ADVERTISEMENT

ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയില്‍, 1920 കളിൽ ഷാനൻ ഹൈഡൽ പ്രോജക്ടിനായി വികസിപ്പിച്ചെടുത്തതായിരുന്നു ബാരോട്ട് എന്ന ഗ്രാമം. ഇപ്പോൾ ഇത് ലോകമെങ്ങു നിന്നും നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഹിമാചല്‍‌പ്രദേശില്‍ വീണ്ടും ടൂറിസം പുനരാരംഭിച്ചതോടെ, ഇവിടേക്കും നിരവധി സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. എത്തിച്ചേരാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും മനോഹരമായ പ്രകൃതിയും നദികളും കാലാവസ്ഥയുമെല്ലാം രാജ്യമെങ്ങുമുള്ള സഞ്ചാരികളെ ഇവിടേക്ക് ക്ഷണിച്ചു വരുത്തുന്നു.

ബഡാ ബംഗൽ, മനാലി, കുളു എന്നിവിടങ്ങളിലേക്കുള്ള വഴികള്‍ ഉൾപ്പെടെ നിരവധി ട്രെക്കിംഗ് പാതകൾ ബാരോട്ടിലൂടെ കടന്നുപോകുന്നുണ്ട്. ശാന്തമനോഹരമായ പ്രകൃതിയും ചിലവുകുറഞ്ഞ താമസസൗകര്യവുമാണ് സഞ്ചാരികള്‍ക്ക് ഇവിടം പ്രിയപ്പെട്ടതാക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍. ഉല്‍ നദീതീരത്ത്, നിരവധി ഫിഷ്‌ ഫാമുകള്‍ ഉള്ള പ്രദേശമായതിനാല്‍ ഈയിടെയായി ചൂണ്ടയിടലും ഇവിടെ ഒരു പ്രധാന വിനോദമായി മാറിക്കൊണ്ടിരിക്കുന്നു.

എവിടെയാണ് ബാരോട്ട്?

പാരാഗ്ലൈഡിംഗ് പറുദീസയായ ബിർ ബില്ലിംഗിൽ നിന്ന് അകലെയാണ് ബാരോട്ട് സ്ഥിതിചെയ്യുന്ന മണ്ഡി ജില്ല. ജോഗീന്ദർ നഗറിൽ നിന്ന് 40 കിലോമീറ്ററും മണ്ഡിയിലെ പ്രശസ്തമായ സ്ഥലമായ ഘട്ടാസ്നിയിൽ നിന്ന് 25 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. 

എന്തൊക്കെയാണ് ആകര്‍ഷണങ്ങള്‍

ഏകദേശം മൂന്നു ദിവസം താമസിച്ചു സന്ദര്‍ശിക്കാനുള്ളത്രയും കാഴ്ചകള്‍ ബാരോട്ടിലുണ്ട്. ശാന്തമനോഹരമായി ഒഴുകുന്ന ഉല്‍ നദീതീരത്തെ കാഴ്ചകള്‍ ഒരിക്കലും കണ്ടുമതിയാവില്ല. വിഞ്ച് ക്യാമ്പ്, ബഡാ ഭംഗല്‍, കോതി മുതലായ ട്രെക്കിംഗ് റൂട്ടുകളും ക്യാമ്പിങ്ങും ഫിഷിംഗുമെല്ലാം പരീക്ഷിക്കാവുന്നതാണ്. 

സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാനാവുന്ന ഇടമാണ് ബാരോട്ട്. നവംബറിൽ ആരംഭിച്ച് മാർച്ച് വരെ തുടരുന്നതാണ് ഇവിടത്തെ ശൈത്യകാലം. ഈ മാസങ്ങളില്‍ മഞ്ഞുവീഴ്ചയും കുളിരും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. എന്നാല്‍, മഴക്കാലത്ത് യാത്ര ചെയ്യാന്‍ അത്ര മികച്ചതല്ല ഇവിടം. ഈ സമയത്ത് റോഡുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട്. 

എങ്ങനെ എത്താം?

ഡല്‍ഹിയില്‍നിന്ന് വരുന്ന സഞ്ചാരികള്‍ ആദ്യം മണ്ഡിയിലാണ് എത്തിച്ചേരേണ്ടത്. ഡല്‍ഹി - ചണ്ഡിഗഡ് - മണ്ഡി - ഘട്ടാസ്നി - ബാരോട്ട് എന്നതാണ് റൂട്ട്. മണ്ഡി വരെ റോഡുകൾ വളരെ നല്ലതാണെങ്കിലും അവിടുന്നങ്ങോട്ട് ബാരോട്ട് വരെ അല്‍പ്പം പരുക്കന്‍ വഴിയാണ്. 

ബസിലാണ് യാത്രയെങ്കില്‍ രണ്ടുതവണ ബസ് മാറണം. ഐ‌എസ്‌ബിടി കശ്മീരി ഗേറ്റിൽ നിന്ന് മണ്ഡി വരെ ധാരാളം ബസുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് മണ്ഡിയിലെത്താൻ ഏകദേശം 10 മണിക്കൂർ സമയമെടുക്കും. മണ്ഡിയിൽ നിന്ന് ഘട്ടാസ്നിയിലേക്ക് മറ്റൊരു ബസും ഘട്ടാസ്നിയിൽ നിന്ന് ബാരോട്ടിലേക്ക് വേറെ ഒരു ബസും കയറണം. 

ബാരോട്ടിന് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ജോഗീന്ദർ നഗറാണ്. പത്താൻ‌കോട്ടില്‍ നിന്നും ജോഗീന്ദർ‌ നഗറിലേക്ക് ട്രെയിന്‍ കിട്ടും. ജോഗീന്ദർ നഗറിൽ നിന്ന് ആദ്യം ഘട്ടാസ്നിയിലേക്കും പിന്നീട് ബാരോട്ടിലേക്കും ബസ് വഴി പോകാം. 

ഭൂന്തർ ആണ് ബാരോട്ടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

English Summary:  Discover the hidden beauty of Barot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com