുള്ള വിശകലനം ലഭിക്കുന്നു. വിശകലന വിദഗ്ധർക്കുള്ള പരിമിതികളെ മറികടന്ന് 4000 കമ്പനികളെ ഒരുമിച്ച് കംപ്യൂട്ടർവൽക്കൃതമായി വിശകലനം നടത്തുന്ന മറ്റൊരു ഉൽപന്നമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണ നിക്ഷേപകർക്കു സൗജന്യമാണെങ്കിലും വൻകിട ബ്രോക്കിങ് കമ്പനികൾക്കു പ്രത്യേക സേവനം നൽകുന്നതിലാണ് മാർക്കറ്റ് മോജോയുടെ വരുമാനം.

നിലവിൽ വന്നിട്ടു രണ്ടു മാസം മാത്രമായ ഉൽപന്നം കോടക് സെക്യൂരിറ്റിയും ബ്ളൂംബർഗും പോലുള്ള കമ്പനികൾ പ്രയോജനപ്പെടുത്തി തുടങ്ങി. സകല കമ്പനികളുടെയും ചരിത്രവും ഓഹരി ഉടമസ്ഥതയുടെ വിശദാംശങ്ങളും ലാഭ നഷ്ടങ്ങളും ലോക മാധ്യമങ്ങളിൽ അവരെക്കുറിച്ച് അതതു ദിവസം വരുന്ന വാർത്തകളുമെല്ലാം മോജോയിൽ ലഭിക്കും. അതിനായി മുന്നൂറോളം ഫോർമുലകൾ അടങ്ങുന്ന കംപ്യൂട്ടർ അൽഗോരിതം വികസിപ്പിച്ചിട്ടുണ്ട്. മൂന്നു കോടി ഡേറ്റ ഒരേ സമയം വിശകലനം ചെയ്യാൻ കഴിയുന്നതാണിത്. തൃശൂർ കരുവന്നൂർ അരിപ്പാലം കുന്നംകുമരത്ത് തോമസിന്റെ മകനായ ജോയ്സൺ മുംബൈയിലാണു ജനിച്ചു വളർന്നത്.

മണി കൺട്രോൾ എന്ന ഓഹരി നിക്ഷേപ കമ്പനിക്കു രൂപം കൊടുത്ത് അതിന്റെ സിഇഒ ആയി 15 വർഷം തുടർന്ന ശേഷമാണ് പുതിയ ഉൽപന്നം വികസിപ്പിക്കാനിറങ്ങിയത്. ഫിനാൻഷ്യൽ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി അൽകെമി കാപ്പിറ്റിലന്റെ സിഇഒ ആയിരുന്ന പഞ്ചാബി സ്വദേശി ഡോ. മോഹിത് ബത്രയും കൂട്ടിനുണ്ടായിരുന്നു. നിലവിൽ മാർക്കറ്റ് മോജോ 70 കോടി വാല്യുവേഷൻ നേടിയിട്ടുണ്ട്. ഇനി ഇന്ത്യൻ വിപണി വിട്ട് ലോക ഓഹരി വിപണികളിലേക്കു വളരുകയാണു ലക്ഷ്യം. അതിനായി ഡേറ്റ നൽകാൻ വിദേശ സ്ട്രാറ്റജിക് പങ്കാളിയെ നോക്കുകയാണ് മലയാളി–പഞ്ചാബി കൂട്ടുകെട്ട്. 

Your Rating: