Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യൻ വിമാനം ഡീഗോ ഗാർഷ്യ ദ്വീപിൽ, പിന്നിൽ അമേരിക്കയോ?

Diego–Garcia

മലേഷ്യൻ വിമാനം കാണാതായിട്ട് ഇന്നേക്ക് രണ്ടു വർഷം തികഞ്ഞു. 239 യാത്രികരുമായി മലേഷ്യയുടെ എംഎച്ച് 370 അപ്രത്യക്ഷമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വ്യക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ആഴക്കടലിലെ ചെറുചലനങ്ങൾ മുതല്‍ ബഹിരാകാശത്തെ ചെറുഗോളങ്ങള്‍ വരെ കണ്ടെത്തുന്ന ശക്തികൾ എന്തുക്കൊണ്ടാണ് ഇത്രയും വലിയ വിമാനം കണ്ടുപിടിക്കാത്തത്. വർഷം രണ്ടു കഴിഞ്ഞിട്ടും അമേരിക്ക ഇക്കാര്യത്തിൽ വലിയ താൽപര്യമൊന്നും കാണിക്കാത്തത് എന്തുക്കൊണ്ട്? ചർച്ചകൾ ഇപ്പോഴും സോഷ്യൽമീഡിയകളിൽ സജീവമാണ്. വിമാനം അമേരിക്ക റാഞ്ചിയതാണെന്ന നിലപാടിലാണ് മിക്ക ഗൂഢാലോചനാ സിദ്ധാന്തക്കാരും.

മിക്കവരും പറയുന്നത് കാണാതായ വിമാനം അമേരിക്കയ്ക്ക് കീഴിലുള്ള ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറക്കിയിട്ടുണ്ടാകാമെന്നാണ്. അവർക്ക് വേണ്ടപ്പെട്ടത് സ്വന്തമാക്കിയ ശേഷം വിമാനം നശിപ്പിച്ചിരിക്കാമെന്നും ചിലർ വാദിക്കുന്നു. ഒന്നിനും തെളിവില്ലെങ്കിലും ഇത്തരം ചർച്ചകൾക്ക് ഒരു കുറവുമില്ല. ഇത്തരം വൻ വിമാനങ്ങൾ നിയന്ത്രിക്കാനുള്ള റിമോട്ട് സംവിധാനങ്ങൾ അമേരിക്കയുടെ കൈയിലുണ്ടാന്നാണ് പറയപ്പെടുന്നത്.

Diego-Garcia-Base

അപകടം സംഭവിച്ചാൽ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്ന എട്ടോളം ആശയവിനിമയ സംവിധാനങ്ങൾ ഉണ്ടായിട്ട് അപകടത്തെക്കുറിച്ചുള്ള നേരിയ സൂചനപോലും നല്‍കിയില്ല. എന്നുമാത്രമല്ല, അവ തീര്‍ത്തും നിര്‍ജ്ജീവമായിരുന്നു എന്നതാണ് ശരി. പൈലറ്റിനു കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനുള്ള സ്ഥിരം സംവിധാനങ്ങള്‍ക്കപ്പുറം, ട്രാന്‍സ്‌പോണ്ടര്‍, ഡാറ്റാ റിപ്പോര്‍ട്ടിങ് സിസ്റ്റം, സെക്കന്ററി റഡാര്‍ (എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം), റേഡിയോ–ഉപഗ്രഹ സിഗ്‌നലുകള്‍ അയയ്ക്കാനുള്ള ഉപകരണങ്ങള്‍, അവസാന രക്ഷയായ 'ഡിജിറ്റല്‍ ഹലോ' (പിംഗ്) കൈമാറാനുള്ള ചെറിയ ഉപകരണം. എല്ലാം ദുരൂഹമായി നിര്‍ജ്ജീവമായത് എങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തത നൽകാൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

സാധാരണയായി വിമാനം കടലില്‍ വീണാല്‍ അവശിഷ്ട്ടങ്ങള്‍ ഏതെങ്കിലും തീരങ്ങളില്‍ വന്നടിയുന്നത് പതിവാണ്. എന്നാൽ ബ്ലാക്ക്‌ ബോക്സിലെ റേഡിയേഷൻ പോലും കിട്ടുന്നില്ല എന്നതാണ് ഈ രണ്ടുവർഷത്തെ വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. മറ്റു രാജ്യങ്ങളുടെ റഡാറുകളിൽ പോലും ഒന്നും പതിഞ്ഞിട്ടില്ല. പതിഞ്ഞുവെന്ന് പറഞ്ഞവർ പിന്നീട് മാറ്റിപറയുകയും ചെയ്തു. ബീജിങ്ങിനെ ലക്ഷ്യമാക്കി പറന്ന വിമാനം പിന്നീട് തിരിച്ചു പറന്നത്, അസാധാരണമാം വിധം താഴ്ന്നു പറന്നത് എന്തിന്?

