Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്കിപീഡിയയ്ക്ക് രാജകുടുംബ പുരസ്കാരം: താരമായി മലയാളിയും

wikipedia-jeevan

വിക്കിപീഡിയയ്ക്ക് സ്പെയിൻ രാജകുടുംബം നൽകിയ ആദരവ് മലയാളികളെ സംബന്ധിച്ച് ഇരട്ടിമധുരമാണ്. മലയാളികൾ ഉൾപ്പടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ ആളുകളുടെ ശ്രമഫലമായി രൂപപ്പെട്ട സ്വതന്ത്ര വിജ്ഞാനകോശത്തിന് പിന്നിലുള്ള പ്രയത്നം പ്രശംസിക്കപ്പെട്ട ചടങ്ങിൽ സ്പെയിൻ രാജകുടുംബത്തിൽ നിന്നും വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിനൊപ്പം പുരസ്ക്കാരം ഏറ്റുവാങ്ങിയത് എറണാകുളം കടവൂർ സ്വദേശിയും വിക്കിപീഡിയ പ്രവർത്തകനുമായ ജീവൻ ജോസാണ്.

കഴിഞ്ഞ ദിവസമാണ് സ്പെയിൻ രാജകുടുംബത്തിന്റെ 'പ്രിൻസസ് ഓഫ് ആസ്റ്റൂറിയസ് അവാർഡ്' വിക്കി പീഡിയയ്ക്ക് ലഭിച്ചത്. അന്താരാഷ്‌ട്ര സഹകരണത്തിനാണ് വിക്കിപീഡിയയ്ക്ക് ഈ അവാർഡ് ലഭിച്ചത്. കൂട്ടായ്മയുടെ സാര്‍വ്വലൗകികമായ അടയാളം എന്നാണു വിക്കിപീഡിയയെ ആസ്റ്റൂറിയസ് ഫൗണ്ടേഷൻ വിശേഷിപ്പിച്ചത്‌. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾ ദിവസങ്ങളോളം പ്രയത്നിച്ച് രൂപപ്പെടുത്തിയ വിക്കിപീഡിയ രാജ്യാന്തര സഹകരണത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഉദാഹരണമാണെന്ന് ഫിലെപ്പെ നാലാമൻ രാജാവ് പറഞ്ഞു.

jeevan-jose

ഒവിഡോ നഗരത്തിൽ നടന്ന പ്രൗഡഗംഭീരമായ പുരസ്ക്കാര ചടങ്ങിൽ 288 ലധികം ഭാഷകളിൽ 35 മില്ല്യനിൽ അധികം ലേഖനങ്ങളുള്ള വിക്കിപീഡിയ പ്രവർത്തനങ്ങളെ സ്പെയിൻ ആദരിച്ചു. മുൻവർഷങ്ങളിൽ ഇതേ വിഭാഗത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO), റെഡ് ക്രോസ് തുടങ്ങിയവർ പുരസ്ക്കാരങ്ങൾ നേടിയിരുന്നു.

50,000 യൂറോ (54,000 ഡോളർ) ആണ് സ്പെയ്നിലെ രാജകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സമ്മാനത്തുക. ചടങ്ങിൽ വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ്, വിക്കിപീഡിയ ഫൗണ്ടേഷൻ പ്രസിഡന്റ്‌ അർജന്റീനക്കാരൻ പാട്രീഷ്യൊ ലോറെന്റെ, വിക്കിപീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ ലില എന്നിവരോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നു വികിപ്പീഡിയ പ്രവർത്തകരിൽ ഒരാളായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മലയാളിയായ ജീവൻ ജോസ്. മറ്റു രണ്ടു പേര് സ്പെയ്നിൽ നിന്നും ഇറാഖിൽ നിന്നുള്ളവരാണ്.

കടവൂരിൽ നിന്നും സ്പെയ്നിലേക്ക്!

wirth-family

കടവൂർ എന്ന കൊച്ചുഗ്രാമത്തിലെ വളരെ സാധാരണ കർഷക കുടുംബത്തിൽപ്പെട്ട ജീവൻ ജോസ് സജീവമായ വിക്കിപീഡിയ പ്രവർത്തനങ്ങൾ കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ യോഗ്യതകളോ, സാമ്പത്തികമായ ചുറ്റുപാടോ, കാര്യമായ ഒരു ജോലിയോ ഇല്ലാതിരുന്ന ജീവന്റെ മുന്നിലേക്ക്‌ ലോകം തുറന്നിട്ട വാതിലായിരുന്നു വിക്കിപീഡിയ. വിദ്യാഭ്യാസ യോഗ്യതകൾക്ക് അപ്പുറത്തായി ആർക്കും വിവര-വിജ്ഞാന ഉത്പാദനത്തിലും, വിനിമയത്തിലും പങ്കെടുക്കാൻ കഴിയുമെന്ന സാക്ഷ്യമാണ് ജീവന് മുന്നോട്ടു വയ്ക്കാനുള്ളത്. സ്വന്തം നാട്ടിലെ ജൈവ വൈവിധ്യത്തിലേക്ക് കണ്ണും നട്ടും, കൈയ്യിൽ ഉണ്ടായിരുന്ന കൊച്ചു ക്യാമറയിൽ ചിത്രങ്ങൾ എടുത്തുമാണ് ജീവൻ വിക്കിപീഡിയയിൽ എത്തുന്നത്.

