ADVERTISEMENT

വ്യത്യസ്തമായ വിശ്വാസധാരകളും മുപ്പത്തിമുക്കോടി ദൈവങ്ങളുമുള്ള നാടാണ് നമ്മുടെ ഇന്ത്യ. കൗതുകമുണർത്തുന്ന നിരവധി ആരാധനാലയങ്ങളും വിശ്വാസരീതികളും ഇവിടെയുണ്ട്. അവയിൽ ചിലതിനെപ്പറ്റി കേട്ടോളൂ!

1. ബുള്ളറ്റ് ബാബ ക്ഷേത്രം, ജോധ്പുര്‍, രാജസ്ഥാന്‍ 

karnimatha-temple

രാജസ്ഥാനിലെ ജോധ്പുരിനടുത്താണ് ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 350 സിസി റോയൽ എൻഫീൽഡ് ആണ് ഇവിടത്തെ പ്രതിഷ്ഠ. 20 വർഷം മുമ്പ് ‘ബുള്ളറ്റ്’ ഓടിക്കുന്നതിനിടെ അപകടത്തിൽ മരിച്ച ഓം ബന്ന എന്ന വ്യക്തിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. അപകടത്തിനു ശേഷം ഓം സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അത് അവിടെനിന്ന് അപ്രത്യക്ഷമായത്രേ. അതു കണ്ടെത്തി വീണ്ടും തിരിച്ചു കൊണ്ടുവന്നെങ്കിലും പിന്നെയും കാണാതായി. ഇത് പലവട്ടം സംഭവിച്ചു എന്നാണു കഥ. ഈ അദ്ഭുതത്തെക്കുറിച്ചുള്ള വാർത്ത കാട്ടുതീ പോലെ പടർന്നതോടെ ബൈക്കിന് ദിവ്യശക്തി ഉണ്ടെന്നു വിശ്വസിക്കാന്‍ തുടങ്ങിയ ആളുകള്‍ ഇവിടെക്കെത്തി. 

ബുള്ളറ്റ് ബ്രാന്‍ഡ് ബീയര്‍ ആണ് ആളുകള്‍ ഇവിടെ കാണിക്കയായി സമര്‍പ്പിക്കുന്നത്. ബുള്ളറ്റ് ബാബയെ വണങ്ങി പാലി-ജോധ്പുർ ഹൈവേയിലൂടെ സഞ്ചരിക്കുകയാണെങ്കിൽ അപകടം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്താമെന്നാണ് ഇവരുടെ വിശ്വാസം. 

2 എലികളുടെ കര്‍ണി മാതാ ക്ഷേത്രം, രാജസ്ഥാന്‍ 

temple

രാജസ്ഥാനിലെ തന്നെ മറ്റൊരു വിചിത്രമായ ക്ഷേത്രമാണ് കര്‍ണി മാതാ. ഇവിടം നിറയെ എലികളാണ്. വിശ്വാസികള്‍ വളരെ പവിത്രമായാണ് ഈ എലികളെ കാണുന്നത്. അറിയാതെങ്ങാനും ഒരെലിയെ കൊന്നുപോയാല്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഒരു എലിരൂപം ഉണ്ടാക്കികൊടുക്കണം, അതാണ്‌ പ്രായശ്ചിത്തം! കറുപ്പും തവിട്ടും നിറത്തിലുള്ള എലികള്‍ ആണ് ഇവിടെ സാധാരണ കാണപ്പെടുന്നത്. വെളുത്ത നിറത്തിലുള്ള എലിയെ കാണാന്‍ സാധിച്ചാല്‍ പരമഭാഗ്യം എന്നാണ്‌ ഭക്തരുടെ വിശ്വാസം.

3 സോണിയഗാന്ധി ക്ഷേത്രം, തെലങ്കാന

കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയോടുള്ള ആരാധന മൂത്ത് കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവു നിര്‍മിച്ച ഈ ക്ഷേത്രം തെലങ്കാനയിലുള്ള മെഹബൂബ നഗറിലാണ്. സോണിയയുടെ വെളുത്ത മാര്‍ബിള്‍ ശില്‍പമാണ് ഇവിടത്തെ പ്രതിഷ്ഠ. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുടെ പ്രതിമകളും ക്ഷേത്രപരിസരത്തു കാണാം.

4 മോദി ക്ഷേത്രം, ഗുജറാത്ത് 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ആരാധകര്‍ അദ്ദേഹത്തിന്‍റെ ജന്മനാടായ ഗുജറാത്തില്‍ ക്ഷേത്രം പണിതുയര്‍ത്തിയിട്ടുണ്ട്. രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയ ഈ ക്ഷേത്രത്തില്‍ ആദ്യം മോദിയുടെ ഒരു ചിത്രമായിരുന്നു പ്രതിഷ്ഠ. പിന്നീടത് പ്രതിമയാക്കി. ഇപ്പോള്‍ രാവിലെയും വൈകിട്ടുമാണ് ഇവിടെ പൂജ നടത്തുന്നത്. സമീപ ഗ്രാമങ്ങളിലെ ആളുകളും ഇവിടെ പ്രാർഥനയ്ക്കായി എത്തുന്നു.

5 എയ്റോപ്ലെയ്ന്‍ ഗുരുദ്വാര, ജലന്ധര്‍

വീസ കിട്ടാനായി പാടുപെടുന്ന വിശ്വാസികളുടെ അഭയകേന്ദ്രമാണ് ജലന്ധറിലുള്ള ഷഹീദ് ബാബ നിഹാൽ സിങ് ഗുരുദ്വാര. 'ഹവായിജാജ്' (വിമാനം) ഗുരുദ്വാര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവര്‍ കാണിക്കയായി ഒരു കളിപ്പാട്ട വിമാനം സമർപ്പിച്ചു പ്രാർഥന നടത്തിയാല്‍ ഫലം ലഭിക്കും എന്നാണു വിശ്വാസം.

English Summary: Unusual Temples in India that should be in your Travel Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com