അതേസമയം, അമേരിക്കയുടെ രഹസ്യ പദ്ധതിയായിരുന്നു മലേഷ്യൻ വിമാനം റാഞ്ചലിനു പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. അതീവരഹസ്യങ്ങൾ അടങ്ങിയ രേഖകൾ ഈ വിമാനത്തിൽ ചൈനയിലേക്ക് കടത്തുന്നത് അമേരിക്ക കണ്ടെത്തിയെന്നും ഉടനെ വിമാനം റാഞ്ചി ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറക്കിയെന്നുമാണ് ഗൂഢാലോചന സിദ്ധാന്തക്കാർ പറയുന്നത്. ഈ രേഖകൾ കൈവശപ്പെടുത്താൻ അമേരിക്കയ്ക്കു വേണ്ടി സിഐഎ ആവാം വിമാനം റാഞ്ചിയത്.

പ്രതിരോധരംഗത്തെ പ്രധാന ഉപകരണങ്ങള്‍ നിര്‍മിക്കുന്ന യുഎസ് കമ്പനിയായ ഫ്രീ സ്‌കെയിലിന്റെ 20 വിദഗ്ധ എഞ്ചിനീയര്‍മാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നു എന്നത് രേഖകളിലുണ്ടായിരുന്നു. ഇവർ ചൈനയിലെത്തുന്നത് തടയാൻ വേണ്ടിയാണ് ആകാശമധ്യേ വിമാനം റാഞ്ചിയതെന്നാണ് ഇവർ വാദിക്കുന്നത്.

അഫ്ഗാൻ യുദ്ധത്തിനിടെ അമേരിക്കൻ സേനയിൽ നിന്നു താലിബാന്‍ തട്ടിയെടുത്ത വിവരങ്ങൾ ചൈനക്കു കൈമാറാൻ പദ്ധതി ഉണ്ടായിരുന്നു. കാണാതായ മലേഷ്യൻ വിമാനത്തിൽ ഈ വിലപ്പെട്ട രേഖകൾ ഉണ്ടായിരുന്നു. ചൈന ഈ രേഖകൾ സ്വന്തമാക്കിയാൽ അമേരിക്കയുടെ എല്ലാം തകരുമെന്ന ഭീതിയിൽ വിമാനം തട്ടിയെടുത്ത് ഒറ്റപ്പെട്ട ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറക്കിയെന്നും ചിലർ വാദിക്കുന്നു. എന്നാൽ ഇക്കാര്യം അമേരിക്ക തന്നെ നിഷേധിച്ചിട്ടുണ്ട്. ഈ ദ്വീപിൽ എന്തു സംഭവിച്ചാലും ലോകത്ത് ഒരാളും അറിയില്ല. ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അമേരിക്കയിലെ രഹസ്യകേന്ദ്രങ്ങൾക്കു മാത്രമേ അറിയൂ.

കാണാതായ വിമാനത്തേക്കാള്‍ ദുരൂഹമാണ് ഡീഗോ ഗാര്‍ഷ്യ. ബ്രിട്ടീഷ് അധീനതയിലുള്ള ഈ ദ്വീപ് 1966 ലാണ് സൈനിക ആവശ്യത്തിനായി അമേരിക്കയ്ക്കു വിട്ടുനല്‍കുന്നത്. ദ്വീപില്‍ ജീവിച്ചിരുന്ന ആദിവാസികളെ നാടുകടത്തിയാണു അമേരിക്ക ഇവിടെ സൈനിക ക്യാമ്പ് ഒരുക്കിയത്. പിന്നീട് എന്താണ് ആ ദ്വീപില്‍ നടക്കുന്നതെന്ന് ഒരറിവുമില്ല. നിരവധി രഹസ്യ തടവറകള്‍ ഈ ദ്വീപിൽ ഉണ്ടെന്ന് നേരത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ തെളിവു സഹിതം പുറത്തുവിട്ടിരുന്നു.

Your Rating: