ADVERTISEMENT

ഫിറ്റ്നസ് വിട്ട് ഒരു കളിയുമില്ല സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറിനും. ഇരുവരും ചേര്‍ന്ന് നടത്തുന്ന യാത്രകള്‍ പോലും ഏതെങ്കിലും വിധത്തിലുള്ള സാഹസിക കായിക വിനോദങ്ങള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും. ഇക്കുറി പോയ ബംഗാളിലെ സണ്ടാക്ഫുവും വ്യത്യസ്തമല്ല. അധികമാരും അറിയാത്ത ഒരു കിടിലന്‍ ട്രെക്കിങ് സ്പോട്ടാണിത്. മരങ്ങളുടെ പച്ചപ്പും മലനിരകളുമെല്ലാം കണ്ട് നടന്നുകയറാന്‍ ഇഷ്ടമുള്ളവര്‍ക്ക് പറ്റിയ ഇടം. 

 

ഡാർജിലിങ്ങിൽ അടുത്തിടെ നടന്ന ഒരു പൊലീസ് മാരത്തണില്‍ പങ്കെടുത്ത ശേഷമായിരുന്നു 55 കാരനായ മിലിന്ദ് സോമന്‍റെ സണ്ടാക്ഫു മലകയറ്റം. ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ അത്ര ജനപ്രീതിയാര്‍ജ്ജിച്ച സ്ഥലമല്ലെങ്കിലും പശ്ചിമ ബംഗാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഡാർജിലിങ്ങിലെ സിംഗലീല റിഡ്ജിലെ ഏറ്റവും ഉയരമുള്ള സ്ഥലവുമാണ് സണ്ടാക്ഫു. "മനോഹരമായ ആകാശം, അതിമനോഹരമായ പർ‌വ്വതങ്ങൾ‌, ഏറ്റവും മനോഹരമായ ആളുകൾ‌" എന്ന തലക്കെട്ടില്‍ മിലിന്ദ് സോമന്‍ മനോഹരമായ യാത്രാചിത്രം പങ്കുവച്ചിട്ടുണ്ട്. 

 

 

'പതിനായിരം അടി ഉയരെ' എന്ന തലക്കെട്ടില്‍ അങ്കിതയ്ക്കൊപ്പം പങ്കുവെച്ച സെല്‍ഫിയുമുണ്ട്. 

 

 

സബാർക്കം വഴിയുള്ള 21 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന യാത്രയാണിത്. ഹിമാലയൻ മഞ്ഞുമലകളുടെയും എവറസ്റ്റ്, കാഞ്ചന്‍ജംഗ, ലോട്‌സെ, മക്കലു എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള നാല് കൊടുമുടികളുടെയും മനോഹരമായ കാഴ്ച കാണാന്‍ കഴിയുന്ന അമൂല്യമായ അവസരവും കൂടിയാണ് ഈ ട്രെക്കിങ്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഈ റൂട്ടിൽ ട്രെക്കിങ് നടത്തുന്ന സഞ്ചാരികള്‍ക്ക് സുന്ദരമായ റോഡോഡെൻഡ്രോണുകൾ വിരിഞ്ഞുനിൽക്കുന്നത് കാണാൻ ഭാഗ്യമുണ്ടാകും. നവംബര്‍ മാസത്തിലാകട്ടെ, മനോഹരമായ തെളിഞ്ഞ ആകാശമാണ്‌ ഏറ്റവും സുന്ദരമായ കാഴ്ച. ഇതാണ് മിലിന്ദ് സോമന്‍ പോസ്റ്റ്‌ ചെയ്ത ചിത്രം.

 

സണ്ടാക്ഫുവിൽ നിന്ന് 21 കിലോമീറ്റർ അകലെയായി 11,811 അടി ഉയരത്തില്‍ ഫലുത് എന്ന മറ്റൊരു സ്ഥലം കൂടിയുണ്ട്. ഇവിടേക്കുള്ള വഴി താരതമ്യേന കൂടുതൽ ബുദ്ധിമുട്ടാണ്. രാമം വഴി ഇവിടെ നിന്നും ശ്രിഖോലയിലേക്ക് പോകാം. സിംഗലീല ദേശീയോദ്യാനത്തിലൂടെ കടന്നുപോകേണ്ടതിനാൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഫോറസ്റ്റ് എൻട്രി പെർമിറ്റ് വാങ്ങിക്കണം. സണ്ടാക്ഫു, ഫലുത് എന്നിവിടങ്ങളിൽ ട്രെക്കര്‍മാര്‍ക്ക് താമസത്തിനുള്ള കുടിലുകൾക്കായി അഡ്വാൻസ് ബുക്കിംഗുമുണ്ട്. 

 

മനേഭഞ്ചനിൽ നിന്ന് ആരംഭിച്ച് ചിത്രേ, മേഘ്മ, ടോങ്‌ലു, ഗൈറിബാസ്, കലിപോഖാരി, ബിക്കിഭഞ്ജൻ എന്നിവയിലൂടെ സഞ്ചരിച്ചാണ് സണ്ടാക്ഫുവിൽ എത്തിച്ചേരേണ്ടത്. അല്‍പ്പം കഠിനമായ യാത്രയായതിനാല്‍ മികച്ച ആരോഗ്യസ്ഥിതി ഉള്ളവര്‍ക്ക് മാത്രമേ ഇവിടെ ട്രെക്കിങ് നടത്താനാവൂ.

 

English Summary: Celebrity Travel Milind Soman,Sandakphu Trekking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com