2009ൽ വാങ്ങിയ കൊച്ചുക്യാമറ ഉപയോഗിച്ച് കേരളത്തിലെ ചെടികളെയും ഷഡ്പദങ്ങളെയും ചിത്രീകരിച്ച്, ഫ്ലിക്കറിലേക്ക് അപ്ലോഡ് ചെയ്തു. താൻ പകർത്തിയ ചിത്രങ്ങളെപ്പറ്റി കൂടുതൽ മനസിലാക്കാനായിരുന്നു വിക്കിപീഡിയ ജീവൻ ഉപയോഗിച്ചിരുന്നത്. അവിടെ നിന്നും വിക്കിപീഡിയനായി മാറുകയും വിക്കിമീഡിയ പ്രൊജക്റ്റിന്റെ മീഡിയ റെപ്പോസറ്റിറിയായ വിക്കിമീഡിയ കോമണ്‍സിലെ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കോണ്ട്രിബ്യൂട്ടര്‍ ആയി മാറുകയും ചെയ്തു. പൂമ്പാറ്റകളെ, ഷഡ്പദങ്ങളെ, ചെടികളെ ലോകത്തിനു പരിചയപ്പെടുത്തുകയായിരുന്നു ജീവന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ലോകത്തിലെതന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള ഇടങ്ങളിലൊന്നായ പശ്ചിമഘട്ടത്തിൽ നിന്നുമുള്ള സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ആയിരത്തിലധികം ചിത്രങ്ങളെടുത്തു കഴിഞ്ഞു. വെറും അഞ്ച് വർഷങ്ങൾക്കുള്ളിൽ ജീവൻ എടുത്തു അപ്‌ലോഡ്‌ ചെയ്തത് 1,100 ലധികം ചിത്രങ്ങൾ; ഇവയിൽ 150 തോളം ചിത്രങ്ങൾ മികച്ച ചിത്രങ്ങളായും, 40 തോളം ചിത്രങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങളായും കോമൺസ് പ്രവർത്തകർ തിരഞ്ഞെടുത്തിരിക്കുന്നു.

ജീവന്റെ ക്യാമറയ്ക്കായി ലോകം ഒന്നിച്ചപ്പോൾ!

jeevan-photo

ജീവന്റെ പ്രവർത്തന രീതി കണ്ടു ഇഷ്ടപ്പെട്ട വിക്കിമീഡിയ കോമണ്‍സ് പ്രവർത്തകരാണ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവന് പുതിയൊരു ക്യാമറ വാങ്ങാൻ പണം കണ്ടെത്തിയത്. മികച്ച ഒരു ക്യാമറ നൽകുന്നതിലൂടെ ജീവന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു അവർക്ക് ഉറപ്പായിരുന്നു. സന്നദ്ധ പ്രവർത്തകർ ചേർന്ന് indiegogo എന്ന സൈറ്റിലൂടെ 3,150 ഡോളറാണ് സമാഹരിച്ച് ജീവന് അയച്ചുകൊടുത്തത്. ഇംഗ്ലണ്ടിൽ നിന്നൊരു സുഹൃത്ത് തന്റെ പഴയ ക്യാമറയും ജീവന് അയച്ചുകൊടുത്തു. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം സന്നദ്ധ പ്രവർത്തകർക്ക് ഇത്തരം സഹായങ്ങൾ നൽകുന്ന പ്രചോദനം വളരെ വലുതാണെന്ന് ജീവൻ പറയുന്നു. എന്നാൽ അടുത്തയിടയ്ക്ക് തട്ടേക്കാട്‌ നടന്ന ഒരു പരിസ്ഥിതി ക്യാമ്പിൽ വെച്ച് ചിത്രം എടുക്കുന്നതിനിടെ ഉണ്ടായ ചെറിയ അപകടത്തിൽ ആ ക്യാമറയ്ക്ക് തകരാറ് പറ്റിയിരിക്കുകയാണ്. അതോടെ ജീവന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ഇനിയും സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ജീവന് ഒരു ക്യാമറ സ്വന്തമാക്കാൻ കഴിയൂ.

ഒരു സാധാരണക്കാരന് എവിടെ വരെയെത്താം?

