Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ഫോണിലും ടാബിലും വോട്ടു ചെയ്യാം

tab-voting-krishnadas

പേപ്പർ ബാലറ്റിൽ നിന്ന് ഇലക്ട്രോണിക് മെഷീനിലാണു നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയ ഇപ്പോൾ നടക്കുന്നത്. എന്നാൽ, ഡിജിറ്റൽ യുഗത്തിൽ ഈ ജോലികളെല്ലാം മൊബൈൽ ഫോണിലും ടാബിലും നിർവഹിക്കാൻ സാധിക്കുമെന്നു പറഞ്ഞാൽ ആശങ്കപ്പെടേണ്ട. അതിനുള്ള ആപ്ലിക്കേഷനുമായി കൊച്ചിയിൽ നിന്നുള്ള കമ്പനി രംഗത്തെത്തി. സീക്രട്ട് ബാലറ്റ് എന്ന ആപ്ലിക്കേഷനാണു വരും കാലത്തെ തിരഞ്ഞെടുപ്പു ജോലികൾക്ക് അനുയോജ്യമായ രീതിയിൽ തയാറാക്കിയിരിക്കുന്നത്. ടാബ്, മൊബൈൽ ഫോൺ എന്നിവയിൽ ആപ്ലിക്കേഷൻ ഉപയോഗിക്കാമെങ്കിലും ടാബിലാകും കൂടുതൽ അനായാസമെന്നു പിന്നണിക്കാർ പറയുന്നു.

നിങ്ങളുടെ വിശദാംശങ്ങളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ആപ്ലിക്കേഷനിൽ തന്നെയാണ്. നിങ്ങൾ എത്തിയെന്ന വിവരം രേഖപ്പെടുത്തിയാൽ മറ്റൊരു ടാബ് പ്രവർത്തനക്ഷമമാകുകയും അതിൽ വോട്ട് ചെയ്യാൻ സാധിക്കുകയും ചെയ്യും. നിലവിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ 16 മൽസരാർഥികളുടെ പേരു മാത്രമേ രേഖപ്പെടുത്താൻ സാധിക്കുന്നതെങ്കിൽ ഈ ആപ്ലിക്കേഷനിൽ എത്ര പേരെ വേണമെങ്കിലും ഉൾക്കൊള്ളിക്കാം. ഒന്നിലേറെ ടാബുകൾ ഉപയോഗിച്ച് ഒരേ സമയം പലർക്കു വോട്ട് ചെയ്യാൻ അവസരം ഒരുക്കാം. ടാബുകൾ പരസ്പരം ബന്ധിച്ചിട്ടുണ്ടാകും. അതിനാൽ കൃത്യമായ നിർദേശം നൽകിയാൽ മാത്രമേ വോട്ട് ചെയ്യാനാകൂ. വോട്ട് ചെയ്തതു നിങ്ങൾ ഉദ്ദേശിച്ച ആൾക്കു തന്നെയാണെന്ന് ഉറപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

tab-voting-app മൊബൈൽ ഫോണിലും ടാബിലും വോട്ടുചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷന്റെ സ്ക്രീൻ ഷോട്ട്.

പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെയുള്ളവരുടെ പാസ്‌വേഡ് നൽകിയാൽ ആപ്ലിക്കേഷനിൽ നിന്നു വോട്ട് നില അറിയാൻ സാധിക്കും. പോളിങ് ഏജന്റുമാർ ഉണ്ടെങ്കിൽ അവരുടെ പാസ്‌വേഡുകളും നൽകി ഫലം ലോക്ക് ചെയ്യാം. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇ-കോം ഡവലപ്പേഴ്സ് എന്ന കമ്പനിയുടെ ഈ ആപ്ലിക്കേഷൻ നാസ്കോമിന്റെ 10,000 സ്റ്റാർട്ടപ് പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പദ്ധതിയുടെ അവസാന 200 കമ്പനികളുടെ നിരയിലേക്കും ഇവർ എത്തിയിട്ടുണ്ട്. ഇവരുടെ സാങ്കേതിക വിദ്യയ്ക്കു പേറ്റന്റ് നേടാൻ അപേക്ഷ സമർപ്പിച്ചുണ്ട്.

വിവിധ അസോസിയേഷനുകൾ, സംഘടനകൾ തുടങ്ങിയവർക്കു തങ്ങളുടെ തിരഞ്ഞെടുപ്പുകൾ എളുപ്പത്തിൽ നടത്താൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്നു കമ്പനി സ്ഥാപകരായ റെജിൽ ദാസ്, മകൾ കൃഷ്ണ ആർ. ദാസ് എന്നിവർ പറയുന്നു. തിരഞ്ഞെടുപ്പുകൾ ഡിജിറ്റൽ രീതിയിലേക്കു മാറുന്ന കാലം വിദൂരമല്ലെന്ന പക്ഷക്കാരാണ് ഇരുവരും. 

Your Rating: