ADVERTISEMENT

അട്ടപ്പാടിയിലൂടെ ഊട്ടിയിലേക്കു പോകാനാണു മണ്ണാർക്കാട് എത്തിയത്. നെല്ലിപ്പുഴയുടെ അരികു ചേർന്നൊഴുകുന്ന പട്ടണമാണു മണ്ണാർക്കാട്. ഞങ്ങൾ പ്രഭാതഭക്ഷണത്തിനു ഉടുപ്പി ഹോട്ടലിൽ കയറി. ഈ യാത്രയിൽ കൂടെയുള്ളത് അർഷുവാണ്. രണ്ടാൾക്കും ഉടുപ്പി ഹോട്ടലിലെ നെയ്യു കിനിയുന്ന മസാലദോശ ഇഷ്ടപ്പെട്ടു. പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങൾ അട്ടപ്പാടിയിലേക്കു ചുരം കയറി. മുക്കാലിയും താവളവും പുതൂരും പിന്നിട്ട് അട്ടപ്പാടിയുടെ കാഴ്ചകളിലൂടെ ‘മുള്ളി’ റോഡിലേക്ക് തിരിഞ്ഞു. മുള്ളിയിൽ നിന്നാണ് ഊട്ടി യാത്ര ആരംഭിക്കുന്നത്.

kinnakorai-trip3

ചെക്പോസ്റ്റിൽ പേരും യാത്രാ വിവരങ്ങളും എഴുതിക്കൊടുത്തു. യാത്രാ പാസിനൊപ്പം അൻപതു രൂപയുടെ കറൻസി സമർപ്പിച്ചപ്പോൾ ‘ ചെക്കിങ് ഫോർമാലിറ്റി’ എളുപ്പമായി. ചെക്പോസ്റ്റ് താണ്ടിയാൽ ചുരമാണ്. ‘കാനഡ പവർ പ്രോജക്ടിന്റെ’ ഭാഗമായി നിർമിച്ച ജനറേറ്റർ ഹൗസാണ് ആദ്യ ദൃശ്യം. ഗദ്ദ ജനറേറ്റർ ഹൗസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഗദ്ദ കടന്നു കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി. കാടിന്റെ മനോഹാരിതയ്ക്കു മാറ്റു കൂട്ടുന്ന നീരൊഴുക്ക്. വെള്ളച്ചാട്ടത്തിനു സമീപത്തെ കാട്ടിൽ നിന്നു തലനീട്ടിയ ഉടുമ്പിന്റെ കുഞ്ഞ് ഞങ്ങളെയൊന്നു നോക്കിയ ശേഷം റോഡിനു കുറുകെ നടന്നു.

kinnakorai-trip2

മഞ്ഞു പുതച്ച ഊര്

കാടും തണുപ്പും ആസ്വദിച്ച് പതുക്കെ മഞ്ചൂരിലെത്തി. ‘മ‍‌ഞ്ഞിന്റെ ഊര് ’ ആണു തമിഴിൽ ‘മഞ്ചൂര്’ ആയി മാറിയത്. ഊട്ടിയിലോതു പോലെ തണുപ്പും തേയിലത്തോട്ടവുമുള്ള മലഞ്ചെരിവിലാണ് മഞ്ചൂരിന്റെ പ്രകൃതിഭംഗി.

തമിഴ് പേശുന്ന അഴകുള്ള ഗ്രാമമാണു മഞ്ചൂർ. നാലഞ്ചു കടകൾ, ലോഡ്ജ്, സ്‌കൂൾ, പള്ളി, ക്ഷേത്രം – ഇതാണു പട്ടണത്തിന്റ ഔട് ലൈൻ. നീലഗിരിയുടെ തണുപ്പിനെ മൊത്തമായും ചില്ലറയായും സമ്മാനിക്കുന്ന പട്ടണമെന്നു വിശേഷിപ്പിക്കാം. ഞങ്ങൾ അവിടെ എത്തിയപ്പോൾ നട്ടുച്ച. മഞ്ഞു വിട്ടുമാറിയ പട്ടണത്തിൽ തണുത്ത കാറ്റിന്റെ അകമ്പടി. അൽപനേരം മഞ്ചൂരിൽ വിശ്രമിച്ച ശേഷം ‘കിണ്ണക്കോരൈ’ ലക്ഷ്യമാക്കി കുതിച്ചു.

സൂര്യൻ വൈകിയുദിക്കുന്ന നാടാണത്രേ കിണ്ണക്കോരൈ. നീലഗിരി മലനിരയുടെ ചെരിവുകളിലൂടെ കോടമഞ്ഞിനെ തുടച്ചു നീക്കി സൂര്യപ്രകാശം കിണ്ണക്കോരൈയിൽ എത്തുമ്പോഴേക്കും പത്തു മണിയാകും. കിണ്ണക്കോരൈ ഗ്രാമത്തിലെ റോഡുകളും വീടും തേയിലത്തോട്ടങ്ങളും ദക്ഷിണേന്ത്യയിലെ വേറിട്ട ഗ്രാമഭംഗിയാണ്.

തേയിലത്തോട്ടത്തിനു നടുവിലൂടെയാണ് റോഡ്. സിനിമാദൃശ്യം പോലെ മനോഹരം. പാശ്ചാത്യ രാജ്യങ്ങളിലെ മലഞ്ചെരിവുമായി താരതമ്യം ചെയ്യാവുന്ന പ്രകൃതി. തേയിലത്തോട്ടം കടന്നാൽ വനമാണ്. വള്ളികൾ തൂങ്ങിയ പടുകൂറ്റൻ മരങ്ങളും തണലും തണുത്ത കാറ്റും യാത്ര രസകരമാക്കുന്നു. മഞ്ഞു പെയ്തു തുടങ്ങിയാൽ കാനനപാതയിൽ ഇരുട്ടു നിറയും. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യമാണ് കിണ്ണക്കോരൈ യാത്രയുടെ ആകർഷണം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com