പതിവ് പ്രവർത്തനങ്ങൾക്ക് ഇടയിലാണ് ജീവന്റെ ക്യാമറയിൽ ഒരു പ്രത്യേക തരം ഷദ്പദം (Cranefly) പതിയുന്നത്. വിക്കിമീഡിയ കോമണ്‍സിൽ ചിത്രം അപ്‌ലോഡ്‌ ചെയ്തതിട്ടും ലോകം എമ്പാടുമുള്ള സന്നദ്ധ പ്രവർത്തകർക്ക് ഇതിനെ തിരിച്ചറിയാൻ സാധിച്ചില്ല, അതിനെ തുടർന്ന് നെതർലാൻഡ്സ് ആസ്ഥാനമായ ജൈവവൈവിധ്യ കേന്ദ്രമായ Natrualis ലെ പ്രൊഫസർമാരെ ബന്ധപ്പെടാൻ ജീവനോട്‌ എല്ലാവരും ആവശ്യപ്പെട്ടു. അവരുടെ നിരീക്ഷണത്തിൽ ആ ജനുസിൽ പെട്ട രണ്ട് ഷദ്പദങ്ങളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഒന്ന് വടക്കേ ഇന്ത്യയിലും, മറ്റൊന്ന് ഓസ്ത്രേലിയയിലുമായിരുന്നു. എന്നാൽ ജീവൻ കൊണ്ട് വന്നതിനെ ഇതുവരെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതോടെ, അതിന്റെ ചിത്രങ്ങളും വിവരങ്ങളും നെതർലാൻഡ്സിലെ മ്യൂസിയത്തിൽ സൂക്ഷിക്കാൻ Naturalis അനുമതി ചോദിക്കുകയും, ജീവൻ സന്തോഷത്തോടെ അനുവദിക്കുകയും ചെയ്തു. പശ്ചിമ ഘട്ടത്തിൽ ഇന്നും തിരിച്ചറിയപ്പെടാത്ത ഒട്ടനേകം ജീവികൾ ഉണ്ടെന്നു ജീവൻ പറയുന്നു. നമ്മുടെ നാട്ടുകാർക്ക് ഇതൊന്നും കാര്യമല്ലെങ്കിലും, രാജ്യത്തിന്‌ പുറത്തുള്ളവർ എത്രത്തോളം ഗൗരവമാണ് പശ്ചിമ ഘട്ടത്തിന് നൽകുന്നതെന്നു മനസ്സിലാക്കാൻ ഇതിലൂടെ കഴിഞ്ഞെന്നു ജീവൻ ഓർമ്മിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിക്കിപീഡിയയിൽ നടന്ന സംവാദങ്ങൾ ജിമ്മി വെയിൽസ് സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നു ജീവൻ പറയുന്നു. സ്പെയിനിലെ രാജാവിന്റെ അടുത്തു ഈ വിഷയം ജീവനെ പരിചയപ്പെടുത്തുന്ന കൂടെ പറഞ്ഞിരുന്നു. കടവൂരിൽ നിന്നും ചില തുമ്പികളെയും ജീവൻ സമാനമായ രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. കാര്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലെങ്കിലും ഏതൊരു സാധാരണക്കാരനും ഇന്ന് വിജ്ഞാനത്തിന്റെ ഏതു തലംവരെയും എത്താമെന്നതിന് തെളിവാണ് ജീവൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച സർവ്വകലാശാലകളിലെ അധ്യാപകരുമായി ജീവന് ഇന്ന് മികച്ച ബന്ധമാണുള്ളത്.

ഒരുപാട് സ്വപ്‌നങ്ങൾ!

jeevan-party

ജീവൻ ആദ്യമായാണ് ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വിസ പ്രശ്നമൊക്കെ സ്പെയിൻ യാത്രയ്ക്ക് വെല്ലുവിളി ആകുമെന്ന് കരുതിയെങ്കിലും വിക്കി മീഡിയ കോമണ്‍സ് പ്രത്യേക താല്പര്യമെടുത്താണ് കോണ്‍സുലെറ്റിന് പ്രത്യേക നിർദ്ദേശം നൽകി വിസ എളുപ്പത്തിൽ തയ്യാറാക്കിയത്. ഇതൊരു വ്യക്തിപരമായ നേട്ടം അല്ലെങ്കിൽ പോലും, ജീവനെ സംബന്ധിച്ച് ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ ഒന്നാണിത്. ഒരാഴ്ചയോളം രാജകുടുംബത്തിന്റെ ആഥിത്യം സ്വീകരിച്ചു കഴിയുക തന്നെ പോലെയുള്ള ഒരു സാധാരണക്കാരന് സ്വപ്നമാണെന്ന് ജീവൻ പറയുന്നു. പുതിയൊരു ക്യാമറ കിട്ടിയിട്ട് വേണം ജീവന് തന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ. ഈ സംഭവങ്ങൾ ഒക്കെ അറിഞ്ഞ്, കൂടുതൽ ആളുകൾ ഇതിലേക്ക് വന്നാൽ അതായിരിക്കും തനിക്കു ഏറ്റവും സന്തോഷം പകരുകയെന്ന് തിരികെ നാട്ടിലേക്ക് മടങ്ങാനായി എയർപോർട്ടിലേക്ക് പോകുമ്പോൾ മനോരമ ഓണ്‍ലൈനിനോട് ജീവൻ പറഞ്ഞു. അതെ, രാജകുടുംബത്തിന്റെ ആഥിത്യം സ്വീകരിച്ച ശേഷം സ്പെയ്നിൽ നിന്നും മടങ്ങുമ്പോൾ ജീവന് സ്വപ്നം കാണാനും, നടപ്പിലാക്കാനും പലതുമുണ്ട്!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.