ADVERTISEMENT

വിദേശികളുടേയും സ്വദേശികളുടേയും ഇഷ്ട ലോക്കഷനാണ് ഗോവ. മനോഹരമായ ബീച്ചുകളും കൊളോണിയൽ രൂപഭംഗിയുമുള്ള ഗോവ കോവിഡ് മഹാമാരിയിലും സുരക്ഷിതമാണെന്ന് പറയുകയാണ് നടിയും മോഡലും ട്രാവൽവ്ലോഗറുമായ ഷെനാസ് ട്രഷറിവാല.

കൊറോണ ആശങ്കയെ തുടർന്ന് അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് ഗോവ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. കൊറോണയ്ക്കു ശേഷം ഗോവ സൂരക്ഷിതമാണെന്നാണ് അവധി ആഘോഷിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഷെനാസ് പറയുന്നത്. കൊറോണ എന്ന മഹാമാരിക്ക് ശേഷം ഗോവയിലെ കാഴ്ചകളിലേക്കെത്തിയ സന്തോഷത്തിലാണ് ഷെനാസ്.

ഗോവയിലെ യാത്രയും കാഴ്ചയും നിറഞ്ഞ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. കൊറോണ വ്യാപനത്തെ തുടർന്ന് എവിടേക്കും യാത്ര പോകാനാകാതെ അഞ്ചുമാസത്തോളം വീടിനുള്ളിൽ കഴിയുകയായിരുന്നു. രക്ഷപ്പെട്ട് സ്വാതന്ത്ര്യം കണ്ടെത്തിയ ഒരു തടവുകാരനെപ്പോലെയാണിപ്പോൾ തനിക്ക് തോന്നുന്നതെന്നും കൂടാതെ കൂട്ടിൽ നിന്ന് ഒരു പക്ഷിയെ തുറന്നുവിട്ടതുപോലെ താനെന്നുമൊക്കെ ഷെനാസ് വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നു.

ഗോവ സഞ്ചാരികളെ വരവേൽക്കാനായി ഒരുങ്ങിയെങ്കിലും ടൂറിസ്റ്റുകൾ അധികമില്ല, തെരുവുകൾ വിജനമാണ്. ഗോവയിലേക്ക് പ്രവേശിക്കണമെങ്കിൽ കൊറോണ രോഗം ബാധിച്ചിട്ടില്ലെന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്. മിക്ക റെസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചിരിക്കുകയാണ്, ഗോവയിൽ ഞങ്ങൾ മാത്രമാണ് ചുറ്റും ആരും ഇല്ലെന്നും ഷെനാസ് കുറിച്ചിട്ടുണ്ട്.

സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. കോവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് ലോകം മുഴുവനും പ്രതിസന്ധിയിലായപ്പോൾ ഗോവയ്ക്കുണ്ടായ നഷ്ടങ്ങളും ഏറെയായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് ഗോവ. പ്രത്യേകിച്ച് വിദേശികൾ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസം മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഇപ്പോഴിതാ സന്ദർശകർക്കായി ഗോവ തുറന്നതോടെ ചില കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സഞ്ചാരികൾ ഏറെയെത്തുന്ന ബീച്ചുകളാണ് അഞ്ജുന, കലാൻഗുട്ട്, ബാഗ,കണ്ഡോലിം എന്നിവ. ഈ പറഞ്ഞ ബീച്ചുകൾ പോലെത്തന്നെ മനോഹരവും അത്ര തിരക്കുമില്ലാതെ നിരവധി ബീച്ചുകളും ഗോവയിലുണ്ട്. ഗോവയുടെ സൗന്ദര്യവും ലഹരിയും നുണയാനും മനോഹരമായ കടൽക്കാഴ്ചകളും സൂര്യോദയവും അസ്തമയവും കാണാനും തിരക്കധികമില്ലാത്ത ബീച്ചുകൾ ആഗ്രഹിക്കുന്നവർക്ക് വടക്കൻ ഗോവയിലെ ബീച്ചുകൾ അനുയോജ്യമായയിടങ്ങളായിരിക്കും.

വര്‍ഷം മുഴുവനും ആളുകൾ വന്നും പോയുമിരിക്കുന്ന സ്ഥലമാണ് ഗോവ. സീസൺ എന്നൊന്ന് അവിടെയില്ല. എല്ലാ കാലവും അവിടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. എങ്കിലും അല്പം തിരക്ക് കുറവുള്ള സമയങ്ങൾ ഗോവയിലുണ്ട്. ആ സമയങ്ങൾ എപ്പോഴെല്ലാമാണെന്നു ശ്രദ്ധിച്ച് യാത്രക്കൊരുങ്ങിയാൽ യാത്ര കൂടുതൽ ആനന്ദകരമാക്കാം. ജനുവരി മുതലാണ് ഗോവയിലെ സീസൺ തുടങ്ങുന്നത്. ഫെബ്രുവരി വരെ തിരക്കോടു തിരക്ക് തന്നെയാണ്. ഗോവൻ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയമിതാണെങ്കിലും താമസവും ഭക്ഷണവും തുടങ്ങി എല്ലാത്തിനും ഇരട്ടിയും രണ്ടിരട്ടിയുമൊക്കെയായിരിക്കും ചെലവ്.

English Summary: Travel Experience Shenaz Treasury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com