ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഊര്‍ജ്ജസ്വലമാകാന്‍ ഒരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. കോവിഡ്  മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ടു ഘട്ടമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

ആദ്യഘട്ടത്തില്‍ ഹില്‍ സ്റ്റേഷനുകള്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ മുതലയവയിലാണ് സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ ഹൗസ് ബോട്ടുകള്‍ക്കും മറ്റു ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ബീച്ചുകള്‍ ഉടന്‍ തുറക്കില്ല. കടലോര ടൂറിസം കേന്ദ്രങ്ങളില്‍ നവംബര്‍ 1 മുതല്‍ മാത്രമേ വിനോദ സഞ്ചാരത്തിന് അനുമതിയുള്ളു.

ജാഗ്രത വേണം: തുറക്കുന്നത് ഘട്ടംഘട്ടമായി

പടര്‍ന്നുപിടിച്ച കൊറോണ ഭീഷണിക്കിടെയും രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ടൂറിസം നടപടികള്‍ പുനരാരംഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ നടപടികളും യാത്രാനിയന്ത്രണങ്ങളും മൂലം കഴിഞ്ഞ ആറു മാസമായി വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം ദുരിതത്തിലായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നടപടി.

ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമെന്ന നിലയില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതായതിനാല്‍ ഘട്ടം ഘട്ടമായി മാത്രമേ കേരളത്തില്‍ ടൂറിസം പുനരുജ്ജീവനം സാധ്യമാകൂ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവ് പ്രകാരം ടൂറിസം എന്നത് നിരോധിത കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കും ഇതേ കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരാഴ്ച കഴിഞ്ഞും തുടരാന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. യാത്ര ഒരാഴ്ചയില്‍ കൂടുതല്‍ ആണെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ല എന്നുണ്ടെങ്കില്‍ ഏഴു ദിവസം ക്വാറന്റീന്‍ പാലിക്കണം. 

കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിര്‍ദ്ദേശപ്രകാരം നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും മറ്റുള്ളവരില്‍ നിന്നും രണ്ടു മീറ്റര്‍ അകലം പാലിക്കുകയും വേണം. സന്ദര്‍ശന വേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടുകയും ഐസോലേഷനില്‍ പോകേണ്ടതുമാണ്.

ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലും വേണം ജാഗ്രത

നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ നിര്‍ബന്ധമായും ശുചീകരിക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യണം. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റെല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസർ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. 

സഞ്ചാരികള്‍ ഹോട്ടലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബുക്ക് ചെയ്യണം. ആയുര്‍വേദ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.

പ്രതീക്ഷയോടെ

കോവിഡുമായി പൊരുതുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നിലവാരവും വിജയശതമാനവും പുലര്‍ത്തുന്ന സംസ്ഥാനമായതിനാല്‍ അന്യദേശ വിനോദസഞ്ചാരികള്‍ക്ക് ധൈര്യത്തോടെ യാത്ര ചെയ്യുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വൈമുഖ്യമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെയും, വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെയും നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.

English Summary: Kerala Tourist Destinations Except Beaches to open Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com